Saturday, May 2, 2020

ചിത്രഹാർ

ചിത്രഹാറിനു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം. ശ്വാസം പിടിച്ചാണ് ആ അരമണിക്കൂർ ടെലിവിഷൻ കാണുന്നത്. മനോഹരമായ ഹിന്ദി ഗാനങ്ങൾ.കിഷോർ കുമാറും മുഹമ്മദ് റഫിയും ഷമ്മി ,രാജ് കപൂർമാർ ഇടയ്ക്ക് ബച്ചനും, ജിതേന്ദ്രയും, രാജേഷ് ഖന്നയും മിഥുൻ ചക്രവർത്തിയും,കമഹാസനും.

കറന്റ് പോകരുതേ എന്നായിരുന്നു പ്രാർത്ഥന. വീട്ടിൽ ഞാൻ ഒരു അമാനുഷിക കഴിവുള്ള ഒരാളായിരുന്നു. കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കറൻറ് വരാൻ കാത്തിരിക്കുമ്പോൾ ഞാൻ ഒരു പ്രഖ്യാപനം നടത്തും ഞാൻ പത്ത് എണ്ണുമ്പോഴേക്കും കറന്റ് വരും.

എന്റെ ഭാഗ്യത്തിന് ആദ്യത്തെ തവണ തന്നെ ഞാൻ ജയിച്ചു. ഒമ്പത് ആകുമ്പോഴേക്കും കറന്റ് വന്നു. ഞങ്ങൾ സന്തോഷത്തോടെ ചിത്രഹാർ കണ്ടു.

പറഞ്ഞാൽ വിശ്വസിക്കില്ല മറ്റൊരു തവണ കൂടി എന്റെ നമ്പർ വിജയിച്ചു. ഇത്തവണ അഞ്ച് ആയപ്പോഴേക്കും ബൾബുകൾ പ്രകാശിച്ചു.

 എന്റെ ഇളയവർ ഇതൊരു കഴിവായി അംഗീകരിച്ചു.എന്തിനേറെ അമ്മ പോലും എന്റെ നമ്പരിൽ പ്രതീക്ഷ അർപ്പിച്ചു.കാരണം ചിത്രഹാർ എന്തു വില കൊടുത്തും കാണണം.

 ഇത്രയുമായപ്പോൾ എനിക്ക് ചെറിയൊരു ഉൾഭയമുണ്ടായിത്തുടങ്ങി. ഇതെങ്ങാനും പരാജയപെട്ടാൽ ?

അതു തന്നെ സംഭവിച്ചു. അടുത്ത പ്രാവശ്യം എണ്ണം പത്തു കടന്ന് പതിനഞ്ചായിട്ടും കറന്റ വന്നില്ല. സർവ്വ ദൈവങ്ങളെയും വിളിച്ച് കൂടുതൽ ഏകാഗ്രതയോടെ വീണ്ടും എണ്ണി. രക്ഷയില്ല. കാറന്റ് വരുന്നില്ല. സമയം 8.10 ആയി ചിത്രഹാറിലെ രണ്ട് പാട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും.

പെങ്ങൾ മാരുടെ ഇടയിൽ കടുത്ത നിരാശ.എങ്കിലും ചിത്രഹാർ നഷ്ടപെടുന്ന വ്യസനത്തിൽ അവർ എന്നെ കളിയാക്കിയില്ല. അപമാനിതനായ ഞാൻ അറ്റകൈക്ക് ഒരു നമ്പർ' കൂടി ഇട്ടു.

ഞാനെണ്ണുമ്പോൾ ചേട്ടൻ നല്ലവനാണെന്ന് മനസ്സിൽ വിചാരിക്കണം. എന്നാലേ ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടാകൂ.

എന്റെ എല്ലാ വികൃതികൾക്കും ഇരയായി കൊണ്ടിരിക്കുന്ന അവർ മനസ്സില്ലാമനസ്സോടെ അതിനും തയ്യാറായി.

ഞാൻ എണ്ണാൻ തുടങ്ങി. ഇരുപതു വരെ നീട്ടിയെങ്കിലും കറന്റ് വന്നില്ല.

ഒടുവിൽ നിങ്ങൾ മനസ്സിൽ എന്നെ പറ്റി മോശം വിചാരിച്ചതാണ് കാരണമെന്ന് അവരെ കുറ്റപ്പെടുത്തി ഞാൻ മുറി വിട്ടിറങ്ങിയപ്പോൾ അതാ കറന്റ് വന്നു.

കറന്റു വന്നതും ഞങ്ങൾ മൂന്നു ചേരും സ്വിച്ചിനടുത്തെത്തിയതും ഒന്നിച്ചായിരുന്നു.

 സ്ക്രീനിൽ ചിത്രം തെളിയുന്ന ഇടവേളയിൽ ഞാൻ ഒന്നൂടെ തട്ടി വിട്ടു. അപ്പോൾ ചേട്ടൻ നല്ലവനാണെന്ന് നിങ്ങൾ സമ്മതിച്ചു അല്ലേ.

അപ്പോഴേക്കും ചിത്രഹാർ കഴിഞ്ഞിരുന്നു. അവസാനം വാഷിംഗ് പൗഡർ നിർമ്മ, ദൂധ് കീ സഫേദീ ....... എന്ന പരസ്യം കണ്ട് ഞങ്ങൾ നിർവൃതി അടഞ്ഞു.

പിന്നീടൊരിക്കലും എത്ര നിർബന്ധിച്ചിട്ടും ഞാൻ കറൻറ് വരുത്തുന്ന വിദ്യ പരീക്ഷിച്ചിട്ടില്ല.

No comments:

Post a Comment