മുടി ചെവിയെ ആവരണം ചെയ്തു തുടങ്ങിയാൽ വല്ലാത്ത പ്രശ്നമാണ്.ഒരു സ്വസ്ഥതയുമുണ്ടാകില്ല.പോരാത്തതിന് ചൂടുകാലമാണ്.ഫാനിടുന്ന ശീലമില്ല. രാവിലെ എഴുന്നേറ്റുനോക്കുമ്പോൾ തല കുളിച്ചതു പോലെയാണ്.
രണ്ടു ദിവസങ്ങളിലായി നാലഞ്ച് തുമ്മലും വന്നു. പണ്ടൊക്കെ ഒരു മാസമാകുമ്പോഴേ മുടി മുറിക്കണം. ഇല്ലെങ്കിൽ ജലദോഷം ഉറപ്പ്.ഇപ്പോൾ മുടി കുറഞ്ഞതുകൊണ്ടാകാം കാലാവധി നീട്ടി കിട്ടിയിട്ടുണ്ട്.
തുമ്മലൊക്കെ വന്നാൽ ജനം തെറ്റിദ്ധരിക്കും. അല്ലേലും കാസറഗോഡ് ജോലി കഴിഞ്ഞ് വരുന്നവരെ എല്ലാവർക്കും സംശയമാണ്. സസ്പെക്റ്റഡ് കോവിഡ് വാഹകർ.
മൊട്ടയടിച്ചവരെ അസൂയയോടെ നോക്കി മൊട്ടയടിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഭാവനയിൽ കണ്ടു.ഇനി ഏതായാലും കാത്തിരിക്കാൻ വയ്യ.
വഴിയിലുടനീളം ബാർബറെ തിരഞ്ഞു.ബാർബർ പോയിട്ട് നിരത്തുകളിൽ മനുഷ്യരേ ഇല്ല. ഒടുവിൽ സ്ഥിരം പോകുന്ന ബാർബർ ഷോപ്പിന് മുന്നിലൂടെ പോകുമ്പോൾ കണ്ണുടക്കി രണ്ട് ഫോൺ നമ്പരുകൾ ഈശ്വരാ ഇതിവിടെ കിടന്നിട്ടാണോ ഇത്രയും ദിവസം ഞാൻ ബുദ്ധിമുട്ടിയത് .
ബാർബറുമായി നല്ല സൗഹൃദത്തിലാണ് പക്ഷെ പേരറിയില്ല. ഒന്നു പരിചയപെട്ടാൽ പിന്നെ പേര് ചോദിക്കാൻ മടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് അടുത്ത് പരിചയമുള്ളവരുടെ വരെ പേരറിയില്ല. ഇത് എനിക്ക് പലപ്പോഴും വിനയായിട്ടുള്ള വിഷയമാണ്.പക്ഷെ അവർക്ക് എന്റെ ഉപ ബോധമനസ്സ് ഒരു പേരിട്ടിട്ടുണ്ടാകാം, അത് പലപ്പോഴും തെറ്റുമായിരിക്കും.
സൗഹൃദമൊക്കെയുണ്ടെങ്കിലും എന്നെ കക്ഷിക്ക് ഓർമ്മയുണ്ടാകുമോ. മുടിവെട്ടുന്ന സമയത്തെ അദ്ദേഹത്തിന്റെ സംഭാഷണം എനിക്ക് ഏറെ ഇഷ്ടമാണ്.അദ്ദേഹം എതെങ്കിലും ഒരു വിഷയം എടുത്തിടും പഴയ കാലത്തെ കഥകളാണ് മിക്കതും അത് സരസമായി അദ്ദേഹം അവതരിപ്പിക്കും. ഞാനൊരു നല്ല ശ്രോതാവാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം.
കുറച്ചു ദിവസം കണ്ടില്ലെങ്കിൽ ചോദിക്കു. മുടി വെട്ടാൻ ആയിട്ടില്ലെന്ന് പറഞ്ഞാലും മീശവെട്ടിത്തരാമെന്ന് പറയും.ഇരുന്നു കൊടുത്താൽ ഒരു ചെറിയ കഥ ഉറപ്പാണ്. പണി കഴിയുന്ന സമയത്തിലേക്ക് കഥയുടെ സമയം ക്രമീകരിക്കും.
