Tuesday, April 5, 2016

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

നിഷ്കളഭാവം നിരുപമരൂപം
നിർദോഷമായുള്ള
 കുസൃതികൾ വികൃതികൾ
നിർഭയമമ്മതൻ
ചാരെ മയങ്ങുന്ന
നിർമല നിർമമ
മായോരു പൈതൽ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഗതകാല ചരിതത്തിൻ
കയ്പുള്ള നിനവുകൾ
പരുഷതയുടെ മയമുള്ള
ചുറ്റുവട്ടങ്ങളും
അതിലേറേ ഛലകപട ഗതിവിഗതികളൊക്കെയും
ഘനീഭുത മായിതോ
തരളിതമാം മനം

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ദുഖത്തിലുച്ചത്തിൽ
പൊട്ടിക്കരഞ്ഞിടാൻ
മോദത്തിലുല്ലാസ
പൂത്തിരി കത്തിക്കാൻ
ചടുലമായാനനന്ദ
ചുവടുകൾ ചേർത്തിടാൻ
ഒരു ഈണമെപ്പോഴും
പാടിനടക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

സഹജൻ്റെ തോളത്തു
കൈ വച്ചൂ നീങ്ങിടാൻ
അനുജനെ കൊഞ്ഞനം
കാട്ടി ചൊടിപ്പിക്കാൻ
സോദരിമാരുടെ
ജഡയാട്ടി കളിച്ചിടാൻ
തൊടിയിലെ മൂവാണ്ടൻ
മാങ്ങയെറിഞ്ഞിടാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

പ്രകൃതിയുടെ കൗതുക
കാഴ്ചകൾ കണ്ടിടാൻ
അമ്പിളിമാമനെ
കണ്ടങ്ങിരിക്കുവാൻ
താരകളൊത്തു
കൺചിമ്മികളിക്കുവാൻ
മഴയത്തു മുറ്റത്ത്
ഓടിക്കളിക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഉണരുക നീയുണ്ണി
 പരിഭവം വേണ്ട
എല്ലാം മറന്നങ്ങു
പുഞ്ചരിച്ചീടുവാൻ
 ആമോദമാഹ്ലാദ
ചിത്തനായ് വാഴുവാൻ
ആയിരം പുത്തിരി
മനസ്സിൽ  തെളിയുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

No comments:

Post a Comment