Saturday, April 18, 2015


ലോകാ സമസ്താ സുഖിനോ ഭവന്തു....


എങ്കിലും എന്‍റെ കള്ളാ....

മുന്‍വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍,അകത്തെ വാതിലുകള്‍ തുറന്ന് കണ്ടപ്പോഴെ ഞാന്‍ മനസ്സിലാക്കി നീ വന്നിരുന്നു എന്ന്.ഇരുപത് വര്‍ഷം മുമ്പ് നീ വന്ന് പോയതല്ലെ... ആ അനുഭവം വച്ച് ഞാന്‍ ഊഹിച്ചെടുത്തതാണ്.പിന്നെ ആകെ ആശ്വാസം നിനക്ക് കൊണ്ടുപോകാന്‍ വീട്ടിലൊന്നും കാര്യമായി ഇല്ലായിരുന്നു എന്നതാണ്.എന്നാലും ഓരോ വാതിലും തുറക്കുമ്പോഴും നീ നടത്തിയ അന്വേഷണവും അതിന്‍റെ. നിരാശയും പ്രകടമായിരുന്നു.നോക്കിയപ്പോള്‍ നീ ഒന്നും കൊണ്ടുപോയതായി തോന്നിയില്ല.ലക്ഷ്മീ ദേവിയുടെ ഫോട്ടോയിലിട്ടിരുന്ന നേര്‍ത്ത സ്വര്‍ണ്ണമാല നീ കണ്ടില്ല.പിന്നിലെ ജനാല വളച്ച് അകത്ത് കയറി മച്ചിലെ പലക പിക്കാസുകൊണ്ട് പൊട്ടിച്ചാണ് നീ അകത്ത് കടന്നത്.നിന്നെ എനിയ്ക്ക് കുറ്റം പറയാന്‍ കഴിയില്ല.താമസമില്ലാത്ത അടച്ചിട്ട വീടുകള്‍ നിന്‍റെ ദൌര്‍ബല്യമാണല്ലോ.പച്ചക്കറിയില്‍ മാരക വിഷം തളിക്കുന്നതും,ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലില്‍, വെള്ലം ചേര്‍ക്കുന്നതും കുറ്റമകരമല്ലെന്ന് വിധിയെഴിതിയ സ്ഥിതിയ്ക്ക് പാവം നിന്നെ മാത്രം എന്തിന് കുറ്റം പറയണം.എങ്കിലും നിനക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിയല്‍, എനിക്ക് പരിഹാസം തോന്നിയെങ്കിലും പിന്നീടത് സഹാനുഭൂതിയായി മാറി.തുണികള്‍ അലമാരയിലും മേശയില്‍ നിന്ന് വലിച്ചിട്ട സാധനങ്ങള്‍,തിരികെമേശയിലും വയ്ക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്.താമസം മാറിയെങ്കിലും ഞാനും എന്‍റെ സഹോദരങ്ങളും പാടിയും കളിച്ചും നേടിയ ഇരുപത്തിയഞ്ചോളം ട്രോഫികള്‍,ഒന്നും തന്നെ കാണാനില്ല.കൊണ്ടുപോകാമായിരുന്ന മറ്റു പലതും കൊണ്ടുപോകാത്ത നീ ട്രോഫികള്‍,കൊണ്ടുപോകാന്‍ സാദ്ധ്യതയില്ലെന്നു വിചാരിച്ച് ഞാന്‍ മൊത്തം മുറി അരിച്ചു പെറുക്കി.ചെറിയ ഒരു ട്രോഫി മാത്രം നീ എനിയ്ക്കായി വച്ചിരുന്നു.വിലപിടിപ്പുള്ള മറ്റ് സാധനങ്ങളൊന്നും നിനക്ക് കിട്ടാത്തതിന് നീ ശരിക്കും പകരം വീട്ടി.ഞങ്ങള്ക്ക് വിലമതിക്കാനാകാത്ത ട്രോഫികള്‍ നീ കൈക്കലാക്കി.അവ കൈക്കലാക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം നിനക്ക് കട്ടെടുക്കുമ്പോള്‍ കിട്ടിയിരിക്കില്ലെന്ന് ഞങ്ങളാശ്വസിക്കുന്നു.അത് നിന്‍റെ ഷോ കേസില്‍ അലങ്കരിച്ചോ ,കുട്ടികള്‍ക്ക് കളിപ്പാട്ടമായി നല്‍കിയോ.ചളുക്കി ആക്രിക്കടയില്‍ വിറ്റ് പണമാക്കിയോ....എല്ലാ പ്രിയപ്പെട്ടവയില്‍ നിന്നും ഒരു ദിവസം അകന്ന് പോകണമെന്ന പ്രാപഞ്ചിക സത്യം മനസ്സില്‍, വച്ച് കൊണ്ട് സ്വയം ആശ്വാസിച്ചു.എന്നാലും എന്‍റെ കള്ളാ എന്നോടിതു വേണ്ടായിരുന്നു.

