Monday, June 4, 2018

ഞൻ സീസൺ


ഞെളിഞ്ഞ്
അമർന്നിരുന്ന്
ഏറിയ വീര്യവും
ആദർശം തുളുമ്പും
വാക്കുമായ്
അറിവിൻ കേദാരമായ്
സൗഹൃദ വൃന്ദത്തെ
തിക്കിനിറച്ച്
അധികൃതരെ
പച്ചയ്ക്ക് വിമർശിച്ച്
അവഗണിച്ചാദീർഘയാത്രികരെ
ആണത്തമുള്ളൊരു
സീസൺ ടിക്കറ്റുകാരൻ
ഞാൻ
ടിക്കറ്റ് പരിശോധകനെ
കണ്ടമാത്രയിൽ
പഞ്ചപുച്ഛവുമടക്കി ബാത്രൂമിനരികിലായ് നിലകൊണ്ടു.

വികസന ചിഹ്നങ്ങൾ



ഒരുഷ്ണകാലത്ത്,
പൊരിവെയിലും,
ചുടുകാറ്റുമേറ്റ്
വിയർത്തൊലിച്ച് 
അവശനായലയുന്നേരം

ആ മഹാവൃക്ഷച്ചുവട്ടിലെ
എയർകണ്ടീഷൻ ചെയ്യപെട്ട പാതയോരത്തെ
വികസന ചിഹ്നമായ് വിളങ്ങുന്ന
സർവ്വെ കല്ലിലിരുന്ന്
ഒരു ദീർഘ നിശ്വാസമോടെ
ഞാനോർത്തു.

അഞ്ചാം ക്ലാസ്സിലെ
പാഠഭാഗം-
''പ്രകാശസംശ്ലേഷണം''.
സൂര്യപ്രകാശവും
കാർബൺഡയോക്സൈഡും
ഹരിതകവും,അന്നജവും......

മനുഷ്യൻ തള്ളുന്നതും
അവന് കൊള്ളാൻ കഴിയത്തതും
മരങ്ങൾ  കൊള്ളുന്നു.
പകരം ശീതളതയും
ഉപാധിയില്ലാതെ
രുചിയൂറും കായ്കനികളും.

തെല്ലിട വിശ്രമിച്ചെഴുന്നേറ്റ
ഞാൻ
ഏറെ വേദനയോടെ
തിരിച്ചറിഞ്ഞു.
കല്ലുകളല്ല  ആ വികസന ചിഹ്നങ്ങൾ
കോടാലികളാണെന്ന്.



ആയുധം


മരണമൊരായുധം
അതൊരു വജ്രായുധം

പകപോക്കുവാനും
നേർ വഴികാട്ടുവാനും
റേറ്റിംഗുയർത്തുവാനും
ചുരുളഴിക്കുവാനും
ഒാടിയൊളിക്കുവാനും
ഗാഢമായുറങ്ങുവാനും

മരണമൊരായുധം
അതൊരു വജ്രായുധം

മോഹങ്ങൾ


ഉഷ്ണകാലത്ത്
മഴ നനയാനായിരുന്നു മോഹം.

മഴപെയ്തപ്പോൾ
മഴതോർന്ന് മാനം തെളിയാൻ മോഹമായി.

പിന്നെമഞ്ഞിൽ കുളിച്ച്
കുളിരണിയാൻ മോഹിച്ചു.

വീണ്ടുമതാ കുളിരകലുവാൻ
മോഹിച്ചു തുടങ്ങി

മോഹങ്ങൾക്കറുതിയുണ്ടോ
ഈ ഭുവനത്തിങ്കൽ
പ്രകൃതിയും
മനുഷ്യനും
സർവ്വ ചരാചരങ്ങളും
മോഹപാശത്താൽ
വരിഞ്ഞു മുറുകി ഞെരിഞ്ഞമരുന്നു.ണ

എന്തിനാണമ്മേ ?



അമ്മേ .....
അമ്മയല്ലേ പറഞ്ഞത്
വയറിലെ
എരിച്ചിലടക്കാൻ മാത്രമാണ്
സിംഹം ഇരയെ കൊല്ലുന്നതെന്ന്.

പ്രാണവേദനയെടുത്താൽ
മാത്രമേ
പാമ്പ് കടിക്കുകയുള്ളൂ എന്ന്.

കൂടിൻറെ
സുരക്ഷയ്ക്കായി മാത്രമേ
കടന്നലും തേനീച്ചയും
കുത്തുകയുള്ളൂ എന്ന്

മതിഭ്രമം
വന്നതുകൊണ്ടു മാത്രമാണ്
നായ കടിക്കുന്നതെന്ന്

കുഞ്ഞുങ്ങളെ
നേർവഴിക്ക് നടത്താൻ മാത്രമേ
അമ്മമാർ ശിക്ഷിക്കാറുള്ളൂ  എന്ന്.

