Tuesday, April 5, 2016

അങ്ങുകിഴക്കൊരു പാറപുറത്താണു
എൻറെ പ്രിയപെട്ട വിദ്യാലയം

ആദ്യാക്ഷരങ്ങൾ തൻ മുകുളങ്ങൾ  തളിരിട്ട
ആരാമ മന്ദിരം വിദ്യാലയം

പ്രഥമ വന്ദിതൻ ഗജാനനൻ തന്നുടെ
നാമത്തിലാണീ പ്രഥമാലയം

കരിമ്പുവളപ്പും ഗുളിക തറയും
 ചേരുന്ന പഴയോരു വിദ്യാലയം

പാറയുംമുള്ളും ചരലും ചവിട്ടി ഓടിതിമിർത്തോരു നൃത്താലയം

ചക്കര പ്ലാവിൻറെ തണലിൽ
തിമർക്കുന്ന  കുട്ടികൾ തന്നുടെ  കാര്യാലയം

ഗോരിയും കോട്ടിയും പള്ളിയും
 സോഡ്ദി തലേമ്മ അരങ്ങിലെത്തും

ഗോ....വിന്ദ.....യെന്നുച്ചത്തിലലറി
ഭജനമിരിക്കുന്ന പുണ്യ കാലം

തൂവെള്ള വസ്ത്രം ധരിച്ച ഗുരുവിൻ്റെ
പാഠങ്ങൾ വിസ്മയമായ  കാലം

സ്വാദൂറും സജ്ജിഗ ആവോളം ഭക്ഷിച്ച്
 എരിയടക്കുന്നോരു പോയ കാലം

കോഴി കുണ്ടിയും, പാലൈസുമെള്ളുണ്ടയും
കട്ളീസും തിന്നു നടന്ന കാലം

നെല്ലിക്ക പുളിങ്കുരു  കാക്കതൊണ്ടിയും
ചെനയുള്ള മാങ്ങയും തിന്നകാലം

ഇടവേളനേരത്ത് പൊതു ടാപ്പിലെ വെള്ളം
ആവോളം മോന്തികുടിച്ച കാലം

 ഒരുനാളസംബ്ലിയിൽ എല്ലാരു മൊന്നായി
ഭാരതാംബയ്ക്കു   ജയ് വിളിച്ചകാലം

മലയാള കന്നട  തുളുവാദി ഭാഷകൾ
 കൈകോർത്തു  നടന്ന വസന്ത കാലം

മൂക്കട്ടയൊലിപ്പിച്ച് ഒട്ടിയ വയറുമായ്
അടികൊണ്ടു വാവിട്ടു കരഞ്ഞ കാലം

കുസൃതികൾ കാട്ടി അടിപിടി കൂടി
ഉച്ചത്തിൽ വായിട്ടലച്ചകാലം

ഒരു കൈയ്യിൽ  നിക്കറും മറുകൈയ്യിൽ
സ്ലേറ്റുമായ് മഴയും നനഞ്ഞു നടന്ന കാലം

ജനഗണമന തീർന്ന് മണിയൊച്ച കേൾക്കുമ്പൊൾ
ചടപടെയോടിയകന്ന കാലം

മണ്ണിൻ്റെ മണമുള്ള വിണ്ണിൻറെ ഗുണമുള്ള
ഓർമയിൽ മാറാത്ത സുവർണ്ണ കാലം

No comments:

Post a Comment