അതൊരു മഴ ദിവസമായിരുന്നു.എൻ്റെ മറക്കാനാവാത്ത കളിയോർമ്മയായി വർഷങ്ങളായി നിലകൊള്ളുന്ന ഒരു സംഭവം നടന്ന ദിവസമാണ് അത്. ആ ഓർമ്മകൾ ഇന്നും എനിക്ക് അളവില്ലാത്ത സന്തോഷം പകർന്നു തരുന്നു. അത് അങ്ങനെ തന്നെ നിലനിർത്തേണ്ടതുണ്ട്.അതിനാൽ ഈ കുറിപ്പ്.
വലിയ സാദ്ധ്യത കൽപ്പിക്കാത്ത ഇന്ത്യൻ ടീമിന് 1983 ലോകകപ്പിൽ ലഭിച്ചത് സ്വപ്നതുല്യമായ തുടക്കമാണ്. മുൻ ചാമ്പ്യൻ വിൻഡീസിനെയും സിംബാബ്‌വെയെയും മറികടന്ന ഇന്ത്യ പക്ഷെ ഓസീസിനോടും റിടേൺ മാച്ചിൽ വിൻഡീസിനോടും പരാജയപെട്ട് നിൽക്കുകയാണ്. ഇനിയുള്ളത് രണ്ട് റിട്ടേൺ മാച്ചുകളാണ്. ആദ്യത്തേത് സിംബാബ്‌വെയും, പിന്നീട് ഓസീസും. സെമിയിൽ കടക്കണമെങ്കിൽ രണ്ടും ജയിക്കണം.സിംബാബ്‌വെ ആദ്യ മത്സരത്തിൽ ഓസീസിനെ അട്ടിമറിച്ചിരുന്നു. കളി എളുപ്പമാവില്ല. എന്നാലും ആദ്യ റൗണ്ടിൽ സിംബാബ്‌വെയെ 5 വിക്കറ്റിന് തോൽപിച്ചതല്ലേ.അതിനു ശേഷം രണ്ടു മത്സരം തോറ്റതു മാത്രമാണ് പ്രശ്നം.
പിന്നെ ഓസീസ്, സിംബാബ്‌വെയോട് തോറ്റ ഓസീസ്. നമ്മൾ വിൻഡീസിനെ തോപ്പിച്ചില്ലേ. വേണമെങ്കിൽ ചക്ക വേരിലും..... ഇങ്ങനെ പോയി എൻ്റെ കുഞ്ഞു ചിന്തകൾ.
എന്തു തന്നെയായാലും ഇന്ന് ജയിക്കണം. ജയിക്കും.ഉറപ്പ് തന്നെ.
ഞാൻ മനസ്സുറപ്പിച്ച് റേഡിയോ പെട്ടി തുറന്നു. സമയം 03.30 കഴിഞ്ഞിരുന്നു. BBC കമൻ്ററിക്കായി ചെവിയോർത്ത ഞാൻ ആകെ തളർന്നു പോയി.
ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ 9 ന് 4. ഈശ്വരാ ഇന്നത്തേകൊണ്ട് എല്ലാം അവസാനിക്കുമോ.
കപിലും യശ്പാലുമാണ് ക്രീസിൽ.
വിൻഡീസിനെതിരെ 89 റൺസെടുത്ത് ഇന്ത്യയുടെ യശസുയർത്തിയ യശ്പാൽ, പിന്നെ കപിലുമുണ്ട്.
ഞാൻ എൻ്റെ കൊച്ചുറേഡിയോ എടുത്ത് മുറിയിലങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.കപിൽ ക്രീസിലെത്തിയാൽ എനിക്ക് ഇരിപ്പുറക്കില്ല.ഓരോ പന്തും സംഭവബഹുലമായിരിക്കും ആലോചിച്ചിരിക്കുമ്പോൾ അതാ യശ്പാൽ വീണു.
17 - 5. അന്നുവരെ ഇത്തരം ഒരു തകർച്ച എൻ്റെ ഓർമ്മയിലില്ല.വെസ്റ്റിൻറീസിൻ്റെ മാര ക ബൗളിംഗിനു മുമ്പിൽ പോലും ഇങ്ങനെയൊരു തകർച്ചയെ ഇന്ത്യ നേരിട്ടിട്ടില്ല.
ഇങ്ങനെ പോയാൽ ഇന്ത്യ 50 തികയ്ക്കില്ല. കമൻ്ററിയിൽ 100 - താഴെ റണ്ണെടുത്ത കളികളുടെ ചരിത്രം വിളമ്പിത്തുടങ്ങി.
