പഞ്ചായത്ത് വകുപ്പിലെ ഭീഷ്മാചാര്യനെന്നു വിശേഷിപ്പിക്കാവുന്ന കണ്ണേട്ടൻ @ എം കണ്ണൻ നായർ മുപ്പത്തിരണ്ടര വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക പദത്തിൽ നിന്ന് സേവന നിവൃത്തനാകുകയാണ്.മഹാകവി പി കുഞ്ഞിരാമൻ നായരുടെ ചെറുമകനും സ്വതന്ത്ര സമര സേനാനി പൊറവങ്കര ശങ്കരൻ നായരുടെ മകനുംസർവ്വോപരി സഹൃദയനുമായ അദ്ദേഹത്തിൻറെ വിരമിക്കൽ ഒരു യുഗാന്ത്യം തന്നെയാണ്.കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലെ പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ തസ്തികയിൽ നിന്ന് 30/04/2019 ന് വിരമിക്കുന്നു.
വകുപ്പിലെ പഴയകാല പ്രമുഖരുടെ നിരയിൽ അവസാന കണ്ണിയാണ്.ആധുനിക പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വരുന്നതിന് മുമ്പുള്ള പഴയ കാലത്തെ നന്മയുടെ പൂങ്കുലകൾ നെഞ്ചോടു ചേർത്ത് നവപഞ്ചായത്തു ജീവികളു മായി കൈകോർത്ത് ഹൃദ്യമായ പെരുമാറ്റവും അസാമാന്യ സംഘടനാ പാടവവും കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച വ്യക്തിത്വമാണ് കണ്ണേട്ടൻ.
എനിക്ക് ഇഷ്ടപ്പെട്ടവരെ ഞാൻ കണ്ണനെന്നാണ് വിളിക്കാറ്.അതുകൊണ്ട് തന്നെ ഏറെ ഇഷ്ടത്തോടെയാണ് ഞാൻ കണ്ണേട്ടാ എന്ന് വിളിക്കാറ്.ആ വിളികൾ ഒരിക്കലും പാഴായിരുന്നില്ല.ഒരു സഹോദരനു ലഭിക്കേണ്ട കരുതലും തലോടലും ശാസനയും എനിക്ക് സുലഭമായി ലഭിച്ചു വരുന്നു.
എൻറെ കുട്ടിക്കാലം മുതലേ അച്ഛൻ മുഖാന്തിരം പഞ്ചായത്തുകൾ എനിക്ക് പരിചിതമായിരുന്നു.കമ്പ്യുട്ടറുകൾക്ക് മുന്നേ കമ്പ്യൂട്ടറുകളെ വെല്ലുന്ന കണക്കുകളിലെ കൃത്യതയും ജോലിയിലെ കൃത്യനിഷ്ഠയും സർവ്വോപരി പരസ്പര ബഹുമാനവും ദൃഢമായ സൗഹൃദങ്ങളും പഞ്ചായത്തുകളുടെ മുഖമുദ്രയായിരുന്നു.തച്ചൻറെ കോംപ്ലക്സ് അന്നുള്ളവർ വച്ചു പുലർത്തിയിരുന്നില്ല.ഒരു വഴികാട്ടിയായും ശുഭ ചിന്തകനായും മാറിനിന്ന് ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആ പഴമയുടെ പാഠങ്ങൾ തന്നെയാണ്.
മൊഗ്രാൽ പുത്തൂരിലെ അദ്ദേഹത്തിൻറെ സേവനം ഇതിനൊരു നിദർശനമാണ്.ടീം ജയിക്കണമെങ്കിൽ ക്യാപ്റ്റൻ സെഞ്ചുറി അടിക്കണമെന്നില്ല.ടീമിൻറെ വിജയത്തിൽ എല്ലാവരും പങ്ക് വഹിക്കണം അതിനവർക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവുമുണ്ടാകണം.താൻ സെഞ്ചുറി അടിച്ചില്ലെങ്കിൽ ടീം തോറ്റോട്ടെ എന്ന ചിന്ത അത്യന്തം വികലവും ദോഷകരവുമാണെന്നതാണ് വസ്തുത.ഇത്തരുണത്തിൽ കണ്ണേട്ടൻറെ നേതൃപാടവംഅനുപമമാണ്. അദ്ദേഹത്തിൻറെ ടീമംഗങ്ങൾ സ്വതന്ത്രരാണ്, സന്തുഷ്ടരാണ് അതുകൊണ്ടു തന്നെ നേതൃത്വം ഫലപ്രദവുമാണ്.
കണ്ണേട്ടനൊത്തുള്ള യാത്രകൾ അനുഭവപാഠങ്ങളാണ്.ട്രെയിൻ സമയങ്ങളും ഭക്ഷണ ശാലകളും വിശ്രമ കേന്ദ്രങ്ങളും അദ്ദേഹത്തിൻറെ വിരൽ തുമ്പത്താണ്.കാഴ്ചയിൽ പഴഞ്ചനെന്ന് തോന്നിക്കുമെങ്കിലും ഫോണിൻറെ ഇക്ണീസുകളെല്ലാം (ഇത് അദ്ദേഹത്തിൻറെ ഒരു പ്രയോഗമാണ് അതായത് techniques) നല്ലവശമാണ്.ഒരു ഐ എസ് ഒ കൺസൾട്ടൻറിൻ്റെ അഭിപ്രായം കടമെടുത്താൽ ''പുള്ളീടെ അൾട്രാമോഡേൺ വർക്കും പക്കാ നാടൻ ലുക്കുമാണ്.''
