Wednesday, May 5, 2021

പോളിംഗ് ബൂത്തിലെ ഉണർത്തുപാട്ട്


തലേ ദിവസം തന്നെ ബൂത്തിലെത്തി എല്ലാ തയ്യാറെടുപ്പുകളും നടത്തി.അരയും തലയും മുറുക്കി ഞങ്ങൾ തയ്യാറായി.പഴയ ഒരു സ്കൂൾ കെട്ടിടത്തിൽ നാല് ബൂത്തുകളുണ്ട്. വനിതകളുൾപ്പടെ 25 ജീവനക്കാരും. സ്വയം തയ്യാറെടുത്തും മറ്റുള്ളവരുടെ ഒരുക്കങ്ങൾ കണ്ടു മനസ്സിലാക്കിയും എല്ലാവരും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. വീഴ്ചയ്ക്കുള്ള ഒരു പഴുതും ബാക്കിയില്ല എന്ന് ഒരോരുത്തരും ഉറപ്പു വരുത്തുന്നു.

സാധാരണ ജോലികളിൽ നിന്നും വ്യത്യസ്ഥമാണ് ഇലക്ഷൻ ഡ്യൂട്ടി.ഇവിടെ ജീവനക്കാർ തമ്മിൽ അസാധാരണമായ സഹകരണമാണ്.പാരവയ്പ്പിനും ഏഷണിക്കുമെന്നും ആർക്കും സമയമില്ല.പോളിംഗ് ഡ്യൂട്ടി വിജയകരമായി പൂർത്തീകരിക്കേണ്ടത് ഓരോ ജീവനക്കാരൻ്റെയും വാശിയാണെന്ന് തോന്നിപോകും.പലപ്പോഴും പതിവുഡ്യൂട്ടിയിലും ഇങ്ങനെയൊക്കെയായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്‌.

നാലു ബൂത്തുകളാണുള്ളത് ബൂത്തുകൾ തമ്മിൽ വേർതിരിക്കുന്നത് ഹാർഡ് ബോർഡ് സ്ക്രീൻ മാത്രമാണ്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കി എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. എല്ലാവരും ഹാപ്പിയാണ്. ഇലക്ഷൻ ഡ്യൂട്ടി നിയമന ഉത്തരവ് കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടായിരുന്ന വിഷമമൊന്നും ആരുടെ മുഖത്തും ഇല്ല. 

രാവിലെ 5.30 ന് മോക്ക് പോൾ തുടങ്ങണം.അഞ്ച് മണിക്ക് ഏജൻറുമാർ എത്തിത്തുടങ്ങും. കാലേകൂട്ടി എഴുന്നേക്കണം.ഫ്രഷ് ആവാൻ പരിമിതമായ സൗകര്യം മാത്രമേ ഉള്ളൂ. രാവിലെ തിരക്കാവാൻ സാദ്ധ്യതയുണ്ട്.

എൻ്റെ ബൂത്തിൽ ഞാനും മുസ്തഫ മാഷും മാത്രമേ ഉള്ളൂ. നാലു മണിക്ക് അലാറം വച്ച് രണ്ട് ബെഞ്ചുകൾ അടുപ്പിച്ചിട്ട് ഞാനുറക്കം തുടങ്ങി. ആദ്യ ഉറക്കം കഴിഞ്ഞ് നോക്കുമ്പോൾ മുസ്തഫ ഡെസ്കിൽ കൈയ്യും വച്ച് ഇരിക്കുകയാണ്. ചോദിച്ചപ്പോൾ നല്ല ഉറക്കം വരാതെ കിടന്നാൽ ഉറക്കം വരില്ല എന്നു പറഞ്ഞു. അപ്പോഴും തൊട്ടടുത്ത ബൂത്തിൽ നിന്ന് ചില സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അടുത്ത തവണ ഞാനുണർന്നപ്പോൾ മുസ്തഫ ഉറക്കമായിരുന്നു.അങ്ങിങ്ങായി ചില കൂർക്കം വലികൾ ഒഴിച്ചു നിർത്തിയാൽ പൂർണ്ണ നിശ്ശബ്ദദ. എല്ലാവരും ഉറക്കത്തിലായി.ഡ്യൂട്ടിയിൽ ഉറങ്ങാൻ പറ്റുന്ന അസുലഭമായ അനുഭവം.