അടുത്തയാൾ റോജർ ബിന്നിയാണ്. ഞാൻപിന്നെയും പ്രതീക്ഷകളുടെ കൊട്ടാരം പണിയാൻ തുടങ്ങി.റോജർ ബിന്നി കർണ്ണാടകയുടെ ഓപണിംഗ് ബാറ്റ്സ്മാനാണ്. കഴിഞ്ഞ രഞ്ജി ഫൈനലിൽ ഡൽഹിക്കെതിരെ സെഞ്ചുറി അടിച്ചിട്ടുണ്ട്. ആർക്കറിയാം കപിലും ബിന്നിയും കൂടി ഒരു നൂറു റണ്ണെടുത്തലായില്ലേ.
കളി മുന്നോട്ട് പോയി. കപിൽ പതിവിലും പതുക്കെയാണ്. അദ്ദേഹം കൂടുതൽ കരുതലോടെ കളിച്ചാൽ വിക്കറ്റുപോകുമോ എന്ന് ഞാൻ ഭയന്നു. എന്നാലും ബൗണ്ടറികൾക്ക് ക്ഷാമമില്ല. സ്കോർ 50 കടന്നു.ഇരുവരും നല്ല ഒരു കൂട്ടുകെട്ട് പടുത്തുയർത്തുമെന്ന് തോന്നിച്ചതേയുള്ളു. 61-ൽ എത്തിയപ്പോൾ ബിന്നി മടങ്ങി. നല്ലൊരവസരമാണ് അയാൾ നഷ്ടപ്പെടുത്തിയത്. അൽപ്പം ശ്രദ്ധിച്ചാലെന്തായിരുന്നു ചേതം. എനിക്ക് ശരിക്കും ദേഷ്യം വന്നു.
പ്രതീക്ഷ ശാസ്ത്രിയിലായി. ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപൺ ചെയ്ത കക്ഷിയാണ്.ഒരറ്റത്ത് മുട്ടി നിന്നാ മതിയല്ലോ.പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ശാസ്ത്രി ഒറ്റ റൺ എടുത്തു മടങ്ങി.
മദൻ ലാൽ എത്തി. എന്തേ കിർമാണി വരാഞ്ഞതെന്ന് ഞാൻ സംശയിച്ചു.ഇന്ത്യ കുടുതൽ നഷ്ടമില്ലാതെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഏകദ്ദേശം 30 ഓവർ ആയികാണും.
ഇനിയും 30 ഓവർ ഉണ്ട്.ഒരു 150 ഉണ്ടെങ്കിൽ ഒരു കൈ നോക്കാം. ചിലപ്പോൾ ബൗളർമാരെ പിച്ച് സഹായിക്കുന്നുണ്ടാകും.
ഒരു തോൽവിയെ പറ്റി എന്നാണ് ചിന്തിക്കാനേ ആകുമായാരുന്നില്ല. ഇനി വരാനുള്ളത് കിർമാണിയാണ്.കക്ഷി അത്യാവശ്യം കളിക്കും.പിന്നെ സന്ധു അയാളും തരക്കേടില്ലാതെ ബാറ്റുചെയ്യും. വിൻഡീസിനെതിരെ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റി അടിച്ചിട്ടുള്ള നമ്പർ ഇലവൻ അണ് സന്ധു.
പക്ഷെ കപിൽ എത്ര നേരം പിടിച്ചു നിൽക്കും? ഒരു സമാധാനവുമില്ല.
പുറത്ത് ചന്നം പിന്നം മഴയാണ്. ഞാൻ മർഫി റേഡിയോയും കുടയുമെടുത്ത് സ്കൂൾ മൈതാനത്തേക്ക് നടന്നു. മഴയായതുകൊണ്ട് കളി ഇല്ലായിരുന്നു. വാട്ടർ ടാങ്കിനു മുകളിൽ കുടയും ചൂടി ഇരിക്കുമ്പോഴും എൻ്റെ ചിന്ത സിംബാബ്‌വെയെ മെരുക്കാൻ എത്ര റൺ വേണ്ടി വരുമെന്നതായിരുന്നു.
സിംബാബ് വെയ്ക്ക് ഒരു സാദ്ധ്യതയുമില്ലല്ലോ പിന്നെയെന്തിനാണവർ നമുക്ക് തടസ്സം നിൽക്കുന്നത്? 80-7 എന്ന ഇന്ത്യയുടെ ദുരവസ്ഥയിൽ അവർക്ക് തെല്ലൊരു കരുണ കാണിച്ചു കൂടെ ? എൻ്റെ കുട്ടി മനസ്സിൽ ചിന്തകൾ കാടുകയറി.
ലഞ്ചിനു ശേഷം കളി പുനരാരംഭിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സ്കോർ 100 കടന്നു.മദൻലാൽ മുട്ടി നിൽക്കുന്നുണ്ട്. സ്കോർ 140-ൽ എത്തിയപ്പോൾ മദൻലാൽ മടങ്ങി.
