Saturday, May 2, 2020

ഞാൻ സെക്രട്ടറി,ഗ്രാമ പഞ്ചായത്ത്

മുഖത്ത് മാസ്ക്. അലക്ഷ്യമായി  ഇൻസൈഡ് ചെയ്തിരിക്കുന്നു.കണ്ണുകളിൽ ക്ഷീണം.അദ്ദേഹത്തിനരികിലേയ്ക്ക്  ഞാൻ കടന്നു ചെന്നു.

സാർ ഒറ്റയ്ക്കേ ഉള്ളൂ ?

അല്ല രണ്ടു പേർ അകത്തുണ്ട്. പിന്നെ രണ്ടു പേർ കിച്ചണിലാണ്.

കൈ കഴുകിയിട്ടാണല്ലോ കയറിയത്.പുറത്ത് ബ്രേക്ക് ദ ചെയിൻ ഉണ്ട്.

അതെ.മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ ?

അദ് ഇന്നലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് പായ്ക്ക് ചെയ്യാനുണ്ടായിരുന്നു.അത് കഴിഞ്ഞപ്പോൾ രാത്രി രണ്ട് മണിയായി.

കിറ്റ് കൊടുത്തോ ?

കുറച്ചു കൊടുത്തു ബാക്കി ഉച്ചയ്ക്ക് ശേഷം കൊടുക്കണം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും

[ഫോൺ ശബ്ദിക്കുന്നു.]

ഇപ്പോൾത്തന്നെ തരാം സാർ. ചെയ്തു കൊണ്ടിരിക്കുകയാണ്. അറിയാം സാർ. സോറി സാർ.ഇപ്പോൾത്തന്നെ തരാം.

ആരാ വിളിച്ചദ് ?

മേലാഫീസിൽ നിന്നാണ്. വൃക്കരോഗികളുടെ ലിസ്റ്റ് ചോദിച്ചിരുന്നു.മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ്.വിവരം ശേഖരിച്ച് വന്നപ്പോൾ വൈകിപ്പോയി.......രജേഷേ റെഡിയായോ.ഓ. വെരി ഗുഡ് അയച്ചു അല്ലേ ? പിന്നെ ഒരു മണിക്ക് കൊടുക്കാനുള്ള റിപ്പോർട്ടും കൊടുക്കണം കേട്ടോ ......

ഭക്ഷണം കഴിച്ചോ ?

ഇല്ല റൂമിലുണ്ടാക്കി വച്ചിട്ടുണ്ട്. ഇവിടത്തെ ഭക്ഷണം തീരെ പിടിക്കുന്നില്ല.

വന്നിട്ടെത്ര കാലമായി ?

ആറു മാസമായി.

ഈ നാടൊക്കെ ഇഷ്ടപെട്ടോ ?

നാടൊക്കെ ഇഷ്ടപെട്ടു.പക്ഷെ ഭാഷയും ഭക്ഷണവും വളരെ ബുദ്ധിമുട്ടാണ്.

എങ്ങനെ മാനേജ് ചെയ്യുന്നു ?

ഇവിടെ ദ്വിഭാഷികളായ ജീവനക്കാരുണ്ട് നല്ല കുട്ടികാളാ.

സാർ, വീട്ടിൽ പോകണ്ടെ ?

ഇല്ല ഇനി ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ.പെട്ടിം പ്രമാണവുമായിട്ട് വന്നിരിക്കയാ..

വീട്ടുകാർക്ക് പേടിയായിരിക്കും അല്ലേ?

ഓ പ്രശ്നമില്ല. പോയാലും പ്രശ്നമാണ്.പഞ്ചായത്താഫീസീന്നു വന്നതാന്നു പറഞ്ഞാൽ എസൊലേഷനിൽ കഴിയേണ്ടി വരും പിന്നെ നാട്ടുകാരുടെ കറുത്ത മുഖവും കാണേണ്ടി വരും.

മക്കൾ വിളിക്കാറില്ലേ ?

ഓ ഒരുത്തനിപ്പോ വീഡിയോ കോൾ വിളിച്ച് വച്ചിട്ടേ ഉള്ളൂ. നാളെ ബർത്ത്സേയ്ക്ക് കേക്കുമായി ചെല്ലണം എന്ന്.

ബുദ്ധിമുട്ടാണല്ലേ? നല്ല ക്ഷീണമുണ്ടല്ലോ മുഖത്ത് റൂമിൽ പോയി വിശ്രമിച്ചു കൂടെ ?

ഇല്ല റൂമീ പോയാ സമാധനം കിട്ടില്ല. ഇവിടത്തെ കാര്യമോർത്തിട്ട്.

ഒരു സെക്കന്റ്...... മഹേഷേ ചോറു പോയോ. ഇന്ന് ആ കോളനിയില് പത്ത് ചോറ് വേണമെന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ. പിന്നെ മഹേഷേ ലിസ്റ്റ് തയ്യാറാക്കിയത് മൂന്നു മണിക്ക് തരണം സൈറ്റിലിടാനുള്ളതാ.

ആ സുമയോടിങ്ങ് വരാൻ പറഞ്ഞേ....... ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്തോ ? കിട്ടാത്ത വിവരം ഞാൻ എടുക്കാം ആ ഫോൺ നമ്പർ തന്നാ മതി.

കമ്യൂണിറ്റി കിച്ചൺ വലിയ പ്രശ്നമാണല്ലേ.?

