Saturday, July 25, 2020

" ഫ്രിക്കൻ "


ഫ്രീക്കനെ കുറേ ദിവസമായി പഞ്ചായത്താഫീസിൽ കണ്ടു വരുന്നു.കൊറോണ കാലമായതോടെ യാത്രാ തടസ്സം നേരിട്ടതുകൊണ്ടായിരിക്കാം.

മെലിഞ്ഞ പ്രകൃതമാണ് ഫ്രീക്കൻ്റേത് ഒട്ടിയവയർ പക്ഷെ ദാരിദ്ര്യം കൊണ്ടല്ല.കീറി പറിഞ്ഞ ' ജീൻസ് എപ്പോൾ വേണമെങ്കിലും അരയിൽ നിന്ന് ഊർന്നിറങ്ങാം,വീട്ടിൽ വേറേ ഇല്ലാഞ്ഞിട്ടല്ല.മുഷിഞ്ഞതുപോലെ തോന്നിക്കുന്ന ഷർട്ട്,അതും ഇല്ലായ്മകൊണ്ടാണെന്ന് തോന്നിക്കില്ല.മുഖ്യആകർഷണം തലമുടിയാണ്.തലയിലൊരു മുൾകിരീടം പോലെ.ഏതായാലും ' ഉണ്ണിയെ കണ്ടാലറിയാം ഊരിലെപഞ്ഞം എന്നു പറഞ്ഞതുപോലെ നമ്മുടെ ഫ്രീക്കനെ കണ്ടാലും പലതും ' വായിച്ചെടുക്കാൻ കഴിയും.സാധാരണ പഞ്ചായത്ത് ഓഫീസുകളിൽ കണ്ടു വരുന്ന രൂപങ്ങളിൽ നിന്ന് വ്യത്യസ്ഥമായതുകൊണ്ട് സെക്രട്ടറി ഉൾപടെയുള്ളവരുടെ ശ്രദ്ധയിൽ കക്ഷി ' പെട്ടിട്ടുണ്ട്.

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് അരിചാക്കിറക്കുമ്പോൾ കക്ഷി നോക്കി നിൽക്കില്ല.തൻ്റെ കൃശ ഗാത്രത്തിന് എത്രമേൽ ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടത് ഫ്രീക്കൻ്റെ ആവശ്യമായിരുന്നു.

പക്ഷെ ഒരു കാര്യം നിർബന്ധമാണ്. ഫോട്ടോ.എന്തു ചെയ്താലും അതിൻ്റെ ഒരു ഫോട്ടോ ആരെക്കൊണ്ടെങ്കിലും എടുപ്പിക്കും.ഓടിച്ചെന്ന് അതെങ്ങനെയുണ്ടെന്ന് നോക്കും. കോവിഡ് സെൻ്ററുകൾ വൃത്തിയാക്കാനും മറ്റത്യാവശ്യ ജോലികളിലെല്ലാം കക്ഷി സജീവ സാന്നിദ്ധ്യമാണ്.

കുറച്ചു ദിവസങ്ങളായി ഫ്രീക്കൻ സെക്രട്ടറിയെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ടെങ്കിലും നേരിട്ട് എന്തെങ്കിലും സംസാരിക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒന്നും സംസാരിച്ചില്ല.

അങ്ങനെയിരിക്കെയാണ് സെക്രട്ടറി തൻ്റെ ഫേസ് ബുക്ക് പേജിൽ ഒരു ഫ്രണ്ട്റിക്വസ്റ്റ് കണ്ടത്.സാക്ഷാൽ ഫ്രീക്കൻ തന്നെ.തൻ്റെ മുടിയുടെ മനോഹാരിത കാണത്തക്ക വിധം അൽപം ചെരിഞ്ഞ് രണ്ട് വിരലുകൾ ചെരിച്ച് പിടിച്ച ഒരു സ്റ്റെലൻ പ്രൊഫൈൽ ഫോട്ടോയും സെക്രട്ടറി മടിച്ച് നിന്നില്ല.റിക്വസ്റ്റ് സ്വീകരിക്കുകയും പോസ്റ്റുകൾ ഒന്നൊന്നായി മറിച്ച് നോക്കുകയും ചെയ്തു.അരിച്ചാക്കിറക്കുന്ന ഫോട്ടോയും ഓഫീസിലെ കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊക്കെ ഫ്രീക്കൻ മുഖം കാണിച്ചിട്ടുണ്ട്.

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതു കൊണ്ടാണോ എന്നറിയില്ല.അടുത്ത ദിവസം ഒരു ഗുഡ്മോണിംഗുമായി ഫ്രീക്കൻ സെക്രട്ടറിയ്ക്കടുത്തെത്തി.ആവശ്യം ചോദിച്ചപ്പോൾ പാസാണ് കാര്യം. വോളണ്ടിർ പാസ് വേണം ഫ്രീക്കന്.വാർഡ് നംപരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ സെക്രട്ടറി, മെംപറെ അറിയാമോ എന്നു ചോദിച്ചു.അയൽക്കാരിയാണെന്നും പറഞ്ഞു.
നോക്കട്ടെ എന്നു പറഞ്ഞു തത്കാലം പറഞ്ഞയച്ചു.ഒരടിപൊളി താങ്ക്യു പറഞ്ഞ് ഫ്രീക്കൻ സ്ഥലം വിട്ടു.