എന്നിട്ടെന്താ അമ്മേ
എന്നെ 
പാഷാണം തന്ന് കൊന്നത് അമ്മയാണെന്നവർ പറയുന്നത്........

പട്ടം


കൈവിട്ടുപോകുന്നു പട്ടം
കൈയ്യിലൊതുങ്ങാതെ പട്ടം
തൊട്ടുതൊട്ടില്ലെന്നമട്ടിലിതിൻ
നാര് വിട്ടുപോകുന്നു ഹാ കഷ്ടം

ഇഷ്ടവിനോദാർത്ഥമായതിനെ 
തൻ പാട്ടിൽ പലപ്പോഴും വിട്ടു.
എട്ടു ദിക്കും ചുറ്റി വട്ടം കറങ്ങീട്ടും
കൈ വിട്ടിരുന്നില്ല ഞാനൊട്ടും

മട്ടുകണ്ടിട്ടതു വിട്ടുപോമെന്നെൻറെ
ചിത്തം പറയുന്നു തിട്ടം
കാറ്റിലുലയുന്നലയുന്നതെപ്പൊഴും
വഴുതിയകലുന്നെന്നിൽനിന്നും

പൊട്ടുമോ ഈ ചരടെന്നൻറെയുള്ളം
ഞെട്ടി നടുങ്ങുന്നതോർത്ത്.
ചരടറ്റു പോയോരു പട്ടം കണക്കെ
ചുറ്റിയലയുന്നെൻ  ചിത്തം

കൈവിട്ടുപോകുന്നു പട്ടം
കൈയ്യിലൊതുങ്ങാതെ പട്ടം
തൊട്ടുതൊട്ടില്ലെന്നമട്ടിലിതിൻ
നാര് വിട്ടുപോകുന്നു ഹാ കഷ്ടം

മക്കളേ ക്ഷമിക്കൂ


പുഞ്ചിരിയിലൊരു കലർപ്പുമില്ലാത്ത
നാട്യത്തിലലങ്കാരമില്ലാത്ത
ചെയ്തികളിൽ ചതിയില്ലാത്ത
കല്മഷം ലേശമില്ലാത്ത
ഈശ്വരൻറെ പ്രതിരൂപമായ
നിന്നെയുമൊരുകരുവാക്കി
കുതിക്കുന്നിതാ
മാനവ കാമവികാരം

കാസ്രോട്ടുകാരൻ ധോണിയും ഡ്യൂപ്ലസ്സിയും



ധോണി -140 ജയിക്കാന്
ഏ...... ഡൂപ്ലസി നീ പാഡ് കെട്രാ.

ഓപണിംഗാ.അപ്പോ അമ്പാട്ട്യാ

ഓൻ ടു ഡൗണ് ബെരു

അല്ല അപ്പ നിങ്ങ അല്ലെ ടു ഡൗണ്.

നീ പർഞ്ഞ കേട്ടങ്കായി.

അയി പിന്നെന്താക്ക്ന്നെ.എൻകെന്തെ

വാട്സൻ ഔട്ട്

നീ അർജൻടാക്കണ്ട.ബെറു 140 റൺ ബേണ്ടത്.

റെയ്ന ഔട്ട്

നീ സ്റ്റഡി ആക്ക് . റായിഡു തയ്ക്കട്ട്

റായിഡു ഔട്ട്

ഞാനൗട്ടാഗേല നീ മെല്ല നോക്ക്.ഒന്നൊന്ന് കുട്ടീറ്റ് പായാ.

ധോണി ഔട്ട്

നീ ഒര് സൈഡ് നിക്ക് . നോക്ക കൊർച്ച് കയ്യട്ട്.ഔട്ടാണ്ടാ.

ജഡേജ ഔട്ട്.

നീ മെല്ല നോക്കീറ്റ് തയ്ക്ക്.റൺറേറ്റ് പന്ത്രണ്ടിൻറഡ്ക്ക ആയി.

ഹർബജൻ ഔട്ട്.

നീ എന്തിഷ്ടാ നോട്ടൗട്ട് ആവാൻ നോക്ക്ന്നാ.മേച്ച്  ജയ്ക്കാണ്ട് നീ നോട്ടൗട്ടായിറ്റ് എന്ത് കാര്യം.

പതിനാറാമത്തെ ഓവർ

നിൻറ തരി മൂക്കിന് ബെക്കും. ബീസ് റാ ബീസ്.

