Saturday, July 25, 2020

പെഹ്ലാ പെഹ്ലാ പ്യാർ

അതായത് ആദ്യാനുരാഗം.ഞങ്ങളുടെ പതിനാറാം വിവാഹവാർഷികമാണിന്ന്.ഈ അവസരത്തിൽ ആദ്യ സമാഗമം ഒന്നയവിറക്കിനോക്കിയതാണ്.ഇത് സർവ്വ സാധാരണമായ ഒരു പ്രതിഭാസമാണെങ്കിലും സാർവത്രികമായ ഒരു ഘടകം അതിലടങ്ങിയിട്ടുണ്ടാകുമെന്നും എല്ലാവർക്കുമുള്ള അനുഭവമാണെന്നും ഞാൻ വിശ്വസിക്കുന്നു.

2004 ലെ മെയ്ദിനമാണ്.ഗരുഡ മംഗല്യ സഹായി വഴികാട്ടിയതനുസരിച്ച് പെണ്ണുകാണൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്.അധികമൊന്നും കണ്ടിട്ടില്ലെങ്കിലും വല്ലാതെ മടുത്തിരുന്നു.ഇന്ന് രണ്ട് കേസ് മുന്നിലുണ്ട്.ഒന്ന് കണ്ണൂരിലും മറ്റേത് കൊയിലാണ്ടിയിലും.

അളിയനുമൊത്ത് രാവിലെത്തന്നെ കളസവും ചാർത്തി ഇറങ്ങി.കൈയ്യിൽ പതിനഞ്ചാം തിയതി അരങ്ങേറാനിരിക്കുന്ന "അശ്വമേധം" നാടകത്തിൻ്റെ സ്ക്രിപ്റ്റ് മാത്രമാണുണ്ടായിരുന്നത്.യാത്രക്കിടയിൽ ഉരുവിട്ട് പഠിക്കുക,അതെങ്കിലും നടക്കട്ടെ എന്ന് ഞാൻ കരുതി.

ഏതായാലും ഇന്നത്തെ യാത്ര പരാജയപ്പെട്ടാൽ ഇനിമേലിൽ ഈ പണിയ്ക്കിറങ്ങില്ലെന്ന് മനസാവിചാരിച്ചിരുന്നു.കണ്ണൂരിലെ രാവിലത്തെ ചടങ്ങ് കഴിഞ്ഞതോടെ വീട്ടിലേയ്ക്ക് തിരിക്കാമെന്ന് ഞാൻ അളിയനോട് പറഞ്ഞു.ഏതായാലും അടുത്ത സ്വീകരണ കേന്ദ്രമായ കൊയിലാണ്ടിയിലും കൂടി പോയിട്ട് വരാമെന്ന് പറഞ്ഞതനുസരിച്ച് ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെത്തി.ഹോട്ടലിൽ നിന്ന് ചോറുണ്ട് കൊല്ലം പിഷാരികാവിന് സമീപത്തുള്ള വീട്ടിലെത്തി.കണ്ടു.യാത്ര പറഞ്ഞിറങ്ങി.

ഏതായാലും ഞാനായിട്ട് ഈ കേസിന് നോ പറയില്ലെന്ന് തീരുമാനിച്ചു.നടക്കുന്നെങ്കിൽ നടക്കട്ടെ.ചുരുക്കിപറഞ്ഞാൽ എനിയ്ക്ക് ബോദ്ധ്യമായിരുന്നു.അതു മാത്രം പോരല്ലോ.പരശുരാം എക്സ്പ്രസ്സിൽ നാടക സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ട് ഞാൻ അളിയനോടൊപ്പം മടങ്ങി.

ഏതായാലും സംഗതി നടന്നു.നാടകം അരങ്ങേറുന്ന ദിവസം എൻ്റെ വീട് കാണലും അധികം താമസിയാതെ നിശ്ചയവും കഴിഞ്ഞു.നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം ഫോൺ വിളിയും തുടങ്ങി.കല്യാണത്തിന് ഇനിയും ദിവസങ്ങൾ കിടക്കുന്നു.ഞങ്ങൾ രണ്ടു പേരുടെ ഉള്ളിലും പരസ്പരം ഒന്ന് കണ്ടാൽ വേണ്ടില്ല എന്ന തോന്നലുണ്ടായി.

