ഇനിയിപ്പോൾ എത്രകാലം ഈ കാലമാടനെ സഹിക്കണം.ജോലിക്ക് പോകുമായിരുന്നെങ്കിൽ പകൽ സഹിക്കേണ്ടിവരില്ലായിരുന്നു.ഇതിപ്പോൾ എവിടെയും പോകുകയും ഇല്ല....
സുനന്ദ സ്വയം പുലമ്പിക്കൊണ്ടിരുന്നു.
സുകുമാരൻ ഒട്ടും വിട്ടു കൊടുക്കില്ല.അത് അയാളുടെ കൂസലില്ലാത്ത മാനറിസത്തിലും ചില ഒളിഞ്ഞു തെളിഞ്ഞുമുള്ള ഡയലോഗുകളിലും വ്യക്തമാണ്.
" ആണിൻ്റെ വിലയെന്താണെന്നവളറിയണം."
കുടുംബക്കാരെയൊക്കെ വെറുപ്പിച്ച് നടന്ന പ്രേമവിവാഹമായിരുന്നു.ഇരുമെയ്യായി കഴിയുന്ന ദമ്പതികളായിമാറാൻ അധിക കാലം വേണ്ടി വന്നില്ല.
ഞാനീ മനുഷ്യൻ്റെകൂടെയാണല്ലോ ദൈവമെ ഇറങ്ങിത്തിരിച്ചത്, എന്ന് സുനന്ദയും തനിക്ക് പറ്റിയ അബദ്ധത്തിൽ സ്വയം പഴിച്ച് സുകുമാരനും നീങ്ങി.
രണ്ടു കുട്ടികൾ മിടുമിടുക്കരാണ്.അച്ഛനെന്നാൽ ജീവനാണവർക്ക്.അമ്മയെന്നാലോ കാണപ്പെട്ട ദൈവവും. കുട്ടികളെ സോപ്പിട്ട് കൊണ്ടു നടക്കുന്നുവെന്ന് സുനന്ദയും കുട്ടികളെ വഴിപിഴപ്പിക്കുന്നുവെന്ന് സുകുമാരനും വാദിക്കും.
സുനന്ദയ്ക്ക് ആകെയുള്ള ആശ്വാസം ചില സുഹൃത്തുക്കളാണ്.ശാലിനി എന്നും വിളിച്ച് ആശ്വസിപ്പിക്കും.സുനന്ദയുടെ ഭാഗ്യദോഷത്തിൽ പരിതപിക്കും.കൂടുതൽ താന്നു കൊടുത്തിട്ടാ മണ്ടയിൽ കയറിയതെന്ന് സ്നേഹ പൂർവ്വം ശാസിക്കും.തൻ്റെ ഭർത്താവിൻ്റെ സൽഗുണങ്ങളെ പ്രകീർത്തിക്കും ആദർശവാനായ ഭർത്താവിൻ്റെ മാതൃക തൻ്റെ ഭർത്താവിലൂടെ അവർ വരച്ച് കാണിക്കും.
ഇതൊക്കെ കഴിയുമ്പോൾ സുനന്ദയ്ക്ക് തെല്ല് ആശ്വാസം കിട്ടും.താൻ ആത്മഹത്യ ചെയ്യാതിരിക്കുന്നത് ശാലിനിയെപ്പോലുള്ള സുഹൃത്തുക്കൾ ഉള്ളതു കൊണ്ടാണെന്ന് സുനന്ദ പലയിടത്തും പറഞ്ഞിട്ടുണ്ട്.
കൂടുതൽ കൊഞ്ചിച്ചതു കൊണ്ട് തലയിൽ കയറിയാതാണെന്നും ഭാര്യയെ വരച്ച വരയിൽ നിർത്താൻ കഴിയാത്തതാണ് നിൻ്റെ പരാജയമെന്നും ഭഗീരഥൻ തൻ്റെ അനുഭവത്തിൽ നിന്ന് സുകുമാരന് വിവരിച്ചു കൊടുക്കും.
