Friday, July 31, 2020

മറക്കാനാവാത്ത സന്ധ്യ


ക്രിക്കറ്റ് എൻറെ കുട്ടിക്കാലത്തെ ഹരമായിരുന്നു.ഏകദേശം പത്തു വയസ്സു മുതൽ അന്താരാഷ്ട്രമത്സരവിവരങ്ങൾ പത്രങ്ങളിൽ വായിച്ചും കളിച്ചും നടന്നിരുന്ന എന്നെ ക്രിക്കറ്റ് വല്ലാതെ സ്വാധീനിച്ചിരുന്നു.നാട്ടിലെ ക്രിക്കറ്റ് താരങ്ങളായ ഏട്ടന്മാരോട് എനിയ്ക്ക് വലിയ ആരാധനയായിരുന്നു.  ലോകത്തിലെ ഏതു കോണിൽ കളി നടന്നാലും വീട്ടിലെ ചെറിയ മർഫി റേഡിയോയിൽ ഞാൻ കമൻ്ററി പിടിച്ചെടുക്കും.ബി ബി സി,റേഡിയോ ആസ്ട്രേലിയ,റേഡിയോ പാക്കിസ്ഥാൻ എല്ലാം ഞാൻ ഷോർട്ട് വേവിൽ പിടിച്ചെടുത്തിരുന്നു.ക്രിക്കറ്റ് താരങ്ങളുടെ പടങ്ങൾ ശേഖരിച്ച് ആൽബം ഉണ്ടാക്കും .സ്പോർട്സ് സ്റ്റാർ  മാസിക അച്ഛനോട് പറഞ്ഞ് വാങ്ങിപ്പിച്ച് ആവേശത്തോടെ വായിക്കുമായിരുന്നു.

നട്ടപിരാന്തെന്ന് നാട്ടുകാരുടെ ഭാഷയിൽ പറയാം.  അദ്ഭുതമെന്നു പറയട്ടെ ഇക്കാര്യത്തിൽ എന്തു കൊണ്ടോ എനിയ്ക്ക് കാര്യമായ നിയന്ത്രണങ്ങൾ വീട്ടിൽനിന്നും ഇല്ലായിരുന്നു.അത്യാവശ്യം കളിക്കുമെങ്കിലും പരിമിതമായ കായിക  ക്ഷമത എന്നെ അൽപം പുറകോട്ടടിച്ചിരുന്നു.

പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം.പഠനം ഗൗരവത്തോടെ എടുക്കണമെന്ന ബോദ്ധ്യമുണ്ടെങ്കിലും കളിവിട്ടൊരു കാര്യമില്ലായിരുന്നു.അതിനു കണക്കായി ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റ് ആരാധകരെ ആവേശകൊടിമുടിയിലേറ്റി ഇന്ത്യ ലോകകപ്പ് നേടുന്നത്.

വൈകുന്നേരങ്ങളിലെ കളി അവിഭാജ്യ ഘടമായിരുന്നു.അങ്ങനെയിരിക്കെയാണ് എനിയ്ക്ക് വൈകുന്നേരം ട്യൂഷൻ ഏർപ്പെടുത്തുന്നത്.നാലരമുതൽ അഞ്ചരവരെയാണ് ട്യൂഷൻ.ട്യൂഷൻ കഴിഞ്ഞ് ചായ കുടിച്ച് മൈതാനത്തെത്തുമ്പോഴേയ്ക്കും കളി മുക്കാലും കഴിഞ്ഞിരിക്കും.ഇതെന്നെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്.

അങ്ങനെ ഒരു ദിവസം ഞാൻ വൈകി മൈതാനത്തെത്തി.ഏഴോ എട്ടോ പേരുള്ള  രണ്ട് ടീം രൂപപ്പെടുത്തിയാണ് കളി.ജയ് ഹിന്ദ് മുള്ളേരിയയിലെ സീനിയർ കളിക്കാരുൾപടെ ഉണ്ടാകും.അന്ന് ഞാനെത്തുമ്പോഴേക്കും ഒരു ടീമിൻറെ ബാറ്റിംഗ് കഴിഞ്ഞിരുന്നു. വൈകിയെത്തുന്നവർക്ക് ശിക്ഷ എന്ന നിലയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം നിഷേധിച്ചു കൊണ്ട് രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിലേ അവസരം ലഭിക്കൂ.അദ്ഭുതമെന്നു പറയട്ടെ രണ്ട് ഓവറിൽ ഞാൻ എതിർ ടീമിൻറെ കഥ കഴിച്ചു.അന്നാദ്യമായി രണ്ടാമതാരു കളികൂടി കളിക്കാനും എനിയ്ക്ക് ബാറ്റ് ചെയ്യാനും പറ്റി .

