Friday, April 27, 2012

ടൈഗര്‍ ദ ജര്‍മന്‍ഷപേഡ്

ഓര്‍മ്മകള്‍ചികഞ്ഞെടുക്കുമ്പോള്‍ ഞാന്‍ എന്‍റെ അമ്മയും എന്നെപ്പോലെത്തന്നെയുള്ള നാല് സാഹോദരങ്ങളോടൊപ്പമായിരുന്നു.എന്‍റെ ഏറ്റവും മധുരിക്കുന്ന ഓര്‍മ്മകളും അത് തന്നെ അമ്മയുടെ മുലപ്പാലിന്‍റെ മധുരവും സഹോദരങ്ങളോടൊത്തുള്ള കളി തമാശയും അമ്മയുടെ സ്നേഹമുള്ള ശാസനയും.അങ്ങനെ സന്തോഷത്തോടെയിരിക്കെയാണ് ഒരു ദിവസം ഞങ്ങളില്‍ ഒരാളെ ആരോ കൂട്ടിലിട്ട് കൊണ്ടുപോയത്.അന്ന് അമ്മ ഒന്നും കഴിച്ചില്ല.ഞങ്ങള്‍ക്കും വളരെ വിഷമമായിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങളില്‍ ഒരാളെ കൂടി കൊണ്ടു പോയി അന്ന് അമ്മ വല്ലാതെ ഒച്ചയിടുന്നുണ്ടായിരുന്നു.വല്ലാതെ ബഹളം വച്ച അമ്മയെ ആരൊക്കെയോ അടിക്കുന്നുണ്ടായിരുന്നു.ഒടുവില്‍ അതും സംഭവിച്ചു.എന്നെയും ഒരു കൂട്ടിലിട്ട് എങ്ങോട്ടോ കൊണ്ടു പോയി ഇരുണ്ട കൂട്ടില്‍ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. കരഞ്ഞ് കരഞ്ഞ് എപ്പോഴാണെന്നറിയില്ല ഞാന്‍ മയങ്ങിപോയി .ഞാന്‍ അതുവരെ കേട്ടതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായ ശബ്ദം കേട്ട് ഞാനുണര്‍ന്നു കുറേ പേര്‍എനിക്ക് ചുറ്റും കൂടി എന്നെ കുതൂഹലത്തോടെ നോക്കുകയാണ്.എനിക്ക് ദേഷ്യവും സങ്കടവും വന്നു.ഞാന്‍ ശക്തമായി കുരക്കാന്‍തുടങ്ങി എന്‍റെ വീര്യം കണ്ട് എന്നെ കൊണ്ടുവന്ന യജമാനന്‍ അഭിമാനത്തോടെ മറ്റുള്ളവരെ നോക്കി.അവരും അദ്ഭുത പരതന്ത്രരായി എന്‍റെ പ്രകടനം കാണുകയാണ്.ശക്തമായി കുരയ്ക്കുന്നതോടൊപ്പം എനിക്ക് കഴിക്കാന്‍ കൊണ്ടുവച്ച ഭക്ഷണം ഞാന്‍കഴിക്കാന്‍ തുടങ്ങി.കുട്ടികള്‍എന്നെ ദേഷ്യം പിടിപ്പിക്കാന്‍വേണ്ടി കൂട്ടിന് ചുറ്റും വന്ന് പല കോപ്രായങ്ങള്‍ കാട്ടി.ഞാന്‍ കുരയ്ക്കുന്നതോടൊപ്പം ഭക്ഷണം കഴിക്കാന്‍ തുടങ്ങി.എനിയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്നുണ്ട്.എന്നെ കൊണ്ടുവന്നയാള്‍ ദിവസവും എന്നെ കുളിപ്പിക്കും.അവര്‍ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ട്.അവര്‍ സന്ദര്‍ശകര്‍ക്ക് എന്നെ അഭിമാനത്തോടെ കാണിച്ചുകൊടുക്കുന്നുണ്ട്.പക്ഷെ എന്നെ അമ്മയെ പറ്റിയും സഹോദരങ്ങളെപറ്റിയുമുള്ള ഓര്‍മ്മകള്‍വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.എന്‍റെ സഹോദരങ്ങള്‍,എവിടെയായിരിക്കും അവര്‍ക്കും ഇതുപോലെ നല്ല വീട്ടുകാരെ കിട്ടിക്കാണുമോ.