Friday, October 3, 2014

രണ്ടുണ്ട് കാര്യം.


കറണ്ട് പോയി....സമാധാനം രമേശേന്‍, ആശ്വസിച്ചു.എന്തൊരു ശാന്തത.സന്ധ്യാദീപം തെളിക്കാനെത്തിയതാണ്.രമേശന്‍ ഏഴുമണിയോടടുത്തു.പാര്‍വ്വതിയമ്മ കെ എസ് ഇ ബിയെ പ്രാകുകയാണ്.എതെന്താപ്പൊ ഈ (അ)സമയത്ത്.
''സമയാസമയമുണ്ടോ ഭക്തവത്സലാ നിനക്ക്.......''രമേശേട്ടന്‍ കീര്‍ത്തനം മനസ്സില്‍, ഉരിയാടി.വാതിലിന്‍റെ വിടവിലൂടെ സംഘര്‍ഷഭരിതമായ രംഗം അടുക്കളയില്‍ നിന്ന് കണ്ടുകൊണ്ടിരുന്ന സുഗന്ധി ഇതിനകം മെഴുകുതിരി തെളിയിച്ചിരുന്നു.റിമോട്ടിന് ഷിഫ്റ്റാണ്.ഇത് അമ്മയുടെ ഊഴമാണ്..സുഗന്ധിയുടെ ഊഴം ''സ്വര്‍ഗ്ഗതിലെ കട്ടുറുമ്പ്'' എന്ന സീരിയലോടെ എട്ടുമണിയ്ക്ക് ആരംഭിക്കും.അപ്പോഴേയ്ക്കും അമ്മ പിന്‍വാങ്ങി വാതിലിന് വിടവിലൂടെ വീക്ഷിക്കും.അവര്‍തമ്മില്‍ഈകാര്യത്തില്‍നല്ല അഡ്ജസ്റ്റ്മെന്‍റാ.എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും സീരിയല്‍കാണാന്‍കഴിഞ്ഞില്ലെങ്കില്‍, റിപീറ്റ് ടെലകാസ്റ്റ് കണ്ടോളും.
രമേശന്‍ തിരിതെളിച്ച് മകള്‍,ജിതയെ പ്രാര്‍ത്ഥിക്കാനായി ക്ഷണിച്ചു.വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണോ എന്തോ ജിത കൂപ്പുകൈകളോടെ രമേശേട്ടനോടൊപ്പം ചേര്‍ന്നു.മൊബൈലില്‍, ദില്‍സേരേ......... എന്ന ഗാനം ഒഴുകിയെത്തിയതോടെ അവള്‍ ഓടിപ്പോയി.അമ്മയുടെ പൂജ ഒമ്പതരമണിയ്ക്കാണ് അന്നേരം ക്രൂരയായ അമ്മായിയമ്മയെ ചിത്രീകരിക്കുന്ന സീരിയലാണ്.ഈ സമയത്ത് സുഗന്ധി അര്‍ത്ഥഗര്‍ഭമായ കമന്‍റുകള്‍, പാസാക്കും.കൂടാതെ അമ്മായിയമ്മയ്ക്ക് തട്ടുകിട്ടുന്ന കിടിലന്‍ ഡയലോഗ് വരുമ്പോള്‍ വോളിയം അല്‍പം കൂട്ടാന്‍, സുഗന്ധി മറക്കാറില്ല.ഈശ്വര പ്രാര്‍ത്ഥനയില്‍,മുഴുകുക എന്നതുമാത്രമേ അമ്മയ്ക്ക് രക്ഷയുള്ളൂ.
സുഗയുടെ ഊഴം ഏട്ടരയാണ്.അന്നേരം ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്.ക്രൂരയായ ഒരു മരുമകളാണ്.അവള്‍ക്കെതിരെയുള്ള കിടിലന്‍ഡയലോഗുകള്‍,ഉയര്‍ന്ന വോളിയത്തില്‍ കേള്‍ക്കാന്‍കെല്‍പില്ലാതെ സുഗന്ധി പ്രാര്‍ത്ഥനാ നിരതയാകും.നിന്നെയൊക്കെ ജീവനോടെ കത്തിക്കുകയാവേണ്ടത്....നീ എന്‍റെ മോനെ മുഴുക്കുടിയനാക്കും......നീ ഒരുകാലത്തും ഗതിപിടിക്കില്ല എന്നീ ഡയലോഗുകള്‍ക്കു മുന്നില്‍, സുഗന്ധിയ്ക്ക് നില്‍ക്കക്കള്ളിയില്ല.ആ സമയത്ത് അമ്മയുടെ മുഖപ്രസാദം ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഏതായാലും ഒരുകാര്യത്തില്‍ രമേശേട്ടന് ആശ്വാസമാണ്.അമ്മായിയമ്മയും മരുമകളും നേരിട്ട് കലഹിക്കാറില്ല.സീരിയലിലെ ഡയലോഗുകള്‍, സ്വാംശീകരിച്ച് അതിലെ കഥാപാത്രങ്ങളില്‍,പരകായ പ്രവേശം നടത്തി പോര് നടത്തുന്നത് ഒരു വിധത്തില്‍ എല്ലവര്‍ക്കും ആശ്വാസപ്രദമാണ്.അങ്ങനെ ടി വി സീരിയലിലൂടെ രണ്ടുണ്ട് കാര്യം.
