കോവിഡ് കാലം ആരംഭിച്ചതിനു ശേഷം മുന്നണി പോരാളികളിൽ ഒരാൾ കൂടി യാത്രയായി.
ഗദ്ഗദകണ്ഠനായി തൻ്റെ ഓഫീസിലെ ജീവനക്കാരിയുടെ മരണവാർത്ത എന്നെ അറിയിച്ച മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ അഷറഫ് ഇന്നലെ യാത്രയായി.
ഇത്തവണ കോവിഡ് നേരിട്ട് വില്ലനായി എന്നതു മാത്രമാണ് വ്യത്യാസം.ബെള്ളൂർ സെക്രട്ടറിയായിരുന്ന ദാമോദരനും, ചെറുവത്തൂരിൻ്റെ പ്രഭാകരനും, മഞ്ചേശ്വരത്തെ സരോജിനിയും,അഷറഫും.
യാദ്യശ്യികമായി തോന്നാമെങ്കിലും സെക്രട്ടറി മരിച്ച് ഏതാനം മണിക്കൂറുകൾക്കകം അസി.. എഞ്ചിനിയറും മരിക്കുന്നു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ തന്നെ രണ്ടു മാസത്തിൽ മൂന്ന് മരണങ്ങൾ.എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സംഭവിക്കേണ്ടതൊക്കെ അതിൻ്റെ വഴിയേ സംഭവിക്കുമെങ്കിലും നിസ്സംഗരായി വെറുമൊരു കാഴ്ചക്കാരായി ഈ സംഭവ വികാസങ്ങളെ നോക്കിക്കാണേണ്ടി വരുന്ന സ്ഥിതിവിശേഷം വളരെ ആശങ്കാജനകമായി കാണുന്നു. മരണം കീഴ്പ്പെടുത്തിയവരോടൊപ്പം മരണാസന്നരായി ജോലി നോക്കുന്നവരേറെയുണ്ട്.അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ കുറേയേറെ പേരുണ്ട്.
താഴ്ത്തട്ടിൽ ജനസാമാന്യരുമായി നേരിട്ടിടപെട്ട് പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതിലെ സമ്മർദ്ദം അനുഭവിക്കുന്നവരുണ്ട്.പരിമിതമായ യാത്രാ സൗകര്യങ്ങൾക്കിടയിൽ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്.തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സങ്കീർണ്ണതകൾ അതിൻ്റെ പ്രതിഫലനങ്ങളുടെ ആഘാതങ്ങൾ നേരിട്ട് ഏൽക്കേണ്ടി വരുന്ന വലിയ ഒരു വിഭാഗം.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റുനതിനോ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ നിർവാഹമില്ലാത്തവർ.സമൂഹം എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരെന്ന് മുൻ ധാരണയോടെ വിലയിരുത്തപ്പെടുന്നവർ.പിഴവുകൾ തിരുത്താൻ പോലും അവസരം കിട്ടാത്തവർ.ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവുകളുണ്ടായാൽ അതുമൂലമുണ്ടാകുന്ന വിടവുകൾ നികത്താൻ സ്വയം വിധിക്കപ്പെട്ടവർ.
ഇതൊക്കെ പല രീതിയിൽ അതിജീവിക്കുന്നവരുണ്ട്.നിത്യ ദുരിതമായി അനുഭവിക്കുന്നവരുമുണ്ട്.കാലിടറി വീഴുന്നവരുടെ എണ്ണം കൂടുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്.ഇത് കണ്ടില്ലെന്ന് നടിക്കരുത്.കുറഞ്ഞ പക്ഷം ഇത് അറിഞ്ഞവരും അറിയുന്നവരും ഒന്ന് കണ്ണ് തുറക്കുന്നത് നന്നായിരിക്കും.താഴ്തട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുന്നതിനെ വെറും കഴിവ് കേട് എന്ന് വിലയിരുത്തി തളളിക്കളയാതെ മൂലകാരണങ്ങളെ കണ്ടെത്തി പരിഹരിക്കാത്തിടത്തോളം മാറ്റങ്ങൾക്ക് സാദ്ധ്യത കുറവാണ്.
ഒരു വ്യക്തിയെ മുൻധാരണയോടെ കാണുന്ന പ്രവണത അയാളെ അടുത്തറിയാനും അയാളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു. ആരും ആരെയും അടുത്തറിയുന്നില്ല.മരണത്തോടെ അല്ലെങ്കിൽ വിരമിക്കൽ ചടങ്ങലിനിടെയാണ് പലരും പരസ്പരം അടുത്തറിയുന്നത്.
എല്ലാവർക്കും എല്ലാ പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. നന്നായി ജോലി ചെയ്യാൻ അതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ജോലിയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുന്നത് ഒരാൾ ജോലി ചെയ്യാത്തതു കൊണ്ട് മാത്രമല്ല. കഴിവുള്ളവർ അവർ ഏത് നിലയിലുള്ളവരായാലും തൻ്റെ കഴിവുകൾ മൊത്തം സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തണം.പരസ്പരം താങ്ങായി നിൽക്കണം.
വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലൂന്നിയ പ്രാദേശിക ഭരണം എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അത് കൈയ്യു മെയ്യും മറന്ന് ജോലി ചെയ്ത തിരിച്ചറിയപ്പെടാതെ പോയ പലരുടെയും സംഭാവനകൾ മൂലമാണ്.
എല്ലാവരെയും ഒന്നിച്ച് നിർത്തി പരസ്പരം ആത്മവിശ്വാസം ഉയർത്തി തളർന്നു പോകുന്നവരെ കൈ പിടിച്ച് ഉയർത്തി ഞാൻ മാത്രം ജയിക്കാതെ എല്ലാവരും ഒന്നിച്ച് ജയിക്കണമെന്ന മുദ്രാവാക്യവുമായി നീങ്ങണം. ഇല്ലെങ്കിൽ അരക്ഷിതാവസ്ഥയിൽ സഹപ്രവർത്തകരുടെ വിഷമങ്ങൾ പോലും മനസ്സിലാക്കാൻ കഴിയാത്ത.നിസ്സംഗരായ യന്ത്രമനുഷ്യരായി തുടരേണ്ടി വരും.
No comments:
Post a Comment