ചിന്തിക്കുന്തോറും എനിയ്ക്ക് വല്ലായ്മ തോന്നും ഞാന്‍ എന്‍റെ വിഷമം കുരച്ച് തീര്‍ത്തു.എന്‍റെ മാനസികാവസ്ഥ മനസ്സിലാക്കാത്ത മനുഷ്യര്‍ അതിന് പല കാരണങ്ങളും വൈദഗ്ദ്ധ്യവൂര്‍വ്വം വിളമ്പി.പാവം വിശന്നിട്ടായിരിക്കും,അസുഖം കൊണ്ടായിരിക്കും,ചൂടെടുത്തിട്ടായിരിക്കും മറ്റു ചിലര്‍ അത് എന്‍റെ അഹങ്കാരം കൊണ്ടാണെന്ന് വിലയിരുത്തി.പക്ഷെ അവര്‍ക്കൊന്നും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍, കഴിയുമെന്ന് തോന്നുന്നില്ല.അവര്‍ വലുതായി കാണുന്ന പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.പക്ഷെ രക്ത ബന്ധത്തിനും സ്വാതന്ത്ര്യത്തിനും ഞങ്ങള്‍ക്കും വിലയുണ്ടെന്ന് ആരും അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ ദിവസവും പരിചരിച്ചിരുന്ന ആള്‍ വലിയ ഒരു ഭാണ്ഡവുമായി പോകുന്നതു കണ്ടു.തിരിച്ചു വരുമെന്ന് വിചാരിച്ചെങ്കിലും കുറേ ദിവസമായിട്ടും അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.അയാള്‍ തന്‍റെ ജോലിസ്ഥലത്തേയ്ക്ക് പോയതായിരിക്കുമെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി.ഇപ്പോള്‍ വീട്ടില്‍ അയാളുടെ അച്ഛനും അമ്മയും സഹോദരിയും മാത്രമെയുള്ലൂ.എന്നെ പരിചരിച്ച വ്യക്തിയെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.അപ്പോഴേയ്ക്കും അയാളില്‍ നിന്നും അകന്നു.എന്നാലും വീട്ടുകാരും എന്നെ നന്നായി നോക്കി എനിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണവും സേവനങ്ങളും തരാന്‍ അവരും ഉത്സാഹിച്ചു.എന്നെ അവര്‍ അവരുടെ ഒരു കുടുംബാംഗത്തെപോലെ കാണാന്‍ തുടങ്ങി.അപരിചിതര്‍ വരുമ്പോള്‍ ഞാന്‍ ശക്തമായി കരയ്ക്കും.അപരിചിതരും പട്ടി പൂച്ച കോഴി,ഇതര ഇഴജന്തുക്കള്‍ എന്നിവയ്ക്ക് ഞങ്ങളുടെ വളപ്പില്‍ സ്വൈര്യ വിഹാരം ഇല്ലാതായി.രാത്രികാലങ്ങളില്‍ എന്നെ അഴിച്ചുവിടുമായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ കൊണ്ടുവന്ന വ്യക്തിയോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തി വീട്ടില്‍വന്നു.മറ്റൊരു സഹോദരനായിരിക്കണം.അയാള്‍ വീട്ടിലുള്ള ദിവസങ്ങള്‍ എനിയ്ക്കൊരാഘോഷം തന്നെയായിരുന്നു.കളിയും കുളിയും കടല്‍തീരത്തിലേയ്ക്കുള്ള യാത്രയും ,അടിപൊളിതന്നെ.കുറേ ദിവസങ്ങളായി എന്റെ പുറത്ത് അനുഭവപെട്ടിരുന്ന ചൊറി അയാള്‍ എന്തോ ഒരു മരുന്ന് വച്ചതോടെ പോയി.ഒരു ദിവസം അയാളും ഒരു ഭാണ്ഡകെട്ടുമായി പോയി.എനിയ്ക്ക് വല്ലാത്ത വിഷമം തോന്നി.