തൻ്റെ സൂഹൃത്തുക്കളോട് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു കൊണ്ട് സുകുമാരൻ തൻ്റെ ആൾബലവും ആത്മ വിശ്വാസവും സുനന്ദയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും.
വാട്സാപ്പിൽ തനിക്ക് വരുന്ന മെസേജുകൾ കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് സുനന്ദയും തനിക്കും കുറേ സുഹൃത്തുക്കൾ ഉണ്ടെന്നും അവരൊക്കെ നല്ല തമാശക്കാരാണെന്നും ജീവിതത്തെ നല്ല അർത്ഥത്തിൽ കാണുന്നവരാണെന്നും താൻ അവരുടെ സംസർഗ്ഗത്തിൽ സന്തോഷവതിയാണെന്നും സുകുമാരനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഇത്തരം ചെയ്തികൾ ഇരുവരുടെയും അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും അത് പാത്രങ്ങളുടെ ഒച്ചയായും ഉയർന്ന വോള്യത്തിലുള്ള ടെലിവിഷൻ അന്തി ചർച്ചയായും ബഹിർഗമിച്ചു.
അങ്ങനെയിരിക്കെയാണ് ലോക്ക് ഡൌൺ രണ്ടാം ഘട്ടത്തിലെത്തുന്നത്.ഇത് ഇരുവരെയും തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്.ഇനിയിപ്പോൾ എത്രകാലം സഹിക്കണമെന്ന് ഇരുവരും വിചാരിച്ച് വിഷമിച്ചു.
സുകുമാരനുള്ളതു കൊണ്ട് വീട്ടമ്മയായ സുനന്ദയ്ക്ക് വീട്ടിലെ സഞ്ചാര സ്വാതന്ത്ര്യമുൾപ്പടെ പലതും നഷ്ടമാകുന്നതു പോലെ ഒരാളിങ്ങനെ ശവം കാക്കുന്നതു പോലെ ഇരിക്കുമ്പോഴെങ്ങനെയാ സ്വസ്ഥമായിട്ടിരിക്കുന്നത്.
സുകുമാരനാണെങ്കിൽ ചില നേരമെങ്കിലും വീട്ടിലെ ഭക്ഷണമുപേക്ഷിച്ച് വേലായുധൻ്റെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് തനിക്ക് വീട്ടിലെ ചായ തന്നെ വേണമെന്നൊന്നുമില്ല എന്നും സുനന്ദ ഉണ്ടാക്കുന്ന ചായ മടുത്തെന്നും കാണിക്കാനുള്ള അവസരവും ഇല്ല.
ഇരുവരും പരസ്പരം കൊട്ടാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തി.തൻ്റെ പങ്കാളി ശബ്ദം താഴ്ത്തി പറയുന്നതൊക്കെ തൻ്റെ കുറ്റങ്ങളാണെന്നും ഇതിനൊക്കെ കാരണക്കാർ സുഹൃത്തുക്കളാണെന്നും ഇരുവരും ബലമായി വിശ്വസിച്ചു.
ഉച്ചത്തിലുള്ള സംഭാഷണത്തിൽ സുഹൃത്തുക്കൾ ഓരോരുത്തരെയും വളരെയധികം സ്നേഹിക്കുന്നതായും അത്രയ്ക്ക് ആത്മാർത്ഥമായ സുഹൃദ് ബന്ധമാണ് ഓരോരുത്തരുടേതെന്നും മറ്റെയാളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.
സുകുമാരൻ തുണി സ്വയം കഴുകിയിടും തൻ്റെ ഒരു കാര്യവും സുനന്ദ ചെയ്യേണ്ടതില്ലെന്ന് സുകുമാരൻ.അതേ പോലെത്തന്നെ തൻ്റെ ഒരാവശ്യവും സുനന്ദ സുകുമാരനെ ആശ്രയിക്കാറില്ല.അതിനൊക്കെയള്ള വരുമാനം തയ്യലിലൂടെ സുനന്ദ സ്വയം ഉണ്ടാക്കും.
ലോക്ക് ഡൌൺ കാലം ദുരിത കാലമെന്ന് മനസ്സിൽ കരുതി ഇരുവരും വീർപ്പു മുട്ടി ജീവിച്ചു.
