Saturday, July 25, 2020

ഇത് പോരാട്ടത്തിൻ്റെ വിജയ ഗാഥ…..

കാസറഗോഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ശ്രീ ബാബു ദേലമ്പാടി ഇന്ന് സർവ്വീസിൽ നിന്ന് പിരിയുകയാണ്.

" ബാബുവേട്ടൻ" കഴിഞ്ഞദിവസം വിളിച്ചിരുന്നു.മുള്ളേരിയയിൽ നിന്നുള്ള വിളിവരുമ്പോൾ എന്തോ ഒരു ഭയാശങ്കയാണ്.ഈ അടുത്ത് മുള്ളേരിയയിൽ നിന്ന് വന്ന ചില അശുഭകരമായ വാർത്തകളാണ് അതിന് കാരണം.ഇതേതായാലും അങ്ങനെയൊന്നുമല്ല.

എനിയ്ക്കിനി നാലു ദിവസമേ ഉള്ളൂ എന്ന് ബാബുവേട്ടൻ പറഞ്ഞപ്പോൾ എനിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.സർക്കാർ ജോലി അങ്ങിനെയാണ് ഒരു ദിവസം എല്ലാവർക്കും ഒരു പടിയിറക്കമുണ്ട്.

കാര്യങ്ങളോരോന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ യാന്ത്രികമായി കേട്ടുകൊണ്ടിരുന്നു.പക്ഷെ എൻ്റെ മനസ്സ് അതിവേഗം പുറകോട്ട് ചലിക്കുകയായിരുന്നു.നാൽപ്പതു വർഷം മുമ്പ് ദേലമ്പാടിയിലെ വാടകവീട്ടിൽ ഞങ്ങൾ കഴിഞ്ഞ കാലത്തിലേയ്ക്ക്.അവിടെ വച്ചായിരുന്നു ബാബുവേട്ടനെ ഞാനാദ്യമായി കാണുന്നത്.സംഭവബഹുലമായ ഒരു ജീവിതത്തിൻ്റെ തുടക്കമായിരുന്നു അത്.തുടർന്നുള്ള ഇക്കാലമത്രയും ശക്തമായ ഒഴുക്കിനെതിരെ നീന്തി കയറിയ ബാബുവേട്ടൻ്റെ കഥ കുറിക്കുന്നത് എന്തുകൊണ്ടും ഈ അവസരത്തിൽ അനുയോജ്യമെന്ന് തോന്നുന്നു.

ഞങ്ങൾ ദേലമ്പാടിയിലെ വാടക വീട്ടിൽ കഴിയുന്ന എൻ്റെ ബാല്യ കാലം.വീട്ടുടമസ്ഥന്റെ വിശാലമായ പറമ്പിൽ പുല്ലരിയാൻ വരുന്ന അമ്മയോടൊപ്പം വീട്ടിലെത്തുന്ന ബാബുവേട്ടൻ……

കളികൂട്ടുകാരില്ലാതിരുന്ന എനിയ്ക്കൊരു കൂട്ടുകാരനായും,അമ്മയും അച്ഛനും ജോലിയ്ക്കു പോകുമ്പോൾ വീട്ടിലൊരാളായും സഹായിയായും ബാബുവേട്ടൻ വീട്ടിലെ ഒരംഗത്തെപോലെയായി.എൻ്റെ ബാല്യ കൌതുകങ്ങൾക്ക് നിറം പകർന്ന ബാബുവേട്ടൻ എനിയ്ക്ക് സ്ലേറ്റിൽ പല അദ്ഭുതങ്ങളും വരച്ചു കാട്ടി.ഓലമഡൽ വെട്ടിമിനുക്കി എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടമായ (ഇന്നും) ബാറ്റ് എൻ്റെ കൈയ്യിലേൽപിച്ച് അടിയ്ക്കാൻ പന്തുകൾ എറിഞ്ഞു തന്നു. .യക്ഷഗാന വിശേഷങ്ങൾ പറഞ്ഞ് എന്നെ വിസ്മയിപ്പിച്ചു.