എനിയ്ക്ക് സന്തോഷം വല്ലപ്പോഴും വീണു കിട്ടുന്ന നിധിമാത്രമായി.ഞാന്‍ വീട്ടുകാരെ കുറ്റപെടുത്തുന്നില്ല അവരുടെ കഴിവിനനുസരിച്ച് അവര്‍ എന്നെ പരിചരിക്കുന്നുണ്ട്. ആള്‍ക്കൂട്ടവും ബഹളവും എന്നെ അസ്വസ്ഥനാക്കി.ഉത്സവകാലത്ത് നടക്കുന്ന വെടികെട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.ഞാന്‍ കുരയ്ക്കാന്‍ തുടങ്ങും കുരയ്ക്കുമ്പോള്‍വീട്ടുകാര്‍ക്ക് ശല്യമാകുന്നു അവര്‍ എന്നെ ശാസിക്കും.പക്ഷെ എന്തു ചെയ്യാന്‍ ഇതെല്ലാം എന്‍റെ സ്വാഭാവിക പ്രതികരണങ്ങളാണ്.എനിയ്ക്കത് തടയാന്‍ കഴിയില്ല.അപരിചിതരെയും ദുഷ്ടമമൃഗങ്ങളെയും ഞാന്‍ കുരച്ച് അകറ്റുന്നതുപോലെത്തന്നെ എന്നിലുണ്ടാകുന്ന പ്രതികരണങ്ങളാണ് ഇതും.പക്ഷെ എന്‍റെ ഉപയോഗ പ്രദമായ പ്രതികരണങ്ങള്‍ മാത്രം അവര്‍ക്ക് സ്വീകാര്യമാണ്.ഒന്നിനു പുറമെ ഒന്നായി മൂന്ന് വിവാഹങ്ങള്‍ വീട്ടില്‍ നടന്നു.വിവാഹവേളകളില്‍ ഒരുപാട് ആള്‍ക്കാര്‍വീട്ടില്‍ വരും എനിയ്ക്ക് എല്ലാവരെയും കാണണമെന്നുണ്ട്.കണ്ടാല്‍ പക്ഷെ ഞാന്‍ അറിയാതെ കുരച്ചു പോകും.അത് അവര്‍ക്ക് ഒരു ശല്യമായി മാറും അതുകൊണ്ട് എന്‍റെ കൂട് ഒരു പ്ലാസ്റ്റിക് കവറിട്ട് മറച്ചിരുന്നു.ഇടയ്ക്ക് ചിലര്‍ വന്ന് എന്നെ കണ്ട് പോകും പക്ഷെ ചുറ്റും നടക്കുന്നകാര്യങ്ങളൊന്നും എനിയ്ക്ക് കാണാന്‍ കഴിയില്ലായിരുന്നു.മനോഹരമായ കാഴ്ചകള്‍ ഉള്ള ഒരു സ്ഥലത്ത് കണ്ണ് കെട്ടിയിരിക്കുന്ന അനുഭവം വീട്ടിലുള്ളവര്‍എനിയ്ക്ക് കൃത്യമായി ഭക്ഷണം തന്നിരുന്നു.പക്ഷെ ഭക്ഷണവും പരിചരണത്തെക്കാളേറെ ഇത്തരം അവസരങ്ങളില്‍ എനിയ്ക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു.വിവാഹങ്ങളെ തുടര്‍ന്ന് അവിടെ മൂന്ന് സ്ഥിരതാമസക്കാര്‍ വന്നിരുന്നു.ആദ്യം ഒരു ആണും പിന്നീട് രണ്ട് പെണ്ണുങ്ങളും എനിയ്ക്ക് എല്ലാവരെയും ഇഷ്ടമായി എല്ലാവരും എന്നോട് നല്ല വണ്ണം പെരുമാറി.ഞാന്‍ അവരെ അപരിചിതരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.എനിയ്ക്ക് വീട്ടുകാരോട് സ്നേഹം പ്രകടിപ്പിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ഞാന്‍ തൊട്ടാല് എന്‍റെ ചുംബനമേറ്റാല്‍ ഉടന്‍ എന്‍റെ മുമ്പില്‍ വച്ച് തന്നെ അത് കഴുകിക്കളയുമായിരുന്നു.നായിന്‍റെ മോന്‍ എപ്പോഴും നായീന്‍റെ മോന്‍ തന്നെ പക്ഷെ എന്നെ അവര്‍ നായീന്‍റെ മോനായി ജീവിക്കാനനുവദിക്കാത്തതില്‍ എനിയ്ക്ക് ആക്ഷേപമുണ്ട്.