രമേശന് ഇത് ഇഷ്ടമല്ലെങ്കില്‍,പിന്നെ ഒന്നുപദേശിച്ചു നോക്കിക്കൂടേ എന്ന് വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ചേക്കാം.കൂട്ടരെ........ പാവം രമേശന്‍,........ രണ്ടേ രണ്ടു ഡയലോഗ് രമേശനെ കീഴ്പെടുത്തിക്കളഞ്ഞു.
എന്‍റെ അമ്മേ നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തിക്കൂടേ......എന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.ഞാനിനി കണ്ടാലെത്രനാള് കാണുമെടാ...എന്‍റെ കാലം കഴിഞ്ഞാ....നിങ്ങക്ക് സുഖായി സീരിയലും കണ്ട് ജീവിച്ചൂടേ.....അതോടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം കാണാന്‍,പായും ചുരുട്ടി തന്നെയും കൊണ്ട് നാടകം കാണാന്‍ പോയ അമ്മയെ  ഓര്‍ക്കും.നന്ദികേട് അമ്മയോട് പാടില്ലെന്ന വിചാരത്തില്‍ രമേശന്‍ഒന്നും ശബ്ദിച്ചില്ല.
എന്‍റെ സുഗു നിനക്ക് ഈ ടി വിയുടെ വോളിയം ഒന്നു കുറച്ചൂടെ എന്ന രമേശന്‍റെ ചോദ്യത്തിനു മുന്നില്‍അല്‍പം വ്യത്യസ്ഥമായ മറുപടിയാണ് രമേശന് ലഭിച്ചത്.
ആഹാ നിങ്ങക്ക് നിങ്ങടെ അമ്മ സീരിയല് കാണുന്നത് പ്രശ്നമല്ല ഞാന്‍കാണുമ്പോഴാ നിങ്ങടെ എളക്കം...എനിയ്ക്ക് ഒരു സീരിയലുകാണാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിലില്ലോ ദൈവമേ......ഇത്രയും പറഞ്ഞ് പൂര്‍വ്വാധികം ഒച്ചപ്പാടോടെ സുഗു സീരിയല്‍,തുടര്‍ന്നു.
ജിതയെ മാത്രം സീരിയല്‍, ബാധിച്ചില്ല.എന്നാല്‍ അതിലെ ഡയലോഗുകള്‍ എങ്ങനെയോ ജിത സ്വാംശീകരിച്ചിരുന്നു.ക്ലാസ്സ് ടെസ്റ്റില്‍ മാര്‍ക്കു കുറഞ്ഞ ജിതയോട് കാരണം തിരക്കിയപ്പോള്‍കിട്ടിയ മറുപടി ഇതായിരുന്നു.
(പൊട്ടിക്കരഞ്ഞു കൊണ്ട്) അച്ഛന്‍റെ മോള് പിഴച്ചിട്ടില്ലച്ഛാ......അച്ഛന്‍റെ മോള് പിഴച്ചിട്ടില്ല.
ജപം കഴിഞ്ഞ് രമേശന്‍ എഴുന്നേറ്റു.ഇതിനകം കറണ്ട് തിരിച്ചെത്തിയിരിക്കുന്നു.തലകുനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍,രമേശന്‍ ഓര്‍ത്തു.ഇന്നത്തെ പ്രാര്‍ത്ഥനയില്‍, ഒരു നിമിഷം പോലും ഭഗവാനെ ഓര്‍ത്തിരുന്നില്ല.പകരം ചിന്തയും ആധിയും മാത്രമായിരുന്നു.
എഴുന്നേറ്റ് ജിതയുടെ മുറിയില്‍ എത്തിനോക്കാനുള്ള ധൈര്യം രമേശനുണ്ടായിരുന്നില്ല. Don’t you have manners dad…….എന്ന ഏതോ സീരിയലിലെ ഡയലോഗ് അവള്‍ പറഞ്ഞാലോ.
അത്താഴം പത്തുമണിയ്ക്ക് ന്യൂസ് ടെന്‍,എറ്റ് ടെന്നിനേ കിട്ടുകയുള്ളൂ.അയാള്‍ തന്‍റെ കട്ടിലിന് താഴെ വച്ചിരുന്ന റേഡിയോ എടുത്ത് ഗെയിറ്റനരികിലേയ്ക്ക് നടന്നു.
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ......യുവവാണി....തൂതുരുതൂ.....തുരുതുത്തുത്തുത്തൂരൂരു തൂതുരുതൂ.....റേഡിയോയുമായി രമേശന്‍ നടന്നു.....കിഡിലന്‍ ഡയലോഗുകള്‍ കേള്‍ക്കാത്ത ഇടവും തേടി.


