Monday, May 8, 2017

ദാറ്റ്സ് ലൈക്ക് എ ട്രൂ ഇന്‍ഡ്യന്‍ ഗേള്‍....

അച്ഛനുംമോളുംതമ്മിലടിയാണ്.ടി വി കാണുകയാണ് ഇരുവരും.
ചിന്നുവിന് 'പോഗോ' കാണണം.
ആ നേരത്താണ് അച്ഛൻറെ ഒരു കളി ഭ്രാന്ത്.
സൈനയും കരോലിനാ മരിയനും തമ്മിൽ കിരീട പോരാട്ടം നടക്കുകയാണ്.ഉശിരൻ സ്മാഷുകളും ഡ്രോപ് ഷോട്ടുകളുമായി സൈന ആദ്യ സെറ്റ് പിടിച്ചെടുത്തെങ്കിലും ഒന്നു പൊരുതാൻ പോലും അനുവദിക്കാതെ കരോലിന രണ്ടാം സെറ്റ് നേടി.
സ്പോർട്സിൽ അതീവ തൽപരനായ ഗോപാല കൃഷ്ണൻ തൻറെ ആവേശം മകൾക്ക് പർന്നു കൊടുക്കാൻ വൃഥാ ശ്രമം നടത്തുകയാണ്.മുഷ്ടി ചുരുട്ടി വിറപ്പിച്ചും വെൽ ഡൺ , ഫെൻറാസ്റ്റിക് , ലൗലി , ഗ്രേറ്റ് എന്നിങ്ങനെ അലറിവിളിച്ചും ഇരുന്ന ഇരിപ്പിൽ നിന്ന് ചാടി എണീറ്റും ഉഗ്രൻ പെർഫോമൻസാണ് .
ഒരു രക്ഷയുമില്ല.ചിന്നു സോഫാ കുഷ്യനും കെട്ടിപിടിച്ച് അലസയായി നിർവ്വികാരയായി അവിടെത്തന്നെ ഇരിക്കുകയാണ്.
''ഇന്ന് സൈന ജയിച്ചാൽ നമുക്ക് അമ്മയേയും കൂട്ടി ഫെല്യൂദ കഴിക്കാൻ പോകാം''.
അറ്റ കൈക്ക് ഗോപാല കൃഷ്ണൻ പ്രഖ്യാപിച്ചു.മുഖത്തടിച്ച പോലെയായിരുന്നു ചിന്നുവിൻറെ മറുപടി.
''ഞാനില്ല.......''
സൈന രണ്ടാം സെറ്റിൽ തോറ്റു നിൽക്കുന്ന അവസ്ഥകൂടിയായപ്പോൾ ഗോപാലകൃഷ്ണന് ശരിക്കും ദേഷ്യം പിടിച്ചു .
''ചിന്നു അച്ഛൻറെ ചെറുപ്പത്തിൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ ആറ് കിലോമീറ്റർ നടന്ന് വീട്ടുടമസ്ഥനോട് എത്ര കെഞ്ചിയിട്ടാണ് കളി കണ്ടതെന്നറിയോ.''
''അതിന് ആരെങ്കിലും അച്ഛനോട് പോകാൻ പറഞ്ഞോ.''
''എന്താ മോളേ സൈന നമ്മുടെ രാജ്യക്കാരിയല്ലേ.ഒരു സ്പെയിൻ കാരിയോട് ജയിച്ചാൽ നാം സന്തോഷിക്കണ്ടേ .... അഭിമാനം കൊള്ളേണ്ടേ ?''
''അവർക്കും ജയിക്കേണ്ടേ.''
''അവരെ അവർ സപ്പോർട്ട് ചെയ്യും.നമ്മുടെ കളിക്കാരെ നമ്മള് സപ്പോർട്ട് ചെയ്യണ്ടേ''.
''അച്ഛൻ സപ്പോർട്ട് ചെയ്തിട്ടാ സൈന ഒന്നാം സെറ്റ് ജയിച്ചത്.നല്ലോണം കളിച്ചാള് ജയിച്ചോളും അതിന് അച്ഛനിങ്ങനെ ചാടണ്ട.'' ''മോളേ ഭാരതീയ വനിതകൾ പൊതുവെ ദുർബലരാണ്.സൈനയെ പോലുള്ള പെൺകുട്ടികൾ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിക്കുമ്പോൾ നമുക്ക് അഭിമാനം തോന്നേണ്ടേ.''
