Sunday, September 15, 2013

തിരുവോണാശംസകള്‍..............



വീണ്ടും ഓണം.എന്തൊരു ഊര്‍ജ്ജമാണ് ഈ മഹോത്സവം ജനങ്ങളിലേയ്ക്ക് പകരുന്നത്.ആബാലവൃദ്ധം ജനങ്ങള്‍  ഉത്സവതിമര്‍പ്പിലാണ്.കാണം വിറ്റും ഓണം  ഉണ്ണണം എന്ന് കേട്ടത് എത്ര ശരിയാണ്.ഓണം ഒരു പ്രതീക്ഷയാണ്.ഒരു സങ്കല്‍പമാണ്.സ്വപ്ന തുല്യമായ ഒരു നാട് എല്ലാവരും ഇഷ്ടപ്പെടുന്ന പ്രജാതത്പരനായ രാജാവ്.പക്ഷെ അദ്ദേഹത്തിന് നിലനില്‍പുണ്ടായില്ല. അടിച്ചമര്‍ത്തപ്പെട്ടു.എല്ലാ നന്മകളും പരീക്ഷിക്കപ്പെടും.എന്നാലും ജനങ്ങള്‍,എത്ര സന്തോഷത്തോടെയാണ് ആ കാലഘട്ടത്തെ ഓര്‍ക്കുന്നത്.അദ്ദേഹത്തെ എല്ലാ വര്‍ഷവും സ്വീകരിക്കുന്നത് .മഹാബലിയുടെ കഥ കേവലം അസുരന്‍മാരും ദേവന്‍മാരും തമ്മിലുള്ള സ്പര്‍ദ്ധയും,വരേണ്യവര്‍ഗ്ഗവും പീഡിതരും തമ്മിലുള്ള സംഘര്‍ഷവും മാത്രമല്ല,എന്തെല്ലാം തിരിച്ചടികളേറ്റാലും അടിച്ചമര്‍ത്തപ്പെട്ടാലും നന്മയ്ക്കുള്ല സ്ഥാനം ജനഹൃദയങ്ങളില്‍ നിന്ന് അകന്നിട്ടില്ല അകലുകയില്ല എന്നതാണ് ഓണത്തിന്‍റെ മഹത്തായ സന്ദേശം.



Saturday, September 14, 2013

രാമായനം


കര്‍ട്ടന്‍, ഉയരുമ്പോള്‍ രംഗത്തേയ്ക്ക് ഓഫീസില്‍, പോകാന്‍ തിടുക്കത്തില്‍, തയ്യാറെടുക്കുന്ന ഹരികൃഷ്ണന്‍.ഹരികൃഷ്ണന്‍ ഷൂസിന്‍റെ ലെയ്സ് കെട്ടുകയും ,കണ്ണാടിയില്‍ നോക്കുകയും ചെയ്യുന്നു.അകത്തേയ്ക്ക് നോക്കി ഭാര്യയോട്

ഹരികൃഷ്ണന്‍- ലക്ഷ്മീ ആ പെട്ടിയിങ്ങോട്ടെടുത്തേ..വേഗം വേണം ഇന്ന് ഓഡിറ്റുള്ളതാ..കുറച്ച് വേഗം ബാങ്കിലെത്തണം

ലക്ഷ്മി-ഇതായിപോയി നല്ല കൂത്ത്.കാലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറായതല്ലേ.ഹരിയേട്ടന്‍ നൃത്തം ചവിട്ടി നടന്നിട്ടല്ലേ

ഹരി-ഓ ശരി എന്‍റെ തൂവാലയെവിടെ

ലക്ഷ്മി-ഇതാ ഹരിയേട്ടാ തൂവാല ഞാന്‍ ഷര്‍ട്ടിന്‍റെ കൂടെ വച്ചിരുന്നതല്ലേ അതവിടെ വച്ച് മറന്നു.ഈ ഹരിയേട്ടന്‍റെ ഒരു കാര്യം.

ഹരി-(എന്തോ ഓര്‍ത്തു കൊണ്ട്) ഓ ഞാന്‍,ഫയലെടുക്കാന്‍ മറന്നു.(അകത്തേയ്ക്ക് ധൃതിവച്ച് ഓടുന്നു)

കോളിംഗ് ബെല്‍ അടിയ്ക്കുന്നു.