സ്കൂൾ വിട്ടാൽ പലപ്പോഴും നേരെ ഞങ്ങളുടെ വീട്ടിലേയ്ക്കാണ് വരിക.വീട്ടിലിരുന്നു തന്നെ പാഠഭാഗങ്ങൾ എഴുതുകയും തൻ്റെ വടിവൊത്ത അക്ഷരം കൊണ്ട് എൻ്റെ സ്ലേറ്റിൽ പലതും എഴുതിക്കാണിക്കും.ഒരു മൂത്ത ജ്യേഷ്ഠൻ തൻ്റെ ഇളയ സഹോദരനു മുമ്പിൽ കാണിച്ചേയ്ക്കാവുന്ന പല അദ്ഭുതങ്ങളും എന്നെ കാണിച്ചു തന്നിരുന്നു.

തനിക്ക് ലഭിക്കുന്ന മാർക്കും സ്കൂൾ വിശേഷങ്ങളും അദ്ദേഹം എൻ്റെ വീട്ടിൽ പങ്കിടുമായിരുന്നു.ഒരു പക്ഷെ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ സാഹചര്യമുണ്ടായിരുന്നില്ല.എൻ്റെ അച്ഛനമ്മമാരും അടുത്ത വീട്ടിലെ ഗ്രേസിടീച്ചറും ഇതൊക്കെ കേൾക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.റേഷൻ വാങ്ങാനും വീട്ടിൽ അത്യാവശ്യം സഹായിക്കാനും ബാബുവേട്ടന് മടിയുണ്ടാിരുന്നില്ല.പ്രതികൂല സാഹചര്യത്തിലും ബാബുവേട്ടൻ്റെ പഠന മികവ് പലരും ചർച്ച ചെയ്യുന്നത് ഞാൻ കേട്ടിരുന്നു.

കുഞ്ഞായിരിക്കുമ്പോൾത്തന്നെ അച്ഛൻ മരിച്ചിരുന്നു.മൂത്ത രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞിരുന്നു.അമ്മ വേലയെടുത്ത് സമ്പാദിക്കുന്നത് മാത്രമായിരുന്നു വരുമാനം.ഇതിനിടെ ഇളയ സഹോദരിയുടെ ഭർത്താവ് അയൽക്കാരൻ്റെ കുത്തേറ്റ് മരിച്ചത് കുടുംബത്തെ വല്ലാതെ ഉലച്ചു. ഒരു പെരുമഴക്കാലത്ത് ഞാൻ കേട്ട ആദ്യ കൊലപാതക വാർത്തയായിരുന്നു അത്. വീട്ടിലെ ആൺതരിയായ ബാബുവേട്ടനാണെങ്കിൽ നന്നേ ചെറു പ്രായം.
വേലചെയ്യാൻ പോയിരുന്ന അമ്മയെ സഹായിച്ചും എന്നാൽ പഠനത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയും ബാബുവേട്ടൻ പത്താം ക്ലാസ്സിലെത്തി. വേനലവധിക്കാലത്ത് കശുവണ്ടി പെറുക്കുന്ന ജോലി ചെയ്താണ് പാഠ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമുള്ള തുക കണ്ടെത്തിയിരുന്നത്.