പരിശീലന പരിപാടികളിലെ സംഘാടക മികവ് അദ്ദേഹത്തെ കിലയിലെ പരിശീലന പരിപാടികളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാക്കുന്നു.''കിലാകാരൻ'' എന്ന് ഞാൻ തമാശയ്ക്ക് വിളിക്കുന്നതും വെറുതേയല്ല.പരിശീലന പരിപാടികളുടെ ചിട്ടയായ നടത്തിപ്പും സമയക്രമീകരണവും,ക്ലാസ്സുകളുടെ വസ്തു നിഷ്ഠമായ വിലയിരുത്തലുകളും ശ്രദ്ധേയമാണ്.
വകുപ്പിലെ നിർണ്ണായകമായ ചില വഴിത്തിരുവകളിൽ കണ്ണേട്ടൻറെ ചെറുതല്ലാത്ത സംഭാവനകളുണ്ടായിട്ടുണ്ട്.ഐ എസ് ഒ സർട്ടിഫിക്കേഷൻ പരിശീലനം കില ഫാക്കൽട്ടി അംഗം,ഡിജിറ്റലൈസ്ഡ് മീറ്റിംഗ് മാനേജ്മെൻറിൽ പൂർണ്ണത കൈവരിച്ച കാസറഗോഡ് ജില്ലയുടെ നേട്ടം, പെർഫോമൻസ് ഓഡിറ്റ് മാന്യുവൽ സംസ്ഥാന തല പരിശീലന പരിപാടിയുടെ സൂത്രധാരൻ kpbr പരിശീലനം,ഉദ്യോഗ കയറ്റം ലഭിച്ച സെക്രട്ടറി മർക്കുള്ള പരിശീലനം ഇവ കണ്ണേട്ടൻറെ സംഭാവനകളിൽ ചിലത് മാത്രം.
കറകളഞ്ഞ സംഘടനാ പ്രവർത്തകനാണ്.അദ്ദേഹത്തെ എല്ലാവരും നായർ ചേർത്തുവിളിക്കുമെങ്കിലും സ്വയം കണ്ണൻ എന്നു മാത്രമേ മറ്റുള്ളവർക്ക് പരിചയപ്പെടുത്താറുള്ളൂ. വ്യക്തമായ നിലപാടുകൾ പലപ്പോഴും മറച്ചുവയ്ക്കാറില്ല.
ഔദ്യോഗിക ജീവിതത്തിലെ തീവ്രമായ വെല്ലുവിളികളും സംഘടനാ നേതൃത്വത്തിലെ അനുഭവപാഠങ്ങളും അദ്ദേഹത്തിന് ഉജ്വലമായ അടിത്തറയായുണ്ട്.
പരമ ഭക്തനാണ് തെക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുതൽ വടക്ക് മൂകാംബിക ക്ഷേത്രങ്ങളിലെ ചിട്ടവട്ടങ്ങൾ മനഃപാഠമാണ്.ഇഡ്ഡലി സാംബാർ ദോശ ചട്ടിണി എന്നിവ പ്രിയപ്പെട്ട ആഹാരമാണ്.അതുകൊണ്ട് കേരളത്തിലെ എല്ലാ ചെറുതും വലുതുമായ വെജിറ്റേറിയൻ ഹോട്ടലുകളുടെയും പട്ടിക പുള്ളിക്കാരൻറെ കൈയ്യിലുണ്ടാകും.
വീട്ടിൽ സ്നേഹ ധനനായ ഭർത്താവും അച്ഛനും അച്ചാച്ചനുമാണ്.ഭാര്യ കെ എസ് ഗീത, മക്കൾ ആരതി ശങ്കർ,ആതിര ശങ്കർ,പ്രദീപ് കെ ജി.ഇപ്പോൾ വീട്ടിലെ പുതിയ അംഗം ചെറുമകൻ കുഞ്ചുവിൻറെ ഇഷ്ടതോഴനായി കണ്ണേട്ടൻ വിലസുന്നു.
പ്രശസ്ത കഥകളി നടനും കോറിയോഗ്രാഫറും കഥകളി സ്കൂൾ ഡയറക്ടറുമായ കലാമണ്ഡലം ഗോപാലകൃഷ്ണനും മാതൃഭൂമിയുടെ സ്വന്തം ലേഖകൻ എം കുഞ്ഞിരാമനുംഉൾപ്പെടെ 5 സഹോദരങ്ങളാണ് കണ്ണേട്ടന്.
തുടക്കത്തിൽ ഈ വിരാമത്തിന് ഞാൻ ഔദ്യോഗികമെന്ന വിശേഷണം ചേർത്തത് യാദൃശ്ചികമല്ല.കണ്ണേട്ടൻ ഒരു പരിശീലകനായും വഴികാട്ടിയായും ഒരു പക്ഷെ ഒരു ജനപ്രതിനിധിയായും നമ്മുടെ ഇടയിലേയ്ക്ക് വന്നേക്കാം.ഔദ്യോഗിക ബന്ധനങ്ങളിൽ നിന്നുള്ള മുക്തി അദ്ദേഹത്തിന് മുന്നിൽ കൂടുതൽവിശാലമായ സാദ്ധ്യതകൾ തുറന്നിടും.അതുകൊണ്ട് സാധാരണ ഒരു വിടവാങ്ങലായി നമുക്കിതിനെ കാണാൻ കഴിയില്ല.
കണ്ണേട്ടൻറെ കൈയ്യിലെ സഞ്ചിയിൽ ഞങ്ങൾക്കായി കരുതിയിരിക്കുന്നതെന്തെന്ന് കതൂഹലത്തോടെ കാത്തിരിക്കുന്നു.
ഭാവിജീവിതം ഭാസുരമാകട്ടെ .........
No comments:
Post a Comment