Friday, March 25, 2016



ഉപഭോഗ ത്തിൽ മുന്നിട്ടു നിൽകുന്ന നമുക്ക് മാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തിൽ കൈ മലർത്തേണ്ടി വരുന്നു.പ്രത്യേകിച്ചും അജൈവമാലീന്യം.മണ്ണിൽ ലയിക്കാത്ത ഇത്തരം വസ്തുക്കളെ പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്.അതിനുള്ള സ്ഥാപനങ്ങളും കുറവല്ല.എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ ഈ പഴകിയ വ
സ്തുക്കൾ തനിയേ എത്തിച്ചേരില്ല.അവിടെയാണ് ആക്രിക ച്ചവടക്കാരുടെയുംപാഴ്വസ്തുക്കൾ ശേഖരിക്കന്നവരുടെയും പ്രസക്തി.പട്ടിയെ അഴിച്ചു വിട്ട് ഇത്തരക്കാരെ ആട്ടിയോടിക്കുമ്പോഴും ഒരു കെട്ട് പേപ്പറിന് അമ്പത് പൈസ കൂടുതൽ കിട്ടാനായി വില പേശുമ്പോഴും പ്രകൃ തിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനുംഅമിതോപഭോഗത്തിന് അടിമപ്പെട്ട് പ്രകൃതിലെ വിഭവങ്ങളുടെ ശോഷണം തടയുന്നതിനും ഇവരുടെ പ്രാധാന്യം തിരിച്ചറിയണം.പാഴ്വസ്തുക്കൾ പരമാവധി വിലകിട്ടുന്നതുവരെ സൂക്ഷിച്ച്‌ കുറകൾക്കും ചിതലിനും പെരുചാഴിക്കും വിട്ടുകൊടുക്കാതെ പരമാവധി സൗജന്യമായിത്തന്നെ ആക്രിക്കാർക്ക് ലഭ്യമാക്കാൻ നാം ബദ്ധ ശ്രദ്ധരാകണം
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ആകാശനീലയിൽ ഒരു ചെറുപൊട്ടായി
പാറിപറക്കുന്ന കൊച്ചു പറവകൾ
കുന്നിൻ ചെരിവിൽ അമ്മേ മോളേന്ന്
കൂവികളിക്കുന്ന പൈയ്യും കിടാവും
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ഏറെ വെളുപ്പിനെ പതിഞ്ഞോരു ശബ്ദത്തിൽ
മുറ്റമടിക്കുന്ന മുത്തശ്ശിയമ്മ.
തിരുനട മുന്നിൽ നിറകണ്ണുമായി
വീടിൻറെ നന്മയ്കായ് കേഴുന്നൊരമ്മ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
വെൺമേഘ മോടൊത്ത് ഓട്ട പന്തയം
തോറ്റു ചിരിക്കുന്ന അമ്പിളിമാമൻ
ചലപില കൊട്ടി തേൻമാവിലെ മാമ്പഴം
നൊട്ടി നുണയുന്ന അണ്ണാറകണ്ണൻ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
കുഞ്ഞിളം കാറ്റിൽ ഊഞ്ഞാലാടുന്ന
തെങ്ങോലയിലെ രണ്ടിണകിളികൾ
പാറകെട്ടിലെ വെള്ള കെട്ടിതിൽ
ഓളങ്ങൾ തീർക്കുന്ന കുഞ്ഞിളം കൂറകൾ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
മകനെന്നു കരുതി വെച്ചുവിളമ്പിയ
അകലത്തെയമ്മതൻ നിർദോഷ സ്നേഹം
ഓടുന്ന വണ്ടിയിൽ അമ്മമടിയിൽ
മോണകാട്ടിചിരിക്കുന്ന ഒാമനപൈതൽ
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ചക്രവാളസീമയിലൊരു രക്ത
കുടമായിതാഴുന്ന സൂര്യതേജസ്
വരിയായി നീങ്ങി പശിതേടിയലയുന്ന
കുഞ്ഞനുറുമ്പിൻറെ സൗഹൃദകൂട്ടം
ഇല്ല കണ്ടീല ഞാനൊന്നുമെ ഈഭൂവിൽ.