മക്കളാണ് ഈ കാലത്ത് അടിച്ചു പൊളിച്ചത്.അവർക്ക് വീട്ടിൽ അച്ഛനെയും അമ്മയെയും ഒന്നിച്ചു കിട്ടിയ അപൂർവ്വ ദിവസങ്ങളായിരുന്നു.ഞായറാഴ്ച പോലും വീട്ടിലിരിക്കാത്ത അച്ഛനതാ ഏതു സമയത്തും പൂമുഖത്തിരിപ്പുണ്ടാകും.
സ്കൂളിലും പോകേണ്ട അച്ഛനെയും അമ്മയെയും മാറിമാറി കളിയാക്കിയും ദേഷ്യം പിടിപ്പിച്ചും അവർ ബ്രേക്ക് ദ ചെയിൻ ചങ്ങലയുടെ കാലത്ത് ചങ്ങലകളെ ബന്ധിപ്പിക്കുന്ന കണ്ണികളായി മാറി.
ഇതിനിടയിൽ സുകുമാരൻ എവിടെ നിന്നോ ഒരു വലിയ ചക്ക കൊണ്ടു വന്ന് വച്ചു. എൻ്റെ പട്ടി കറി വയ്ക്കുമെന്ന ഭാവത്തിൽ ഒരു ദിവസം പിടിച്ചു നിന്ന സുനന്ദ രണ്ടാം ദിവസം ചക്ക മുറിക്കുക തന്നെ ചെയ്തു.ചക്ക ചുള കുരുകളായാൻ പിള്ളേരെ വളിച്ച് കൂട്ടിയ സുനന്ദ കുട്ടികളോട് പറഞ്ഞു
" കുറച്ച് ചക്ക ചൊറിയും കുത്തിയിരിക്കുന്ന അച്ഛന് കൊണ്ടക്കൊട് ചൊള കളയെട്ടെ."
ചക്കച്ചുളകൊടുത്ത് തിരികെ വരുന്ന മോളോട് അൽപം ശബ്ദം ഉയർത്തി സുനന്ദ പറഞ്ഞു കുരു കളഞ്ഞാ മതി മുഴുവൻ തിന്ന് തീർത്തേക്കല്ലെന്ന് പറയണം.
അച്ഛാ തിന്നരുത് കുരു കളഞ്ഞാ മതിയെന്ന് പെണ്ണ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അത് സുകുമാരൻ്റെ ചെവിയിലൂടെ ചെന്ന് താഴെ ഹൃദയവും കടന്ന് എവിടെയോ പോയി കുടുങ്ങിക്കിടന്നു.
വൈകുന്നേരം പുഴുങ്ങുന്ന ചക്കയുടെ മണം സുകുമാരൻ്റെ നാസാരൻ്ധ്രങ്ങളെ തുളച്ച് അകത്ത് കടന്നു.ഗാംഭീര്യം വിടാതെ സുകുമാരൻ കാത്തിരുന്നു.
മക്കൾക്കും സുകുമാരനുമുള്ള ചൂട് പുഴുക്ക് വിളമ്പിവെച്ച് സുനന്ദ അടുക്കളയിലേയ്ക്ക് പോയി.അഭിപ്രായങ്ങളൊന്നും പറഞ്ഞില്ലെങ്കിലും സുകുമാരൻ ഇഷ്ടത്തോടെ കഴിച്ചു.
ഇതിനിടയിൽ സുനന്ദയുടെ ഫോൺ ചിലച്ചു.അവൾ എടുത്തില്ല.
കഴിക്കുന്നതിനിടയിൽ സുകുമാരൻ്റെ ഫോണും ചിലച്ചു.സാധാരണ ചാടി വീഴാറുള്ള സുകുമാരൻ ഫോൺ എടുത്തില്ല.ഇതിനിടയിൽ വേറൊരു പ്ലേറ്റിൽ സുനന്ദ കുറച്ച് പുഴുക്ക് മേശയിൽ വച്ചിട്ട് പോയി.