പുതുതായി വന്ന ആണിനെ ഞാനൊരിക്കല്‍ ആലിംഗനം ചെയ്തുപോയിപക്ഷെ അയാള്‍വല്ലാതെ ഭയന്നു പോയി എന്‍റെ നഖങ്ങള്‍ കൊണ്ട് അയാളുടെ തൊലി കീറി.വീട്ടുകാര്‍ എന്നെ തല്ലുകയും ശാസിക്കുകയും ചെയ്തു.വീട്ടില്‍ ഭക്ഷണം തരുന്ന അമ്മയെയും എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു.ഒരു ദിവസം ഞാന്‍ അവരെ സ്നേഹത്തോടെ കടിച്ചതും പൊല്ലാപ്പായി.എന്‍റെ സ്വാഭാവിക വികാരങ്ങള്‍എനിയ്ക്ക് എന്‍റെ സ്വന്തം വര്‍ഗ്ഗക്കാരോട് മാത്രമെ കാണിക്കാന്‍ കഴിയൂ എന്ന് മനസ്സിലായിത്തുടങ്ങി.മനുഷ്യര്‍ എന്തായാലും മനുഷ്യരാണ്.പക്ഷെ മനുഷ്യന്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഞങ്ങളെ വളര്‍ത്തുകയും പരിചരിക്കുകയും ചെയ്യുന്നു.എത്ര നന്നായി ഞങ്ങളെ നോക്കിയാലും ഞങ്ങള്‍ക്ക് ഇതൊരു ബന്ധനം തന്നെ.അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ കൂട്ടിലേയ്ക്ക് എന്‍റെ സ്വജാതിയില്‍ പെട്ട ഒരു സുഹൃത്തു വന്നു.എന്‍റെ സന്തോഷത്തിന് പരിധിയില്ലായിരുന്നു.എനിയ്ക്ക് രോമാഞ്ചമുണ്ടായി.പേശികളൊക്കെ വലിഞ്ഞ് മുറുകി ഒരു സുഖകരമായ അസ്വസ്ഥത എനിയ്ക്ക് ഭ്രാന്ത് പിടിച്ചതുപോലെ ഞാന്‍ എന്‍റെ സുഹൃത്തിനെ സ്നേഹം കൊണ്ട് മൂടി അത് എനിയ്ക്ക് മറക്കാനാവാത്ത രാത്രിയായിരുന്നു.അന്ന് ഞങ്ങള്‍ രണ്ട് പേരും ഉറങ്ങിയില്ല.പക്ഷെ എന്‍റെ സന്തോഷം നീണ്ടു നിന്നില്ല.എന്‍റെ സന്തോഷങ്ങളൊക്ക താത്കാലികമാണല്ലോ.രാവിലെ തന്നെ എന്‍റെ സുഹൃത്തിനെ ഉടമ കൂട്ടിക്കൊണ്ടു പോയി.പക്ഷെ ആ അനുഭൂതി അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.ആ രാത്രിയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ എനിയ്ക്ക് ഏകാന്തതതകളില്‍ സുഖകരമായ അനുഭവങ്ങളായിരുന്നു.എന്നെങ്കിലും വീണ്ടും ആ സുഹൃത്ത് വരുമെന്ന് ഞാന്‍ പ്രത്യാശിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം മറ്റൊരു സുഹൃത്തു വന്നു.പക്ഷെ ആദ്യം വന്ന സുഹൃത്തിനെ എനിയ്ക്ക് പിന്നീട് കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല.ഒരു രാത്രികൂടി അടിപൊളിയായിട്ട് പോയി.പക്ഷെ സുഹൃത്തുക്കളുടെ അകല്‍ച്ച എനിയ്ക്ക് വേദനാജനകമായി തോന്നി.വീട്ടില്‍ നടന്ന വിവാഹങ്ങള്‍ക്ക് ശേഷം വീട്ടില്‍ ചെറിയ അംഗങ്ങളുണ്ടായി.അവരെ എനിയ്ക്ക് എന്തിഷ്ടമാണെന്നോ.അവരെ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്.ഞാന്‍ എന്‍റെ അമ്മയുടെ സ്നേഹ ലാളനകള്‍ അനുഭവിച്ചതുപോലെ ആ കുഞ്ഞുങ്ങളും അവരുടെ അമ്മമാരുടെ ലാളനകള്‍ അനുഭവിക്കുന്നു.