Sunday, May 9, 2021

ചില സ്വകാര്യങ്ങൾ

അച്ഛാ അപ്പി ഇടാൻ പോട്ടേ .....

ഇതൊരു ഉറപ്പു വരുത്തലാണ്.കാര്യം സാധിച്ചു കഴിഞ്ഞാൽ കഴുകി കൊടുക്കാൻ ചെല്ലുമെന്ന ഉറപ്പ് അവന് വേണം.

ശരിയെന്ന് പറഞ്ഞത് ഞാൻ ഒന്നു കൂടി മനസ്സിലുറപ്പിച്ചു.ഞാൻ മറ്റ് ജോലികളിൽ മതിമറന്ന് പോകരുത്. അവൻ്റെ വിളിക്കായി കാതോർത്തിരിക്കണം.ഇല്ലെങ്കിൽ അവൻ ടോയ്ലറ്റിൽ കാത്തിരുന്ന് വിഷമിക്കും.

ഇക്കാര്യത്തിനുള്ള ഇത്രയുമേറെ പ്രാധാന്യം കൊടുക്കാൻ കാരണം എനിക്ക് കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള മറക്കാനാകാത്ത ഒരനുഭവമാണ്.

കുട്ടിക്കാലത്ത് ചിറ്റയുമായി (അമ്മയുടെ ഇളയ സഹോദരി ) നല്ല കൂട്ടായിരുന്നു. ദൂരെ കാസറഗോഡ് താമസിക്കുന്ന ഞങ്ങൾ കോട്ടയത്തെ വീട്ടിലെത്തുന്നത് ഒരാഘോഷമായിരുന്നു. കുടുംബത്തിലെ ആദ്യ സന്തതി.വീട്ടിൽ കറണ്ട് 

കിട്ടിയത് എന്നെ കാണിക്കാൻ വാരിയെടുത്ത് ഓരോ മുറികളിലെയും സ്വിച്ച് ഇട്ട് കാണിച്ചു തരുന്ന ചിറ്റ.ജോലി കിട്ടി മുവാറ്റുപുഴയിലും ആലുവയിലുമൊക്കെ പോയി മടങ്ങുമ്പോൾ എനിക്കായി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ. കാസറകോട്ടെ വിരസമായ ഏകാന്തതകളിൽ സ്നേഹത്തിൻ്റെ തൂലികയിൽ വരഞ്ഞിട്ട എഴുത്തുകൾ.

അങ്ങനെയിരിക്കെയാണ് ചിറ്റയുടെ വിവാഹം നിശ്ചയിക്കുന്നത്.മൂത്ത സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് എൻ്റെ പഠനം താത്കാലികമായി കോട്ടയത്തേക്ക് മാറ്റിയിരുന്നു.അതു കൊണ്ട് തന്നെ വീട്ടിലൊരു കല്യാണം നടക്കുന്നതിലെ പിരിമുറുക്കങ്ങൾ ഒരു ഏഴു വയസ്സുകാരൻ്റെ കണ്ണിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു.പെണ്ണുകാണൽ,ഒരു തീരുമാനത്തിലെത്താനുള്ള കുടുംബാംഗങ്ങളുടെ ടെൻഷൻ.വിവാഹമെന്ന പറിച്ചുനടലിനെ ഭയന്ന് പത്തായ പെട്ടിയിൽ ചാരി നിന്ന് കണ്ണീരൊഴുക്കുന്ന ചിറ്റ.ക്ഷണകത്ത് വിതരണം .എല്ലാത്തിലും പങ്കാളിയായി ഞാനും. 

ഞാൻ പഠിച്ചിരുന്ന കാണക്കാരി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശിവശങ്കര പിള്ളയാണ് വരൻ. അമ്മാവൻ മേൽവിലാസമെഴുതിത്തന്ന കല്യാണക്കുറി ഞാനെൻ്റെ ക്ലാസ്സ് ടീച്ചർക്കും കൊടുത്തു. അവരുടെ സഹപ്രവർത്തകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ ചേച്ചീടെ മകനാണ് ഞാനെന്ന് അവർ എന്നെ ചുണ്ടി പറയുന്നത് ഞാനഭിമാനത്തോടെ അനുഭവിച്ചു.എനിക്ക് പുത്തനുടുപ്പൊക്കെ ആയി വളളവശ്ശേരിയിലെ വീട്ടുമുറ്റത്ത് പന്തലൊരുങ്ങി.

