Saturday, May 2, 2020

ശാന്തൻ

പരശുറാം എക്സ്പ്രസ് പതുക്കെ സ്റ്റേഷനിലെത്തി ഞരങ്ങി നിന്നു. ശാന്തൻ അന്നും കടല കൊറിച്ച് സിമന്റ് ബെഞ്ചിലിരിക്കുന്നുണ്ട്. മറ്റ് യാത്രക്കാരെ പോലെ അയാൾക്ക് വണ്ടിയിൽ കയറാൻ യാതൊരു തിരക്കുമില്ല. യാത്രക്കാർ ഇറങ്ങുമ്പോഴേക്കും അയാൾ പതുക്കെ എഴുന്നേറ്റു വരും.

ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു ദിവസം പോലും അദ്ദേഹം സീറ്റിനുവേണ്ടി ശ്രമിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.നിലകടല ചവച്ചു കൊണ്ട് അദ്ദേഹം ഡോറിന് സമീപം നിൽക്കും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാവാൻ കഴിയും ?  മീശ രോമങ്ങൾക്കിടയിലൂടെ തെളിയുന്ന ചിരി എത്ര മധുരതരമാണ്. സംസാരം എത്ര മൃദുവാണ്.

ആദ്യം പരിചയപ്പെട്ടപ്പോൾ പേര് പറഞ്ഞിരുന്നു.പക്ഷെ ഞാനത് മറന്നു പോയി. സ്ഥിരം കാണുന്ന ഒരാളോട് എങ്ങനെയാ പേര് ചോദിക്കുക. അങ്ങനെയാണ് ഞാൻ ശാന്തനെന്ന പേര് ചാർത്തിയത് .

സ്വതവേ ഒരന്തർമുഖനായ എനിക്കെന്തോ ശാന്തനെ ഇഷ്ടമാണ്. അധികമാരോടും സംസാരിക്കാത്ത ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത് കണ്ട് സഹയാത്രികർ അദ്ഭുതത്തോടെ ഞങ്ങളെ നോക്കാറുണ്ട്. ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും അദ്ദേഹത്തോട് സംസാരിക്കാം. ഞാനെന്തു പറഞ്ഞാലും അത് നന്നായി കേൾക്കും. എന്നെ കൂടുതൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കും. ഒരിക്കൽ പോലും സംഭാഷണം മുറിച്ച് പ്രതിവാദങ്ങൾ നിരത്തുകയോ കൂടുതൽ സംസാരിച്ച് മുഷിപ്പിക്കുകയോ ചെയ്യില്ല. എല്ലാം ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ ക്ഷമാപൂർവ്വം കേൾക്കും വളരെ സൗമ്യമായി അഭിപ്രായം പറയും.

അദ്ദേഹം എന്നെ പുരാണത്തിലെ ഏതോ യോഗിവര്യനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അടുത്തിരിക്കാൻ ക്ഷണിച്ചാൽ സ്നേഹപൂർവ്വം നിരസിക്കുമെങ്കിലും നിർബന്ധിച്ചാൽ കൂടെ വന്നിരിക്കും. അടുത്ത സ്റ്റേഷനിൽ ട്രെയിനിറങ്ങി ശാന്തനായി നീങ്ങുന്നത് അദ്ദേഹം കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും.

ടൗണിലുള്ള ഏതോ ഒരു ചെറിയ കമ്പനിയിലാണ് കക്ഷി ജോലി ചെയ്യുന്നത്. ജോലിയെ പറ്റി പറയുമ്പോഴും കക്ഷി പൂർണ്ണ സംത്യപ്തനാണ്.

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെയാവാൻ പറ്റും. എന്നെ സംബന്ധിച്ചുത്തോളം അദ്ദേഹം ശാന്തതയുടെ മൂർത്തീ മദ്ഭാവമാണ്. ഓരോ ദിവസവും ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ എന്റെ കണ്ണുകൾ ശാന്തനെ കാണാനായി തിരയും. മിക്ക ദിവസങ്ങളിലും അദ്ദേഹം ഒരേ സ്ഥലത്ത് കാണും. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ എനിക്ക് വിഷയ ദാരിദ്ര്യമുണ്ടാകാറില്ല.കൂടാതെ ഞാനെന്ന ഭാവം ലവലേശം പോലും കാണാനും കഴിഞ്ഞില്ല.