ഈ മനുഷ്യര്‍ എത്ര ഭാഗ്യവാന്‍മാരാണ്. ഒരു ദിവസം ഞാന്‍ ഒരു സ്വപ്നം കണ്ടു.എന്നെ ആദ്യം സന്ദര്‍ശിച്ച സുഹൃത്തും ഞാനും നാല് കുട്ടികളും കൂടി എന്‍റെ കൂട്ടില്‍ ഇരിയ്ക്കുന്നത് ഞങ്ങള്‍ രണ്ടുപേരും കുട്ടികളുടെ കളികള്‍ കണ്ടിരിക്കുന്നു.ഞാന്‍ എന്‍റെ സുഹൃത്തിനെ കണ്ണിറുക്കികാണിച്ചു.എന്‍റെ സുഹൃത്തിന്‍റെ മുഖത്ത് എന്തോ പ്രത്യേക ഭാവം വരുകയും എന്നെ സ്നേഹ പൂര്‍വ്വം നോക്കുകകയും ചെയ്തു. നിര്വൃതിയുടെ ആ നിമിഷങ്ങളില്‍ ഞാന്‍ ഞെട്ടിയുണര്‍ന്ന് കൂടിന് ചുറ്റും നോക്കി. എനിയ്ക്ക് വല്ലാത്ത വിഷമം തോന്നി ആരും ഇല്ല.ഇതെല്ലാം എനിയ്ക്ക് വിധിച്ചിട്ടില്ല.എനിയ്ക്ക് എല്ലവരോടും ദേഷ്യം തോന്നി.മതി എങ്ങനെയെങ്കിലും എന്‍റെ സുഹൃത്തിനെ കണ്ടെത്തണം.വീട് വിട്ടിറങ്ങുക തന്നെ .ഞാന്‍ പതുക്കെ ഇടയിലൂടെ ഇറങ്ങി ഓടി.വീട്ടുകാര്‍ ആരും അറിഞ്ഞിട്ടില്ല.ഞാന്‍ എന്‍റെ സുഹൃത്തിനെ അന്വേഷിച്ചിറങ്ങി.ഞാന്‍ ഒറ്റയ്ക്ക് പോകുന്നത് കണ്ട് ആള്‍ക്കാര്‍ ബഹളം കൂട്ടാന്‍തുടങ്ങി.കുട്ടികള്‍ എന്നെ കല്ലെടുത്തെറിഞ്ഞു.കടലോരത്ത് എത്തി ഞാന്‍ അനന്തതയിലേയ്ക്ക് നോക്കി ഓളിയിട്ടു.എന്‍റെ വിളികേട്ട് സുഹൃത്ത് എത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ആശിച്ചു.തിരിഞ്ഞു നോക്കുമ്പോള്‍ വീട്ടുകാരന്‍ സമീപത്ത് നില്‍ക്കുന്നു.ആള്‍ക്കാര്‍ ഞാന്‍ അവിടെ നില്‍ക്കുന്നതായി പറഞ്ഞറിഞ്ഞ് എന്നെ തേടിയെത്തിയതാണ്.പാവം.എന്‍റെ കഴുത്തില്‍ ചങ്ങലയണിയിച്ചു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ പിന്നാലെ നടന്നു.ഈ കാഴ്ച കാണാന്‍ ഒരുപാട് ആള്‍ക്കാര്‍ ഒത്തു കൂടിയിരുന്നു.എനിയ്ക്ക് ഒരു വല്ലായ്മ തോന്നി ഞാന്‍ വീട്ടുകാരെ ധിക്കരിച്ചുവോ.അതെ ഒരു നിമിഷം ഞാന്‍ എന്നെ പറ്റി വിചാരിച്ചുപോയി.എനിയ്ക്കും സ്വതന്ത്രമായ ഒരു ജീവിതം,കുടുംബം.......പക്ഷെ എന്നെ കുടുംബാഗത്തെ പോലെ പരിഗണിക്കുന്ന എന്‍റെ ദൈനം ദിന കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുന്ന എന്‍റെ വീട്ടുകാരെ ഞാന്‍ ധിക്കരിക്കാനും പാടില്ല.യജമാന സ്നേഹത്തിന് പേരു കേട്ട പാരമ്പര്യമാണ് ഞങ്ങളുടേത് പക്ഷെ ഇതൊക്കെ മനുഷ്യന്‍ അവന്‍റെ സൌകര്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്ത സമവാക്യങ്ങളാണെങ്കിലും എനിയ്ക്ക് ഇതിനെപറ്റി കൂടുതല്ആലോചിക്കാനുള്ള തലച്ചോര്‍ വലിപ്പവുമില്ലെങ്കിലും തുലാസിന്‍റെ രണ്ട് തട്ടുകള്‍ കീഴ്മേല്‍ ചലനങ്ങള്‍ എന്നില്‍ പലതരത്തളുള്ള ആശയകുഴപ്പങ്ങളുണ്ടാക്കി.