Sunday, May 3, 2020

മറവി

തിരക്കുപിടിച്ചിറങ്ങുമ്പോൾ
എന്തോ മറന്നതു പോലെ

ശരിയാണ്
പലതും എടുക്കാൻ
വിട്ടു പോയിരിക്കുന്നു.

ചെറുപുഞ്ചിരി അതെനിക്ക്
കൊണ്ടു നടക്കാൻ
കൊതിയാണ്

പക്ഷെ തലേ ദിവസം
ഷെൽഫിൽ വച്ചത്
എടുക്കാൻ മറന്നു പോയി.

എന്തു കൈവിട്ടാലും കുട്ടിത്തം
കൈവിടരുതെന്ന്
എന്നും കരുതും

ഉമ്മറകോണിൽ
കളി പന്തുകൾക്കിടയിൽ
വീണുപോയ കുട്ടിത്തം
എടുക്കാൻ മറന്നു പോയിരുന്നു.

വിഷമത്തോടെ പറയട്ടെ
കിടക്ക പായയിൽ വച്ച ഹൃദയവും ഞാനെടുത്തിരുന്നില്ല.

സ്നേഹം, കരുതൽ,
കരുണ എന്നിവയൊക്കെ
ഇട്ടുവച്ച ബാഗും
ഞാനെടുത്തില്ല.

അർത്ഥശൂന്യമായ
യാത്രയെന്ന് എന്നെയാരോ
ഒർമ്മിപ്പിച്ചു കൊണ്ടിരുന്നു.

സാരമില്ല
ഞാൻ സ്വയം പറഞ്ഞു.
യാത്രാ ചിലവിലേക്ക്
ആവശ്യത്തിലേറെ പണം
ഞാൻ കരുതിയിരുന്നു.
കൂടാതെ രണ്ട്
എ.ടി.എം കാർഡുകളും.

No comments:

Post a Comment