അങ്ങനെയിരിക്കെയാണ് കിലയിൽ ഔദ്യോഗിക യാത്ര തരപ്പെട്ടത്. പ്രസീദ അന്ന് "ചങ്കുവെട്ടി " യിൽ ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.തിരികെ വരുന്നവഴി കാണാമെന്നായി.ഞാൻ മീറ്റിംഗ് കഴിഞ്ഞ് കിലയിൽത്തന്നെ തങ്ങി.അടുത്ത ദിവസം രാവിലെ 11.00 മണി സമയം നിശ്ചയിച്ചിരുന്നു.

റൂമിൽ സുഹൃത്ത് രാജേഷും ഉണ്ടായിരുന്നു.രാജേഷ് അവിവാഹിതനാണെങ്കിലും ഒരുപദേശകൻ്റെ റോൾ വളരെ നന്നായി കൈകാര്യം ചെയ്തു.ആദ്യ സമാഗമത്തിന് തയ്യാറാകുന്ന എൻ്റെ പരിഭ്രമം തിരിച്ചറിഞ്ഞ രാജേഷ് എന്നിൽ ആത്മവിശ്വാസം പകർന്നു.എനിയ്ക്ക് രാജേഷിൻ്റെ കഴിവിൽ അസൂയയും എൻ്റെ പരമിതിയിൽ ജാള്യതയും തോന്നിതുടങ്ങി.എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ പറയാമെന്നും എന്തൊക്കെ പറയരുതെന്നും ഒരു ജ്ഞാനിയെപ്പോലെ രാജേഷ് പറഞ്ഞു.

രാവിലെ രാജേഷിനെ റൂമിൽ തനിച്ചാക്കി ഞാൻ "ചങ്കുവെട്ടി " യെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.തീരുമാനിച്ചതിനേക്കാൾ നേരത്തേ ഞാനെത്തി.പേരിൻ്റെ പ്രത്യേകതയൊന്നും ആ സ്ഥലത്തിൽ ഞാൻ കണ്ടില്ല.വളരെ ശാന്തമായ ഒരു കവല.കൈയ്യിൽ പഞ്ചായത്ത് ദിനാഘോഷത്തിന് കിട്ടിയ ഒരു പെട്ടിയുമുണ്ട്.

ആവശ്യമില്ലെങ്കിലും ഒരു ചെറിയ ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു.മൂത്രശങ്കയകറ്റി.ഷർട്ട് ഇൻസൈഡ് ചെയ്തതിലെ പെർഫക്ഷനൊക്കെ ഉറപ്പു വരുത്തി നിശ്ചയിച്ചുറപ്പിച്ച പോയിൻ്റിൽ പെട്ടി തറയിൽ വച്ച് ഒരു മതിലിൽചാരി ഇരു കൈയ്യും കെട്ടി ഞാൻ ഒറ്റക്കാലിൽ നിലയുറപ്പിച്ചു.

പെണ്ണുകാണുമ്പോൾ കണ്ടതല്ലാതെ പെണ്ണിൻ്റെ ഒരു ഫോട്ടോ പോലും കണ്ടിരുന്നില്ല.അതു കൊണ്ട് ആളെങ്ങനെയാണെന്ന് എനിയ്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.മുന്നിലൂടെ പലരും കടന്നു പോകുന്നുണ്ട്.അതിൽ ചിലരെ കണ്ട് ഞാൻ മനസ്സാ വിചാരിച്ചു.

ഇതായിരിക്കല്ലേ ......

സമയം കടന്നു പോകുന്നു.വളരെ റിലാക്സ്ഡ് ആയിട്ടുള്ള പോസ്റ്ററിലാണ് ഞാൻ നിന്നിരുന്നതെങ്കിലും സമയം കടന്നു പോകും തോറും ഞാൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു.

