ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയിരുന്നു.വീട്ടിലെത്തിയാല്‍ വാതോരാതെ ടീച്ചറെ പറ്റി ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.ടീച്ചറുടെ ഒരു കുറ്റാന്വേഷണത്തിന്‍റെ കഥ എനിയ്ക്ക് ഓര്‍മ്മ വരുന്നു.ക്ലാസ്സില്‍ നല്ല വണ്ണമുള്ള ഒരു ചൂരല്‍ വടിയുണ്ടായിരുന്നു.ഗ്രേസി ടീച്ചര്‍ നല്ല വടിപ്രയോഗം നടത്തുമായിരുന്നു.ഈ വടി ക്ലാസ്സിലെ കുസൃതികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉറക്കം കെടുത്തി.മേശയുടെ അടിവശത്ത് ചൂരല്‍ വളച്ച് കുടുക്കി വയ്ക്കും.ഒരു ദിവസം ആസന്ന ഘട്ടത്തില്‍ ടീച്ചര്‍ ഇരുന്ന ഇരുപ്പില്‍ വടി മേശയ്ക്കടിയില്‍ പരതി നോക്കിയപ്പോള്‍ കൈയ്യില്‍ തടയുന്നില്ല തമ്പാനെക്കൊണ്ട് മേശയുടെ അടിയില്‍ നോക്കിച്ചു.വടി കാണാനില്ല.ടീച്ചര്‍ സ്വന്തം കുനിഞ്ഞു നോക്കി ഉറപ്പു വരുത്തി.അതെ വടി അപ്രത്യക്ഷമായിരിക്കുന്നു.കസേരയില്‍ നിന്ന് എഴുന്നേറ്റ ഗ്രേസി ടീച്ചറുടെ സാരി കസേരയില്‍ ഒട്ടി പിടിച്ചിരിക്കുന്നു.ആരോ കസേരയില്‍ ടാര്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.ചൂരല്‍ പ്രയോഗത്തിനെതിരെ ആരോ ശക്തമായി പ്രതികരിച്ചിരിക്കുന്നു.രോഷാകുലയായ ടീച്ചര്‍ മൊത്തം ക്ലാസ്സിനോടായി ചോദിച്ചു.ആരാണിത് ചെയ്തത്.ഉത്തരമില്ല.ടീച്ചര്‍ ആകെ വിഷമത്തിലായി പുതിയ സാരി മോശമായതിന്‍റെ വിഷമം വേറെ.വിഷയം ജമീല ടീച്ചറുടെ അടുത്തെത്തി.ക്ലാസ്സ് ജമീല ടീച്ചര്‍ ഏറ്റെടുത്തു.ആരാ ഇത് ചെയ്തത്......മറുപടിയില്ല.ടീച്ചര്‍ അന്വേഷണം തുടര്‍ന്നു.....ഇപ്പ പറഞ്ഞോണം ഇല്ലെങ്കില്‍ എല്ലാര്‍ക്കും കിട്ടും....ഇല്ല... പ്രതികരണമില്ല....എല്ലാവരും കൈകെട്ടി ഇരിക്ക്....എന്നെ തന്നെ നോക്ക്....ജമീല ടീച്ചര്‍ ആജ്ഞാപിച്ചു.ടീച്ചര്‍ കസേരയിലിരിക്കുകയാണ്.കൈരണ്ടും മേശയില്‍ കുത്തി ചൂരല്‍ നെറ്റിയില്‍ അമര്‍ത്തി ഞങ്ങളെ ഓരോരുത്തരെയും തീക്ഷ്ണമായി നോക്കുകയാണ്.എല്ലാവരും കൈകെട്ടി ഇരിക്കുകയാണ്.ചിലരൊക്കെ താനല്ല എന്ന മട്ടില്‍ ചിരിക്കാനും പല ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാനും ശ്രമിക്കുന്നു.നിമിഷങ്ങള്‍ കടന്നു പോകുന്നു....ക്ലാസ്സ് റൂം നിശ്ശബ്ദ്ദം.....പെട്ടെന്ന് ഒരു കോണില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കുറ്റവാളിയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.എല്ലാ കണ്ണുകളും ആ ഭാഗത്തേയ്ക്ക്..... അതാ മാങ്കു എന്ന മനോഹരന്‍ വലിയവായില്‍ നിലവിളിക്കുന്നു.ടീച്ചര്‍ മനോഹരനെ ചേര്‍ച്ച് പിടിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.എവിടെ വടി...മനോഹരന്‍ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടി.തൊട്ടടുത്ത കുറ്റിക്കാട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന വടിയുമായി മനോഹരന്‍ തിരിച്ചെത്തി.എല്ലാവരും അടിയുടെ പൊടി പൂരം പ്രതീക്ഷിച്ചിരിക്കുകയാണ്.കുറ്റവാളിയെ പിടിച്ചതറിഞ്ഞ് ഗ്രേസിടീച്ചറും ക്ലാസ്സിലെത്തി.ജമീല ടീച്ചറും ഗ്രേസി ടീച്ചറും എന്തോ സംസാരിക്കുകയായിരുന്നു.സംസാരത്തിനൊടുവില്‍ ജമീല ടീച്ചര്‍ ആ വടി പൊട്ടിച്ച് രണ്ടാക്കി പുറത്തേയ്ക്കെറിഞ്ഞു.പിന്നീടൊരിക്കലും ഗ്രേസിടീച്ചര്‍ ക്ലാസ്സില്‍ ചൂരല്‍ പ്രയോഗം നടത്തിയതായി എനിയ്ക്കറിയില്ല...........ഈ സംഭവത്തോടെ ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയി മാറി.അറബി ടീച്ചറായിരുന്നു.ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നു.ടീച്ചര്‍ കഴിഞ്ഞ വര്‍ഷം സേവന നിവൃത്തയായി.ഒരാശംസ അര്‍പ്പിക്കാന്‍ എത്തിച്ചേരണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.....എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.
No comments:
Post a Comment