അന്ന് മുള്ളേരിയ കാരഡുക്ക സ്കൂളിൻ്റെ ബ്രാഞ്ച് മാത്രമാണ്.കാരഡുക്കയിലെ അദ്ധ്യാപകർ പാർട്ട് ടൈം ആയി മുള്ളേരിയയിൽ വന്ന് ക്ലാസ്സെടുക്കും.കന്നട മലയാളം മീഡിയം അന്നു മുതലേ ഉണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ അദ്ദേഹം 359 മാർക്ക് നേടി.ഫസ്റ്റ് ക്ലാസ്സിന് ഒരു മാർക്ക് കുറവ് .ആ വർഷം മലയാളം ഡിവിഷനിലെ ടോപ് സ്കോററായി.സഹപാഠികളുടെ മുമ്പിൽ ഹീറോയും മോഹനൻ മാഷ് ഉൾപ്പടെയുള്ള അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായി അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കി.എല്ലാവരും ഒരു നല്ല ഭാവി മുന്നിൽ കണ്ടു.ഒന്നു രണ്ട് വിഷയത്തിൽ ആ വർഷം പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്ത സാഹചര്യമുണ്ടായിരുന്നു.മറിച്ചായിരുന്നെങ്കിൽ ഒരു പക്ഷെ ഉയർന്ന ഫസ്റ്റ് ക്ലാസ്സ് മാർക്ക് അദ്ദേഹത്തിന് കിട്ടിയേനെ.

വീട്ടിലെ സാഹചര്യവും,ദാരിദ്രവും കൈപിടിച്ച് വഴികാട്ടാനാരും ഇല്ലാതിരുന്ന ബാബുവേട്ടന് തുടർന്ന് കോളേജിൽ ചേർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല.തൻ്റെ വിഷമം ആരോടും പങ്കുവയ്ക്കാൻ പോലുമാകാതെ ബാബുവേട്ടൻ്റെ പഠനം അവിടെ അവസാനിച്ചു.തനിക്ക് സഹപാഠികൾക്കിടയിലും അദ്ധ്യാപകർക്കിടയിലും അംഗീകാരം നേടിത്തന്ന പഠനപ്രക്രിയ എന്നെന്നേക്കുമായി തന്നെ വിട്ടകലുന്നത് അദ്ദേഹം പതുക്കെ തിരിച്ചറിഞ്ഞു.ഇനിയെന്തെന്ന ചിന്ത  വല്ലാതെ ഉലച്ചു.രാത്രികൾ തനിക്ക് നഷ്ടപ്പെടുന്ന സൌഭാഗ്യത്തെ ഓർത്ത് തനിച്ചിരുന്നു കരഞ്ഞു.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു രാത്രികൾ പകലാക്കി.ഇതിനിടയിൽ വരാനിരിക്കുന്ന ദുരിതത്തിൻ്റെ സൂചനയെന്നോണം ഏറ്റവും പ്രിയപ്പെട്ട എസ് എസ് എൽ സി ബുക്ക് പശു കടിച്ചുകൊണ്ടുപോയി.

ഒടുവിൽ നാട്ടിൽ നിന്നാൽ ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഒരു സുപ്രഭാതത്തിൽ മംഗലാപുരത്ത് തൻ്റെ ബന്ധുവിനെ കച്ചവടത്തിന് സഹായിക്കാനായി മംഗലാപുരത്തേയ്ക്ക് ബസ്സ് കയറി.ആ കച്ചവടം നഷ്ടത്തിലായപ്പോൾ പിന്നെ മരക്കച്ചവടത്തിന് കണക്കെഴുത്തായി, നിർമ്മാണതൊഴിലാളിയായി.എപ്പോഴുമൊന്നും പണിയുണ്ടാകില്ല.പലപ്പോഴും പട്ടിണിയായിരുന്നു.അത്യാവശ്യ ചിലവ് കഴിച്ച് മിച്ചം വരുന്നതുമായി മാസത്തിലൊരിക്കൽ വീട്ടിലെത്തി മടങ്ങും.നീണ്ട പത്തു വർഷക്കാലം പഠനം മുടങ്ങിയതിലെ വിഷമം ഉള്ളിലൊതുക്കി നിലനിൽപ്പിനായി പൊരുതി.