അകത്തുനിന്ന് ഹരി- ലക്ഷ്മീ അതാരാന്ന് നോക്കിക്കേ

ലക്ഷ്മി- നോക്കി തിരിച്ച് വരുന്നു.ആംഗ്യത്തിലൂടെ ഏതോ ഒരലവലാതി കയറിവന്നിട്ടുണ്ട് എന്ന് കാണിക്കുന്നു.

(രാമന്‍ ഹരിയുടെ സഹപാഠിയാണ്.ക്ഷീണിതനും അവശനുമാണ്.മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് വേഷം.കൈയ്യില്‍ ഒരു കെട്ടുണ്ട്.)

ഹരി ചെന്ന് നോക്കി രാമനെ അകത്തേയ്ക്ക് ക്ഷണിച്ചുവരുത്തുന്നു.

ഹരി-ഇതാര് രാമനോ..എത്രനാളായി നമ്മള്‍ കണ്ടിട്ട്.എനിയ്ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായില്ല.

മുറിയാസകലം നോക്കുന്നു.

രാമന്‍-- ബാങ്കിലേയ്ക്ക് ഇറങ്ങിയതാണല്ലേ.സാര്‍ ഇറങ്ങിയോ എന്ന് സംശയമുണ്ടായിരുന്നു.(എന്തോ പറയാനുള്ള വ്യഗ്രത,ചമ്മല്‍)

ഹരി-സാറോ ഏത് സാറ് രാമന്‍,  എന്നെ ഹരീ എന്ന് വിളിച്ചാ മതി എന്താ
എന്താ പരിപാടി രാമാ...

രാമന്‍-പരിപാടിയെന്ത് ...കൂലിപണിക്ക് പോന്ന് ..കുഞ്ഞിക്ക് സുഗഇല്ലാത്തേനോണ്ട് നാല് ദിസായി പണിക്ക് പോവാണ്ട്.

ഹരി-ഞാന്‍ കഴിഞ്ഞയാഴ്ചയാണ് ഇവിടുത്തെ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറിവന്നത് .നേരത്തെ എറണാകുളത്തായിരുന്നു.

രാമന്‍-കയിഞ്ഞദിവസം ഗംഗാരന്‍ കണ്ടപ്പൊ പറഞ്ഞിറ്റ് ഞാനറിഞ്ഞെ.ഇതാ കൊര്‍ച്ച് നെല്ലിക്കയിണ്ട്.(നെല്ലിക്കയുടെ ബാഗ് ഹരിയെ ഏല്‍പിക്കുന്നു.)

ഹരി-(ബാഗ് ഏറ്റുവാങ്ങിക്കൊണ്ട്) ലക്ഷ്മീ ഇതാ എന്‍റെ ക്ലാസ്മേറ്റ് രാമന്‍

ലക്ഷ്മി കടന്നു വരുന്നു.ചിരിച്ചെന്ന് വരുത്തി.-ഹരിയേട്ടന് ബാങ്കില്‍ പോകാന്‍...( തിരികെ പോകാന്‍ തുടങ്ങുന്നു.)

രാമന്‍ നമുക്കായി നെല്ലിക്ക കൊണ്ടുവന്നിരിക്കുന്നു.

ലക്ഷ്മി ഒന്നും പറയാതെ അകത്തേയ്ക്ക് പോകുന്നു.

രാമന്‍-ഉപ്പിലിട്ടിറ്റ് ബച്ചാല് എടക്ക് തിന്നാ .അച്ചാറും ഇന്‍ഡാക്കാ.

ഹരി-നന്നായി രാമ.എനിയ്ക്ക് ബാങ്കില്‍ പോകാന്‍,....

രാമന്‍-ആട്ട് ഞാന് ബന്നത് പറയാ.എന്‍റെ കുഞ്ഞി ആസ്പത്രീലിണ്ട്.സ്വാസം മുട്ട്.ഇപ്പോ കൊണ ആയി.ഡിസ്ചാര്‍ജ് ആക്കാനി ഒരായിരം ഉര്‍പ്യ ബേണാര്‍ന്നു.നിന്നോട് എങ്ങനെ ചോയ്ക്ക്ന്നേന്ന് ബിജാരിച്ചോണ്ടിണ്ടായി.ബേറെ നിവൃത്തീല്ല.

ഹരി തന്‍റെ പേഴ്സില്‍,നിന്ന് ആയിരം രൂപയെടുത്ത് കൊടുക്കുന്നു.