പെട്ടെനാണ് ഒരു പോളിംഗ് ഓഫീസർ വച്ച അലാറം കേട്ട് എല്ലാവരും ഉണരുന്നത്. " സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ .... വാ ...നാളെയാണ് താലി മംഗലം. എന്തുകൊണ്ടും അലാറമാക്കാൻ പറ്റിയ ഗാനം. അതും ഉച്ചത്തിൽ . ഞാൻ സമയം നോക്കി മൂന്ന് മണി ആയിട്ടേ ഉള്ളു. ഇനിയും കിടക്കുന്നു ഒരു മണിക്കൂർ.ഞാൻ തിരിഞ്ഞു കിടന്നു.എന്നാൽ അലാറം നിൽക്കുന്നില്ല. " നീയും വരൻ്റെ പെങ്ങളായി നിന്നു വേണം .... സുന്ദരീ ..... അലാറം അനർഗളമായി തുടരുകയാണ്. ഇയാളെന്താ ഇത് ഓഫാക്കാത്തതെന്ന് വിചാരിച്ച് ഓരോരുത്തരും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ മൂന്ന് തവണ പാടി പാട്ട് നിലച്ചു.എല്ലാവർക്കും ആശ്വാസമായി എന്നാൽ ഓരോരുത്തരെയും അരിശം കൊള്ളിച്ചുകൊണ്ട് അലാറത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. സുന്ദരി .... സുന്ദരീ ... ഒന്നൊരുങ്ങി വാ.... വാ .. ഞാൻ തലയുയർത്തി നോക്കിയപ്പോൾ മുസ്തഫ സ്ക്രീനിന് മുകളിലുടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്‌. തൊട്ടടുത്ത ബൂത്തിൽ നിന്നാണ്.സഹ പോളിംഗ് ഓഫീസർമാർ അലാറത്തിൻ്റെ ഉറവിടം തേടി അഞ്ചാറു കള്ളികളുള്ള ബാഗ് തിരയുകയാണ്. പക്ഷെ എത്ര ശ്രമിച്ചിട്ടും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒടുവിൽ പതിനഞ്ച് മിനിട്ട് നീണ്ട ഉണർത്തുപാട്ടിനു ശേഷം ഫോൺ നിലച്ചു.ഇപ്പോഴേക്കും എല്ലാ ബൂത്തിലും വെളിച്ചം പരന്നിരുന്നു. പോളിംഗ് ഓഫീസർമാർ ഒന്നൊഴിയാതെ എഴുന്നേറ്റിരുന്നു. ഫോണിൻ്റെ ഉടമസ്ഥനെ നല്ല രണ്ട് തെറി പറയാൻ ഒരുങ്ങി ചിലർ തയ്യാറായി നിന്നു.

അപ്പാഴെക്കും അതാ ചെവിക്കുള്ളിലെ നനവ് തോർത്ത് ചുരുട്ടി ഒപ്പിയെടുത്തു കൊണ്ട് സുസ്മേരവദനനായി അരവിന്ദൻ മാഷ് വരുന്നു.

മുന്ന് മണിക്ക് അലാറം വച്ച് കിടന്ന അരവി ക്ക് ഉറക്കം വന്നിരുന്നില്ല.തിരിഞ്ഞു മറിഞ്ഞും ഒരു വിധം രണ്ടര മണിയാക്കിയതാണ്.അലാറം വച്ചിട്ടുള്ള കാര്യമോർക്കാതെ കുളിക്കാൻ പോയതാണ്. 

മാഷുടെ നിഷ്കളങ്കമായ വിവരണം കേട്ട ഞങ്ങൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. എല്ലാവരുടെയും ഉറക്കം പോയി.എല്ലാവരും പ്രഭാത കൃത്യങ്ങൾക്കായി പിരിഞ്ഞു പോയി.

ഏതായാലും അരവിന്ദൻ മാഷുടെ ഉണർത്തുപാട്ട് മൂലം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും കാലേകൂട്ടി ഉണർന്നു തിരക്കില്ലാതെ തന്നെ പ്രഭാതകൃത്യങ്ങൾ കഴിച്ചുകൂട്ടി. സമ്മർദ്ദമില്ലാതെ തന്നെ കൃത്യ സമയത്ത് തന്നെ പോളിംഗ് ആരംഭിച്ചു.

നേരിട്ട് അദ്ദേഹത്തോട് ആരും നന്ദി പറഞ്ഞില്ലെങ്കിലും ഇതൊരു രസകരമായ അനുഭവമായി എല്ലാവരും എടുത്തുവെന്നല്ലാതെ ആരും അരവി മാഷെ കുറ്റം പറഞ്ഞില്ല.

No comments:

Post a Comment