എൻറെ എസ് എസ് എൽ സി പരീക്ഷാഫലം ഞാനൽപം നേരത്തേ അറിഞ്ഞിരുന്നു.തിരുവനന്തപുരം കാരനായ എൻറെ ഗുരുനാഥൻ മോഹനൻ മാഷ് എങ്ങനെയോ അന്നത് നേരത്തേ അറിഞ്ഞിരുന്നു.ഒരു ദിവസം വീട്ടിൽ വാതിൽ മുട്ടുന്നതു കേട്ട് നോക്കിയപ്പോൾ സാറാണ്.
മാർക്കറിഞ്ഞോ എത്ര കിട്ടും ? സ്വതസിദ്ധമായ ചിരിയോടെ,മാഷ്.
മാർക്ക് അറിയാൻ പോകുന്ന അമ്പരപ്പിൽ, ഞാൻ.
$@# കേട്ടോ .....
ഞാൻ പ്രതീക്ഷിച്ചതിലും അൽപം കൂടുതലാണ്.
ഇത് എൻറെ മുഖത്തു നിന്ന് വായിച്ചെടുത്ത മാഷ് നേരെ തിരിഞ്ഞു നടന്നു.
എന്തെങ്കിലും പറയാനാകുന്നതിന് മുന്നേ സാർ റോഡിലെത്തിയിരുന്നു.
പരീക്ഷാഫലം നേരിട്ട് അറിയിക്കാൻ വന്നതായിരുന്നു മാഷ്.
കുട്ടികളോട് വല്ലാത്ത അറ്റാച്ച്മെൻറാണ് സാറിന്.ഇത് എൻറെ മാത്രം അഭിപ്രായമല്ല എൻറെ പഴയകാല സുഹൃത്തുക്കൾ പലരും മാഷെപറ്റി ഇതേ അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്.
കുടുംബം അങ്ങ് തെക്കേ അറ്റത്താണെങ്കിലും ഇങ്ങു ദൂരെ കർണ്ണാടാതിർത്തിയിലുള്ള കുട്ടികൾക്ക് കൊടുക്കാനുള്ളതിൽ മാഷ് ഒട്ടും തന്നെ കുറവ് വരുത്തിയിരുന്നില്ല.
ഈ ബാച്ചിനെ എനിയ്ക്ക് ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സാർ കുറ്റ ബോധത്തോടെ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
എനിയ്ക്ക് സാർ പത്താം ക്ലാസ്സിൽ പ്രത്യേക ട്യൂഷൻ തരപ്പെടുത്തിയിരുന്നു.വൈകുന്നേരങ്ങളിലായിരുന്നു അത്.അതെൻറെ കളി സമയങ്ങൾ അപഹരിച്ചിരുന്നതിൽ അന്ന് ഞാൻ അസ്വസ്ഥനായിരുന്നു.ഇന്ന് പക്ഷെ ഞാൻ ആ വലിയ, മനസ്സിനെ ആദരപൂർവ്വം സ്മരിക്കുന്നു.
വളരെ കുറച്ച് കുട്ടികൾ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ ബാച്ചിന് പരീക്ഷയോടനുബന്ധിച്ച് മോഹനൻ മാഷ് ഒരു ക്രാഷ് കോഴ്സ് നടത്തിയതും ഞാനോർക്കുന്നു.ഹിന്ദി ഇംഗ്ലീഷ് വിഷയങ്ങളിൽ.ഒടുവിൽ ക്ലാസ്സ് കഴിഞ്ഞ് പരീക്ഷയ്ക്ക് പിരിയുമ്പോൾ വയറു നിറയെ പലഹാരവും ചായയും.
വ്യക്തിപരമായ കാരണങ്ങളാൽ സാറിന് ആ വർഷം കുറച്ചധികം അവധി എടുക്കേണ്ടി വന്നിരുന്നു. പാഠങ്ങളൊക്കെ സമയത്തിന് തീർത്തു തന്നുവെങ്കിലും മോഹനൻ മാഷ് ഞങ്ങളെയോർത്ത് അന്ന് അസ്വസ്ഥനായിരുന്നു.
ഒരദ്ധ്യാപകൻ വിദ്യാർത്ഥികളെ ഓർത്ത് അസ്വസ്ഥനാകുമ്പോഴാണ് അദ്ദേഹം നല്ല അദ്ധ്യാപകനാകുന്നതത്രെ.
വിദ്യാർത്ഥികളെ പറ്റി ഉയർന്ന പ്രതീക്ഷകൾ വച്ച് പുലർത്തുകയും അവരെ സ്വന്തം മക്കളെ പോലെ കരുതുകയും അവരുടെ പഠനകാര്യത്തിൽ സദാ അസ്വസ്ഥനാകുകയും ചെയ്തിരുന്ന മോഹനൻ മാഷെ ഈ എസ് എസ് എൽ സി പരീക്ഷാഫലം പുറത്തു വന്ന അവസരത്തിൽ ഞങ്ങൾ പൂർവ്വകാല വിദ്യാർത്ഥികൾ ഓർക്കുന്നു.(തമ്പാൻ,ഗംഗാധരൻ,കുഞ്ഞികൃഷ്ണൻ)
No comments:
Post a Comment