എന്നെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ബൗളിംഗിൻറെ ഒരദ്ഭുതതാളം ഞാൻ കണ്ടെത്തി.
അണ്ടർ ആം ബൗളിംഗ്  അഞ്ചാറടി ഓടി നല്ല വേഗത്തിൽ ബാറ്റ്സ്മാൻറെ മിഡിൽ ലെഗ് സ്റ്റമ്പിൽ ടെന്നിസ് ബോൾ പിച്ച് ചെയ്യിച്ച് ബാറ്റിനെ കബളിപ്പിപ്പിക്കാനായി ഒന്ന് ഓഫ് സ്റ്റംപ്  ഭാഗത്തേയ്ക്ക് ദിശമാറി വിക്കറ്റ് തെറിപ്പിക്കുന്ന കാഴ്ചകണ്ട് ടീമിലെ എല്ലാവരും തരിച്ചു നിന്നു.ഇത് ശരിക്കും ഒരു റിവേഴ്സ് സ്വിംഗായിട്ടാണ് എനിയ്ക്ക് തോന്നിയത്.ഞാൻ ബൗൾ ചെയ്യുന്നതിന് വിപരീദ ദിശയിലേയ്ക്കാണ് പന്ത് കുത്തി തിരിയുന്നത്.പഴയ പന്താണെങ്കിൽ സ്വിംഗ് കൂടും.ഒരു പ്രത്യേക കഴിവ് എങ്ങിനെയോ എനിയ്ക്ക് കിട്ടി.
അന്നുമുതൽ  മാരകമായ പേസ് ബൗളറുടെ പരിവേഷമായിരുന്നു എനിയ്ക്ക്.

പലരും എന്നെ യശഃശരീരനായ വെസ്റ്റ് ഇന്ത്യൻ പേസ് ബൗളർ മാൽക്കം മാർഷലെന്ന് വിളിച്ചുതുടങ്ങി.അങ്ങനെ ഞാൻ ജയ്ഹിന്ദ് മുള്ളേരിയയുടെ ഓപണിംഗ് ബൗളറും ഒരു അനിവാര്യ ഘടകവുമായി.

ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയ അച്ഛൻ ചിരിയടക്കാൻ പാടുപെടുന്നതു കണ്ടു.
ആരോ ബസ്സിൽ വച്ച് അച്ഛനോട് ചോദിച്ചുവത്രെ 
''ഫാസ്റ്റ് ബൗളർ സുരേഷിൻറെ അച്ഛനല്ലേ എന്ന്.''

ചെറു പ്രായത്തിലെ ക്രിക്കറ്റ് ഭ്രാന്ത് എൻറെ ഭാവി നശിപ്പിച്ചുവെന്നൊന്നും ഞാൻ പറയില്ല.പൊതുവെ അന്തർമുഖനായ എനിയ്‌ക്ക് സമൂഹത്തിലേയ്ക്കുള്ള ഒരു പ്രവേശന കവാടമായി ക്ലബ്ബും കളിയുമൊക്കെ ഉപകരിച്ചു വെന്ന് ഞാൻ പറയും .കൂട്ടു കൂടാനും വിദൂരപ്രദേശങ്ങളിലൊക്കെ പോയി കളിക്കാനും മറ്റുള്ളവരെ അറിയാനും സ്വയം അറിയപ്പെടാനും അത്  ഇടയാക്കി.

ക്രിക്കറ്റിന് പേരുദോഷമുണ്ട്.അത് അലസന്മാരുടെ കളിയാണെന്നും വരേണ്യതയുടെ പര്യായമായും വിലയിരുത്തപ്പെടുന്നു.പക്ഷെ എന്തു തന്നെയായാലും നമുക്ക് ഇഷ്ടമായത് തെറ്റില്ലാത്ത രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം. 

ക്രിക്കറ്റെനിയ്ക്ക് ഒരു വ്യായാമവും വിനോദവുമെന്നതിലുപരി ഇന്നും ആഘോഷങ്ങളിൽ ആഹ്ലാദവും വിഷാദത്തിൽ സാന്ത്വനവും മുരടിപ്പിൽ ഉത്തേജനവും ആയി തുടരുന്നു.

എന്തു ജോലിത്തിരക്കുണ്ടെങ്കിലും അന്നന്നു നടക്കുന്ന കളികളുടെ സംക്ഷിപ്തം ഞാൻ ഏതു വിധേനയും ശേഖരിച്ചിരിക്കും.

ക്രിക്കറ്റ് ഇഷ്ടമല്ലാത്തവർ ഇതു വായിച്ചുവെങ്കിൽ ക്ഷമിക്കുക.ഇതൊരു നേരമ്പോക്ക്.ഏതായാലും ഏവർക്കും ക്രിക്കറ്റ് ലോകകപ്പ് ആശംസകൾ.

No comments:

Post a Comment