ഈ സംഭവത്തെച്ചൊല്ലി എന്തു കൊണ്ടോ ആരും എന്നെ ശാസിച്ചില്ല.കാലം മാറി വന്നു.വീട്ടിലെ അംഗങ്ങള്‍ വന്നും പോയും ഇരുന്നു.സന്തോഷവും വിഷമവും മാറി മാറി വന്നു.ചിന്തകളുടെ അലട്ടലുകളും തുടര്‍ന്നു. കാലം കടന്നു പോകുന്നതോടൊപ്പം എന്‍റെ ആരോഗ്യവും ക്ഷയിക്കാന്‍ തുടങ്ങി .വയറു വേദന,വിശപ്പില്ലായ്മ,അസഹ്യമായ ചുട്,ചൊറി.രോമങ്ങള്‍ പൊഴിയല്‍,ഒന്നിനും ഒരു ഉഷാറില്ലായ്മ.കുരയ്ക്കാന്‍ പോലും ഉഷാറ് പോര.സന്ദര്‍ശകരെല്ലാം എന്നെ നോക്കി താടിയ്ക്ക് കൈകൊടുത്തു.......ന്തോ പറ്റി.ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന എന്നെ വീട്ടുകാര്‍ വിഷമത്തോടെ നോക്കി നെടുവീര്‍പ്പിട്ടു.അവര്‍ ഭക്ഷണം കഴുക്കുന്നില്ലേ എന്നു പോലും ഞാന്‍ സംശയിച്ചു.എന്തിനാണ് അവര്‍ എന്നെ ഇത്രയും സ്നേഹക്കുന്നത്.ഞാന്‍ ചത്താല്‍ അവര്‍ക്ക് എന്നെ പോലെ വേറെ ഇഷ്ടം പോലെ പട്ടിക്കുട്ടികളെ കിട്ടും.എന്നെ പോലുള്ള പട്ടികള്‍ അധിക കാലം ജീവിച്ചിരിക്കില്ല എന്ന് അവര്‍ക്കറിയില്ലെ.ഞാന്‍ ചത്താല്‍ വിഷമമുണ്ടാകുമെന്ന് അവര്‍ക്ക്നേരത്തെ അറിയില്ലെ പിന്നെയെന്തിനാണ്.അവര്‍ എന്നെ വളര്‍ത്തിയത് പിന്നെ എന്തിനാണ് ഇത്രയും എന്നെ സ്നേഹിക്കുന്നത്.അവരുടെ കുടുംബാങ്ങളെ സംരക്ഷിക്കാന്‍ ഒരു കാവല്‍ക്കാരന്‍,ഏകാന്തതയകറ്റാന്‍ ഒരു ഹോബി,സ്നേഹം നല്‍കാനും പങ്കു വയ്ക്കാനും ഒരു ജീവി.ഇതൊക്കെയായിരിക്കാം ഞാന്‍ അവര്‍ക്ക് പക്ഷെ അതിന് അവര്‍ എന്നെ മാതാപിതാക്കളില്‍ നിന്ന് അകറ്റി,സ്വജാതിക്കാരുമായി ഇടപഴകാന്‍ അനുവദിച്ചില്ല,നിയന്ത്രണങ്ങളുടെ ചങ്ങലകളാല്‍ അവര്‍ എനിയ്ക്ക് പരതന്ത്രതയുടെ സുഖം തന്നു.പക്ഷെ എനിയ്ക്ക് അവരെ വെറുക്കാന്‍കഴിയില്ല.വാലാട്ടിയായ എനിയ്ക്ക് അവര്‍ ഭക്ഷണം തന്നു.കുടുംബാംഗത്തിന്‍റെ പരിഗണന തന്നു.പരിചരണം തന്നു.സന്തോഷം. ഒരു ദിവസം ചിന്തകള്‍ കാടുകകയറിയതോടെ എന്‍റെ അസ്വസ്ഥതകള്‍വര്‍ദ്ധിച്ചുവന്നു.എനിയ്ക്ക് ശ്വാസം മുട്ടുന്നു.ഞാന്കൂട്ടില്‍ നിന്ന് പുറത്ത് വന്നു.വീട്ടില്‍ ഉടമസ്ഥന്‍ ഇല്ല.അമ്മ മാത്രമെ ഉള്ളൂ.തല വെട്ടിപൊളിയുന്നതു പോലെ തോന്നി.ഞാന്‍ വരാന്തയില്‍ കയറി.ദയനീയമായി അമ്മയെ നോക്കി.അവരും നിസ്സഹായരായി നില്‍ക്കുകയാണ്.എത്ര നേരം ഇത് സഹിക്കും ഒന്നും മനസ്സിലാകുന്നില്ല കണ്ണില്‍ ഇരുട്ട് കയറുന്നു.ഞാന്‍ എന്‍റെ തല സര്‍വ്വശക്തിയുമുപയോഗിച്ച് നിലത്തടിയ്ക്കാന്‍ തുടങ്ങി............