പുറത്ത് ഡ്യൂക്ക് സ്റ്റാർട്ടായി പറന്നു പോകുന്ന ശബ്ദം സെക്രട്ടറി അകത്തിരുന്ന് കേട്ടു.

ഏതായാലും ഫ്രീക്കൻ്റെ ആവശ്യം സെക്രട്ടറി പഞ്ചായത്ത് അംഗത്തോട് പറഞ്ഞു.പഞ്ചായത്ത് അംഗം സൈനബ ഇത് കേട്ട് ചിരി തുടങ്ങി.

എൻ്റെ സാറേ കൊടുത്തേക്കല്ലേ സാറേ.അവൻ്റെ വീട്ടിൽ ഉമ്മ മാത്രേ ഉള്ളൂ.കടേന്നൊരു പാക്കറ്റ് ചായപ്പൊടി വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാപ്പോലും അനുസരിക്കൂല്ല.എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഒപ്പിച്ചു കൊണ്ടുവരും.ഉപ്പ ഗൾഫിലാണ്.അവൻ്റെ എളേതൊരു പെണ്ണാണ്.ഈ രണ്ടിനെയും വെച്ച് ഓൻ്റെ ഉമ്മ പെടണപെടാ പാട് ഞങ്ങൾക്കേ അറിയൂ.ഉപ്പ ഇടയ്ക്ക് വിളിച്ച് ഉപദേശിക്കും.അനുസരണാന്ന് പറയുന്നത് തൊട്ട് തീണ്ടിയിട്ടില്ല.വളണ്ടിയറാകാനൊന്നുമല്ല സാറേ.വണ്ടിയിൽ ചുറ്റിയടിക്കാനാണ്.പാസ് കൊടുത്താപിന്നെ ബാക്കി പൊല്ലാപ്പിന് നമ്മള് സമാധാനം പറേണ്ടവരും.
ഒറ്റ ശ്വാസത്തിന് മെംപർ സൈനബ പറഞ്ഞ് നിർത്തിയ വിവരണം കേട്ടതോടെ സെക്രട്ടറിയ്ക്ക് കാര്യം ബോദ്ധ്യമായി.

അടുത്ത ദിവസം രാവിലെ പാസിനായി ഓഫീസിൽ വന്ന ഫ്രീക്കനെ ആവശ്യത്തിന് വളണ്ടിയർമാരായിയെന്നും ഇനി അവസരം വന്നാൽ അറിയിക്കാമെന്നും പറഞ്ഞ് തിരിച്ചയച്ചു.അൽപം നീരസത്തോടെ താങ്ക്യു പറയാൻ നിക്കാതെ ഫ്രീക്കൻ പുറത്തിറങ്ങി ഡ്യൂക്ക് സ്റ്റാർട്ട് ചെയ്ത് സ്ഥലം വിട്ടു.ഡ്യൂക്കിൻ്റെ പോക്കിൽ സെക്രട്ടറിയ്ക്കൊരു പന്തികേട് തോന്നിയിരുന്നു.

ഫേസ് ബുക്കിൽ സെക്രട്ടറിയെ ടാഗ് ചെയ്ത് ഫ്രീക്കൻ്റെ വക കുറേ പോസ്റ്റുകൾ കണ്ട് സെക്രട്ടറി ഞെട്ടി. എല്ലാം പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ്.അതിഥി തൊഴിലാളികളെ പാർപ്പിച്ച സ്കൂളിലെ അസൌകര്യങ്ങളും,ഭക്ഷണമെത്താൻ വൈകിയതും,അരി ഭക്ഷണം ഇഷ്ടമല്ലാത്ത അതിഥി തൊഴിലാളികൾക്ക് ചപ്പാത്തി കൊടുക്കാത്ത കാര്യവും,കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിൽ കാലതാമസ മുണ്ടാകുന്നതും, ക്യാമ്പിൽ മാസ്ക് വിതരണം നടത്താത്ത കാര്യവുമൊക്കെ ഉണ്ട്.എല്ലാം പഞ്ചായത്തധികൃതരുടെ അനാസ്ഥയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.അതിഥിതൊഴിലാളികളുടെ ചെറിയ പ്രശ്നം പോലും കക്ഷി അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.സോപ്പ് തീർന്നതും മാസ്ക് കിട്ടാത്തതും എന്നു വേണ്ട ചെറിയ പ്രശ്നങ്ങൾ പോലും ഫേസ് ബുക്കിൽ വിഷയമായി.

 ഫ്രീക്കന് പാസ് കൊടുക്കാത്തതിൽ സെക്രട്ടറിയ്ക്ക് സ്വയം പഴിച്ചു.