വിവാഹദിനം സമാഗതമായി പന്തലിൽ തോരണങ്ങൾ കെട്ടി.നാല് കടലാസ് തൂണുകൾ കൊണ്ട് കതിർ മണ്ഡപം ഉണ്ടാക്കി.തൂവെള്ള വസ്ത്രം ധരിച്ച കൊച്ചച്ഛൻ്റെ കാൽ കിണ്ടിയിൽ നിന്ന് നനച്ച് ആനയിക്കുന്ന അമ്മാവൻ. ആദ്യമായിട്ടാണ് ഞാൻ ഒരു കല്യാണം കൂടുന്നത്. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. കല്യാണം കൂടാനെത്തിയ അദ്ധ്യാപകരെ ഞാൻ ഇടം കണ്ണിട്ട് നോക്കിക്കണ്ടു.ചെണ്ടും നാരങ്ങയും വിതരണത്തിന് ഞാനും ഉത്സാഹിച്ചു.വിവാഹം സമംഗളം പര്യവസാനിച്ചു.സദ്യയുടെ ആദ്യ പന്തിയിൽത്തന്നെ ഞാനുമിരുന്നു.

സദ്യയ്ക്ക് ശേഷമാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്. എനിക്ക് കലശലായ മുട്ടൽ കക്കൂസിൽ പോകണം.എനിക്ക് സ്വന്തമായി അതിനു കഴിയില്ല.ഉദ്ദേശ്യം 50 മീറ്റർ അകലെയാണ് ഓല കൊണ്ട് മറച്ച കക്കൂസ്.എനിക്ക് സ്വയം കഴുകാൻ അറിയില്ല.അതു കൊണ്ട് പരസഹായം വേണം. കോട്ടയത്തെത്തിയാൽ കഴുകിക്കുന്ന ചുമതല വല്യമ്മച്ചിക്കാണ്. 

ഒഴിവാക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് കണ്ട ഞാൻ വല്യമ്മച്ചിയോട് കാര്യം പറഞ്ഞു.എന്നോട് പോയിക്കോളാൻ പറയുകയും കഴുകിക്കാൻ എത്തുമെന്നും പറഞ്ഞു.വല്യമ്മച്ചി പറഞ്ഞതനുസരിച്ച് ഞാൻ കക്കുസിലെത്തി കാര്യം സാധിച്ച് വല്യമ്മച്ചിയുടെ വരവിനായി കാത്തിരുന്നു. കല്യാണപുരയിലെ അതി നിർണ്ണായകമായ നിമിഷങ്ങളിൽ എന്നെ എല്ലാവരും മറന്നു. കഴുകാതെ നിക്കറിട്ട് പുറത്തിറങ്ങാൻ കഴിയാതെ ഞാൻ നിസ്സഹായനായി കക്കൂസിലിരുന്ന് കരഞ്ഞു.എത്ര നേരം കരഞ്ഞു എന്നെനിക്കോർമ്മയില്ല. രണ്ടു മണിക്കൂറെങ്കിലും ഞാൻ അവിടെ കഴിഞ്ഞു കാണണം.

ഒടുവിൽ കക്കൂസിലിരുന്ന് ആരോ കരയുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് വല്യമ്മച്ചിയ്ക്ക് എൻ്റെ കാര്യം ഓർമ്മ വന്നത്. പിന്നെ വല്യമ്മച്ചി ഒറ്റ ഓട്ടമായിരുന്നു.( സിനിമയാണെങ്കിൽ സ്ലോ മോഷനിൽ കാണിക്കാമായിരുന്നു.) കുത്തിയിരുന്ന് ക്ഷീണിച്ചവശനായി കരയുന്ന എന്നെ കഴുകിപ്പിച്ച് പിടിച്ചെഴുനേപ്പിച്ച് കെട്ടിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ച വല്യമ്മച്ചിയുടെ വാക്കുകൾ ഇന്നും ഞാൻ മറന്നിട്ടില്ല.

ചിറ്റേം കൊണ്ട് കൊച്ചച്ചൻ പോകുന്നത് കാണാൻ എൻ്റെ മോന് കഴിഞ്ഞില്ലല്ലോ ... കുറ്റബോധവും, വിഷമവും കലർന്ന ആ നിലവിളി വല്യമ്മച്ചിയെ കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയും.

കരഞ്ഞു കലങ്ങിയ കണ്ണുകളും വിട്ടുമാറത്ത ഏങ്ങലടിയുമായി വീട്ടിലെത്തിയപ്പോൾ കല്യാണപുര ഒഴിഞ്ഞിരുന്നു. വീട്ടുകാർ മാത്രമെ ഉള്ളൂ.

ചിറ്റ പോയതിൻ്റെ ശൂന്യത ഞാൻ തിരിച്ചറിഞ്ഞു.കല്യാണത്തിരക്കിൽ എല്ലാവരും എന്നെ മറന്നു.കൊച്ചച്ച നോടൊപ്പം കാറിൽ കയറുമ്പോൾ ചിറ്റ എന്നെ അന്വേഷിച്ചു കാണുമോ? അറിയില്ല.... ഞാനതു ചോദിച്ചിട്ടുമില്ല.

No comments:

Post a Comment