ജീവിതത്തിൽ ഒരു വിഷയവും അദ്ദേഹത്തെ അലട്ടുന്നില്ല എന്ന് എനിക്ക് തോന്നി. എങ്ങിനെയാണ് അദ്ദേഹം ഈ ഒരു സ്ഥായീഭാവത്തിലെത്തിയത് ? നേരിട്ട് ചോദിച്ചില്ലെങ്കിലും ആ വിദ്യ മനസ്സിലാക്കണമെന്ന് ഞാൻ നിശ്ചയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കക്ഷിയെ കണ്ടില്ല.പിറ്റേ ദിവസം മാതൃഭൂമിയിലെ ചരമ കുറിപ്പിലൂടെ കടന്നു പോകുമ്പോൾ എന്റെ കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കി.വീണ്ടും വീണ്ടും നോക്കി ഞാനുറപ്പു വരുത്തി. അത് ശാന്തൻ തന്നെ.

കിഴക്കേവീട്ടിൽ ദാമോദരൻ നായരുടെയും കല്യാണിയുടെയും രണ്ടാമത്തെ മകൻ ബാലഗോപാലൻ (53) കുഴഞ്ഞു വീണു മരിച്ചു.

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം എത്ര ക്ഷണഭംഗുരമാണെന്ന് ഒരിക്കൽക്കൂടി എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു മരണം കൂടി കടന്നു പോയി.പക്ഷെ ബാലഗോപാലൻ എന്നിലുണ്ടാക്കിയിട്ടുള്ള ചലനങ്ങൾ എന്നെ നയിച്ചത് പരേതന്റെ വീട്ടിലേയ്ക്കാണ്.

എനിക്ക് അധികം അന്വേഷിക്കേണ്ടി വന്നില്ല. ചിതയെരിയുന്ന മരണവീടിന് സമീപം ഞാനെത്തി. ആദ്യം കണ്ടയാളോട് ഞാൻ കാര്യം തിരക്കി.

ഹൃദയാഘാതമായിരുന്നു.ഇരുപത് വർഷം മുമ്പ് ബൈപാസ് സർജറി നടത്തിയതാണ് - ഡോക്ടർമാർ പത്തു വർഷമാണ് പറഞ്ഞത് ഇക്കഴിഞ്ഞ പത്ത് വർഷം പുള്ളിക്ക് ബോണസായിരുന്നു. ബാലൻ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്നു.അതു പോലെത്തന്നെ ഞങ്ങളും.

എന്നെ ആർക്കും അറിയാത്തതുകൊണ്ട് ഞാൻ കൂടുതൽ ആരോടും സംസാരിക്കാൻ നിന്നില്ല. എരിയുന്ന ചിതയ്ക്കരികിൽ ഒരു വേള കണ്ണടച്ച് നിന്ന് ഞാൻ തിരികെ നടന്നു.

കുറേ നാളായി എന്നെ അലട്ടിയിരുന്ന  സമസ്യയ്ക്കുള്ള ഉത്തരം കിട്ടി. ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാകാം.
എങ്ങനെ മറ്റുള്ളവരെ പ്രചോദിപ്പിക്കാം, ഞാനെന്ന ഭാവമില്ലാതെ എങ്ങനെ മറ്റുള്ളവരുമായി ഇടപഴകാം,
സ്വയം പ്രകാശിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എങ്ങനെ പ്രകാശം പരത്താം.

ജീവിതത്തിന്റെ നിസ്സാരതയെയും ക്ഷണഭംഗുരതയും തിരിച്ചറിഞ്ഞാൽ ആർക്കും ശാന്തനെ പോലെയാകാം.

No comments:

Post a Comment