Tuesday, April 5, 2016

പാഴാക്കാനൊരു തുള്ളിയില്ലയെന്നോമനെ
ജലം പാരിലമൂല്യമാണറിക

ഓടികിതച്ചെത്തി പാളയിലെ വെളളം
 നീ യാവോളം മോന്തി  കുടിക്കുന്ന കാഴ്ചയും

ചാടിതിമർക്കുമ്പോൾ  ചിന്നി
ചിതറുന്ന  തുള്ളിയും
സാകൂതം കാണുവാനക്ഷമൻ ഞാൻ

വാടിക്കരിഞ്ഞ തൊടിയിലെ  മുല്ല
മാടി വിളിച്ചു കരഞ്ഞിടുമ്പോൾ

ഇത്തിരിപോരുന്ന പക്ഷി മൃഗാദികൾ
ഇറ്റു ജലത്തിനായ് കേഴുമ്പോഴും

അവനിയിലതിനായി കരുതേണമോമനേ
ധരണി ചുരത്തണം അമൃത ജലം

 ഗതിവേഗ മേറിയ ഉലകിലെ യാത്രയിൽ
പരവശനായ് നീയലഞ്ഞിടുമ്പോൾ

ഇറ്റു തെളിനീരി നായ്  നീ
കൊതിച്ചിടുമ്പോൾ

 സുലഭമായ് വരുകില്ല ഒരുകവിൾ  തണ്ണീർ
മനതാരിലിന്നു നീ ഓർത്തുകൊൾക

കണ്ണിന്നു കുളിരാകും നിളയുടെ കളകളം
ഇനിയെത്ര  നാളുയർന്നു പൊങ്ങും

പെയ്യാൻ മടിച്ചിടും  മഴമേഘജാലങ്ങൾ
നിന്നുടെ സ്വൈര്യം കെടുത്തുമല്ലോ

അവസാന തുള്ളിയു മൂറ്റിയെടുക്കാനായ്
ദുരമൂത്ത ജീവികൾ നിന്നരികിലെത്തും

ഉണ്ണീ നീയെന്നുടെ ഉദകജലത്തിനായ്
അലയുന്ന വിഗതികളുണ്ടായിടൊല്ലെ

ജലമാണ് ജീവൻ  തെളിനീരമൃത്
ശുദ്ധജല വായു  നാടിനനുഗ്രഹവും

No comments:

Post a Comment