Sunday, May 3, 2020

കഷായ

മഞ്ചേശ്വരത്തെ ഒരു ചായകടയിൽ കയറിയതാണ്.

വണ്ടിയിൽ നിന്നിറങ്ങുമ്പോൾത്തന്നെ വളരെ വിനയത്തോടെ ഉടമസ്ഥൻ ഓടി വന്നു പറഞ്ഞു.

"തിണ്ടി ഏനില്ല സാർ" (പലഹാരം കഴിഞ്ഞു.)

തിണ്ടിയില്ലെങ്കിലും ചായ കുടിച്ചിട്ടു പോകാമെന്നു വിചാരിച്ച് ക്ലാസ്സ് റൂമിലെ ബെഞ്ചും ഡെസ്കിനോടും സാമ്യതയുള്ള ഇരിപ്പിടത്തിൽ ഇരുന്നതോടെ വിനയൻ പിന്നെയും വന്നു.
"സാർ, ചാ, കോഫി, കഷായ ......"

ഓരോരുത്തരും ചായയുടെ ഓരോ വകഭേദങ്ങൾ പറഞ്ഞ് വിനയനെ പരമാവധി സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു.

ലൈറ്റ് ചായ, വിത്തൗട്ട്, കട്ടൻ, പൊടിച്ചായ

കണക്കെടുപ്പ് കഴിഞ്ഞ് വിനയൻ അകത്ത് കയറിയതോടെ ഞങ്ങളിലൊരാൾക്കൊരു സംശയം.

"എന്തര ഡേയ് ഈ കഷായം."

കൂട്ടത്തിൽ പലരും തോന്നിയത് വിളിച്ചു പറയാൻ തുടങ്ങി.അവസാനം എല്ലാവരും യോജിച്ച തീരുമാനത്തിലെത്തി സംഗതി എന്താണെന്ന് അറിഞ്ഞിട്ട് കാര്യം.

എല്ലാവർക്കും കഷായം മതിയെന്നായി. ജനാലയ്ക്കിടയിലൂടെ വിനയനോട് ഓർഡർ തിരുത്തിയതായി അറിയിച്ചു.

എന്താണ് വരാൻ പോകുന്നതെന്ന വിഷയമായി ചർച്ചയിൽ. ആയുർവേദം മുതൽ കയ്പ്പയ്ക്കാനീരുവരെ മനസ്സിലോടിയെത്തി. ഏതായാലും കാഷായ മുണ്ടുടുത്ത വിനയൻ കഷായവുമായി വരുന്നതും കാത്ത് ഞങ്ങളിരുന്നു.

ഒടുവിൽ ഇളം ചൂടുള്ള കഷായം എത്തി.എല്ലാവരും സന്തോഷത്തോടെ കഴിച്ചു.തിണ്ടിയ്ക്ക് പകരം വിനയൻ കൊണ്ടുവന്ന പഴവും കഴിച്ചു.എല്ലാവരും ഹാപ്പി.

ഇതിന്റെ കോമ്പിനേഷൻ വിനയൻ വെളിപ്പെടുത്തുമോ എന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. പക്ഷെ വിനയ പുരസ്സരം അദ്ദേഹം അത് വിവരിച്ചു.

മല്ലിയും ജീരകവും ഉലുവയും പൊടിച്ച് ശർക്കര ചേർത്ത് തിളപ്പിച്ചെടുക്കുന്ന ദ്രാവകമാണ് കഷായം.

"ഇദു ഹൊട്ടെഗെ ഉത്തമ." വിനയൻ കൂട്ടിച്ചേർത്തു. അതായത് ദഹനത്തിനും മറ്റും വളരെ നല്ലതാണെന്ന്.

No comments:

Post a Comment