ആന്നില്ലങക് ബേട്ട് ചാഡീറ്റ് പോറാ. #$&*$# ൻറെ മോന്.

അങ്ങനെ.....ഒന്നും നോക്കണ്ട.താറാ മാറ ബീസിക്കോ.

ചെന്നൈയ്ക്ക് ജയം

ഡ്യൂപ്ലസീ നീ ആണ് മോൻ റാ.ഞങ്ങള മര്യാദ കാത്ത് . കൊഡ് കൈ 

അമളി

തെക്കൻ കാറ്റൊന്നു വീശിയ നേരത്ത്
ഞാനെത്തീ മൂവാണ്ടൻ മാവിൻ ചോട്ടിൽ
ചക്കര മാമ്പഴം തിന്നു രസിക്കുവാൻ
ചുറ്റിലും നോക്കിനിന്നാ ആശയോടെ

കല്ലിൻ ചെരിവിലും പുല്ലിൻ മറയിലും
കണ്ടീല ഞാനൊരു മാമ്പഴവും
കരിയില നീക്കീട്ടും കുഴിയിലിറങ്ങീട്ടും
കിട്ടീലെനിക്കൊരു തേൻപഴവും

പെട്ടെന്നു കണ്ടൊരു ചെടിയുടെ ചാരത്ത്
നല്ല മുഴുത്തൊരു മാങ്കനിയെ
ഉള്ളം നിറഞ്ഞു പറഞ്ഞുഞാനെന്നോട്
കയ്യിലൊതുക്കുവൻ ഞാനവനെ

ഉമിനീരുണർന്നെൻറെ നാവിൻ തുമ്പിൽ
കൊതിയോടുഞാനതിനരികിലെത്തി
കറുമുറു തിന്നും ഈമ്പിക്കുടിക്കും
രുചിയോടെ
നുണയും ഞാൻ മതിവരോളം

ഒന്നു കുനിഞ്ഞു ഞാൻ കയ്യിലെടുത്തപ്പോൾ
ഞെട്ടിതരിച്ചു നടുങ്ങിപ്പോയി
വാവലു കണ്ടിച്ച മറുഭാഗമെന്നോടു
വായപൊളിച്ചു ചിരിക്കുന്നു.

കുറ്റം


കുറ്റം ചെയ്തവൻറെ
കുപ്പായത്തിലെ
കുറിമാനം നോക്കി
കുറ്റപ്പെടുത്തിയാൽ
കുറ്റങ്ങൾ
കുറയില്ല തന്നെ

പാഠം ഒന്ന് -

പുത്തനുടുപ്പും കുടയും ചെരുപ്പുമായ്
കുട്ടികളെത്തുന്നു മാലോകരെ
വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞിതാ 
പുത്തനുണർവ്വോടെ കൂട്ടുകാരെ

അന്ധത നീക്കി തെളിയേണമീനാട്ടിൽ
നന്മതൻ നെയ്ത്തിരി നാളമെങ്ങും
അതിനായി പകരേണം അറിവിൻറെ
നറു നെയ്യ് അണയാതതിനെ കാത്തീടേണം

മക്കളെ നിങ്ങളീ നാടിൻ പ്രതീക്ഷകൾ
കെട്ടുപോകാതെ കാത്തീടേണം
തിന്മവിളയാടും വരണ്ടൊരു പാടത്ത്
നന്മതൻ വിത്തുകൾ പാകിടേണം.

നല്ല സുഗന്ധം പരേത്തേണമെങ്ങും
നല്ല ചിന്തകളുണർന്നീടേണം
നമ്മളിൽ നമ്മളിൽ മാത്രമൊതുങ്ങാതെ
ഉള്ളു തുറക്കാൻ കഴിഞ്ഞീടേണം

നന്നായ് പഠിച്ചു വളരേണമെല്ലാരും
ഒന്നായ് പൊരുതേണം തിന്മയോട്
തെറ്റും ശരിയും തമ്മിലറിയേണം
സത്യത്തിൻ പാതയിൽ നീങ്ങീടേണം.

ചുറ്റിലും കാണുന്ന കാഴ്ചകളൊന്നുമേ
ലക്ഷ്യം മുടക്കാതെ നോക്കീടേണം
ആകാശംമുട്ടേ വളരേണം നിങ്ങൾ
നാടിന്നഭിമാനമായീടേണം

അമ്മയലിവോടെയൂട്ടിയ സ്നേഹത്തിൻ
ആദ്യപാഠങ്ങൾ മറന്നീടൊല്ലേ
വിദ്യയോടൊപ്പം വിനയവും ചാലിച്ച്
ഉത്തമരായി വളർന്നീടേണം.