പിന്നീട് കുറേ ദിവസത്തേയ്ക്ക് ഫ്രീക്കനെ കാണാനില്ലായിരുന്നു.ഫേസ് ബുക്കിൽ പോസ്റ്റുകളും കാണാനില്ല.സെക്രട്ടറി മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ പിന്നെ ഇതൊന്നും അന്വേഷിക്കാനും നിന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ഫ്രീക്കൻ പഞ്ചായത്താഫീസിന് പുറത്ത് പ്രത്യക്ഷപ്പെട്ടു.മട്ടിലും ഭാവത്തിലും സാരമായ മാറ്റങ്ങളുണ്ട്.ഫ്രീക്കൻ തലമുടിയുടെ ഫ്രീക്ക്നസ് ഒന്നും ഇല്ല.ആകെ ഒരു വിഷാദഭാവം.സെക്രട്ടറി ഫ്രീക്കനെ മുറിയിലേയ്ക്ക് വിളിക്കുകയും കാരണമാരായുകയും ചെയ്തു.നിറ കണ്ണുകളോടെയാണ് ഫ്രീക്കൻ വിഷയമവതരിപ്പിച്ചത്.

സാർ, ഉപ്പയ്ക്ക് കോവിഡാണ്.ദുബായിലാണ്.ഉപ്പ താമസിക്കുന്നത് ചെറിയ ഒരു മുറിയിലാണ്.ആ ഒറ്റമുറിയിൽ ഇന്ത്യാക്കാരും പാക്കിസ്ഥാൻകാരും ബാംഗ്ലാദേശുകാരുമൊക്കെയുണ്ട്.കഴിഞ്ഞ ദിവസം ബാപ്പയുടെ ഒരു സുഹൃത്ത് ആ മുറിയുടെ ഫോട്ടോ അയച്ചു തന്നിരുന്നു.ആശുപത്രിയൽ പോലും പോകാൻ കഴിയാതെ ആ പത്തു പേരും ആ ഒറ്റമുറിയിൽ തുണിവിരിച്ച് കിടക്കുന്നു.ആശുപത്രിയിൽ ചെന്നപ്പോൾ പനിയുടെ ഗുളിക കൊടുത്തു വിട്ടുവത്രെ.

സാർ, ദുബായിൽ കുറേ പേർ കോവിഡ് ബാധിച്ച് മരിച്ചു.എൻ്റെ ഉപ്പ……..

ഫ്രീക്കനെ എങ്ങനെ പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ സെക്രട്ടറി വിഷമിച്ചു.ഒന്നും സംഭവിക്കില്ലെന്നും വിശുദ്ധ റംസാൻ കാലത്ത് മനമുരുകി പ്രാത്ഥിച്ചാൽ മതിയെന്നൊക്കെ പറഞ്ഞു നോക്കി.

സോറി സർ, നമ്മൾ എത്ര കാര്യമായിട്ടാണ് അതിഥി തൊഴിലാളികളെ നോക്കുന്നത്.ഭക്ഷണം കൊടുക്കുന്നു.ദിവസവും ഹെൽത്ത് ഇൻസ്പെക്ടർ അവരുടെ ക്യാമ്പിൽ പോയി ആരോഗ്യ വിവരം അന്വേഷിക്കുന്നു.എന്നിട്ടും ഞാനതിനെ മോശമായി എൻ്റെ ഫേസ് ബുക്കിൽ ഇട്ടു.അതേ സമയം എൻ്റെ ബാപ്പ ദുബായിൽ എത്ര ബുദ്ധിമുട്ടിലാണ് ഇപ്പോഴുള്ളത്.സാർ മാപ്പാക്കണം.ഇനിയൊരിക്കലും ഞാനിതാവർത്തിക്കൂല്ല. ഫ്രീക്കൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സെക്രട്ടറിയും ഗദ്ഗദകണ്ഠനായി പറഞ്ഞു.

മോനേ നീ നിൻ്റെ തെറ്റുകളൊക്കെ മനസ്സിലാക്കിയതു തന്നെ വളരെ നല്ല കാര്യം.നിന്നെയോർത്ത് വിദേശത്ത് വിഷമിക്കുന്ന ബാപ്പയെയും നിന്നെ നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കുന്ന നിൻറെ ഉമ്മയെയും നീ തിരിച്ചറിഞ്ഞുവല്ലോ.ഇപ്പോഴാണ് നീ ശരിക്കും വളണ്ടിയർ പാസിന് അർഹനായത്.നാളെ ഈ തലയൊക്കെ ഫ്രീക്കനാക്കി അടിപൊളിയായിട്ട് വരണം.ഞാൻ നിനക്കൊരു പാസ് തരാം.
ആ പാസ് ഡ്യൂക്കിൽ ചെത്തി നടക്കാനല്ല നമ്മുടെ ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയാകാനായി.

ഫ്രീക്കൻ കണ്ണീർ തുടച്ചു,മാസ്കിനടിയിൽ ഒരു പുഞ്ചിരി വിടർന്നാതായി സെക്രട്ടറിയ്ക്ക് അനുഭവപ്പെട്ടു.ഫ്രീക്കൻ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ സെക്രട്ടറിയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

No comments:

Post a Comment