Friday, July 31, 2020

മുത്തശ്ശി മാവ്


മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
മുത്തശ്ശിയ്ക്കെത്തറ വയസ്സായി
വിത്തു കിളിർത്ത്കുടഞ്ഞെഴുന്നേറ്റിട്ട്   
എത്തറ നാളു കഴിഞ്ഞു.
ചക്കര പായസം വെച്ചു വിളമ്പട്ടെ ഞാൻ
പുത്തനുടുപ്പു തരട്ടെ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ പക്ഷികൾ കൂടു കെട്ടീട്ടുണ്ടതിൽ 
എത്തറ മുട്ടവിരിഞ്ഞു.
ഇത്തിരി ചക്കര തന്നോട്ടെ 
ഞാനാ കുഞ്ഞിക്കിളികൾക്കു നൽകാൻ

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ കാലികൾ നിന്നുടെ ചോട്ടിൽ
 നിത്രാണംമാറ്റാൻ കിടന്നു.
ഇത്തിരി നേരം ഞാനുമിരിക്കട്ടെ 
മുട്ടിയ താപമകറ്റാൻ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ ജീവികൾക്കാവാസകേന്ദ്രം 
നിന്നുടെ നാലുപുറവും
ഇത്തിരി നേരം ഞാനും കളിച്ചോട്ടെ 
അണ്ണാറകണ്ണനുമൊത്ത്

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ മാമ്പഴം കൈനീട്ടി നൽകി നീ 
എത്തറ പേരതു തിന്നു.
ഇത്തിരി പോരുന്ന ജീവജാലങ്ങൾക്കതെത്തറ ജീവനം നൽകി.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
മാങ്ങാക്കൊതിയരാം പിള്ളേരെറിഞ്ഞു  
എത്തറ കല്ലും വടിയും,
എന്നിട്ടുമങ്ങോട്ടു നീ കൊടുത്തില്ലെ 
ചക്കരമാമ്പഴ മേറെ.

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എത്തറ ചക്കര പാവു കാച്ചി 
എത്തറ തേനു കലക്കി
ഇത്തറ നെയ്നിനക്കെങ്ങിനെ കിട്ടി 
മാങ്കനിയ്ക്കുള്ളിൽ നിറയ്ക്കാൻ

മുത്തശ്ശീ മുത്തശ്ശീ മാവു മുത്തശ്ശീ
എന്തു രുചിയാണെന്തു രസമാണ്
മാമ്പഴം തിന്നു നടക്കാൻ
അലിവുള്ള പ്രകൃതിതൻ വരദാനമത്രേ 
നിന്നുടെ മധുര ഫലങ്ങൾ

No comments:

Post a Comment