മാനുഷമൂല്യങ്ങളെന്തെന്നറിയണം
ആത്മപ്രഹർഷരായ് തീർന്നീടേണം
നല്ലമുല്യങ്ങളെ കൊണ്ടു നടക്കണം
നന്മതൻ പൂമരമായിടേണം

അന്ധത നീക്കി തെളിയേണം നാട്ടിൽ
നന്മതൻ നെയ്ത്തിരി നാളമെങ്ങും
അതിനായി പകരേണം അറിവിൻറെ
നറു നെയ്യ് അണയാതതിനെ കാത്തീടേണം



ജാഗ്രത


ഇരുട്ടിൽ എവിടെയോ
ഒരു ചിറകടിയൊച്ച
കാൽപെരുമാറ്റം
നായ്ക്കളുടെ മുരൾച്ച
ഒരളിഞ്ഞ മണം

വെറും തോന്നലല്ല
അടുത്തെത്തിയിരിക്കുന്നു.

ഇല്ല
എനിയ്ക്കുമാത്രമായി
ഒരു നില നിൽപില്ല
നീയോ ഞാനോ ഇല്ല
കുറ്റമെൻറേതോ നിൻറേതോ അല്ല

കൈ കോർക്കാൻ മടിയ്ക്കേണ്ട
മുറുകെ പിടിച്ചോളൂ
ആരുടേതാണെന്നു നോക്കേണ്ട
പിടിത്തംഅയച്ചുകളയരുത്

 മുന്നോട്ട് നീങ്ങുക
പേടിക്കേണ്ട
ഇതും നാം അതി ജീവിക്കും

കാൽപന്ത് കളി

രാത്രി
വളരെ വൈകി
ചെറുപ്പക്കാർ
ഗെയിറ്റിനുപുറത്ത്
കൂട്ടംകൂടിനിൽക്കുന്നത്
കണ്ടപ്പോഴേകരുതിയതാണ്
എന്തെങ്കിലുംസംഭവിക്കുമെന്ന്.
കാലത്തെഴുന്നേറ്റ് 
നോക്കയപ്പോഴതാ
ബ്രസീലിൻറെ
മഞ്ഞപട അണിനിരന്നിരിക്കുന്നു.
അടിയിലൊരു കുറിപ്പും 
- ചൊറിയാൻ വരേണ്ടെന്നും
അർജൻറീനയെ
റഷ്യയിൽ നിന്നും
കണ്ടം വഴി ഓടിക്കുമെന്നും.'
ചുട്ട മറുപടി
കൊടുക്കണമെന്ന് തോന്നി.
ആവേശം മനസ്സിലൊതുക്കി
വലത്തോട്ട് നോക്കിയപ്പോഴതാ
അർജൻറീന....
 ''ഞങ്ങൾ ഭയക്കുന്നത്
നിങ്ങളെയോ നിങ്ങളുടെ
ടീമിനെയോ അല്ല
ഞങ്ങളുടെ ദൗർഭാഗ്യത്തെ മാത്രമാണ്.''
സന്തോഷം കൊണ്ടോ
സങ്കടം കൊണ്ടോ
കണ്ണ് നിറഞ്ഞു പോയി.
അതെ ആവേശം
ഒരു വികാരരമായി പടരുകയാണ്.
റഷ്യയിൽ
പന്തുരുളാൻ
ഇനി ദിവസങ്ങൾ മാത്രം.
ആരു ജയിച്ചാലും
ഇത്തവണയും
ഫുട്ബോൾ ജയിക്കും.
സാർവ്വ ലൗകികതയെ
ഇത്രയേറെ
കെട്ടിപുണർന്ന
മറ്റെന്തുണ്ട് ഈ ലോകത്ത്.
പട്ടിണിയും രോഗവും
വിടാതെ പിന്തുടരുന്ന
ഗ്രാമാന്തരങ്ങളിലും
സമ്പന്നതയുടെ
സുവർണ്ണ
സിംഹാസനത്തിലിരിക്കുന്ന
നാഗരപ്രദേശങ്ങളും 
മനുഷ്യനിർമ്മിതമായ
എല്ലാ വേലികെട്ടുകളും
തകർത്തെറിഞ്ഞ്
ഒരേ മനസ്സോടെ കാത്തിരിക്കുന്നു......
ആവേശത്തിരമാലകൾ ആർത്തിരമ്പാൻ......

നിപ-പനി


മറുമരുന്നും തേടി
മുഴു വൈദ്യമലയുമ്പോൾ
മുറിവൈദ്യം പലവഴിയിൽ
ഗതികിട്ടാതലയുന്നു