Sunday, September 21, 2014

ഓര്‍മ്മകള്‍, മായാതിരിക്കട്ടെ

നന്മയുടെ ഓര്‍മ്മകള്‍,മായാതിരിക്കട്ടെ ഉണ്മയാം ഓര്‍മ്മകള്‍ അയവിറക്കാന്‍, തിന്മയാം ഓര്‍മ്മകള്‍ മങ്ങീടേണം എല്ലാം പൊറുത്ത് ക്ഷമിച്ചീടുവാന്‍ എല്ലാം മങ്ങി മറഞ്ഞീടുകില്‍,‍ ഓര്‍മ്മതന്‍ പൂമഴ പെയ്തില്ലെങ്കില്‍ മസ്തിഷ്ക വീണകള്‍ മീട്ടിടായ്കില്‍, ഒന്നു മറിയാപൈതലായിമാറും ഓര്‍മ്മതന്‍ പൂത്തിരിതെളിഞ്ഞീടട്ടെ ഹൃത്തിലെ രാഗം മുഴങ്ങീടട്ടെ മസ്തിഷ്ക തമ്പുരു മീട്ടീടട്ടെ ഭൂലോക സൌഹൃദം വാണീടട്ടെ

Tuesday, September 2, 2014

ഹര്‍ത്താല്‍

കണ്ടു ഞാന്‍ ചാനലിന്‍, പാദത്തില്‍,
ഹര്‍ത്താലിനാഹ്വാനമാണു നാളെ
കാരണമെന്താണെന്നാരായുന്നതിന്‍ മുമ്പെ
വെള്ളിനക്ഷത്രങ്ങള്‍ തെളിഞ്ഞെന്‍ശിരസ്സില്‍,
ഏറെനാളായി കൊതിക്കുന്നതുണ്ടുഞാന്‍,
ഒന്നു മോദിക്കാന്‍ രസിച്ചിരിക്കാന്‍,
എങ്കിലും എന്‍ മക്കളരക്ഷിതരല്ലെന്ന്
ഒന്നു വിളിച്ചു ഞാന്‍ നിജപ്പെടുത്തി.
ബസ്സുകള്‍ നിശ്ചലമാകാനിരിക്കുന്നു..
പെട്ടെന്നിറങ്ങി ഞാന്‍ ബാഗുമായി
തെറ്റെന്നു ചെന്നു ഞാന്‍ കാസറ്റ് കടയിലും
കോഴി ,പച്ചക്കറി, മദ്യ ശാലയിലും
ഏറെ മോഹിച്ചൊരു സുദിനം പിറന്നു,
കണ്ടും കുടിച്ചുതിന്നും മദിച്ചിരുന്നു.
ഉച്ചയുറക്കത്തിലെപ്പോഴോ
കണ്ടു ഞാന്‍ രക്തകാഴ്ചയൊന്ന്.
ഭീകര ശബ്ദവും,പൊട്ടലും ചീറ്റലും 
വെട്ടലും ആര്‍ത്തനാദങ്ങളും
ഞെട്ടിയുണര്‍ന്നു ഞാന്‍,വീണ്ടും വിളിച്ചെന്‍റെ
മക്കളെ നിങ്ങള്‍, സുരക്ഷിതരോ
ആശ്വസമോടൊരു പെഗ്ഗു മടിച്ചു ഞാന്‍
കണ്ണടച്ചോതി അര്‍ജ്ജുന ഫല്‍ഗുനാ,പ്ലീസ്...

