Friday, May 8, 2020

ബഡായി

ബഡായി വിടുന്നവർ പലപ്പോഴും മറ്റുള്ളവർക്ക് ഒരു തമാശയായിരിക്കും.നിർദോഷങ്ങളായ ബഡായികൾ പലപ്പോഴും നല്ല നേരമ്പോക്കുമായിരിക്കും.

കളിച്ചു നടന്ന കാലത്ത് ഞങ്ങൾക്ക് ഒരു കളിക്കൂട്ടുകാരനുണ്ടായിരുന്നു.കളിയോട് ആരാധന മൂത്ത് നടന്നിരുന്ന കളിക്കാലം.ടെണ്ടുൾക്കറുടെ വ്യക്തി പ്രഭാവം യുവഹൃദയങ്ങളിൽ  നിറഞ്ഞിരുന്ന  കാലം.ഓരോ വൈകുന്നേരങ്ങളും ഞങ്ങൾ ഒരുത്സവമാക്കിമാറ്റിയുരുന്ന ഓർമ്മയിൽ മായാത്ത ഇടം പിടിച്ച കാലം.

ഞങ്ങളോടൊപ്പം കളിക്കാൻ വല്ലപ്പോഴും ഒരു ഗോപാലകൃഷ്ണ ഭട്ട് വരുമായിരുന്നു.ഒരു മുണ്ടും ചന്ദന കുറിയുമൊക്കെയായി ഒരു പട്ടര് പയ്യൻ.കളിയിൽ ശരാശരി.അത്യാവശ്യം പന്തെറിയും.പിന്നെ ബാറ്റു വീശും.കൊണ്ടാൽ കൊണ്ടു.ആള് സൈലൻറാണ്.പക്ഷെ അബദ്ധവശാൽ ഒരു വിക്കറ്റ് വീഴ്ത്തിയാലോ,ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നാലോ പിന്നെ മുഖഭാവവും ശരീരഭാഷയുമൊക്കെ മാറുകയായി.അത് ടെണ്ടുൾക്കറുടെയും വെങ്കടേഷ് പ്രസാദിൻറേതുമൊക്കെ ആയി മാറും.ബാറ്റ് നിലത്ത് കുത്തി പിച്ചിൻറെ നിലവാരം വിലയിരുത്തുക.കാൽമുട്ടുകൾ വളച്ച് പന്ത് നേരിടാൻ തയ്യാറെടുക്കുക.കൈ ഉയർത്തി വിക്കറ്റ് ആഘോഷിക്കുക.ബാറ്റസ്മാനെ രൂക്ഷമായി നോക്കുക.''ഹിന്ദി പ്രവീൺ'' പാസായതു കൊണ്ട് ചില ഹിന്ദി വാക്കുകളും   ഉപയോഗിക്കും.
''സബാഷ്  സബാഷ് '' എന്ന് നന്നായി കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും.കളിക്കിടയിൽ എന്തോ കളി യുടെ തന്ത്രങ്ങൾ ഉപദേശിക്കുന്നതുപോലെ സഹകളിക്കാരുടെ ചെവിയിൽ മന്ത്രിക്കും.

കക്ഷി ഇടയ്ക്ക് മുങ്ങും ഒരു മാസത്തേക്കൊക്കെ കളിക്കവാൻ വരാതിരിക്കും. മുംബെയിലെ എം ആർ എഫ് ക്ലബ്ബിനു വേണ്ടി കളിക്കാൻ പോയതാണെന്നും  തനിക്ക് തുടർച്ചയായി മാൻ ഓഫ് ദ മാച്ച് അവാർഡ് കിട്ടിയെന്നും അവകാശപ്പെടും.ഇതിൽ ഞങ്ങൾക്കുണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കാൻ മത്സരങ്ങളിൾ ക്വാളിറ്റിയുള്ള പന്താണുപയോഗിക്കുന്നതെന്നും അത് നന്നായി സ്വിംഗ് ചെയ്യുമെന്നും തൻറെ പന്തുകൾക്കു മുന്നിൽ ബാറ്റസ്മാൻ മാർ വല്ലാതെ കുഴങ്ങുന്നുണ്ടെന്നും പറയും.ഭട്ടിൻറെ കളികാണാൻ ഇടയായ ആസ്ട്രേലിയൻ പേസർ ഡെന്നിസ് ലില്ലി അദ്ദേഹത്തെ ഇന്ത്യൻ ടീമിലേയ്ക്ക് ശുപാർശ ചെയ്യാമെന്നും പറഞ്ഞുവത്രെ. ആ കണ്ടു മുട്ടൽ അദ്ദേഹം അഭിനയിച്ചു കാണിക്കുമായിരുന്നു.''തും കോ ലേ ലേംഗെ....തും കൊ ലേ ലേംഗെ'' എന്ന് പറഞ്ഞ് കൈ പിടിച്ച് കുലുക്കിയത്രെ.