സെഞ്ചുറികള്‍ കൊണ്ടൊരു തുലാഭാരം

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍...........,ഇന്ത്യക്ക് വേണ്ടി അത് നേടിയിരിക്കുന്നു.ദേശീയ കായിക വിനോദമായ ഹോക്കിയില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍,പിന്തള്ളപ്പെട്ട സ്ഥിതിവിശേഷം,ജന സംഖ്യയില്‍ മുന്നേറ്റമുണ്ടെങ്കിലും കായികരംഗത്ത് ലോകത്തിന് യാതൊന്നും സംഭാവന ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം,1983 ലെ ലോകകപ്പിലെ ജയം ഒരു മുള്‍കിരീടമായി അണിഞ്ഞ് നടക്കേണ്ടിവന്ന സമയം,ഗവാസ്കര്‍,ഗുണ്ടപ്പ വിശ്വനാഥ്,മൊഹീന്ദര്‍ അമര്‍നാഥ്,വെംഗ്സാര്‍ക്കാര്‍,എന്നിവരുടെ വിടവാങ്ങല്‍, ഈ സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പയ്യനെയും കൊണ്ട് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ സന്ദര്‍ശിക്കേണ്ടിവന്നത്.പലരും നെറ്റി ചുളിച്ചു.പ്രതിഭയെ കുരുന്നിലെ നുള്ലിക്കളയാലാകുമോ.പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തില്‍ തോല്‍വി അഭിമുഖീകരിച്ച അവസാന രണ്ട് ഓവറില്‍ നാല്‍പതിലേറെ റണ്‍വേണ്ടിയിരുന്ന സമയത്ത് ക്രീസിലെത്തിയ സച്ചിന്‍ കാലഘട്ടത്തിലെ പ്രമുഖ ലെഗ്സ്പിന്നറായ അബ്ദുള്‍ ഖാദറെ തുടരെ നാലു സിസ്കറുകള്‍ പറത്തിയപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകം പകച്ചു നിന്നു.ശ്വാസം അടക്കി പിടിച്ച് അവര്‍ ആകാഴ്ച കണ്ടുനിന്നു.മികച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനുടമയായ ഖാദര്‍ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഓരോ സ്ക്സറിനെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നടക്കാനിരിക്കുന്ന മഹാദ്ഭുദങ്ങളുടെ കേളികൊട്ട് മാത്രമാണിതെന്ന് മനസ്സിലാക്കിയ ഒരു യോഗിയെപോലെ.ആദ്യ ടെസ്റ്റില്‍ ക്രീസിലെത്തിയ സച്ചിന്‍ വഖാര്‍ യൂനിസിന്‍റെ തീപാറുന്ന പന്ത് കൊണ്ട് ചോര തുപ്പിയപ്പോള്‍ എന്നും ഇന്ത്യാ വിരുദ്ധമായി പ്രതികരിച്ചിരുന്ന ജാവേദ് മിയാന്‍ദാദ്,പരിഹാസ രൂപേണ ചൂണ്ടിക്കാണിക്കുന്നത് ടെലിവിഷനിലൂടെ കണ്ട എനിയ്ക്ക് ജാവേദ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി “ഈ പയ്യന് ഇതിനൊക്കെ പ്രായമായിട്ടില്ല”.സച്ചിന്‍ ആ ടെസ്റ്റില്‍ തരക്കേടില്ലാത്ത സ്കോര്‍ കണ്ടെത്തിയിട്ടാണ് പുറത്തായതെന്നത് വേറെ കാര്യം. തന്‍റെ ആദ്യ സെഞ്ചുറി പിറക്കാന്‍ വളരെ നാള്‍കാത്തിരിക്കേണ്ടിവന്ന സച്ചിന്‍ പക്ഷെ സെഞ്ചുറികളുടെ കളിത്തോഴനായി മാറിയത് തികച്ചും യാദൃശ്ചികം.ഒരു കായികതാരത്തിന് അന്യമായ പാരമ്പര്യം. സാഹിത്യാകരനായ പിതാവ്,പക്ഷെ തന്‍റെ പാരമ്പര്യം കായികരംഗത്ത് സച്ചിന് ഹൃദയത്തിന്‍റെ സ്പര്‍ശം നല്‍കാന്‍കഴിഞ്ഞു.