എഴുന്നേക്കാൻ തുടങ്ങിയ സുകുമാരനോട് മോള് പറഞ്ഞു.
" അച്ഛാ പുഴുക്ക് ഇനിയും വേണ്ടേ."
" വേണ്ട മോളെ അമ്മയ്ക്ക് ഉണ്ടാവില്ല."
ഇത് കേൾ ക്കേണ്ട മാത്രയിൽ അടുക്കളയിൽ നിന്ന് സുനന്ദ പറഞ്ഞു
"ഇവിടെ വേറെ ഇണ്ട്."
ഇത് കേൾക്കാതെ സുകുമാരൻ എഴുന്നേറ്റ് കൈകഴുകി.
ഏമ്പക്കം വിടുന്ന ശബ്ദം സുകുമാരൻ പിടിച്ച് നിർത്തിയില്ല.
ടി വിയിൽ വാർത്താ സമ്മേളനത്തിനിടയിൽ ലോക്ക് ഡൌൺ നീട്ടിയ വാർത്ത വന്നു.
" അച്ഛാ ഇനിയും ഉണ്ട് ലോക്ക് ഡൌൺ" ?
" കഷ്ടം തന്നെ മോളെ അച്ഛന് ജോലിക്ക് പോയില്ലെങ്കിലെങ്ങനെയാ."
" അച്ഛൻ പോണ്ടച്ഛാ ഇനിവിടെത്തന്നെ ഇരുന്നാ മതി."
സാധാരണഗതിയിൽ ഇത്തരം സംഭാഷണങ്ങൾക്കിടയിൽ സുനന്ദയുടെ അമർത്തിയുള്ള ഒരു മൂളലെങ്കിലും മക്കളും സുകുമാരനും പ്രതീക്ഷിക്കുന്നുണ്ട്.അതന്നുണ്ടായില്ല.
പുറത്തിറങ്ങിയ സുകുമാരൻ സുനന്ദ നട്ട കോവലിൻ്റെ വള്ളി തൂങ്ങി നിൽക്കുന്നതു കണ്ട് മക്കളെയും കൂട്ടി ഒരു ചെറിയ പന്തലുണ്ടാക്കാൻ കോപ്പു കൂട്ടി.കെട്ടാൻ വള്ളി തിരഞ്ഞു നടന്ന മക്കളുടെ മേത്തേയ്ക്ക് സുനന്ദ കയർ എറിഞ്ഞു കൊടുത്തു.പന്തല് പൂർത്തിയാക്കിയ സുകുമാരൻ കോവൽ നനച്ചിട്ടാണ് സ്ഥലം വിട്ടത്.
സുകുമാരന് തലയിൽ നിന്ന് എന്തോ ഇറക്കി വച്ചതു പോലെ തോന്നി.
ലോക്ക് ഡൌൺ കാലം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.മക്കളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.വീട്ടിൽ വളരെ ക്കാലമായി കാണാത്ത എന്തോ ഒരു മാറ്റം അവർക്ക് അനുഭവവേദ്യമായി.
ആകെ ടെൻഷനിലായത് ഭഗീരഥനും ശാലിനിയുമാണ്.
സുകുമരനും സുനന്ദയ്ക്കും ആശ്വാസമേകാൻ അവർ വിളിക്കുമ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആണ്.
ചെറുമകൾ അച്ഛൻ്റെ മടിയിലിരുന്നു ചോദിച്ചു.
"ലോക്ക് ഡൌൺ എപ്പോഴെങ്കിലും തീരുവോ അച്ഛാ...."
" ലോക്ക് ഡൌൺ ഇനി തീരൂല്ല മക്കളേ....." എന്ന സുകുമാരൻ്റെ മറുപടിയെത്തുടർന്ന് അകത്ത് സുനന്ദയുടെ പൊട്ടിച്ചിരി ഉയർന്നു.
ആ ചിരിയിൽ സുകുമാരനും പങ്കു ചേർന്നതോടെ ആ വീട്ടിൽ സന്തോഷത്തിൻ്റെ ഒരിക്കലും അവസാനിക്കാത്ത അലയൊലികൾ ഉയർന്നു പൊങ്ങി.