ബഡായിയാണെന്ന് നൂറു ശതമാനം ഉറപ്പാണെങ്കിലും ഞങ്ങൾ അദ്ദേഹത്തെ കൂടുതൽ ചോദ്യങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ഭട്ട് വെങ്കടേഷ് പ്രസാദിനെ വെങ്കിയെന്നും കുംബ്ലെയെ അനിൽ എന്നും ടെണ്ടുൾക്കറെ സച്ചുവെന്നും ശ്രീനാഥിന് ശ്രീനി എന്നും വിളിക്കുമത്രെ.അവർ തിരിച്ച് ഗോപിയെന്നുംഭട്ടിനെ വിളിക്കും.
ടെണ്ടുൾക്കറുടെ കല്യാണത്തിന് ഹോളിക അദ്ദേഹം സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുപോയതാണെന്നും.അത് അതിഥികൾക്ക് അദ്ദേഹം തന്നെ വിളമ്പിക്കൊടുക്കണമെന്ന് ടെണ്ടുൾക്കർ നിർബന്ധിച്ചതായും ഹോളിക സൽക്കാരത്തിന് തികയാതെ വന്നതുമൊക്കെ അദ്ദേഹം പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചു.

പത്തിരുപതു ദിവസത്തെ ഇടവേളകൾക്കു ശേഷം കളിയ്ക്കാൻ വരുന്ന ഭട്ട് ഇത്തരം കഥകൾ വിവരിക്കുകയും ഞങ്ങൾ സാകൂതം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പക്ഷെ അളിയൻ പൂജയ്ക്ക് പോകുന്ന സമയത്ത് പെങ്ങളുടെ  വീട് കാവലിനാണ് ഭട്ട് ഇടയ്ക്ക് പോകുന്നതെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിരുന്നു.

കാര്യങ്ങൾ ഇതുവരെ എത്തിയ സ്ഥിതിയ്ക്ക് കക്ഷിയ്ക്കൊരു പണികൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ജില്ലാ ക്രിക്കറ്റ് ടീം  സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഭട്ടിനു മേൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തി.കേരള ടീമിൽ കളിയ്ക്കാൻ താത്പര്യമില്ലെന്നും ക്ലബ്ബിൻറെ അനുമതി ലഭിക്കില്ലെന്നും പറഞ്ഞ് കക്ഷി ഓരോ ഒഴിവു കഴിവ് പറഞ്ഞു കൊണ്ടിരുന്നു.
ട്രയൽസിൽ പങ്കെടുക്കില്ലെന്ന് കരുതിയെങ്കിലും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അതാ ഓട്ടോ റിക്ഷയിൽ താളിപടപ്പ് മൈതാനത്ത് വന്നിറങ്ങുന്നു നമ്മുടെ ഭട്ട്.അന്നാദ്യമായിട്ടാണ് ഭട്ടിനെ ഞങ്ങൾ പാൻറിട്ട് കാണുന്നത്. ഒരിറുകിയ
പാൻറ്.മൈതാനത്തിറങ്ങിയ ഭട്ടിനെ കമോൺ ഗോപി എന്ന് പറഞ്ഞ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചു.

പന്ത് കൈയ്യിലെടുത്ത ഭട്ട് ബൗളിംഗ് മാർക്ക് ചെയ്തത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി.പ്രതാപകാലത്തെ വെസ്റ്റിന്ത്യൻ ഫാസ്റ്റ് ബൗളർമാർക്കു  പോലും ഇത്രയും നീണ്ട ''റൺ അപ്പ്'' ഉണ്ടായിരുന്നില്ല.
പക്ഷെ ഭട്ടിൻറെ പന്തുകൾ ബാറ്റസ്മാനെന്നല്ല വിക്കറ്റ് കീപ്പർക്കുപോലും പിടിക്കാൻ കിട്ടുന്നില്ല.ഒരു പന്തുപോലും സ്റ്റമ്പിലേയ്ക്ക് വരുന്നില്ല .അഞ്ച് പന്തുകൾക്ക് ശേഷം സിലക്ടർ പന്ത് തിരികെ വാങ്ങി.
പന്ത് ഇംപോർട്ടഡ് ക്വാളിറ്റിയല്ലെന്നും ഇന്ന് ഫോമിലല്ലെന്നും നിലവാരമുള്ള ബാറ്റ്സ്മാനെതിരെ എറിയുമ്പഴെ ''ഒരിത്'' ഉള്ളൂ എന്നുമൊക്കെ പറഞ്ഞ് തൻറെ ബൗളിംഗ് പരാജയത്തെ ഭട്ട് സ്വയം സാധൂകരിച്ചു.ബാറ്റിംഗിൽ കുറവ് നികത്തുമെന്നും അദ്ദേഹം ആണയിട്ടു.

