Wednesday, May 5, 2021

കഞ്ഞി

കഞ്ഞി കുടിച്ചില്ലേ എന്നയാൾ ചോദിച്ചപ്പോൾ,

ഞാൻ ചോദിക്കാതെ ചോദിച്ചു എന്നെ കണ്ടിട്ട് കഞ്ഞി കുടിച്ചതായി തോന്നുന്നില്ലേ എന്ന്,

പക്ഷെ അദ്ദേഹമെന്നാട് സ്നേഹം പങ്കിട്ടതാണെന്ന് എനിക്ക് തോന്നിയില്ല.

കഞ്ഞിക്കളി ഒഴിവാക്കണമെന്ന് അയാൾ എന്നോട് പറഞ്ഞപ്പോൾ 

എന്നെ പരിഹസിച്ചതായി എനിക്കു തോന്നി. പക്ഷെ അയാൾ 

എൻ്റെ വ്യക്തിത്വ വികസനത്തിനായുള്ള ടിപ്പുകൾ തരികയാണെന്ന് ഞാൻ മനസ്സിലാക്കിയില്ല.

കഞ്ഞി കുടി മുട്ടി പോകുമെന്ന് അയാളെനിക്ക് മുന്നറിയിപ്പ് തന്നപ്പോൾ അതയാളുടെ കത്തി വർത്തമാനം മാത്രമാണെന്ന് ഞാൻ ഗണിച്ചു.

കഞ്ഞിയിൽ മുക്കിയ വസ്ത്രം ധരിച്ച അയാൾ ഒരിക്കലും എൻ്റെ മനസ്സിൽ ഇടം നേടിയില്ല.

അവസാനമായി യാത്ര പറഞ്ഞപ്പോൾകൃത്യ നേരത്ത് കഞ്ഞി കുടിക്കണമെന്ന് എന്നെ ഓർമ്മിപ്പിച്ചത് , എന്നെയൊന്നാക്കിയതാണെന്ന് ഞാനുറപ്പിച്ചു.

ഇന്ന് ജീവൻ്റെ സ്പന്ദനം നിലനിർത്താൻ ഉപ്പിട്ട ചൂട് കഞ്ഞി പതുക്കെ പതുക്കെ തൊണ്ടയിലൂടിറക്കുമ്പോൾ സച്ചിതാനന്ദ പരമാനന്ദമാണ് കഞ്ഞി എന്ന അറിവ് പതിയെ എൻ്റെ സ്മൃതി മണ്ഡലത്തെ ദീപ്തമാക്കുന്നു....

No comments:

Post a Comment