ഈ കാലമത്രയം മനസ്സിൻറെ കോണിൽ വായിക്കാനും വളരാനുമുള്ള ത്വര വിട്ടു പോയിരുന്നില്ല.ദിവസവും പത്രം കിട്ടാനുള്ള സാഹചര്യമില്ലെങ്കിലും എല്ലാ ദിവസത്തെയും പത്രം ഒന്നിച്ച് വാങ്ങി ശേഖരിച്ച് വയ്ക്കും,പഴയ മാസികകൾ കുറഞ്ഞവിലയ്ക്ക് വാങ്ങിക്കും. ഒരു വരി പോലും വിടാതെ ആർത്തിയോടെ രാവേറും വരെ വായിക്കും കേരളത്തിലെ സമകാലിക സംഭവങ്ങളൊക്കെ ഹൃദിസ്ഥമാക്കും.വയറിൻ്റെ പട്ടിണിമറന്നെങ്കിലും മനസ്സിൻ്റെ പട്ടിണി ബാബുവേട്ടൻ വായനയിലൂടെ മാറ്റുമായിരുന്നു.

അങ്ങനെയിരിക്കെയാണ് വിവിധ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേയ്ക്ക് പി എസ് സി റാങ്ക് ലിസ്റ്റ്ൽ കയറി പറ്റുകയും ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എത്തിച്ചേരുകയും ചെയ്യുന്നത്.കച്ചിതുരുമ്പ് എന്ന് കേട്ടിട്ടേ ഉള്ളൂ.അനുഭവത്തിൽ ബാബുവേട്ടനതായിരുന്നു കൈയ്യിൽ തടഞ്ഞത്. നാട്ടിലെത്തിഅമ്മയ്ക്ക് കൂട്ടായി നിൽക്കാമെന്നതിലുപരി പത്താം ക്ലാസ്സുവരെ അഭിമാനത്തോടെ പഠിച്ചു വന്ന അറിവുകൾ തന്നെ കൈവിട്ടില്ല എന്ന തിരിച്ചറിവ് ബാബുവേട്ടന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്.

പഠിക്കാനും ഉയരാനുമുള്ള അദമ്യമായായ ആഗ്രഹം കൊണ്ടു നടന്ന ബാബുവേട്ടൻ കേരള യൂണിവേഴ്സിറ്റിയിൽ പ്രീ ഡിഗ്രി കറസ്പോണ്ടൻസ് കോഴ്സിന് ചേരുകയും അനായസമായി പാസാകുകയും ചെയ്തു.പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇകണോമിക്സിൽ ഡിഗ്രിയും സ്വന്തമാക്കി.

തൻ്റെ വിദ്യാഭ്യാസ യോഗ്യത വച്ച് വകുപ്പ് അദ്ദേഹത്തിന് സ്റ്റാറ്റിസ്റ്റിക്സ് ഇൻവസ്റ്റിഗേറ്റർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.പിന്നീട് താലൂക്ക് ഓഫീസ് ജില്ലാ ഓഫീസുകളിലും ബ്ലോക്ക് ഡവലപ് മെൻ്റ് ഓഫീസുകളിലും തൻ്റെ സ്തുത്യർഹമായ സേവനം അദ്ദേഹം നൽകി.ജോലിയോടുള്ള ആത്മാർത്ഥതയും എന്തും പഠിച്ചെടുക്കാനുള്ള അടക്കാൻ കഴിയാത്ത ആഗ്രഹവും സഹപ്രവർത്തകരെ അകമൊഴിഞ്ഞ് സഹായിക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തെ എല്ലാ ഓഫീസുകളിലും പ്രിയങ്കരനാക്കി.ആദ്യ കാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട പലതിനെയും ആർത്തിയോടെ ഗ്രഹിച്ചെടുത്തു.കേരള സർവ്വീസ് ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ഹൃദിസ്ഥമാക്കി.എന്തു സംശയങ്ങൾക്കും മറുപടി അദ്ദേഹത്തിനുണ്ട്.പഴയതലമുറക്കാർക്ക് കമ്പ്യൂട്ടർ വഴങ്ങാത്ത സാഹചര്യം പല ഓഫീസുകളിലും കണ്ടുവരുന്ന ഒരു കാര്യമാണ്.കമ്പ്യൂട്ടറിൽ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലെങ്കിലും ഓഫീസിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു.