രാമന്‍- ഞാന് അഡ്ത്ത തിങ്കളായച്ച് തിരിച്ച് തരാ.ഞാന് ആസ്പത്രീല് ഓള നിര്‍ത്തീറ്റ് ബന്നത് .എന്നാല് ഞാന് പോട്ടാ.....ബുദ്ധിമുട്ടായ

ഹരി-ഏയ് ഇല്ല രാമ.അത് സാരല്ലാ.വേഗം പോയിക്കോളൂ.നമുക്ക് പിന്നെ ഒര് ദിവസം വിശദമായി സംസാരിക്കാം.

(രാമന്‍ പോയികഴിഞ്ഞ് ഹരി നെല്ലിക്കയുടെ കെട്ട് നോക്കുന്നു.(പിന്നരങ്ങില്‍ കുചേലവൃത്തത്തിലെ ഈരടികള്‍,പെട്ടെന്ന് ലക്ഷ്മി വരുന്നു.)

ലക്ഷ്മി-എന്താ ഹരിയേട്ടാ ഇന്ന് ബാങ്കിലൊന്നും പോകണ്ടെ.ഒരു സുഹൃത്തും സഹപാഠിയും.

ഹരി-ലക്ഷ്മീ......ഈ രാമന്‍, എന്‍റെ സഹപാഠി മാത്രമായിരുന്നില്ല.ക്ലാസ്സിലെ ഏറ്റവും മിടുക്കനായി വിദ്യാര്‍ത്ഥിയായിരുന്നു.ലൂസായ കാക്കി നിക്കറും,ഇറക്കം കുറഞ്ഞ ഷര്‍ട്ടും.വൃത്തിയായി ചീകിയ തലമുടിയുമുള്ള രാമന്‍.

(ഹരിയുടെ ഓര്‍മ്മ വര്‍ഷങ്ങള്‍,പുറകോട്ട്)
രാഗം 2
ക്ലാസ്സ് റൂം.രാമന്‍റെ കീശയിലെ നെല്ലിക്ക എല്ലാവര്‍ക്കും കൊടുക്കുന്നു.കുട്ടികളുടെ വായില്‍ നെല്ലിക്കയാണ്.പരസ്പരം സംസാരിക്കുകയും കലപില കൂട്ടുകയും ചെയ്യുന്നു.അദ്ധ്യാപകന്‍ കടന്നു വരുന്നു.)

ഗു...ഡ്മോ...ണിംഗ്... സാ.......ര്‍....

അദ്ധ്യാപകന്‍-എന്താടോ ഒരുഷാറില്ലാത്തത്.നല്ല ഉഷാറായിട്ട് ഒരു ഗുഡ്മോണിംഗ് പറഞ്ഞേ.
ഗുഡ്മോണിംഗ് സാര്‍

അദ്ധ്യാപകന്‍-പോരാ....

ഗുഡ്മോണിംഗ് സാര്‍...

അദ്ധ്യാപകന്‍-
അബ്ദുള്ള,ബാലകൃഷ്ണന്‍,ഗംഗാധരന്‍,ഹരികൃഷ്ണന്‍,കുഞ്ഞിരാമന്‍,ജാനകി,രുക്മിണി,രജനി...

ഇന്നെല്ലാരുമുണ്ടല്ലോ.ആ ഇന്നലെ നമ്മളെവിടെയാ നിര്‍ത്തിയത്.

കുട്ടികള്‍-ശുചിത്വം

അദ്ധ്യാപകന്‍-ഏതൊക്കെ തരത്തിലുള്ള ശുചിത്വമുണ്ട്

കുട്ടികള്‍ ഓരോരുത്തരായി-വ്യക്തി ശുചിത്വം പരിസര ശുചിത്വം....സമൂഹ ശുചിത്വം

അദ്ധ്യാപകന്‍-ആ അത് പോട്ടെ ഇന്ന് കുളിക്കാതെ ക്ലാസ്സില്‍ വന്നവരാരെങ്കിലുമുണ്ടോ.

കുട്ടികള്‍ ആരും മിണ്ടുന്നില്ല

അദ്ധ്യാപകന്‍-എല്ലാവരും രാവിലെ കുളിച്ചതല്ലെ ..