ഏയ് എല്ലാം സ്പോൺസറായി കിട്ടുന്നുണ്ട്. ഇവിടെ 15 ദിവസത്തേക്കുള്ള അരിയും സാധനങ്ങളുമുണ്ട്. എന്തിനും സജ്ജരായ പത്ത് വളണ്ടിർമാരുമുണ്ട്.

ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയുണ്ടല്ലോ ?

ആദ്യം ഉണ്ടായിരുന്നു. ഇപ്പോ റേഷനൊക്കെ കിട്ടിത്തുടങ്ങി. പിന്നെ പരാതിക്കാരെ ഞാൻ നേരിട്ട് പോയി കാണും.

നാട്ടുകാർ തരുന്നുണ്ടല്ലേ ?

ഉണ്ട് പ്രസിഡണ്ടും ഞാനും കുറേ പേരെ കണ്ടു. ചിലയിടത്ത് നാണംകെട്ടു. ഇപ്പോൾ വേണ്ടത്ര കിട്ടിയിട്ടുണ്ട്.

സഹായത്തിന് ജീവനക്കാരുണ്ടോ?

സീനിയറായ വരൊക്കെ തെക്കൻ ജില്ലക്കാരാ. അവധി കിട്ടിയതോടെ അവരൊക്കെ പോയി. പിന്നെ ഐസൊലേഷനായി,വരാൻ വണ്ടിയില്ലാതായി.സഹായത്തിനാളിതാകുന്നത് വലിയ പ്രശ്നം തന്നെയാ.

പിന്നെ ഈ കോളനികൾ ?

കോളനികളിൽ ഞാൻ രണ്ടു ദിവസത്തിലൊരിക്കൽ പോകും.അവർക്ക് മാസ്കും സോപ്പും ഒക്കെ കൊടുത്തിട്ടുണ്ട്. കാര്യങ്ങൾ നേരിട്ട് പറഞ്ഞു കൊടുത്തിട്ടുണ്ട് -

ഇന്നലെ ഒരു കേസ് റിപ്പോർട്ട് ചെയ്തുവല്ലോ അല്ലേ ?

അത് ഒരു വിദേശത്തു നിന്നു വന്നയാളാണ്.ഐസൊലേഷനിലായിരുന്നു. ഞാൻ ദിവസവും വിളിക്കുമായിരുന്നു.എനിക്കുറപ്പുണ്ട് ആർക്കും പകർന്നു കാണില്ലെന്ന് .പിന്നെ ആ കവല മുഴുവൻ ഫയർ ഫോഴ്സുകാരെ കൊണ്ട് മരുന്ന് സ്പ്രെ ചെയ്യിച്ച് അണുവിമുക്തമാക്കിയിട്ടുണ്ട്.

ഐസൊലേഷനിൽ കുറേ പേരുണ്ടോ?

അത് പകുതിയായി കുറഞ്ഞിട്ടുണ്ട്. അവരുടെ മേൽ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തിൽ വാർഡ് കമ്മിറ്റികളുടെ കണ്ണുണ്ട്.

ആൾക്കാർ പുറത്തിറങ്ങുന്നുണ്ടോ ?

പുള്ളാരാണ് പ്രശ്നം വൈകുന്നേരമായാൽ ഒത്തുകൂടും ഇന്നലെ ഞാൻ പോലീസുകാരെയും കൂട്ടി എല്ലാവരെയും ഓടിച്ചു വിട്ടു.ഇന്നും വൈകിട്ടാകുമ്പോൾ ഇറങ്ങണം.

[ഫോൺ ശബ്ദിക്കുന്നു.]

ഹലോ..... HI ... വാഹനം ഫ്രീയാണു കേട്ടോ ഞാൻ രാവിലെ പറഞ്ഞ കേസൊന്ന് പെട്ടെന്ന് നോക്കി വന്നോളൂ. ഇന്ന് റിപ്പോർട്ട് കൊടുക്കാനുള്ളതാ....... ok.

പിന്നെ സാലറി ചാലഞ്ച് നിങ്ങൾക്ക് ഉണ്ടോ?

അദ് പിന്നെ സർക്കാർ പറഞ്ഞാൽ ഞങ്ങളതേറ്റെടുക്കും.

എപ്പോഴും പരാതിയും പരിവാരവുമാണല്ലേ ?

അദു പിന്നെ പഞ്ചായത്ത് സമൂഹത്തിന്റെ ഒരു പരിപ്രേക്ഷ്യമല്ലേ. അവിടെ എല്ലാത്തരക്കാരും കാണും. നമുക്ക് കാര്യങ്ങൾ ഭംഗിയായി നടന്നു പോണം. ഞങ്ങളുടെ പ്രവർത്തനം ഒന്നും കാണാനുണ്ടാകില്ല. അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.

ഇനി. എത്ര കാലം?

ലോക്ക് ഡൗൺ നീട്ടിയെന്നു കേട്ടു. നോക്കാം മുങ്ങിയില്ലേ ഇനി കുളിച്ച് കേറാം. ഞങ്ങൾ യുദ്ധം പകുതി ജയിച്ചു.ഇനി പുറകോട്ടില്ല.

[ഫോൺ ശബ്ദിക്കുന്നു.]

ഹലോ ....... മോനേ പിന്നെ വിളിക്കാം അച്ഛനൊരു മീറ്റിംഗിലാണ്..........

ശരി പിന്നെ കാണാം.

ശരി.

No comments:

Post a Comment