എന്തിനോ വേണ്ടിയുള്ളോട്ടപാച്ചലിൽ
ഇന്ന് ലോക റേഡിയോ ദിനം. അദ്ഭുത വേഗത്തിൽ മാറികൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യത്തിൽ നാടും വീടും പഴമയും മറക്കാതെ നന്മയുടെ നറു തേൻ തുള്ളികൾ നമുക്കായ് സൂക്ഷിച്ചു കൊണ്ട് റേഡിയോ ഇന്നും സംപ്രേക്ഷണം തുടരുന്നു.പഴഞ്ചൻ മാദ്ധ്യമമാണെന്ന ആക്ഷേപം നിലനികെ തന്നെ ഒന്നിനും സമയം കിട്ടാതെ ഒടിനടക്കുന്ന മനുഷ്യർക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന റേഡിയോയിലേയ്ക്കുള്ള മടക്കയാത്ര ആസന്നമാണ്.പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കാതെ തന്നെ നമ്മുടെ ബോധമണ്ഡലത്തിൽ ഗാനമായും വാർത്തയായും ഗൗരവമേറിയ ചർച്ചയായും ശബ്ദ വീചികൾ നമ്മേ തേടിയെത്തും.വീട്ടു ജോലിക്കിടയിലും മറ്റു കാര്യങ്ങൾക്കിടയിലും റേഡിയോ തൻറെ കർത്തവ്യം നിർവഹിക്കുന്നു.ആകാശവാണി തുറക്കുന്ന സംഗീതം ആരിലാണ് ഗൃഹാതുരമായ ഓർമയുണർത്താത്തത്.
സുഭാഷിതം കേട്ട് ഒരു നല്ല ദിവസത്തിൻറെ തുടക്കം,സംക്ഷിപ്തമായ വാർത്ത ഇംഗ്ലീഷിൽ,നാനാ ജാതി മതസ്ഥരുടെ ഭക്തിഗാനങ്ങൾ,നാട്ടു വാർത്ത,തീവണ്ടി സമയം, പ്രാദേശിക വാർത്ത,സംസ്കൃത ,വാർത്ത,കവിതാലാപനം,അതാത് ദിവസം പ്രസക്തമായ ഡോക്യുമെൻറ റികൾ,ഡൽഹി വാർത്ത,ചലചിത്രഗാനങ്ങൾ,വിവിധ കലാരൂപങ്ങൾ , യുവവാണി,ഹിന്ദി പാഠം,സംഗീത പാഠം,കച്ചേരി,ചർച്ചകൾ,റേഡിയോ നാടകങ്ങൾ,കമൻററികൾ,കഥാപ്രസംഗം,ഡോക്ടറോടു ചോദിക്കാം,നിങ്ങളാവശ്യപെട്ട ഗാനങ്ങൾ,എഴുത്തു പെട്ടി അങ്ങനെ പോകുന്നു പരിപാടികൾ.ഇതൊക്കെ മറ്റൊരു പ്രവൃത്തിയിൽ ഏർപെട്ടിരിക്കെ പരോക്ഷമായി നമുക്ക് ആസ്വദിക്കാൻ കഴിയുന്നു.നല്ല അവതരണത്തിലൂടെ ആസ്വാദകൻറെ ,ഭാവനയുണരുന്നു.മനുഷ്യൻറെ സ്ഥലകാലങ്ങൾക്കും സന്മാർഗികതയ്ക്കും ഒരുവിലയും കൽപിക്കാതെ സംപ്രേഷണം ചെയ്യുന്ന ടി വി സീരിയലുകൾക്ക് മേൽ റേഡിയോ അധിപത്യം പുലർത്തേണ്ടത് കാലത്തിൻറെ ആ വശ്യമാണ്.എഫ് എം റേഡിയോകൾ സാർവത്രികമായതോടെ ഇന്ന് നിലവാരമുള്ള ഡിജിറ്റൽ ശബ്ദം റേഡിയോയിലൂടെ ലഭ്യമാണ്. പ്രഭാതഭേരി കേട്ട് വീട്ട് ജോലി ചെയ്യുന്ന വീട്ടമ്മയും, വാർത്തകൾ കേട്ട് ലോക പരിചയവും ഭാഷാ പരിചയവും നേടുന്ന യുവതലമുറയും,കുടുംബ സദസുകളിൽ പിന്നണി പാടുന്ന ഗാന വീചികളും.ആകാശവാണി പരിപാടികൾ കേൾകുന്ന സൗഹൃദ സായാഹ്നങ്ങളും രാവേറുന്നതുവരെ വിരസതയും ആയാസവും ഒഴിവാക്കാൻ നാടകവും സംഗീതവും ആസ്വദിക്കുന്നവരും തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.