ഒടുവിലതാ റോഡിൻ്റെ മറുവശത്ത് ഓറഞ്ച് സാരിയുടുത്ത് ഒരു സ്ത്രീ നടന്നു വരുന്നു.എന്നെ ലക്ഷ്യം വച്ച് തന്നെയാണ് വരുന്നതെന്ന് എനിയ്ക്ക് തോന്നി.മനസ്സിൽ ലഡു പൊട്ടിയെങ്കിലും ഒട്ടും ശ്രദ്ധക്കാത്തമട്ടിൽ ഞാൻ കണ്ണുകൾ അടർത്തിമാറ്റി.ഇടങ്കണ്ണിലൂടെ ഞാൻ കണ്ടു ആ രൂപം എന്നെ ലക്ഷ്യമാക്കിത്തന്നെയാണ് വരുന്നത്.ഒരു സംശയവും അവർക്ക് ഉണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ അടുത്തെത്തിയപ്പോൾ ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യവും ഉണ്ടായില്ല.എന്നാലും പെണ്ണുകാണൽ ചടങ്ങിന് ഞാൻ കണ്ട എൻ്റെ മനസ്സിലുണ്ടായിരുന്ന രൂപം തന്നെയായിരുന്നില്ല.

എത്തിയ സമയവും കാലവും വൈകാനുള്ള കാരണവും പരസ്പരം കൈമാറിയതോടെ സ്റ്റോക്ക് തീർന്ന് നീണ്ട മൌനത്തിലേയ്ക്ക് ഞങ്ങളിരുവരും വഴുതി വീണു.

അപ്പോഴാണ് പരിസര ബോധമുണ്ടായത് പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിയ്ക്ക് തോന്നിത്തുടങ്ങി.അങ്ങനെ നിൽക്കുമ്പോഴാണ് കോഴിക്കോടേയ്ക്കുള്ള ബസ് ഞങ്ങളുടെ മുമ്പിലെത്തുന്നത്.ഞങ്ങൾക്ക് രണ്ടു പേർക്കും ആ റൂട്ട് തന്നെയായതിനാൽ ബസ്സിൽ കയറാനുള്ള പ്രസീദയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുകയും ബസ്സിൽ കയറുകയും ചെയ്തുു.

ബസ്സിന് ഭയങ്കര സ്പീഡായിരുന്നു.തൊണ്ണൂറുകളിലെ ഹിന്ദി ഗാനങ്ങൾ നല്ല ഉച്ചത്തിൽ വച്ചിരുന്നു.സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു.പുരുഷന്മാരുടെ സീറ്റ് ഫുള്ളായിരുന്നു.പ്രസീദ മുന്നിൽ സ്ത്രീകളുടെ സീറ്റിലിരുന്നു അടുത്ത സീറ്റ് ഒഴിഞ്ഞു കിടന്നെങ്കിലും ഞാൻ മാന്യത കാത്ത് കൂടെയിരിക്കാൻ പോയില്ല. പിന്നിൽ തൂണിൽ ചാരി നിന്നു.ബസ്സ് ആടിയുലഞ്ഞ് പറക്കുകയാണ്.പിന്നിൽ നിന്ന് ഞാനെൻ്റെ ഭാര്യയാകാൻ പോകുന്നയാളിനെ കാണുകയാണ്.

അവസാനം അത് സംഭവിച്ചിരിക്കുന്നു.എന്നോടൊപ്പം കഴിയേണ്ടവൾ.ഒന്നിച്ച് ജീവിതാവസാനം വരെ കൂടെ ഉണ്ടാകേണ്ടവൾ.അതാ ബസ്സിൽ എനിയ്ക്ക് മുന്നിൽ ഇരിയ്ക്കുന്നു.ഒടുവിൽ എൻ്റെ ജീവിതത്തിലും ആ ഘട്ടം വന്നിരിക്കുന്നു.പ്രസീദയുടെ അരികിൽ സീറ്റുണ്ട്.വേണമെങ്കിൽ പോയിരിക്കാം.വേണ്ട എന്ന് ഞാൻ തീരുമാനിച്ചു.ഇതിനിടയ്ക്ക് പ്രസീദ പതുക്കെ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ എൻ്റെ നോട്ടം മാറ്റി.