കാട്ടരുതെന്നെ നീ ദു സ്വപ്നങ്ങളെ

Saturday, August 16, 2014

ഓര്‍മ്മ കുറിപ്പ്

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം
ജൂണ്‍ മാസം നടന്ന ഭരണ സമിതിയോഗത്തിലാണ് ശ്രീ യു വി ഹസൈനാറെ സജീവമായി കണ്ടത്.പതിവിലേറെ ഗൌരവം കണ്ടെങ്കിലും രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും പ്രതിപക്ഷത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ യു വി ഹസൈനാര്‍,ഭരണ സമിതിയോഗത്തില്‍ നിറഞ്ഞു നിന്നു.യോഗാവസാനം എഴുന്നേറ്റ് നിന്ന് അദ്ദേഹം മാസാവസാനം നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനെ എല്ലാവരെയും ക്ഷണിച്ചു.പിന്നീട് അദ്ദേഹത്തെ കാണുന്നത് വിവാഹ ദിവസമാണ്.
വളരെ തിരക്കിട്ട് തീരുമാനിച്ച വിവാഹമായതിനാല്‍ വിവാഹത്തിന്‍റെ തയ്യാറെടുപ്പിലായിരിക്കുമെന്ന് ഞാനൂഹിച്ചു.വിവാഹദിവസം ഞാനും പഞ്ചായത്ത് അംഗം ബാലകൃഷ്ണേട്ടനും ഒന്നിച്ചാണ് യു വി യുടെ വീട്ടില്‍ ചെന്നത്.പരിക്ഷീണിതനായി കാണപ്പെട്ടതിനാല്‍, കാരണം ആരഞ്ഞതോടൊപ്പം ഉത്തരം ഞാന്‍ തന്നെ പറഞ്ഞു.ഓടി നടന്നതുകൊണ്ടായിരിക്കാം.രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ഞങ്ങളറിഞ്ഞത്.യു വി യെ ക്യാന്‍സര്‍, കീഴടക്കിയിരിക്കുന്നു.ഇതു കഴിഞ്ഞ് രണ്ട് തവണ ഓഫീസില്‍ വന്നെങ്കിലും വളരെ ക്ഷീണിതനായി ശോഷിച്ച് ദുര്‍ബലനായ യു വി യെയാണ് ഞങ്ങള്‍കണ്ടത്.ഒന്നും അങ്ങോട്ട് ചോദിച്ചറിയാനുള്ള ധൈര്യം എനിയ്ക്കുണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലാണെന്നും അപകടകരമല്ലെന്നും യു വി എന്നോട് പറഞ്ഞു.പിന്നീടങ്ങോട്ട് രോഗ നില വഷളായതായിട്ടാണെന്ന വാര്‍ത്തകളാണെന്നാണ് ഞങ്ങള്‍കേട്ടുകൊണ്ടിരുന്നത്.ഏതു നിമിഷവും യു വി ഞങ്ങളെ വിട്ടുപോയേക്കാമെന്നും ഇനി അദ്ഭുതങ്ങള്‍ക്കായി മാത്രം പ്രതീക്ഷിക്കാമെന്ന് യു വിയോട് അടുപ്പമുള്ളവര്‍ പറഞ്ഞു.ആശുപത്രിക്കിടക്കിയില്‍ കിടന്ന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍,അദ്ദേഹം വരുന്നവരെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.