Friday, May 8, 2020

ഹാ ശലഭമേ .......

കോടതി വരാന്തയിൽ കേസ് വിളിക്കുന്നതും കാത്തിരിക്കുമ്പോഴാണ് ഭിത്തിയോട് ചേർന്ന് ഒരു മനോഹരമായ പൂമ്പാറ്റ നിലത്ത് ഇരിക്കുന്നത് കണ്ടത്. ചിറക്
മഞ്ഞയിൽ നല്ല ബോർഡറും അത്യാവശ്യം ക്രാഫ്റ്റ് വർക്കോടും കൂടിയ അതി മനോഹരമായ സ്റ്റഫാണ് . സമയമേറെ കഴിഞ്ഞിട്ടും അത് തത്സ്ഥാനത്തു നിന്ന് അനങ്ങാതിരിക്കുന്നതു കണ്ട് ഞാൻ എന്റെ അടുത്തിരിക്കുന്ന ഒരു പ്രതിയോട് കാര്യം സൂചിപ്പിച്ചു.

"അദ്ദേഹം അടിപിടി കേസിലെ പ്രതിയാണ് .തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വാടകക്കാരനെ അദ്ദേഹം തല്ലിയെന്നതാണ് കേസ്.ചേട്ടൻ പറയുന്നത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്യാൻ പോയപ്പോൾ ചില്ലറ വാക്തർക്കങ്ങൾ ഉണ്ടായതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ്. കണ്ടിട്ട് അടിക്കാനും മാത്രമുള്ള ശൗര്യമോ അരോഗ്യമോ അദ്ദേഹത്തിനുള്ളതായി തോന്നിയില്ല. എങ്കിലും മനുഷ്യരുടെ കാര്യമല്ലെ ഒന്നും പറയാൻ കഴിയില്ലല്ലോ. അയാൾ കളവു പറയുകയാവാം.

ഏതായാലും ഞങ്ങൾ രണ്ടു പേരും പൂമ്പാറ്റയ്ക്കരികിലെത്തി. പതുക്കെ കൈ കൊണ്ട് ചിറകിലൊന്ന് തൊട്ടപ്പോൾ ഒന്ന് പറന്ന് അൽപം അകലെ വന്നിരുന്നു. കുറേ അധികം ആളുകൾ നടന്നു നീങ്ങുന്ന കോടതി വരാന്തയിൽ ആരുടെയെങ്കിലും ചെരിപ്പിനടിയിൽപെട്ട് അത് ചതഞ്ഞരയുമോ എന്ന് ഞാൻ ഭയന്നു. അതിനെ എടുത്ത് പുറത്ത് വച്ചാലോ എന്ന ചോദ്യത്തിനെ ചേട്ടൻ മുളയിലെ നുള്ളി.അതിന് എന്തെങ്കിലും ശാരീരിക അവശതളുണ്ടാകാമെന്നും പുറത്തു വച്ചാൽ ഇരപിടിയന്മാർ അതിനെ ഭക്ഷണമാക്കുമെന്നും ചേട്ടൻ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി.അത് പേടിച്ചായിരിക്കും സ്വന്തം ആവാസ മേഖല ഉപേക്ഷിച്ച് അത് കോടതി വരാന്തയിൽ അഭയം തേടിയത്.കോടതി വരാന്തയിൽ ഇരിപ്പിടം കീറിയ ഒരു കസേര നീക്കി വച്ച് അയാൾ അതിന് സുരക്ഷാവലയം തീർത്തു. പൂമ്പാറ്റയ്ക്ക് അതിഷ്ടപ്പെട്ടില്ലെന്നു തോന്നി. അത് വീണ്ടും കസേരയുടെ ചുവട്ടിൽ നിന്ന് പുറത്തുവന്നു.

എന്തായാലും അതിന്റെ ചിറകിന് ശോഭ നഷ്ടപെട്ടിരുന്നില്ല. കോടതി വരാന്തയിൽ അത് നീതി തേടുകയാണെന്ന് തോന്നിച്ചു . മരണം അല്ലെങ്കിൽ നീതി അതിനുള്ള കാത്തിരിപ്പായിരിക്കാം. ഇതിനിടയിൽ ചേട്ടൻ പ്രതിക്കൂട്ടിൽ കയറി. ചെറുപ്പക്കാരനായ വക്കീൽ ചേട്ടനെ തേജോവധം ചെയ്തു. വിചാരണയ്ക്കു ശേഷം അയാൾ വാദിയെ നോക്കി കണ്ണിറുക്കി കാണിച്ചു.തിരിച്ച് വാദിതന്റെ കീശയുടെ കനം ഒന്ന് അമർത്തി ഒതുക്കി കാണിച്ചു. അപ്പോഴും പൂമ്പാറ്റ തത്സ്ഥാനത്ത് ധ്യാന നിരതനായി തുടരുന്നുണ്ടായിരുന്നു.

വരാന്തയിലെ തിരക്ക് ഒഴിഞ്ഞിരുന്നു.എന്നെ അടുത്തതായി സാക്ഷിയായി വിളിച്ചു. വരാന്തയിൽ ക്ഷീണിച്ചിരിക്കുകയായിരുന്ന ചേട്ടനോട് എന്നെങ്കിലും കാണാമെന്ന് പറഞ്ഞ് ഞാനും കൂട്ടിലേറി.വിചാരണ കഴിഞ്ഞ് മഹസ്സറിൽ ഒപ്പിട്ട് തിരികെ എത്തിയപ്പോൾ പൂമ്പാറ്റ ചതഞ്ഞരഞ്ഞ് കിടക്കുകയായിരുന്നു. കോടതി വരാന്തയിൽ അപ്പോൾ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ.  അതിന്റെ മനോഹരമായ ചിറകുകൾ നാനാവിധമായിരുന്നു. എങ്കിലും ആ ചിറകിൽ പിടിച്ചുയർത്തിയപ്പോൾ ആ ത്യണ ശരീരം അതോടൊപ്പം പൊങ്ങി വന്നു. അതിനെ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് ഞാൻ കോടതി വരാന്തയിൽ നിന്നിറങ്ങി.

മടക്കയാത്രയിൽ ബസ്സിലെ നേരിയ മയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. കുറേ ഉറുമ്പുകൾ ഒരു ചിത്രശലഭത്തെയും വഹിച്ചുകൊണ്ടുള്ള ഒരു ഘോഷയാത്ര.

No comments:

Post a Comment