140-8 . ഇനി അറിയാനുള്ളത് കപിൽ സെഞ്ച്വറി നേടുമോ എന്നുള്ളതായിരുന്നു. സിംബാബ്‌വെ ആയത് കൊണ്ട് സ്കോർ മതിയുകുമെന്ന തോന്നലൊക്കെ വന്നു തുടങ്ങി.അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു.
കിർമാനി വന്നതോടെ ഇന്നിംഗ്സിന് എന്തോ ഒരു സ്ഥിരത വന്നതു പോലെ തോന്നി.അതു വരെ സംയമനം പാലിച്ച കപിൽ കെട്ടു പൊട്ടിച്ചെറിഞ്ഞു. ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു തുടങ്ങി . സെഞ്ച്വറി പൂർത്തിയാക്കിയിട്ടും മുന്നോട്ട് കുതിക്കുന്ന കപിലിൻ്റെ കളികേട്ട് ഞാൻ തുള്ളിച്ചാടി.
സ്കോർ 200 - ഉം കടന്ന് കുതിക്കുകയാണ്. സിംബാബ്‌വെ യ്ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അകലങ്ങളിലേയ്ക്ക് കപിൽ സ്കോർ ഉയർത്തി. കിർമാനി ഒരറ്റം കാത്തു. അറുപതോവർ പൂർത്തിയായപ്പോൾ സ്കോർ 266-8 കപിൽ 175 നോട്ടൗട്ട് കിർമാണി 24 നോട്ടൗട്ട്.16 ഫോറും 6 സിക്സറും കപിലിൻ്റെ ബാറ്റിൽ നിന്ന് പിറന്നു.
സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. കപിൽദേവ് എനിക്ക് ഒരമാനുഷനായി തോന്നി. ഒരു ടീമിനെ തകർച്ചയുടെ തമോഗർത്തത്തിൽ നിന്ന് ഒറ്റയ്ക്ക് കരകയറ്റിയ വീരനായകൻ.നേരത്തെ തന്നെ ഞങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന കപിൽ ഈ ഒരു ഇന്നിംഗ്‌സോടെ അവിടെ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 113 - 6 എന്ന നിലയിലായപ്പോൾ കപിലിൻ്റെ മനോഹരമായ ഇന്നിംഗ്സും അയവിറക്കി ഞാൻ ഉറങ്ങി .ടീമിൻ്റെ ജയം ഞാനുറപ്പിച്ചിരുന്നു.
എന്നാൽ പിറ്റെ ദിവസം രാവിലെ സുഹുത്ത് വേണു പറഞ്ഞപ്പോഴാണ് ഇന്ത്യ ആശങ്കയുടെ നിമിഷങ്ങൾ അതിജീവിച്ചാണ് 31റൺസ് ജയം നേടിയത്. അവസാന നിമിഷം കെവിൻ കറൺ (സാം കറൻ്റെ പിതാവ്) തകർത്താടി.
233 റൺസ് സിംബാബ്‌വെ എടുത്തു എന്നത് കപിലിൻ്റെ പോരാട്ടത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. കപിൽ 11 ഓവറിൽ വെറും 32 റൺസാണ് വിട്ടുകൊടുത്തത് ഒരു വിക്കറ്റും എടുത്തു.
കപിലിൻ്റ മാരത്തൺ ഇന്നിംഗ്സ് റിക്കാർഡ് പിന്നീട് തകർക്കപെട്ടു. എങ്കിലും അതിനിടയിൽ അദ്ദേഹത്തിന് അടിതെറ്റിയിരുന്നെങ്കിൽ ഇന്ത്യ ഒരു പക്ഷെ ലോകകപ്പ് നേടില്ലായിരുന്നു.
എന്തു തന്നെയായാലും അത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മുല്യമുള്ള ഒരിന്നിംഗ്സായി ഞാൻ പരിഗണിക്കുന്നു. ആ മത്സരം നടന്നത് ഏതോ അറിയപ്പെടാത്ത ഗ്രൗണ്ടിലായിരുന്നതിനാൽ ലൈവ് കവറേജ് ഇല്ലായിരുന്നു എന്നത് ഒരു നഷ്ടം തന്നെയാണ്.
കാലമിത്ര കഴിഞ്ഞിട്ടും ലോകമിത്ര മാറിയിട്ടും എൻ്റെ മനസ്സിൽ മായ്ക്കാനാകാത്ത ഒരു ദിവസമാണത്. 1983 ജുൺ മാസത്തിലെ ആ സായാഹ്നം. ഇനിയും അങ്ങനെ തന്നെയാകട്ടെ.