അവസാനം കാണുമ്പോഴും കൈപൊക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെങ്കിലും സന്ദര്‍ശകരെ അദ്ദേഹം വരവുവച്ചിരുന്നു.അവസാന ദിവസം കട്ടിലിനു ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോടൊപ്പം തീവ്രഗതിയില്‍ശ്വസോച്ഛാസം നടത്തിക്കൊണ്ടിരുന്ന യു വിയെ കണ്ടിരുന്നു.ഉച്ചയ്ക്കു ശേഷം അദ്ദേഹം യാത്രയായി.
തന്‍റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെ ഒരിക്കലും മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.അവസാന ദിവസങ്ങളിലും എല്ലാം അറിയാമെങ്കിലും ഒരിക്കലും തന്‍റെ വേദന മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കണം.തന്‍റെ അവസ്ഥ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയായിരിക്കണം അദ്ദേഹം തന്‍റെ ഇളയമകളുടെ കല്യാണം തിരക്കിട്ട് നടത്തിയത്.സജീവമായി പൊതുപ്രവര്‍ത്തനത്തില്‍, നിറഞ്ഞുനിന്നിരുന്ന അദ്ദേഹം എല്ലാവരോടും യാത്രചോദിച്ചിട്ടാണ് യാത്രയായത്.കൂടാതെ എല്ലാവര്‍ക്കും തന്നെ കാണാനുള്ള അവസരം ഉണ്ടാക്കി.അള്ളാഹു അദ്ദേഹത്തെ കൂടുതല്‍ വേദനിപ്പിക്കാതെ തന്നെ യാത്രയാക്കി.
കൂടുതല്‍ വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു.യു വി.ചെറുപ്പകാലങ്ങളില്‍ ദാരിദ്ര്യവും ദുരിതവും അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായിരുന്നു.ഐസ് വിറ്റ് തുടങ്ങിയ അദ്ദേഹം എല്ലാവിധ ചെറുകിട വ്യാപാരങ്ങളിലും ഏര്‍പ്പെട്ടിരുന്നു.വിവാഹ വീടുകളില്‍ മൈക്ക് സെറ്റും പന്തലും ഏര്‍പ്പെടുത്തുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു സ്ഥാപനവും ഉണ്ട്.കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ ജീവിതം സ്വന്തം നേട്ടത്തിനായി കടമെടുത്തിരുന്നില്ല.ചെറുപ്പകാലങ്ങളിലെ ചിട്ടയില്ലാത്ത ജീവിതവും,സാമൂഹ്യ പ്രവര്‍ത്തനവും തന്നെ വിട്ടു പരിയാത്ത പുകവലി ശീലവും ചായയും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കും.ഉദ്യോഗസ്ഥരുടെ നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന് പഥ്യമല്ലായിരുന്നു.എന്നാലും നല്ല പ്രവര്‍ത്തനങ്ങളെ അദ്ദേഹം അംഗീകരിച്ചിരുന്നു.