പാഡും ഗ്ലൗസുമൊക്കെ കെട്ടി നിന്ന അദ്ദേഹം അണ്ടിപാഡ് (Abdoman gaurd)  അണിയാൻ പാടുപെടുന്നത് കണ്ട് ഞങ്ങൾ സഹായത്തിനെത്തി.പാൻറ്  ഇറുകിയതായതു കാരണം പാഡ് വച്ചാൽ സിബ്ബ് ഇടാൻ കഴിയുന്നില്ല.ഒടുവിൽ ഭട്ട് ശ്രമമുപേക്ഷിച്ച് അതില്ലാതെ ബാറ്റ് ചെയ്യുമെന്ന ധീരമായ തീരുമാനമെടുത്തു.
ഞങ്ങൾ ആവതു പറഞ്ഞിട്ടും ഭട്ട് കേൾക്കാൻ തയ്യാറായില്ല.

ക്രീസിലെത്തിയ ഭട്ട് ആദ്യ പന്ത് വരുന്നതിന് മുന്നേ ടെണ്ടുൾക്കറുടെ ഭാവഹാവാദികളോടെ പിച്ച് പരിശോധിക്കുകയും ഗാർഡ് എടുക്കുകയും  ഫീൽഡ് നിരീക്ഷിക്കുകയും ചെയ്തു.
ഒറ്റ പന്തും ബാറ്റിൽ കൊള്ളുന്നില്ല.അഷ്ടമിക്ക് കണ്ണ് കെട്ടി ഉറിയടിക്കുന്നതു പോലെ ഭട്ട് ബാറ്റ് വീശുകയാണ്.ഒന്നും കൊള്ളുന്നില്ല.ചിരിയടക്കാൻ കഴിയാതെ ഞങ്ങളും.ഇന്നത്തോടെ  ബഡായിക്ക് വിരാമമാകുമെന്ന് ഞങ്ങളുറപ്പിച്ചു.പെട്ടന്നാണ് അത് സംഭവിച്ചത്.പന്ത് മർമ്മത്തിൽ കൊണ്ട് ഭട്ട് അതാ ശ്വാസം കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.ഭാഗ്യം അത് ഒരു സ്പിൻ ബൗളറുടെ പന്തായത്.ഇല്ലെങ്കിൽ  ഗോപിയുടെ കാര്യം ഗോപിയാകുമായിരുന്നു.അൽപം വിശ്രമിച്ചു കഴിയുമ്പോൾഭട്ട് നോർമലായി.

ഏതായാലും ഞങ്ങളുടെ ദൗത്യം വിജയിച്ചതായും ഇനി ജീവിതത്തിൽ ഭട്ട് ബഡായി വിടില്ലെന്നും ഞങ്ങളുറപ്പിച്ചു.

തിരികെ ഓട്ടോയിൽ ബസ്റ്റാൻറിലേയ്ക്കുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം അർത്ഥഗർഭമായി നോക്കി ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

മൗനം ഭേദിച്ചുകൊണ്ട് ഭട്ട് പെട്ടെന്ന് ഓട്ടോ നിർത്താൻ ആവശ്യപെട്ടു.
അടുത്തയാഴ്ച ശ്രീലങ്ക പര്യടനത്തിന് എം ആർ എഫ് ക്ലബ്ബ് പോകുന്നുണ്ടെന്നും വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് അടുത്ത ബസ്സിലേ വരുന്നുള്ളു എന്ന് മറ്റൊരു വെടിപൊട്ടിച്ച് ഭട്ട് ഓട്ടോയിൽ നിന്നിറങ്ങിപോയി.
ഒന്നു പൊട്ടിച്ചിരിക്കാൻ പോലുമാകാതെ ഞങ്ങൾ പരസ്പരം പറഞ്ഞു.ഇങ്ങനെയുമുണ്ടോ ഈശ്വരാ ബഡായി.

''ബഡായി ഒരു മനോരോഗമാണെന്നും ശ്രോതാക്കൾ അത് ആസ്വദിക്കുമെന്നും അതുകൊണ്ട് ബഡായി വിടുന്നയാൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നും ഞാനന്ന് മനസ്സിലാക്കിയതു കാരണം അൽപസ്വൽപം ബഡായി കാച്ചുമെങ്കിലുംഅത് അതിരുവിടാതെ ശ്രദ്ധിക്കാറുണ്ട്.''

No comments:

Post a Comment