Saturday, April 18, 2015

എങ്കിലും എന്‍റെ കള്ളാ....

മുന്‍വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍,അകത്തെ വാതിലുകള്‍ തുറന്ന് കണ്ടപ്പോഴെ ഞാന്‍ മനസ്സിലാക്കി നീ വന്നിരുന്നു എന്ന്.ഇരുപത് വര്‍ഷം മുമ്പ് നീ വന്ന് പോയതല്ലെ... ആ അനുഭവം വച്ച് ഞാന്‍ ഊഹിച്ചെടുത്തതാണ്.പിന്നെ ആകെ ആശ്വാസം നിനക്ക് കൊണ്ടുപോകാന്‍ വീട്ടിലൊന്നും കാര്യമായി ഇല്ലായിരുന്നു എന്നതാണ്.എന്നാലും ഓരോ വാതിലും തുറക്കുമ്പോഴും നീ നടത്തിയ അന്വേഷണവും അതിന്‍റെ. നിരാശയും പ്രകടമായിരുന്നു.നോക്കിയപ്പോള്‍ നീ ഒന്നും കൊണ്ടുപോയതായി തോന്നിയില്ല.ലക്ഷ്മീ ദേവിയുടെ ഫോട്ടോയിലിട്ടിരുന്ന നേര്‍ത്ത സ്വര്‍ണ്ണമാല നീ കണ്ടില്ല.പിന്നിലെ ജനാല വളച്ച് അകത്ത് കയറി മച്ചിലെ പലക പിക്കാസുകൊണ്ട് പൊട്ടിച്ചാണ് നീ അകത്ത് കടന്നത്.നിന്നെ എനിയ്ക്ക് കുറ്റം പറയാന്‍ കഴിയില്ല.താമസമില്ലാത്ത അടച്ചിട്ട വീടുകള്‍ നിന്‍റെ ദൌര്‍ബല്യമാണല്ലോ.പച്ചക്കറിയില്‍ മാരക വിഷം തളിക്കുന്നതും,ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലില്‍, വെള്ലം ചേര്‍ക്കുന്നതും കുറ്റമകരമല്ലെന്ന് വിധിയെഴിതിയ സ്ഥിതിയ്ക്ക് പാവം നിന്നെ മാത്രം എന്തിന് കുറ്റം പറയണം.എങ്കിലും നിനക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിയല്‍, എനിക്ക് പരിഹാസം തോന്നിയെങ്കിലും പിന്നീടത് സഹാനുഭൂതിയായി മാറി.തുണികള്‍ അലമാരയിലും മേശയില്‍ നിന്ന് വലിച്ചിട്ട സാധനങ്ങള്‍,തിരികെമേശയിലും വയ്ക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്.താമസം മാറിയെങ്കിലും ഞാനും എന്‍റെ സഹോദരങ്ങളും പാടിയും കളിച്ചും നേടിയ ഇരുപത്തിയഞ്ചോളം ട്രോഫികള്‍,ഒന്നും തന്നെ കാണാനില്ല.കൊണ്ടുപോകാമായിരുന്ന മറ്റു പലതും കൊണ്ടുപോകാത്ത നീ ട്രോഫികള്‍,കൊണ്ടുപോകാന്‍ സാദ്ധ്യതയില്ലെന്നു വിചാരിച്ച് ഞാന്‍ മൊത്തം മുറി അരിച്ചു പെറുക്കി.ചെറിയ ഒരു ട്രോഫി മാത്രം നീ എനിയ്ക്കായി വച്ചിരുന്നു.വിലപിടിപ്പുള്ള മറ്റ് സാധനങ്ങളൊന്നും നിനക്ക് കിട്ടാത്തതിന് നീ ശരിക്കും പകരം വീട്ടി.ഞങ്ങള്ക്ക് വിലമതിക്കാനാകാത്ത ട്രോഫികള്‍ നീ കൈക്കലാക്കി.അവ കൈക്കലാക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം നിനക്ക് കട്ടെടുക്കുമ്പോള്‍ കിട്ടിയിരിക്കില്ലെന്ന് ഞങ്ങളാശ്വസിക്കുന്നു.അത് നിന്‍റെ ഷോ കേസില്‍ അലങ്കരിച്ചോ ,കുട്ടികള്‍ക്ക് കളിപ്പാട്ടമായി നല്‍കിയോ.ചളുക്കി ആക്രിക്കടയില്‍ വിറ്റ് പണമാക്കിയോ....എല്ലാ പ്രിയപ്പെട്ടവയില്‍ നിന്നും ഒരു ദിവസം അകന്ന് പോകണമെന്ന പ്രാപഞ്ചിക സത്യം മനസ്സില്‍, വച്ച് കൊണ്ട് സ്വയം ആശ്വാസിച്ചു.എന്നാലും എന്‍റെ കള്ളാ എന്നോടിതു വേണ്ടായിരുന്നു.