സഫാരി സ്യൂട്ടും ധരിച്ച് ,ഇടയ്ക്ക് സിഗററ്റ് വലിയ്ക്കാന്‍ മുങ്ങുന്ന,സംസാരത്തിനിടയില്‍ ഹിന്ദി പ്രയോഗത്തിലൂടെയും രസരമായ തമാശയും പറഞ്ഞ് നടക്കുന്ന യു വി ഇനി ഓര്‍മ്മ.അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നതിന് ഏവര്‍ക്കും ഒന്നായി പ്രാത്ഥിക്കാം 

Saturday, August 9, 2014

പയ്യന്നൂരില്‍ ബാവുള്‍ സംഗീതം

പാര്‍വ്വതി ബാവുള്‍

 സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണ സിരകളിലൂടെ അലയുന്നവരാണ് ബാവുലുകള്‍......ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുള്‍ സംഗീതമെന്നു പേര്‍.
ബംഗാളിലും ബാംഗ്ലാദേശിന്‍റെ ഗ്രാമങ്ങളിലും കേട്ടിരുന്ന ബാവുള്‍, സംഗീതം പയ്യന്നൂരില്‍ അരങ്ങേറി.പയ്യന്നൂര്‍ സദ്കലാപീഠത്തിന്‍റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പാര്‍വ്വതി ബാവുള്‍, അവതിപ്പിച്ച ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്കും കലാസ്നേഹികള്‍ക്കും നവ്യമായ അനുഭവമായിരുന്നു.സംഗീതം ആസ്വദിക്കുന്നതോടൊപ്പം ബാവുള്‍ സംഗീതം എന്താണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.പാര്‍വ്വതി തന്‍റെ മിതമായ മലയാള ഭാഷയിലുള്ള അറിവ് ഇംഗ്ലീഷ് കലര്‍ത്തി പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍,മനസ്സിലാക്കിക്കൊടുക്കുന്നതോടൊപ്പം സംഗീതത്തിന് ഭാഷയില്ലെന്നും അത് ഹൃദയത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാകയാല്‍, സഹൃദയര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്നതാണെന്നും അടിവരയിട്ട് പറഞ്ഞു.
ഏകതാരാ എന്ന സംഗീത ഉപകരണം
ദാര്‍ശനിക ആശയങ്ങളടങ്ങിയ കവിതകളാണ് ആലപിക്കുന്നത്.ബാവുള്‍ ഗായകന്‍ അതുകൊണ്ട് തന്നെ ഒരു സാധു-സന്യാസിയുടെ വേഷത്തിലാണ്.ഒരു കൈയ്യില്‍ ഒറ്റ കമ്പി വീണയും മറ്റേ കൈയ്യില്‍കളിമണ്ണു കൊണ്ടുണ്ടാക്കിയ താള വാദ്യവും.കാലിലെ ചിലമ്പ് നൃത്തം ചെയ്യുമ്പോള്‍ താളത്തിന് മുതല്‍കൂട്ടാകുന്നു.
സൂഫി ബുദ്ധ ശൈവ വൈഷ്ണവ ശാഖകളിലെ സന്യാസികള്‍ നാടുനീളെ സഞ്ചരിച്ച് പരമാമായ സത്യത്തെ ജന സഞ്ചയങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു.ആത്മാവും പരമാത്മാവും എന്താണെന്നും താന്‍ ആരാണെന്നും ഈ ഭൂമിയിലെ തന്‍റെ ദൌത്യമെന്താണെന്നും.പരമാത്മാവിലേയ്ക്കുള്ള യാത്രയാണ് ജീവിതമെന്നും ഈ യാത്രാ നൌക തുഴയുന്നത് ഗുരുവാണെന്നും ആ ഗുരു കാറും കോളും നിറഞ്ഞ ഭവസാഗരത്തിലൂടെ തോണി തുഴഞ്ഞ് ആത്മാവിനെ പരമ പദത്തിലെത്തിക്കുന്നു എന്നും അവര്‍ പാടി നടക്കുന്നു.

പണ്ടുകാലത്ത് വാമൊഴിയിലൂടെ പ്രചരിച്ചിരുന്ന കവിതകള്‍ ഇന്ന് ചില ഗ്രന്ഥങ്ങളില്‍, കാണുന്നു.മറ്റു കലകള്‍ക്ക് സംഭവിച്ച് ക്ഷീണം ബാവുളിനും സംഭവിച്ചിരിക്കണം.പാര്‍വ്വതിയെ പോലുള്ള ചുരുക്കം ചിലര്‍, ഇന്ന് ഈ സംഗീത ശാഖയെ നിലനിര്‍ത്തുന്നു.