''കരോലിനയും വനിത തന്നെയല്ലേ.''
''അത് ശരി നിനക്ക്
പേരൊക്കെ അറിയാ അല്ലേ.''
''നോക്ക് മോളേ മോളുടെ സ്കൂളിലെ ഒരു കുട്ടിയും അടുത്ത സ്കൂളിലെ കുട്ടിയും തമ്മിൽ കളിച്ചാൽ ആര് ജയിക്കാനാണ് മോള് ആഗ്രഹിക്കുക.''
''ആരെങ്കിലും ജയിച്ചോട്ടെ .രണ്ടാളും ജയിക്കാനല്ലേ കളിക്കുന്നത്.''
''എന്നാലും.....''
''നല്ലോണം കളിച്ചാള് ജയിക്കട്ട്.''
'ഗോപാലകൃഷ്ണന് ശരിക്കും നിരാശ തോന്നി.
അയാൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പഴയ വീറും വാശിയുമൊന്നും കാണിച്ചില്ല.ചിന്നു ഇടം കണ്ണിട്ട് അച്ഛനെ നോക്കി.അവൾ കളിയും ശ്രദ്ധിക്കുന്നുണ്ട്.ടി വി യിൽ പൊരിഞ്ഞ കളിയാണ്.ഇരു പ്രേക്ഷകരും മൗനം അവലംബിച്ചു.
അവസാനം സൈന ജയിച്ചു !!!
സന്തോഷത്തോടെ തുള്ളിച്ചാടി സൈന ഗാലറിയിലുള്ള തൻറെ മാതാപിതാക്കളെ ഓടിച്ചെന്ന് കെട്ടിപിടിക്കുന്നു.
ഇന്ത്യൻ ദേശീയ പതാകയേന്തി കോർട്ടിന് വലം വയ്ക്കുന്നു.
വിദേശത്ത് നടക്കുന്ന കളിയായതിനാൽ ചുരുങ്ങിയതെങ്കിലും സന്തുഷ്ടരായ ഇന്ത്യൻ കായിക പ്രേമികൾ ഒടുവിൽ ആനന്ദ നിർവൃതിയിൽ.
കിരീടം ഉയർത്തിയ സൈന യുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഗോപാല കൃഷ്ണൻ റിമോട്ട് ചിന്നുവിന് ഇട്ടുകൊടുത്തു. മുറിവിട്ട് പോകാൻ തുടങ്ങിയ ഗോപാലകൃഷ്ണൻ മകളുടെ വിളി കേട്ട് എന്താ എന്ന ഭാവത്തിൽ തിരിഞ്ഞ് നിന്നു.
''ഫെലൂദ...''
''ഉം... ഫെല്യൂദ..തിന്നാൻ വേണ്ടീട്ടല്ലേ....''
ചിന്നു ഓടിച്ചെന്ന് അച്ഛൻറെ അരകെട്ടിൽ ചുറ്റിപിടിച്ചു.
''അല്ലച്ഛാ സൈന ജയിച്ചതു കൊണ്ടാ ''
അറിയാതെ പൊടിഞ്ഞു പോയ കണ്ണീർ മകൾ കാണാതെ തുടച്ച് അയാൾ ചിന്നുവിനെ നോക്കി പുഞ്ചിരിച്ചു.അവൾ അച്ഛന് അടിക്കാനായി തൻറെ കൈപത്തി ഉയർത്തി കാട്ടി.അയാൾ ആ വിരലുകളിൽ കൈ കോർത്ത് പറഞ്ഞു വെൽ ഡൺ മൈ ഡിയർ....വെൽഡൺ.Yes this is true sportsman spirit keep it up ......

No comments:

Post a Comment