പോളിംഗ് ഡ്യൂട്ടിയെ ഒരു രസികൻ രസകരമായി ചിത്രീകരിച്ചിരിക്കുകയാണ്.
പലർക്കും ഭീതിദമായ അനുഭവം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെ പറ്റി ഒരു വാക്ക്.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിർണ്ണായകമായ കണ്ണികളെന്നനിലയിൽ ഉദ്യോഗസ്ഥരുടെ പങ്ക് അതി നിർണ്ണായകമാണ്.തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതൽ പോളിംഗ് , കൗണ്ടിംഗ് എന്നീ നിർണ്ണായക ഘട്ടങ്ങളിൽ സ്വതന്ത്രവും നീതിയുക്തവുമായി ജനങ്ങൾ ജനാധിപത്യപരമായി സമ്മതി ദാനാവകാശം രേഖപ്പെടുത്തുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥ വൃന്ദത്തിനു തന്നെയാണ്.അതിന് അതുല്യമായ അധികാരങ്ങളും സംരക്ഷണവും തിരഞ്ഞെടുപ്പ് വേളയിൽ ഒരുക്കുന്നുണ്ട്.
ജോലിയിൽ പതിവ് ജോലിയിൽ നിന്ന് വ്യത്യസ്ഥമായി ഒരു കാർക്കശ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.എന്നാൽ പല അസ്വാരസ്യങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് കടന്നുപോകുന്നത് ശ്രദ്ധേയമാണ്.ഭയപ്പാടുകൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് കാര്യമായ ശിക്ഷാ നടപടികളോ കേസോ ഒന്നും തന്നെ വരാറില്ല.
എന്നിരിക്കിലും ഏതു വിധേനയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാനും അതിന് കഴിഞ്ഞില്ലെങ്കിൽ പരമാവധി തനിക്ക് സൗകര്യപ്രദമായ രീതിയിലാക്കിയെടുക്കാനും പലതരത്തിലുള്ള സ്വാധീനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്.ഈ മഹത്തായ പ്രവൃത്തികൾ ആരെങ്കിലുമൊക്കെ ഏറ്റെടുക്കണമെന്നതിനാൽ ഉദ്യോഗസ്ഥരുടെ ഇടയിൽ ഇത്തരം ഒരു സാഹചര്യമുണ്ടാകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് ആസ്വദിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നമുക്കിടയിൽ കാണാൻ കഴിയും ഒരുറക്കം, ഒരാഘോഷം,ഒരു കല്യാണം,ഒരു വിനോദയാത്ര, കുടുംബവുമായി കുറച്ചു നേരത്തെ വേർപാട് ,ചെറിയ കൊതുകുകടി,അൽപം വിശപ്പ് ഇതൊക്കെ ഒന്നു സഹിച്ചാൽ തിരഞ്ഞെടുപ്പ് രസകരമാണ്.ഇതിനിടയിൽ പോളിംഗ് സ്റ്റേഷനിലെ ഒച്ചപാടും കണ്ണുരുട്ടലും പിന്നീട് പറഞ്ഞ് രസിക്കാനുള്ള വിഷയങ്ങൾ മാ ത്രം.
പ്രവൃത്തിയിലും ചിന്തയിലും ഉദ്യോഗസ്ഥർ നിഷ്പക്ഷമതികളാകണമെന്ന് കമ്മീഷൻ പറയുന്നത് ജനങ്ങളിൽ വ്യത്യസ്ഥമായ തോന്നലുണ്ടാകരുത് എന്നുള്ളതു കൊണ്ടാണ്.അതൊരനുവാര്യതയാണ്.
ഏറ്റവും ശ്രമകരമായ ഡ്യൂട്ടി എൻറെ അഭിപ്രായത്തിൽ പ്രിസൈഡിംഗ് ഓഫീസറുടെ തന്നെയാണ്.പരിചിതമല്ലാത്ത കേന്ദ്രത്തിൽ അപരിചിതരായ നാട്ടുകാരും സഹപ്രവർത്തകരോടുമൊപ്പം അനിശ്ചിതത്വത്തിന് നടുവിൽ പോളിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിരികെ വരുന്ന ഉദ്യോഗസ്ഥരെ ശരിക്കും മാലയിട്ട് സ്വീകരിക്കണം.പാതിരാത്രി സ്വീകരണ കേന്ദ്രത്തിൽ പോളിംഗ് വസ്തുക്കൾ ഏൽപിച്ച് പുറത്ത് കാത്തു നിൽക്കുന്ന ഭർത്താവിനും കൈകുഞ്ഞിനുമടുത്തേയ്ക്ക് ഓടി യെത്തുന്ന അദ്ധ്യാപികയും അവരെ അഭിമാനത്തോടെ നോക്കിക്കാണുന്ന ഭർത്താവും അവർകൊണ്ടുവന്ന നേന്ത്രപഴം ആർത്തിയോടെ തിന്ന് പോളിംഗ് കഥകൾ വിളംബുന്ന അദ്ധ്യാപികയും ഞാൻ കണ്ട സന്തോഷകരമായ കാഴ്ചയാണ്.
ഈ എഴുത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത് മഹത്തായ ഈ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കുമായി സമർപ്പിക്കുന്നു.
No comments:
Post a Comment