Monday, May 8, 2017

ജലദിനം



നദികളും പുഴകളും ജലാശയങ്ങളും കൊണ്ട് സമൃദ്ധമായ നാടായിരുന്നു നമ്മുടേത്.
നമ്മുടെ സംസ്കാരത്തിൻറെ അടിത്തറതന്നെ ഈ ജലസമൃദ്ധിയായിരുന്നു.
കാർഷികവൃത്തിയിൽ അധിഷ്ഠിതമായി പ്രകൃതിയുടെ മടിത്തട്ടിൽ സഹജീവനത്തിൻറെയും പാരസ്പര്യത്തിൻറെയും മൂർത്തീഭാവങ്ങളായി നാം പിന്നിട്ട ആ സുവർണ്ണകാലം നമുക്ക് തിരിച്ചു പിടിക്കണം.
മണ്ണിനെയും ജലത്തെയും മറന്നപ്പോൾ നമുക്ക് വഴിമാറി നമ്മുടെ അടിതെറ്റി.
ഇന്ന് നാം വറുതിയുടെ പടുകുഴിയിൽ നല്ല നാളെയുടെ സ്വപ്നവും കണ്ട് ഉറക്കം നടിച്ച് കിടക്കുമ്പോൾ വരൾച്ചയുടെ താണ്ഡവനൃത്തത്തിനുള്ള വേദിയൊരുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
കഴിഞ്ഞ പത്തു വർഷങ്ങളിലെ ഏറ്റവും താഴ്ന്ന ഭൂജലവിതാനമാണിപ്പോഴുള്ളത്.
അമിതമായ ജലശോഷണവും ജലപുനരുജ്ജീവനത്തിൻറെ പരമ്പരാഗതമായ മാർഗ്ഗങ്ങളോട് നാം മുഖം തിരിച്ച് നിൽക്കുന്നതുമാണ് ഇതിനു കാരണം.
ജലം ഭൂമിയിലേക്കിറങ്ങണം.വ്യപകമായി വൃക്ഷങ്ങൾ വെട്ടിമാറ്റിയതിനെ തുടർന്ന് ഭൗമോപരിതലത്തിലെ മേൽമണ്ണ് ഒലിച്ചുപോകുന്നു. സുതാര്യമല്ലത്ത അടിമണ്ണിലൂടെ ജലം ഇറങ്ങാതെ ക്ഷണനേരം കൊണ്ട് മഴവെള്ളം കുതിച്ചുപായുന്നു.
മേൽ മണ്ണിനെ പിടിച്ചു നിർത്താൻ വൃക്ഷങ്ങളുടെ വേരുകൾ വേണം.കുത്തിയൊഴുകുന്ന വെള്ളത്തിൻറെ വേഗത കുറയ്ക്കാൻ തടയണകൾ നിർമ്മിക്കണം.മലഞ്ചരിവുകളിൽ കയ്യാലകൾ പണിതും മഴകുഴികൾ നിർമ്മിച്ചും നമുക്ക് ഭൂജലപോഷണം യാഥാർത്ഥ്യമാക്കാം.
മുറ്റം പൂർണ്ണമായും മാർബിളും ടെൽസും പാകി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന ശീലം നമുക്ക് ഗുണം ചെയ്യില്ല.
ഒരു ചെറിയ വീടിൻറെ മേൽകുരയിൽ പതിക്കുന്ന ജലം ഒരു ചെറിയ കുടുംബത്തിൻറെ വേനലിലെ ആവശ്യത്തിനുള്ള വെള്ളം കിട്ടുമെന്നിരിക്കെ മഴവെള്ള സംഭരണികളുടെ നിർമ്മാണത്തിന് ഇനിയും വിമുഖതയെന്തിന്.
എല്ലാ വീടുകളിലും മഴവെള്ളം സംഭരിച്ചാൽ തന്നെ ജല ദൗർലഭ്യം ഒഴിവാകും മഴയെ നമുക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാം അക്ഷയ ഖനിയായി സുക്ഷിക്കാം.
ഓരു തുള്ളിവെള്ളം പോലും പാഴാക്കരുത്.
മിതത്വം ശീലിക്കുക.
വാഷ് ബേസിനടുത്ത് ഒരു മഗ്ഗ് സൂക്ഷിക്കുക.ടാപ്പിൽ നിന്ന് വെള്ളം മഗ്ഗിലേയ്ക്കെടുത്ത് ആവശ്യത്തിനുപയോഗിക്കൂ.
പൈപ്പുകളുടെ കേടുപാടുകൾ യഥാസമയം തീർത്താൽ ജല നഷ്ടം ഒഴിവാക്കാം.
ഇത്തരം ചെറിയ ചുവടുകൾ അതിജീവനത്തിനുള്ള വിവിധ മാർഗ്ഗങ്ങളാണ്..
കൊടും ചൂടിൽ പക്ഷിമൃഗാദികളും ആർത്തരാണ്.അവയ്ക്കായി ഒരു ചെറിയ പാത്രത്തിൽ അനുയോജ്യമായ സ്ഥലത്ത് അൽപം ജലം കരുതുക.
ജലം അമൃതാണ് അത് വൃത്തിഹീന മാകരുത്.വിസർജ്ജയങ്ങളൊഴുക്കിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പുഴകൾ മലിനപ്പെടാതിരിക്കട്ടെ.
പൊതുജലാശയങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് മിതമായിമാത്രം വെള്ളമെടുക്കുക.ഇത് ആഴ്ചയിൽ രണ്ടു ദിവസമായി പരിമിതപ്പെടുത്തുക.
സ്നേഹിതരെ അൽപം മിതത്വം പാലിക്കാം
മഴവെള്ളം കൊയ്തെടുക്കാം
ജലാശയങ്ങൾ പരിപാലിക്കാം.
നല്ല നാളേയ്ക്കായി കൈ കോർക്കാം

No comments:

Post a Comment