കുട്ടികള്‍ -അതെ സാര്‍

അദ്ധ്യാപകന്‍-നിങ്ങളെത്ര തവണ പല്ല് തേക്കും

കുട്ടകള്‍-രാവിലെ

അദ്ധ്യാപകന്‍-പോരാ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ല് തേക്കണം മനസ്സിലായോ.ഇല്ലെങ്കില്‍

കുട്ടികള്‍--പല്ല് നൊമ്പലണ്ടാവും

അദ്ധ്യാപകന്‍-അതെ ..പല്ല് കേട് വരും ...വേദനിയ്ക്കും...പല്ല് പറിക്കേണ്ടിവരും ...വയസ്സാകുന്നതിനുമുമ്പ് അപ്പൂപ്പനാകും ....അപ്പൂപ്പനാരാ

കുട്ടികള്‍-തൊണ്ടന്‍....കൂട്ടച്ചിരി

അദ്ധ്യാപകന്‍-അതേ വേഗം തൊണ്ടനാകും..ആട്ടെ നിങ്ങളെന്തു കൊണ്ടാ പല്ല് തേക്കുക

കുട്ടികള്‍ ഓരോരുത്തരായി-കോള്‍ഗേറ്റ്,ബിനാക്ക,മിസ്വാക്ക്,ഡാബര്‍

രാമന്‍- ഉമിക്കരി (കൂട്ടച്ചിരി)

അദ്ധ്യാപകന്‍-ചിരിക്കണ്ട.

അദ്ധ്യാപകന്‍-ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ ടൂത്ത് പേസ്റ്റുകളൊന്നും ഇല്ല.ഞങ്ങളൊക്കെ ഉമിക്കരിയും മാവിലയും ഒക്കെ ഉപയോഗിച്ചാണ് പല്ല് തേച്ചുകൊണ്ടിരുന്നത്.ഇതാ എന്‍റെ പല്ല് കണ്ടില്ലേ.(ചിരിച്ച് കാണിക്കുന്നു.)

അദ്ധ്യാപകന്‍-നിങ്ങളുടെ പല്ല് കാണട്ടെ

എല്ലവരും പല്ല് കാണിക്കുന്നു.ചിലര്‍ പല്ല് കൈകൊണ്ട് മറച്ച് പിടിച്ചിരിക്കുന്നു.

അദ്ധ്യാപകന്‍-ഫസ്റ്റ് ആരാണെന്ന് പറയട്ടെ...ഉമിക്കരികൊണ്ട് പല്ല് തേക്കുന്ന നമ്മുടെ രാമന്‍....

എല്ലവരും കൈയ്യടിക്കുന്നു.
അദ്ധ്യാപകന്‍-നമ്മുടെ രാമന്‍ പഠനത്തില്‍,മാത്രമല്ല ശുചിത്വത്തിന്‍റെ കാര്യത്തിലായും മിടുക്കനാണ്.

ബെല്‍ ടിം ടിം ടിം....

ബെല്‍ കേട്ട രാമന്‍ വാണം വിട്ടതുപോലെ ഒരുമൂലയില്‍,ചെന്നിരിക്കുന്നു.ഉച്ചയ്ക്ക് ഉപ്പുമാവിന്‍റെ നാലാം ബെല്ലാണെന്ന് തെറ്റിദ്ധരിച്ചാണ്.കുഞ്ഞിരാമന്‍ ഓടിച്ചെന്നിരുന്നത്.

അദ്ധ്യാപകന്‍-എന്താ രാമാ ഇത്.മൂന്നാം പിരീഡല്ലേ കഴിഞ്ഞിട്ടുള്ളൂ.(ചിരിച്ചുകൊണ്ട്)നാലാം പിരീഡ് കഴിഞ്ഞാലല്ലെ ഉപ്പുമാവ് വിളമ്പൂ).

രാമന്‍ ഇളിഭ്യനായി തിരികെ സീറ്റിലേയ്ക്ക്.