ഷെണായിയുടെ പിശുക്കും, കുമാരന്റെ രണ്ടാം കെട്ടും, അച്ഛന്റ മദ്യപാനവും, ഗുരിക്കളുടെ മുടിയനായ പുത്രനും കഥാവിഷയമായി.ഈ കഥകളുടെ സവിശേഷത ഇതിലെയൊക്കെ നായകൻ അദ്ദേഹമായിരിക്കും.നല്ല ഒരു കഥാകൃത്തിനാണ് ഇങ്ങനെയൊരവസരം ലഭിച്ചതെങ്കിൽ ജ്ഞാനപീഠം വരെ ഉറപ്പായിരുന്നു.
ഏതായാലും നല്ല ഒരു കഥ വീട്ടിലിരുന്ന് കേൾക്കാമല്ലോ എന്ന് മനസ്സാ വിചാരിച്ച് ഫോൺ റിംഗ് ചെയ്തു.വളരെ എളിമയോടെ കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും കക്ഷിക്ക് എന്നെ പിടി കിട്ടുന്നില്ല. ഞാനെന്തോ ജോലിക്കാരനാണെനതിലുപരി ഒന്നും എന്നെ പറ്റി അറിയില്ല.അദ്ദേഹത്തെ ഒർമ്മപ്പെടുത്താൻ ഒരു വഴിയുമില്ല.
താൻ എവിടെയും മുടി മുറിക്കാൻ പോകാറില്ലെന്നും ഉപകരണങ്ങൾ ഷോപ്പിലാണെന്നും പറഞ്ഞ് എന്റെ ആവശ്യം അദ്ദേഹം നിഷ്കരുണം തള്ളി.ഒടുവിൽ ദയ തോന്നിയോ എന്തോ 'മറ്റൊരു ബാർബറുടെ നമ്പർ തന്ന് കക്ഷി ഫോൺ വച്ചു.
പേര് വടിവേലു.
വടിവേലുവെങ്കിൽ വടിവേലു ഫോൺ വിളിച്ചു. വടിവേലു കരാറുറപ്പിച്ചു. നാളെ രാവിലെ ഏഴു മണി.
ഫോൺ വച്ച ഉടനെയുണ്ട് മറ്റെ ബാർബർ വിളിക്കുന്നു. സാർ ...... സോറി എനിക്ക് ആളെ മനസ്സിലായില്ല.വേലു സമ്മതിച്ചോ.
സമ്മതിച്ചു വരാമെന്ന് പറഞ്ഞു .
സാറാണെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ... ഒരു കഥ അവതരിപ്പിക്കാൻ അവസരം നഷ്ടപെട്ട വിഷമം ആ വാക്കുകളിൽ ഉണ്ടായിരുന്നുവോ ?
ഏതായാലും ഒറ്റവാക്കിൽ പറഞ്ഞാൽ തിരിച്ചറിയാൻ കഴിയുന്നതൊന്നും ഞാനദ്ദേഹത്തിന് കൈമാറിയിരുന്നില്ല. ഞാൻ എന്റെ പൂർണ്ണ വിവരങ്ങൾ കൈമാറി.
അദ്ദേഹത്തിന്റെ പേരും ഞാൻ മനസ്സിലാക്കി വച്ചു. സുബ്രഹ്മണ്യൻ.
വേലുവിനോട് ഞാനും കൂടി വിളിച്ചു പറയുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു.
അങ്ങനെ ഞാൻ ഏറെ ദിവസങ്ങൾക്കു ശേഷം എനിക്ക് അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മുടികളയാൻ പോകുന്നു.
വടിവേലുവിനോട് , അനിയത്തിപ്രാവിൽ തിലകൻ കുഞ്ചക്കോ ബോബനോട് പറഞ്ഞതിലും വികാര തീവ്രതയോടെ ഞാൻ പറഞ്ഞിരുന്നു. " വന്നേക്കണേ വേലു അണ്ണാ."
"ഖണ്ഡിപ്പാ വറേ " എന്ന ആശ്വാസവാക്കുകളിൽ വിശ്വാസമർപ്പിച്ച് ഞാൻ നാളത്തെ പ്രഭാതത്തിനായി കാത്തിരിക്കുന്നു .
No comments:
Post a Comment