2019 ജുലായ് ഒന്നാം തിയതി ഞാൻ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ സാറിനൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് ബാബുവേട്ടൻ തൻ്റെ ഗസറ്റഡ് തസ്തികയിൽ ജോയിൻ്റ് ചെയ്യാനെത്തുന്നത്.എനിയ്ക്കത് വളരെ യാദൃശ്ചികവും ഏറെ സന്തോഷം തന്ന ഒരു നിമിഷമായിരുന്നു.ഒന്നുമില്ലായ്മയിൽ നിന്ന് പ്യൂൺ തസ്തികയിൽ നിന്ന് ഗസറ്റഡ് തസ്തികയിലേയ്ക്കുള്ള സ്ഥാനാരോഹണം.

ഇന്ന് ജൂൺ 30 ന് സേവനത്തിൽ നിന്ന് വിരമിക്കുന്ന ബാബുവേട്ടൻ്റെ പിന്നിട്ട വഴികൾ ചുവന്ന പരവതാനിവിരിച്ചതായിരുന്നില്ല.പ്രതിസന്ധികൾക്കിടിൽ വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവുമുണ്ടെങ്കിൽ ജീവിത വിജയം കൈവരിക്കാമെന്ന് ബാബുവേട്ടൻ കാണിച്ചു കൊടുക്കുന്നു.

അവസരങ്ങളുടെ ജാലകങ്ങൾ മുന്നിൽ തുറന്ന് കിട്ടിയിട്ടും ഉപയോഗപ്പെടുത്താത്തവർ,വായിൽ സ്വർണ്ണ കരണ്ടിയുമായി പിറന്നു വീണിട്ടും എല്ലാം കളഞ്ഞുകുളിക്കുന്നവർ.ഇല്ലായ്മയുടെ വേദനയറിഞ്ഞാലെ അത് മറികടക്കുന്നതിലെ ആനന്ദമെന്തെന്നറിയുകയുള്ളൂ.എല്ലാം തികഞ്ഞാൽ മറ്റെൊന്നു മില്ലെന്ന തോന്നൽ മനുഷ്യനെ വല്ലായ്മയിൽ കൊണ്ടെത്തിക്കുമെന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്.

അനിതരസാധാരണമായ ഒരു ജീവിത കഥയോട് എത്രത്തോളം സത്യസന്ധത പുലർത്തിയെന്നറിയില്ല.ഈ കഥ നാലാളറിയണമെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും ആഗ്രഹമുണ്ട്.പഠനം മുട്ടിയപ്പോൾ അദ്ദേഹം അനുഭവിച്ച വേദന എനിയ്ക്ക് തിരിച്ചറിയാനാകും.അതാണ് എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചതും.

മണ്ണിൽ പണിത് ദുരിതക്കയം കടന്നിതുവരെയെത്തിയ ബാബുവേട്ടന് ഇനിയെന്തെന്ന് ആലോചിച്ച് നിൽക്കേണ്ടതില്ല.കൃഷിയും കാര്യങ്ങളുമൊക്കെയായി പുതിയൊരദ്ധ്യയത്തിന് നാന്ദി കുറിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണെന്നറിയുന്നു.

സഹയാത്രികയായി തോളോടു തോൾചേർന്ന് ജീവിത സഖി പ്രീത ഇരിയണ്ണി ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപികയാണ്.മകൻ വൈഷ്ണവ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിൽ ബിരുദം നേടി ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഒരു കാലഘട്ടം അവസാനിക്കുന്നു.ഈ വേളയിൽ ബാബുവേട്ടന് ഇനിയുള്ള കാലം സുന്ദര സുരഭിലവും ആഹ്ലാദകരവും ആരോഗ്യപൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു……………..

ബി എൻ സുരേഷ്

No comments:

Post a Comment