അദ്ധ്യപകന്‍ പോകുന്നു.കുട്ടികള്‍ രാമന്‍റെ ചുറ്റും കൂടി കളിയാക്കുന്നു.ചെറേലെ 
കുഞ്ഞിരാമാ...ചെറേലെ കുഞ്ഞിരാമാ....ഉപ്പുമാ കൊതിയന്‍,ചെറേലെ രാമ..കുഞ്ഞിരാമാ കുഞ്ഞിരാമാ...ആടിക്കളിക്കെടാ കുഞ്ഞിരാമാ....മല്‍കുത്തം മറിയെടാ കുഞ്ഞിരാമാ....കമണകുത്തം മറിയെടാ കുഞ്ഞിരാമാ...ഉപ്പുമാ തിന്നെടാ നല്ല രാമാ...ഉപ്പുമാ തിന്നെടാ ചെറേലെ രാമാ.(രാമന്‍ താളത്തില്‍,കളിക്കുന്നു.ബഹളം കേട്ട് അദ്ധ്യപകന്‍റെ ശബ്ദം)

യാര്‍ദദ് സ്വറ.....(കന്നട അദ്ധ്യാപകാനാണ്.)

കുട്ടികള്‍ ഓടിപ്പോകുന്നു.രംഗത്ത് രാമനും ഹരിയും മാത്രം

രാവിലെ കുള്ത്തത് കുഡ്ചീന്‍റെ അയിനോണ്ട് പൈച്ചിറ്റ് ചാവ്ന്ന്.ബെല്ല്  കേട്ടപ്പ ഞാന്‍ ബിജാരിച്ച് ഉച്ചേത്ത ബെല്ല്ന്ന്.അയിനോണ്ട് പാഞ്ഞ് പോയിറ്റ് ഇരിന്നെ.

ഹരി-(ഹരിയ്ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല)- എന്നാലും ആയില്ലെ എനി അരമണിക്കൂറല്ലെ അതിപ്പ ആവും.

രാമന്‍ ബാഗില്‍,നിന്ന് നെല്ലിക്കയുടെ ഒരു കൂടെടുത്ത് ഹരിയ്ക്ക് കൊടുക്കുന്നു.

രാമന്‍-ഇത് ബീട്ലേക്കെട്ത്തോ...അച്ചാറിഡാ....

രാമന്‍-ഇക്കുറി എല്ലാറ്റിലും നീയല്ലെ ഫസ്റ്റ്.ഇന്ന് കണക്കിന്‍റെ പരീക്ഷ പേപ്പറ് കിട്ടും അയില് 
ഞാന്‍,നിന്നെ തോപ്പിക്കും തീര്‍ച്ച.

ഹരി- സാമൂഹ്യത്തിനും മലയാളത്തിനും,സയന്‍സിനും ഞാനല്ലെ പസ്റ്റ്

രാമന്‍-നോക്കാ കണക്കിനെന്തായാലും ഞാ നിന്ന തോപ്പിക്കും.

കണക്ക് പരീക്ഷ പേപ്പറുമായി കണക്ക് മാസ്റ്റര്‍ വരുന്നു.പേപ്പര്‍ കൊടുക്കുന്നു.

അദ്ധ്യാപകന്‍ മാര്‍ക്ക് വായിക്കുന്നു. ഹരി 45,രാമന്‍ 49...

അദ്ധ്യാപകന്‍-വെരിഗുഡ്...നിങ്ങള് ഇവരെ കണ്ട് പഠിക്ക് ഹരിയും രാമനും നിങ്ങള്‍ക്കൊക്കെ 

ഏതുസമയത്തും കളിക്കാനുള്ള ചിന്തയേ ഉള്ളൂ.

ബെല്‍ ടിം,ടിം,ടിം,ടിം...എല്ലാവരും ഉപ്പുമാവിനിരിക്കുന്നു.കഴിച്ച് പോകുന്നു.

(രാമന്‍റെ വീട്ടിലേയ്ക്കുള്ള യാത്ര.വളപ്പില്‍ പുല്ലരിയുന്ന അമ്മ. രാമന്‍ മാങ്ങയ്ക്ക് കല്ലെറിയുന്നു.അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് പുല്ലരിയുന്നു.പുല്ല് കെട്ടി തലയില്‍ വച്ച് യാത്രയാകുന്നു.വീട്ടിലെത്തി കഞ്ഞികുടിയ്ക്കുന്നു.വിളക്ക് കത്തിച്ച് വച്ച് പഠിക്കുന്നു.അമ്മ പാത്രം കഴുകുന്നു.പായ വിരിച്ച് കിടക്കുന്നു.രാമന്‍ പഠനം തുടരുന്നു.വിളക്കണച്ച് കിടക്കുന്നു.എല്ലാം സംഗീതത്തിന്‍റെ അകമ്പടിയോടെ).

