ഇന്നേയ്ക്ക് കേരള സർക്കാർ ഉദ്യോഗം ഇരുപത്തിനാലു വർഷം തികഞ്ഞു.
കാസറഗോഡ് ചിന്മയാ മിഷൻ സ്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ്.ഒരു കോംപൗണ്ട് അപ്പുറത്തുള്ള സിവിൽ സ്റ്റേഷനിലെ ഗ്രാമവികസന വകുപ്പിലെ ക്ലാർക്കുദ്യോഗം കിട്ടുന്നത്.ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ കാലത്ത് ഏറെ ആശ്വാസദായകമായി ലഭിച്ച ജോലി.പലരും പറഞ്ഞു ഇതൊരു തുടക്കം മാത്രമാണ് ഇത് ഉയരങ്ങളിലേയ്ക്കുള്ള ചവിട്ടു പടിയാണെന്നും.അസിസ്റ്റൻറ് ഡവലപ്മെൻറ് കമ്മീഷണർ ശ്രീ രാമൻ സാറിൻറെ മുന്നിൽ റിപ്പോർട്ട് ചെയ്തപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.അപ്രധാനമായ തപാൽ സെക്ഷനായതിനാൽ തെല്ലു വിഷമമുണ്ടായിരുന്നു.എന്നാൽ ആറു മാസത്തിനകം ജില്ലയിലെ എസ്റ്റാബ്ലിഷ്മെൻറ് സീറ്റിലെത്തി.1995 ലെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റിടേണിംഗ് ഓഫീസറുടെ സ്റ്റാഫ് എന്ന നിലയിൽ നിർണ്ണായകമായ പങ്ക് വഹിക്കാനായി.ജില്ലാ കളക്ടറേറ്റിലായതിനാൽ ഫയൽ നടപടിക്രമങ്ങൾ പഠിച്ചെടുക്കാനായി.സത്യജീത്ത് രാജൻ ഐ എ എസ് അവർകളിൽ നിന്ന് 1998 ൽ ലഭിച്ച ഗുഡ് സർവ്വീസ് എൻട്രി ആണ് അന്നു മുതൽ ഇന്നു വരെ സേവനത്തിന് ലഭിച്ച ഏക ഔദ്യോഗിക അംഗീകാരം.
2003 ലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വെല്ലവിളികൾ ഏറ്റെടുത്തത്.പതിനാല് വർഷം നീണ്ട സെക്രട്ടറി തസ്തികയിലെ ജോലിയിൽ മുഴുവൻ സമയം പിടിച്ചു നിൽക്കാനായതിലും അത്യന്തം വെല്ലു വിളികളുയർത്തുന്ന പഞ്ചായത്തുകളിൽ പ്രവർത്തിക്കാനായതിലും അഭിമാനിക്കുന്നു.ആ തസ്തികയിൽ എന്നെ കൊള്ളില്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ജനങ്ങളിൽ നിന്ന് കിട്ടിയ അംഗീകാരങ്ങളും നല്ല സഹപ്രവർത്തകരുടെ നിസ്സീമമായ പിൻബലവും എന്നെ അതിന് പ്രാപ്തനാക്കി.
പെർഫോമൻസ് ഓഡിറ്റിൽ എത്തി നിൽക്കുന്ന സേവനം ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുന്നു. പ്രമോഷനുകൾ വഴിമുട്ടിയ അസാധാരണ സാഹചര്യമുള്ള വകുപ്പ്,മുപ്പതു വർഷങ്ങൾക്ക് ശേഷം അതേ തസ്തികയിൽ നിന്ന് സേവന നിവൃത്തരാകുന്ന പഞ്ചായത്ത് സെക്രട്ടറിമാർ ഒരു പക്ഷെ ഈ ദുനായാവിൽ തന്നെ മറ്റെവിടെയും ഇല്ലാത്ത സാഹചര്യമാണ്. പടവുകൾ ചവിട്ടിമുന്നേറുന്നതും മാറ്റങ്ങളും ചലനാത്മകതയുടെ ലക്ഷണമാണ്.മറിച്ചാകുന്നത് മുരടിപ്പാണ്.
ഇനിയങ്ങോട്ട് എന്താണെന്നുള്ളതിൽ അവ്യക്തതയുണ്ട്.വകുപ്പ് സംയോജനം, പരിമിതമായ പ്രൊമോഷൻ സാദ്ധ്യത ഇതൊക്കെ മുന്നിലുണ്ട്.ഇനിയുള്ള കാലത്ത് ധനാത്മകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ മെച്ചപ്പെട്ട സേവനം കാഴ്ചവച്ച് മികച്ച നിലയിൽ തന്നെ സേവനം അവസാനിപ്പിക്കാനാകുമെന്നും പ്രത്യാശിക്കുന്നു.
No comments:
Post a Comment