Sunday, May 3, 2020

നിത്യാനന്ദ യോഗാശ്രമം ഹൊണ്ടെവൂർ

ഉത്തരകേരളത്തിലെ മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിൽ നാഷണൽ ഹൈവേയിൽ നിന്ന് 200 m കിഴക്ക് സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമത്തെ പറ്റി അധികമാരും അറിഞ്ഞിരിക്കാനിടയില്ല. നിത്യാനന്ദ സ്വാമികൾ സഞ്ചാരത്തിനിടെ ധ്യാനത്തിനായി ഇരുന്ന ഇടമാണത്രെ ഹൊണ്ടെവൂർ.ഇവിടെ വേദമാതാവ് ഗായത്രിയുടെ ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിൽ ആചാര പ്രകാരമുള്ള പൂജ നടക്കുന്നു. പക്ഷെ കർമ്മങ്ങൾ നടത്തുന്നത് ബ്രാഹ്മണർ മാത്രമല്ല. പൂജാവിധികൾ പഠിച്ച മറ്റു ജാതിക്കാരും ഇവിടെ പൂജാദികർമ്മങ്ങൾ നടത്തുന്നു.

യാദ്യശ്ചികമായി ആശ്രമം സന്ദർശിക്കാനിടയായപ്പോൾ ചുമതലയുള്ള സ്വാമി യോഗാനന്ദ സരസ്വതിയുമായി സംസാരിക്കാനുള്ള അവസരം ഞങ്ങൾക്ക് അസുലഭമായ അനുഭൂതിയാണ് സമ്മാനിച്ചത്.

ആതിഥ്യമര്യാദയുടെ പാരമ്യം എന്നു തന്നെ പറയാം അതിഥി ദേവോ ഭവ: എന്ന സങ്കൽപം ഇവിടെ യാഥാർത്ഥ്യമാകുന്നു.ഇവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും എതു നേരത്തു വന്നാലും സൗജന്യമായി ഭക്ഷണം ലഭിക്കും ആവശ്യമെങ്കിൽ താമസ സൗകര്യവും.

ആശ്രമം ഒരു സ്കൂൾ നടത്തുന്നുണ്ട്.പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളിൽ ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ്.

ആ ശ്രമം നിറയെ ഔഷധചെടികൾ കൊണ്ട് സമൃദ്ധമാണ്.സ്വദേശം മാത്രമല്ല വിദേശത്തു വരെ ലഭ്യമായ ഉയർന്ന ഔഷധ ഗുണമുള്ള ചെടികൾ ഇവിടെ കാണാം.

വില്ലേജിലെ ലഭ്യമായ മുഴുവൻ തരിശുഭൂമികളിലും ജൈവ കൃഷി നടത്തുനുണ്ട്. ഗ്രാമീണർ നിർലോഭം ഭൂമി കൃഷി ആവശ്യത്തിനായി നൽകുന്നു. ജൈവവളപ്രയോഗവും തദ്ദേശമായി തയ്യാറാക്കുന്ന കീടനാശിനികളും ഉൽപാദനക്ഷമത ഉയർത്തുന്നതോടൊപ്പം ഭക്ഷ്യയോഗ്യമായ വിഷമുക്ത പച്ചക്കറികളും ധാന്യങ്ങളും ഉൽപാദിപ്പിക്കുന്നു.

അമ്പതോളം മുന്തിയ ഇനം പശുക്കളെ പരിപാലിക്കുന്ന ഗോശാല കാണേണ്ട കാഴ്ചയാണ്. "കുള്ളൻ " പശുക്കളും ഗുജറാത്തിൽ കണ്ടുവരുന്ന 'ഗിർ ' വിഭാഗത്തിലെ പശുക്കളും ഇവിടെ കാണാം. ഇവിടെ നിബന്ധനകൾക്ക് വിധേയമായി പശുകിടാങ്ങളെ ആവശ്യക്കാർക്ക് നൽകും.ഇതിനായി പേര് മുർകൂറായി രജിസ്റ്റർ ചെയ്യണം.ഏതെങ്കിലും ഘട്ടത്തിൽ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കിടാവിനെ തിരിച്ച് ആശ്രമത്തിലെത്തിക്കാം, വിൽപന നടത്തരുതെന്ന് മാത്രം.