രംഗം-3

ഹരിയുടെ വീട് ഹരിയുടെ ജന്മദിനമാണ്.ക്ലാസ്സിലെ സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്.അമ്മ വിളക്ക് വയ്ക്കുന്നു.ഇലയില്‍ സദ്യ വിളമ്പുന്നു.എല്ലാവരും നോക്കി നില്‍ക്കുന്നു.

ഹരിയുടെ അമ്മ- എല്ലാവരുമുണ്ടല്ലോ.എല്ലാവര്‍ക്കും ഇപ്പൊ വിളമ്പിത്തരാ ട്ടോ.
ഹരീ നീ ഇവരെയൊക്കെ പരിചയപ്പെടുത്തിയില്ലല്ലോ

(ഹരി ഓരോരുത്രെയും പരിചയപ്പെടുത്തുന്നു.)

അമ്മ-ങാ ഇതാണല്ലെ രാമന്‍.ഹരിയ്ക്ക് വീട്ടില്‍ വന്നാല്‍, രാമനെ കുറിച്ചേ പറയാനുള്ളൂ.ഇങ്ങടുത്തുവാ ഞാനൊന്നു കാണട്ടെ മിടുമിടുക്കനെ.

രാമന്‍ മടിച്ച് മടിച്ച് പോകുന്നു.

കുട്ടികള്‍-രാമന്‍ കണക്കില് ഫസ്റ്റ്.

അമ്മ-രാമന്‍റെ വീട്ടില്‍,ആരൊക്കെയുണ്ട്

രാമന്‍-ഞാനും അമ്മയും മാത്രം

കുട്ടികള്‍-പിന്നെല്ലേ രാമന്‍ കഴിഞ്ഞ ദിവസം ഉപ്പുമാ തിന്നാന് മൂന്നാം പിരീഡെന്നെ പാഞ്ഞ് പോയി.

അമ്മ അതത്ര കാര്യമാക്കുന്നില്ല.

അമ്മ-രാമന്‍ രാത്രി കുറേ നേരമിരുന്ന് പഠിക്കുമോ

രാമന്‍-ഇല്ല ചിമ്മിണി കൊറേ നേരം കത്തിക്കാന്‍ അമ്മ ബിഡൂല്ല.ചിമ്മിണി മറിഞ്ഞാല് പൊര കത്തിപ്പോവൂന്ന് അമ്മ പറേന്നെ.

അമ്മ-അത് വെറുതെ...പിന്നെങ്ങനാ രാമന് പരീക്ഷേല് നല്ല മാര്‍ക്ക് കിട്ടുന്നേ....

രാമന്‍-അത്..ഞാന്‍ ബീട്ട്ന്ന് പടിക്കലില്ല.എയ്താനില്ലത് മാത്രേ എയ്തൂ.ബാക്കി ക്ലാസ്സില് കേക്ക്ന്ന മാത്രം

അമ്മ-വരൂ നമുക്ക് ഭക്ഷണം കഴിക്കും എല്ലാരും വരൂ.

(എല്ലാവരും പിറന്നാള്‍ സദ്യ കഴിക്കാന്‍, പോകുന്നു.സംഗീതം)

(സദ്യകഴിഞ്ഞ് കുട്ടികള്‍ കളികളിലേര്‍പ്പെടുന്നു.)

അമ്മ- (രാമന് ഒരു പൊതി കൊടുക്കുന്നു.)ഇത് അമ്മയ്ക്ക് കൊടുക്കണം കേട്ടോ.
രാമന്‍-(മടിച്ച് മടിച്ച്) അമ്മ പറഞ്ഞു ഹരീരെ പയേ കുപ്പായ ഇണ്ടെങ്കി വാങ്ങണംന്ന്.എന്‍ക്ക് 
ഹരീരെ പയേ രണ്ട് കുപ്പായം തര്യോ.

(വിഷാദം)

അമ്മ-നീ പഴയ കുപ്പായ മിടേണ്ടവനല്ല.(അമ്മ ഒരുപ പുതിയ ഷര്‍ട്ടെടുത്ത് രാമന് കൊടുക്കുന്നു.)

അമ്മ-ഹരിയ്ക്ക് പിറന്നാളിന് അവന്‍റെയച്ഛന്‍, രണ്ട് ഷര്‍ട്ട് വാങ്ങിയിരുന്നു.ഇതൊന്നിട്ട് നോക്ക്.

