Sunday, May 3, 2020

തടവറയിലെസ്വപ്നങ്ങൾ

ഇന്ന് ഞായറാഴ്ചയാണ് ബോസ് വരില്ല. തലേ ദിവസത്തെ വളിച്ച് ജീർണ്ണിച്ച ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ജീവൻ നിലനിർത്താം. ആരും കേൾക്കാനില്ലെങ്കിലും പക്ഷികൾ പാഴ് പാട്ട് പാടി കൊണ്ടിരുന്നു. ലവ് ബേർഡ്സ് ആണത്രേ. എന്തോന്ന് ലവ്. ഈ ലവ് എന്നൊക്കെ പറഞ്ഞാൽ  അതിനൊക്കെയൊരു മൂഡ് വേണ്ടേ.

 തത്തമ്മമാർ ഷട്ടറിനിടയിലുടെ ഊർന്നിറങ്ങുന്ന അരോചകമായ പല ശബ്ദങ്ങളും അനുകരിക്കാൻ ശ്രമിച്ചു.മുയലുകൾ ഉറക്കം തൂങ്ങി തെക്കും വടക്കുംനടന്നു. വിദേശികളായ താറാ കൂട്ടം ബക് ബക് എന്ന് ഇടയ്ക്കിടെ ക്ഷീണിതമായ ശബ്ദത്തിൽ ചിലച്ചു കൊണ്ടേ ഇരുന്നു. അക്വേറിയത്തിലെ അലങ്കാര മത്സ്യങ്ങൾക്കും അവധി ദിവസം ഒരു ശ്വാസംമുട്ടലാണ്.

വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽപന നടത്തുന്ന നഗരമദ്ധ്യത്തിലെ ഷോപ്പ് ഞായറാഴ്ചകളിൽ തുറക്കാറില്ല.അന്തേവാസികൾക്ക് അന്ന് എന്തെന്നില്ലത്ത ശ്വാസം മുട്ടലാണ്.

ശബ്ദകോലാഹലങ്ങളില്ലെങ്കിലും ഒരു തരം നിർജ്ജീവാവസ്ഥയാണ്. മനുഷ്യർ തങ്ങളുടെ ജോലിയിൽ വിശ്രമം തേടുന്ന ദിവസം ഇവർക്ക് വീർപ്പുമുട്ടലിന്റേതാണ്.

പുതിയ ചില അതിഥികൾ മാത്രം സന്തോഷത്തിലാണ്. അവരുടെ അവാസ കേന്ദ്രങ്ങളിൽ പൂക്കളിൽ മധുകണം വറ്റിയിരിക്കണം. അവർ ഇരകളായുള്ള വ്യവസ്ഥിതിയിലെ വേട്ടക്കാർ സജീവമത്രേ. അവർക്ക് കൂടുകൾ പണിയാൻ അനുയോജ്യമായ ഇടങ്ങൾ മനുഷ്യർ കൈയ്യടക്കിയത്രേ.

നിങ്ങൾക്കറിയില്ല മക്കളെ അറിയാനിരിക്കുന്നതേയുള്ളൂ.പക്ഷികളിലെ മുപ്പൻ പറഞ്ഞു. ഇവിടെ പ്രതീക്ഷകളില്ല.

 മരിച്ചില്ലെങ്കിലും മരണം കൈയ്യെത്തും ദൂരത്താണ് മുയലച്ഛൻ പറഞ്ഞു.

ലക്ഷ്യമില്ലാതെ അക്വേറിയത്തിലൂടെ നീന്തി തുടിക്കുന്ന മീൻ പറഞ്ഞു കഥയില്ലായ്മയാണ് ഞങ്ങളുടെ ജീവിതം.

ജീവിതമെന്നാൽ ജീവിച്ചു തീർക്കലല്ലോ. ഇവിടെ വെല്ലുവിളികളില്ല, അതിജീവന മന്ത്രങ്ങളില്ല. ഉന്മുക്തമായ പ്രണയമില്ല. സ്നഹമില്ല.ലാളനയില്ല.ജീവനൊടുക്കാൻ പോലും കഴിയില്ല.
എല്ലാം ഈ നാല് ചുമരുകളുടെ തടങ്കലിൽ ബന്ധിപ്പിക്കപെട്ടിരിക്കുന്നു.

അവർ അവധി ദിവസം കഴിയുന്ന പുലർവേളയും കാത്തിരുന്നു. കുറഞ്ഞ പക്ഷം സൂര്യന്റെ കുതിപ്പ് അനുഭവിച്ചറിയാം നീലാകാശത്തിന്റെ വിശാലതകളെ കണ്ടറിയാം. വിഷലിപ്തമെങ്കിലും കാറ്റിന്റെ തഴുകലിൽ നിർവൃതിയണയാം.

ഒരിക്കലും പുറത്ത് കടക്കാനാകില്ലെന്ന്‌ ഉറപ്പുണ്ടെങ്കിലും കാണാൻ കൊതിക്കുന്ന സ്വപ്നങ്ങൾക്ക് നിറം പകരാനെങ്കിലും എന്തെങ്കിലുമൊക്കെ കൈയ്യിൽ കരുതേണ്ടേ ആ പാവങ്ങൾ ?

No comments:

Post a Comment