Sunday, May 3, 2020

ഇനിയും പഠിക്കാത്ത പാഠങ്ങൾ

പാഴ് പാട്ട് പാടാത്തവരായി ആരുണ്ട്. ഒന്നു പാടി നോക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ഒരു മൂളി പാട്ടെങ്കിലും മൂളാത്തവർ:: ? നല്ലൊരു പാട്ടു കേട്ടാൽ അതുപോലൊന്നു മുളി നോക്കാത്തവർ വിരളമാണ്.കുറഞ്ഞ പക്ഷം താളം പിടിക്കും.അതു പോലെ ഞാനും ചില പാട്ടു കേട്ടാൽ (പഴയതായാലും പുതിയതായാലും) ഇഷ്ടപെട്ടാൽ പിന്നെയും പിന്നെയും കേൾക്കും.പിന്നെ എനിക്ക് താളം പിടിക്കണം ഉച്ചത്തിൽ പാടണം.ഒടുവിൽ അത് എനിക്ക് വഴങ്ങില്ല എന്നറിയുമ്പോൾ ഉപേക്ഷിക്കുകയാണ് പതിവ്.

ഇങ്ങനെ പാഴ് ശ്രുതി ചേരുമ്പോഴും, താളം പിഴയ്ക്കുമ്പോഴും, ഉച്ചസ്ഥായിയിൽ ശ്വാസം കിട്ടാതെ വെള്ളിയിടുമ്പോഴും എന്നിൽ കടുത്ത നിരാശ പടരും.അപ്പോഴൊക്കെ എനിക്ക് കുട്ടിക്കാലത്തെ ആ സംഭവം ഓർമ്മ വരും.
അതിന് നാൽപതു വർഷം പുറകോട്ട് സഞ്ചരിക്കണം.

തന്തിന്ന താനാ നാനോ ....... താനിന്ന താനാ നാനോ ............ (പുറകോട്ടുള്ള യാത്രയാണ് )

സംഗീതത്തിന്റെ അദ്യാക്ഷരങ്ങൾ പഠിക്കാനുള്ള സുവർണ്ണാവസരം എനിക്കുമുണ്ടായി.വീടിന്റെ അടുത്തുള്ള ഭജനാ മന്ദിരത്തിൽ വാസന്തി ടീച്ചർ സംഗീത ക്ലാസ്സ് ആരംഭിച്ചു.ഓരോരുത്തരെയും പ്രത്യേകം ഇരുത്തിയാണ് പഠിപ്പിക്കുന്നത്.പ0നത്തിനിടയിൽ കളിക്കാം. ശനിയും ഞായറും ഉച്ചവരെ ക്ലാസ്സ് .മാസം 5 രൂപയാണ് ഫീസ് പെൺകുട്ടികളും ആൺകുട്ടികളുമായി ഇരുപത്തിയഞ്ചോളം പേർ. സരിഗമയും, സസരിരി ഗഗമമയും, സരിഗ സരിഗ സരി സരിഗമയുമൊക്കെ കടന്ന് ശ്രീ ഗണനാഥ, വരവീണ എന്നീ കീർത്തനങ്ങളിലെത്തി നിന്ന കാലം.

അങ്ങനെ സ്കൂൾ ബാല കലോത്സവം വന്നു.സ്കൂൾ തലത്തിൽ മത്സരിച്ചപ്പോൾ ഞാൻ തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ മത്സരം നടന്നത് പെർളയിലാണ്.രാര വേണു ഗോപബാലയും ,വാതാപിയുമൊക്കെയായി ചിലർ കസറുന്നുണ്ടായിരുന്നു. ഞാൻ എന്റെ പരിമിതിയിൽ നിന്നു കൊണ്ട് തുടക്കക്കാരന്റെ മലഹരിയും കല്യാണിയും ചൊല്ലി. പ്രതീക്ഷയൊന്നുമില്ലാതെ പുറത്ത് സുഹൃത്തുക്കളായ മോഹനചന്ദ്രനും പ്രകാശുമൊത്ത് നില കടലയും തിന്ന് നടക്കുമ്പോൾ അതാ ബണ്ഡാരി മാഷ് ഓടി വരുന്നു.

"സുരേഷാ നീ പഷ്ട്" എനിക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ സുഹൃത്തുക്കും.ഒടുവിൽ സർട്ടിഫിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോഴാണ് ബോദ്ധ്യം വന്നത്. ശാസ്ത്രീയ സംഗീതത്തിന് എനിക്ക് പഷ്ട് തന്നെ.

ഇതു കൂടാതെ എനിക്ക് മലരണി കാടുകളിലൂടെ മലയാളം റസിറ്റേഷനിലും , ഹിന്ദി കൈയ്യക്ഷരത്തിനും രണ്ടാം സ്ഥാനമുണ്ടായിരുന്നു.എന്തോ കാരണത്താൽ ജില്ലാ മത്സരത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഞാൻ സംഗീതാഭ്യസനം തുടർന്നു.

ഞങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ആൺകുട്ടികൾ ഒന്നൊന്നായി കൊഴിഞ്ഞു പോകാൻ തുടങ്ങി.രാമചന്ദ്രനും, മോഹനചന്ദ്രനും ,വേണുവും ലക്മോജി യും ,ദിനേശ ചഡഗനും എന്നെ തനിച്ചാക്കി പോയി. അവധി ദിവസങ്ങളിലെ സംഗീത ക്ലാസ്സ് അവർക്ക് മടുത്തു. ഇപ്പോൾ സംഗീത ക്ലാസ്സിന് ഞാനും കുറേ പെൺകുട്ടികളും മാത്രം.അന്നപൂർണ്ണയും, സുജയയും, സന്ധ്യ യ്ക്കുമൊക്കെ കൂടെ ഞാൻ പOനം തുടർന്നു.

ആണൊരുത്തൻ പെൺകുട്ടികളുമൊത്ത് സംഗീതം പഠിക്കുന്നു.ആൺ കുട്ടികൾ എന്നെ കളിയാക്കി തുടങ്ങി. ഞാൻ പാടുമ്പോൾ പുറമേനിന്ന് അവർ ഒച്ചയുണ്ടാക്കി.എന്റെ സരിഗമയ്ക്കൊപ്പം അവർ ഉച്ചത്തിൽ കൂവി. ഇത് എന്നെ വിഷമത്തിലാക്കി.ശനി, ഞായർ ദിവസങ്ങളിലെ ഉച്ചവരെയുള്ള നേരം സംഗീതം അപഹരിച്ചതിലൂടെ കളി സമയം വെട്ടിച്ചുരുക്കേണ്ടി വന്നതിൽ എനിക്ക് നേരത്തെ വൈക്ലബ്യം ഉണ്ടായിരുന്നു.ആൺ കുട്ടികളുടെ പരിഹാസവും കൂടി ആയപ്പോൾ ഞാൻ സംഗീതം നിർത്താൻ തീരുമാനിച്ചു.

ഞാനിനി സംഗീതത്തിന് പോകുന്നില്ല. അമ്മയോട് പറഞ്ഞു. അമ്മ അച്ഛനോടു പറഞ്ഞു.സംഗീതം പഠിച്ചാ നല്ലതാ കുഞ്ഞി. അച്ഛൻ ഉപദേശിച്ചു.
" ഇല്ല എനിക്ക് പഠിക്കണ്ട."

അങ്ങനെ ഒരു ശനിയും ഞായറും പിന്നിട്ടു. ഞാൻ ക്ലാസ്സിൽ നിന്ന് വിട്ടുനിന്നു.
അടുത്ത ശനിയാഴ്ച ക്ലാസ്സിന്റ സമയമായപ്പോൾ അതാ ടീച്ചർ വരുന്നു. എന്നെക്കൂട്ടാൻ വരികയാണ്. ഇനി രക്ഷയില്ല.ഞാൻ അറ്റകൈക്ക് കട്ടിലിനടിയിൽ ഒളിച്ചു.

ഡാ ... സുരേഷ് (അമ്മ എന്നെ അങ്ങനെയാണ് വിളിക്കാറ്.) ഞാൻ മിണ്ടിയില്ല.അൽപസമയത്തിനു ശേഷം ടീച്ചർ തിരികെ പോയി. അതോടെ എന്റെ പ്രശ്നങ്ങൾ കഴിഞ്ഞു. എന്റെ സംഗീത സപര്യയ്ക്ക് തിരശീല വീണു.

പിന്നെ പതിനഞ്ചു വർഷത്തോളം ഞാൻ ടീച്ചറുടെ മുന്നിൽ പെട്ടിട്ടില്ല. മുന്നിൽ കണ്ടാൽ ഒഴിഞ്ഞു മാറും. ഇപ്പോൾ വാസന്തി ടീച്ചറെ വഴിയിൽ കണ്ടാൽ കുശലാന്വേഷണം നടത്താറുണ്ട് അപ്പോഴെല്ലാം ടീച്ചറുടെ മുഖത്ത് അർത്ഥ ഗർഭമായ ഒരു ചിരി പരക്കുന്നുണ്ടോ എന്ന് ഒരു സംശയം എനിക്കില്ലാതില്ല.

അന്ന് ടീച്ചർ ഞാനൊരു വലിയ ഗായകനാകുമെന്നൊക്കെ വിചാരിച്ചിട്ടുണ്ടാകുമോ ? ഏയ് ഇല്ല. എന്നാലും ഒരു കാര്യം ഉറപ്പ്.ഞാൻ അൽപ്പ സ്വൽപ്പം പാടുന്ന ഒരാളാകുമായിരുന്നു.

അറിഞ്ഞോ അറിയാതെയോ എന്തുമാത്രം അവസരങ്ങളാണ് നമ്മൾ തുലയ്ക്കുന്നത്. ഒരു കാലത്ത് ശരിയെന്ന് തോന്നുന്നത് പിന്നീട് തെറ്റാണെന്ന് മനസ്സിലാക്കും‌. സ്വയം കുറേ മനസ്സിലാക്കണം, അറിവുള്ളവരുടെ ഉപദേശങ്ങൾ മുഖവിലയ്ക്കെടുക്കണം. നല്ല അവസരങ്ങൾ മുതലെടുക്കുവാൻ എപ്പോഴും തയ്യാറായി നിൽക്കണം.

No comments:

Post a Comment