(രാമന്‍ ഷര്‍ട്ട് ഇടുന്നു.വളരെയധികം സന്തോഷിക്കുന്നു.ഷര്‍ട്ട് ഇട്ട് തുള്ളി കളിക്കുന്നു.മറ്റു കുട്ടികളെ കാണിക്കാന്‍ പുറത്തേയ്ക്ക് ഓടുന്നു. (അമ്മ വിഷമത്തോടെ നോക്കുന്നു.അറിയാതെ കണ്ണ് നിറയുന്നു.)

(അമ്മ വിളക്ക് എടുത്ത് മൈക്ക് പോയിന്‍റില്‍, എത്തുന്നു.)

അമ്മ-ഈശ്വരാ  ഈ കുട്ടികള്‍ക്ക് നല്ലതുവരുത്തണേ ഭഗവാനേ....(കവിത)

രംഗം 4

ക്ലാസ്സിലിരുന്ന് വ്യാകരണം ഹൃദിസ്ഥമാക്കുന്ന രാമന്‍

തന്മ നിര്‍ദ്ദേശികാ കര്‍ത്താ ,പ്രതിഗ്രാഹികാ കര്‍മ്മമെ
ആല്‍ പ്രയോജികയാം ഹേതു ഉടെ സംബന്ധികാസ്വദാ
ആധാരികാധികരണം ഇല്‍ കല്‍, പ്രത്യേയമായവ

രാമന്‍ രാവിലെ കൊടുത്ത മേല്‍, വ്യാകരണ സംബന്ധമായ വിഷയം ഹൃദിസ്ഥമാക്കുകയാണ്.

ഹരിയും കൂട്ടരും ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസ്സില്‍ വരുന്നു.രാമന്‍ ഓടിച്ചെന്ന് എല്ലാം ഒറ്റ 
ശ്വാസത്തിന് പാടികേള്‍പിക്കുന്നു.

(ഹരിയും കൂട്ടരും അദ്ഭുതത്തോടെ കേട്ടു നില്‍ക്കുന്നു.അദ്ധ്യാപകന്‍ വന്ന് ചൊല്ലാന്‍, 
ആവശ്യപ്പെടുന്നു.)

രാമന്‍ ചൊല്ലുന്നു.

ഹരി വിക്കി വിക്കി ചൊല്ലുന്നത് കേട്ട് രാമന്‍ പൊട്ടിച്ചിരിക്കുന്നു.

അടുത്ത പരീഡ് സ്റ്റാഫ് മീറ്റിംഗാണ്.നിങ്ങളൊക്കെ പുറത്ത് പോയി കളിച്ചുകൊള്ളുക കേട്ടോ....ങാ 
അക്ഷര ശ്ലോക മത്സരത്തിനുള്ലവര്‍ അത് പരിശീലിക്കുക കേട്ടോ...

കുട്ടികള്‍ കളിക്കാന്‍,പോകുന്നു.മൂന്ന് കുട്ടികള്‍ അക്ഷര ശ്ലോക മത്സരത്തിലേര്‍പ്പെടുന്നു.രാമനെ ആര്‍ക്കും മുട്ടുകുട്ടിക്കാന്‍, കഴിയുന്നില്ല.കുട്ടികള്‍ കളി നിര്‍ത്തി പോകുന്നു.

രംഗം 5

ക്ലാസ്സില്‍ ഹാജര്‍, വിളിക്കുന്നു.രാമന്‍ എത്തിയിട്ടില്ല.ക്ലാസ്സ് ആരംഭിക്കുന്നു.കൃഷ്ണഗാഥയിലെ പാഠ ഭാഗം പഠിപ്പിക്കുന്നു.രാമന്‍ ഓടികിതച്ച് ക്ലാസ്സില്‍, വരുന്നു.കൈയ്യില്‍ ബാഗില്ല.

അദ്ധ്യാപകന്‍-എന്താ രാമാ ഇത് എന്താ വൈകിയത് ബാഗൊന്നുമെടുക്കാതെയാ വന്നത്.
രാമന്‍-(കരയുന്നു) സാര്‍, ഞാനെന്ന് ഉസ്കൂള്‍ല് ബര്‍ന്നില്ല

അദ്ധ്യാപകന്‍-എന്താ രാമാ എന്തു പറ്റി

രാമന്‍-ഇന്നല ചിമ്മിണി മറിഞ്ഞിറ്റ് ഞങ്ങള പൊര കത്തിപ്പോയി.