ബസ്സ് കുതിക്കുകയാണ്.തൊണ്ണൂറുകളിൽ യുവാക്കളെ പ്രണയ പരവശവിവശരാക്കിയ ഹിന്ദി ഗാനങ്ങൾ തകർക്കുകയാണ്.
" ബഹുത്ത് പ്യാർ കർത്തേ ഹൈം തുംകോ സനം …. കസം ചാഹെ ലേലോ ഖുദാ കീ കസം…… "

" മൈം ദുനിയാ ഭുലാ ദൂംഗാ തേരീ ചാഹത്ത് മേം………. "

ഞങ്ങളുടെസമാഗമവേളയിൽ ഇതേ പാട്ട് വയ്ക്കണമെന്ന് ആരോ നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെ എനിയ്ക്ക് തോന്നി.സിനിമയിലെ പ്രണയാർദ്രനായ നായകനുമായി ഞാൻ താദാത്മ്യം പ്രാപിച്ചു.ഇത്രയും ഗംഭീരമായ സെറ്റിംഗ്സ് ഇനിയ്ക്കിഷ്ടമുള്ള എൻ്റെ സ്വപ്നങ്ങളിൽ പ്രണയസങ്കൽപ്പങ്ങളുടെ കനകലുകൾ ആളിപടർത്തിയ ഗാനങ്ങൾ ഒന്നൊന്നായി ഒഴുകിക്കൊണ്ടിരുന്നു. പ്രസീദ എഴുന്നേറ്റ് വരുന്നത് കണ്ടിട്ടാണ്.ഞാൻ കോഴിക്കോടെത്തിയതറിഞ്ഞത്.ഒന്നരമണിക്കൂർ പോയത് ഞാനറിഞ്ഞില്ല.

കോഴിക്കോടെത്തി ഹോട്ടലിൽ കയറി ചോറിന് ഓർഡർ കൊടുത്തപ്പോൾ തനിയ്ക്ക് വ്രതമാണന്നും ഒരു ചോറ് പറഞ്ഞാൽ മതിയെന്നും പ്രസീദ പറഞ്ഞു.എന്തിനുള്ള വ്രതമാണെന്ന ചോദ്യത്തിന് നല്ല ഭർത്താവിനെ കിട്ടാനുള്ള വൃതമാണെന്ന മറുപടി കേട്ട് ഞാനെൻ്റെ ആദ്യ വളഞ്ഞ ചോദ്യം തൊടുത്തു വിട്ടു.എന്നിട്ട് കിട്ടിയത് നല്ല ഭർത്താവാണോ.ഒരു പുഞ്ചിരിയിലൂടെ മറുപടി പറഞ്ഞെങ്കിലും ആ കണ്ണുകളിൽ അതെ എന്ന മറുപടി ഞാൻ കണ്ടു.

വൈകുന്നേരത്തെ പരശുറാം എക്സ്പ്രസ്സിനാണ് ഞാൻ പോകാനിരുന്നത്.അതുവരെ സംസാരിച്ചിരിക്കാമെന്നായി ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ ഒഴിഞ്ഞകോണിൽ ചെന്നിരുന്ന് സംസാരിച്ചു.ചിരപരിചിതരെപ്പോലെ പരിസരം മറന്ന്.ഞങ്ങൾ ഇരുവരും സ്വപ്ന ലോകത്തിലായിരുന്നു.

ജീവിതത്തിലെ പുതിയൊരദ്ധ്യയത്തിൻ്റെ ശുഭാരംഭം.പരസ്പരം ഇഷ്ടപ്പെട്ടതിലെ സന്തോഷം.

ഒടുവിൽ സമയമായപ്പോൾ പ്രസീദ ബസ്സിൽ കയറി പോയപ്പോൾ എൻ്റെ ഉള്ളിൽ എവിടെ നിന്നോ ഒരു വിങ്ങൽ ഒരു വീർപ്പു മുട്ടൽ എന്തെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഇത്.

വീണ്ടും ഹിന്ദി സിനിമാ ഗാനം മടങ്ങിയെത്തി.

" ഹം ബേക്കറാർ ഹൈ തും ബേകറാറ് ഹോ …..ശായദ് യഹീ പ്യാർ ഹൈ …...ശായദ് യഹീ പ്യാർ ഹൈ." 

അതെ ഇത് അത് തന്നെ അത് സംശയിക്കണ്ട അതുതന്നെ...

പ്യാർ………

No comments:

Post a Comment