വിവാദങ്ങള്‍ വിട്ടൊഴിയാത്ത ക്രിക്കറ്റ് രംഗത്ത് നിര്‍മ്മല ചിത്തത്തോടെ നില കൊണ്ട സച്ചിനെ ഒരു പക്ഷെ കൂടുതല്‍ ആരാദ്ധ്യനും സര്‍വ്വ സമ്മതനുമാക്കിയത് തന്‍റെ ഹൃദയഹാരിയായ വ്യക്തിത്ത്വത്തിലൂടെ ആണ്.എല്ലാം കൈപിടിയിലാക്കാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛ,എന്നാല്‍ തിരച്ചടികള്‍ക്ക് വാക്കുകള്‍കൊണ്ടോ ചേഷ്ടകള്‍കൊണ്ടോ പ്രതികരിക്കാതെ തനിക്ക് പ്രതിഭയുടെ പ്രസാദമായി ലഭിച്ച ബാറ്റുകൊണ്ട് മാത്രം മറുപടി പറഞ്ഞ സച്ചിന് പകരം വയ്ക്കാന്ഇനിയൊരു സച്ചിന്‍ ഉണ്ടാവില്ല എന്ന് തീര്‍ച്ച.എതിരാളികള്‍ നിലവാരം കുറഞ്ഞ വിദ്യകള്‍ പുറത്തിറക്കിയപ്പോഴും,ടീമംഗങ്ങള്‍ കോഴ വിവാദത്തില്‍ ഉള്‍പെട്ടപ്പോഴും,നേട്ടങ്ങളുടെ പടിവാതിലില്‍ കാലിടറിയപ്പോഴും,ടെന്നിസ് എല്‍ബോ എന്ന മാരക രോഗത്തിനടിമയായപ്പോഴും സച്ചിന്‍ സച്ചിദാനന്ദ സ്വരൂപനായി നിലകൊണ്ടു.പ്രതിഭയും ഭാഗ്യവും കൈമുതലായുണ്ടെങ്കിലും താന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് തെളിയിച്ചു കൊണ്ട് സച്ചിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അസാധാരണ സമ്മര്‍ദ്ദത്തിനടിമപ്പെട്ടു.ഒടുവില്‍ ബാംഗ്ലാദേശിനെതിരെ അദ്ദേഹം ആ നിര്‍ണ്ണായകമായ നാഴികക്കല്ല് പിന്തള്ളി.സച്ചിന്‍ യാത്ര തുടരുകയാണ്.ശൈശവ ദശ മാറുന്നതിന് മുമ്പ് ടീമിലെത്തിയ സച്ചിന്‍, ഇളം തലമുറക്കാര്‍,ടീമിലെത്തിയെങ്കിലും ഇന്നും ഭാരതീയര്‍ക്ക് വാത്സല്യഭാജനമാണ്,ഓരോ സ്ത്രീയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സല്‍സന്താനമാണ്. നിര്‍ണ്ണായക നിമിഷങ്ങളില്‍,കാലിടറുന്നു എന്ന ഒരു കളങ്കം അദ്ദേഹം നിലനിര്‍ത്തുന്നു.എന്നിരിക്കിലും ഇന്ത്യയ്ക്ക് ലോക ക്രിക്കറ്റ് ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉറപ്പാക്കാന്‍കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ സച്ചിന്‍റെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നായക സ്ഥാനത്ത് വേണ്ടത്ര ശോഭിക്കാത്തതും മറ്റൊരു വിഷയമാണ്.പക്ഷെ കോഴ വിവാദം കൊടുംബിരിക്കൊണ്ട സമയത്താണ് നിഷ്കളങ്കനായ സച്ചിന്‍ ടീമിന്‍റെ അമരക്കാരനായതെന്നോര്‍ക്കണം.നിര്‍ണ്ണായക ഘട്ടത്തില്‍കാലിടറുമെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ടീമിനെ എത്തിക്കുന്നത് സച്ചിന്‍ തന്നെയാണ്.നൂറു കോടി ജനതയുടെ ആശയും അഭിലാഷങ്ങളും മോഹങ്ങളും ചുമലിലേറ്റി നടക്കുന്ന ഈ കുറിയ മനുഷ്യന് ചില ഘട്ടങ്ങളില്‍ അത് ഭാരമായി ഭവിച്ച് കാലിടറിയെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇനി......നല്ല ഒരവസരത്തിന് വേണ്ടി കാത്തിരിക്കുക നല്ല ഒരു പ്രകടനത്തോടെ വിടവാങ്ങുക.അടുത്ത നാഴികക്കല്ലിന് സമീപത്തെത്തുന്നതിന് മുമ്പ്.......സച്ചിന്‍....അത് വൈകിക്കരുത്.