അദ്ധ്യാപകന്‍-എങ്ങനെ

രാമന്‍-ഞാന്‍ രാത്രി എയ്തിക്കോണ്ടിണ്ടായിനി.അയിന്‍റെഡ്ക്ക് എന്‍റെ കൈ തട്ടീറ്റ് ചിമ്മിണി കൂട് മറിഞ്ഞി.ഓലക്കും മുളിക്കും തീ പിഡിച്ച് ഞാനു അമ്മേ പൊറത്തേക്ക് പഞ്ഞു.എല്ലാം കത്തി

(ശോക മൂകമായ സംഗീതം)

രാമന്‍-നാട്ടാറ് പുതിയ പൊര കെട്ട്ന്നിണ്ട്.ഓറ സഗായിക്കണം.അമ്മ ഒറ്റക്കിള്ളത് എന്‍ക് പോണം സാര്‍....അല്‍പദൂരം നടന്ന് തിരികെ വന്ന് പോക്കറ്റില്‍,നിന്ന് കോപ്പി പുസ്തകം പുറത്തെടുക്കുന്നു.)

രാമന്‍-സാര്‍ പൊര കത്തുമ്പോ ഞാന് കോപ്പി എയ്ദിക്കോണ്ടിണ്ടായിന്.ഇന്നത്തേക്കിള്ല കോപ്പി എയ്ദീന്.(പുസ്തകം സാറിനെ ഏല്‍പിക്കുന്നു)

(എല്ലാവരെയും നോക്കിക്കൊണ്ട് രാമന്‍ പോകുന്നു.)

രംഗം 6

ഹരിയുടെ വീട്

ഹരി-പിന്നീട് രാമന്‍ സ്കൂളില്‍, വന്നിട്ടില്ല.പിന്നീട് ഞാന്‍ രാമനെ കണ്ടിട്ടില്ല.

ലക്ഷ്മി-അദ്ധ്യാപകരാരും രാമനെ ക്ലാസ്സില്‍ വരാന്‍, നിര്‍ബന്ധിച്ചില്ലേ.

ഹരി-അറിയില്ല.എന്തു തന്നെയായാലും രാമന്‍ ഞങ്ങളേക്കാളൊക്കെ കേമനായിരുന്നു.അവന്‍ 
സമൂഹത്തിന്‍റെ ഉന്നതങ്ങളില്‍,എത്തേണ്ടവനായിരുന്നു.വിദ്യാഭ്യാസം ഒരവകാശമാണെന്ന് ഏത് കാലം മുതല്‍ നാം പറയുന്നു.രാമനെ പോലെ എത്രയെത്ര കുഞ്ഞുങ്ങള്‍ അടിസ്ഥാന പരമായ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഉണ്ട്.

ലക്ഷ്മി-അതെ ഒരു കുട്ടിയ്ക്കും അവന്‍റെ മോശം സാഹചര്യം കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്.

ഹരി-വിദ്യാഭ്യാസം നേടിയുകൊണ്ട് മാത്രം ഒരാള്‍ നല്ല പൌരനാകണമെന്നില്ല.എന്നിരിക്കിലും അടിസ്ഥാനപരമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യാമാക്കുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രമായ ഭാരതത്തില്‍ നടപ്പിലാകേണ്ടതുണ്ട്.

ലക്ഷ്മി-ഹരിയേട്ടാ ഓഫീസിലേയ്ക്ക് വേഗം പൊയ്ക്കൊള്ളൂ.പറ്റുമെങ്കില്‍ വൈകുന്നേരം നേരത്തെ വന്നോളൂ.നമുക്ക് കുട്ടികളെയും കൂട്ടി രാമന്‍റെ വീടുവരെയൊന്നു പോകാം

ഹരി-ശരി ഞാന്‍ നേരത്തെ വരാം (ലക്ഷ്മിയുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി ഹരി ഓഫീസിലേയ്ക്ക് പോകുന്നു.)സംഗീതത്തിന്‍റെ (ഗാനത്തിന്‍റെ) അകന്പടിയോടെ മുഴുവന്‍ കുട്ടികളും രംഗത്ത്.)


യവനിക