ഓരോ ജന്മനക്ഷത്രങ്ങളും രാശികളുമായും ബന്ധപെട്ടുള്ള തുറന്ന ക്ഷേത്രം അന്യത്ര ദുർലഭമാണ്. ചെടികളെ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനമുസരിച്ച് നട്ടുവളർത്തി പരിപാലിക്കുന്നു. മനുഷ്യനും വൃക്ഷങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സൂചകവും അകന്നു പോകുന്ന ആ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിനുതകുന്ന ശ്രമവുമാണ് കാണാൻ കഴിയുന്നത്.

പരിക്കേറ്റ് വഴിയിൽ കിടക്കുന്ന നാൽക്കാലികളെ ഇവിടെ ഏൽപിച്ച് തുടർ പരിപാലനം ഉറപ്പുവരുത്താം.അതുപോലെ അനാഥരായ നിരവധി കുട്ടികൾ ആശ്രമത്തിൽ താമസിച്ച് വിവിധ കോളേജുകളിൽ അദ്ധ്യയനം നടത്തുന്നു.

മദ്യത്തിനടിമയായവരെ അവിടെ പാർപ്പിച്ച് നേർവഴിയ്ക്ക് നയിക്കുന്നു. താമസിച്ച് തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് തൊഴിൽ നൽകും ആദ്യഘട്ടത്തിൽ 8000 രൂപ വരെ ശംബളവും നൽകും.

കൊതുകു നശീകരണത്തിന് പുതിയ വിദ്യകൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് . മുട്ടകൾ വിരിയാൻ അനുവദിക്കാത്ത ഉത്പന്നം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. സ്വാമിജിയുടെ ആശ്രമം പുല്ലുമേഞ്ഞ മൺ വീടിലാണ്.വെളിച്ചത്തിന് സൗരോർജ്ജവും.സമശീതോഷ്ണ യുക്തമായ മുറിയിൽ പ്രവേശിക്കുമ്പോൾത്തന്നെ വ്യത്യാസം അനുഭവവേദ്യമാകും.
ഒരു യാഗാശ്വത്തെയും കണ്ടു.അതിരാത്രം തുടങ്ങി യാഗങ്ങൾ ഇവിടെ നടക്കാറുണ്ട്. കളകളെന്നു പറഞ്ഞ് നാം വലിച്ചെറിയുന്ന പല സസ്യങ്ങളും ഔഷധ കഞ്ഞിയ്ക്ക് ഇവിടെ കൂട്ടാകുന്നു.

നഷ്ടപെട്ടതൊക്കെ തിരികെ പിടിക്കാനുള്ള നിശ്ശബ്ദ വിപ്ലവമാണ് യോഗാശ്രമം.പ്രകൃതിയെ അറിഞ്ഞ് എങ്ങിനെ ജീവിക്കാം പ്രകൃതിയ്ക്കൊപ്പം എങ്ങനെ സഹജീവനം നടത്താം. പ്രകൃതിയുമായി എങ്ങനെ താദാത്മ്യം പ്രാപിക്കാം. മനുഷ്യന്റെ സമർപ്പണം മണ്ണിന് തർപ്പണം,മണ്ണ് കനിയുമ്പോൾ അത് വിണ്ണാകും.

പുല്ല് പശുവിന് ആഹാരമാകുമ്പോൾ ക്ഷീരം സമൃദ്ധിയിലേയ്ക്ക് നാടിനെ കൈപിടിച്ചുയർത്തുന്നു. ചാണകമെന്ന മാലിന്യം ഇന്ധനവും വളവുമായി പുനരുജ്ജീവനത്തിന് സഹായകമാകുന്നു.

ഇതൊക്കെ എങ്ങിനെ നടത്തികൊണ്ടു പോകുന്നു സ്വമിജീ എന്ന ചോദ്യത്തിന് അവേശകരമായ മറുപടിയാണ് ഉണ്ടായത്. നിഷ്കാമ കർമ്മനിരതരായ ആയിരക്കണക്കിന് വിവിധ ധർമ്മാ വലംബികളായ വളണ്ടിയർമാർ. അതിൽ ഹിന്ദു മുസ്ലീം, കൃസ്ത്യർ എന്ന ഭേദമില്ല. എല്ലാവരുമുണ്ട് സ്വാമിജിയോടൊപ്പം.

സമൂഹത്തിലെ നല്ല മാത്യകകൾ ഈ കുറിപ്പിലൂടെ നാലാളറിഞ്ഞാൽ ധന്യനായി.

No comments:

Post a Comment