അങ്ങ് വടക്ക് വുഹാനിൽ നിന്ന് ഒരു ചങ്ങാതി വരുമെന്നും അവൻ ഭീകരനാണെന്നുമൊക്കെ മുൻകൂട്ടി അറിഞ്ഞിരുന്നു. ആ പരദേശി വളരെ പെട്ടെന്നായിരുന്നു സ്വദേശിയായി മാറിയത്.
ആദ്യം അവൻ്റെ വിഹാരകേന്ദ്രങ്ങൾ ഔദ്യോഗികമായി സന്ദർശിക്കേണ്ടി വന്നപ്പോഴൊക്കെ അവൻ എനിക്കുള്ളിൽ കടന്നു കൂടിയോ എന്ന് പല തവണ സംശയിച്ചു.ശരീരത്തിലുണ്ടാകുന്ന നേരിയ ഭൗതിക മാറ്റങ്ങൾ പോലും എന്നിൽ സംശയത്തിൻ്റെ കരിനിഴൽ പരത്തി. സാനിറ്റൈസറും മാസ്കും ഹാൻ്റ് വാഷുമൊക്കെ കൃത്യമായി ഉപയോഗിച്ചു.പിന്നെ കുറേ നാൾ സ്വന്തം വാഹനത്തിൽ മാത്രമായി യാത്ര.
കഴിഞ്ഞ ഓണക്കാലം ഒരു കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെത്തുടർന്ന് ഏകാന്തവാസിയായി അടച്ചിട്ട മുറിയിൽ കഴിച്ചുകൂട്ടി. അവൻ കടന്നു കൂടിയെന്ന് എൻ്റെ ശരീരത്തിലുണ്ടായ ചില ലക്ഷണങ്ങൾ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.എന്നാൽ അതു സംഭവിച്ചില്ല. പിന്നെയും മുഖത്ത് മാസ് കു കൈയ്യിൽ സാനിറ്റൈസറുമായി ഒരു പാടുകാലം.
ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട കാലമെത്തിയപ്പോഴേക്കും എന്നെ ഞാൻ തന്നെ ബോദ്ധ്യപ്പെടുത്തി ശ്രദ്ധിച്ചാൽ അവനെ പേടിക്കേണ്ടതില്ല.
ഇതിനിടയിൽ വീടു പണി കഴിഞ്ഞു. ഗൃഹപ്രവേശത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ എത്തിച്ചേർന്നത് എൻ്റെ ചങ്കിടിപ്പ് കൂട്ടി.ആരും കാണാതെ സാവ് ലോൺ സ്പ്രേയുമായി വീടിൻ്റെ ഓരോ മുക്കിലും മൂലയിലും ഞാൻ ഓടി നടന്നു. അന്നും ഒന്നും സംഭവിച്ചില്ല.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഞാൻ കക്ഷിയെ കണ്ണിറുക്കി കാണിച്ചു. " നീ പോ മോനേ ദിനേശാ... " എങ്കിലും അവൻ്റെ സ്വഭാവത്തെ പറ്റി നന്നായി അറിയാവുന്ന ഞാൻ എൻ്റെ പ്രതിരോധത്തിൽ പഴുതുകളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഞാൻ യാത്രയ്ക്ക് പൊതു വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങി. ട്രെയിനിൽ ബുക്ക് ചെയ്ത് യാത്ര ചെയ്തു. കൊയിലാണ്ടി മുതൽ അങ്ങ് അതിർത്തി ഗ്രാമങ്ങളായ അഡൂർ, ബെള്ളൂർ, മീഞ്ച എന്നിവിടങ്ങളിൽ യാത്ര ചെയ്തു. എവിടെയും തൊടാതെ തിരക്കിൽ നിന്ന് പരമാവധി ഒഴിഞ്ഞ്.
അങ്ങനെ കാര്യങ്ങൾ തരക്കേടില്ലാതെ നീങ്ങുമ്പോഴാണ് അവൻ പുത്തൻ രൂപത്തിൽ അവതരിച്ചതായി കേട്ടറിഞ്ഞത്.ഏറെ ആശങ്കയോടെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്തത്.ഒരു പരിധി വരെ ജാഗ്രതയോടെത്തന്നെ സംഭവം നടത്തി.രാത്രി വൈകി മറ്റൊരു നിയോജക മണ്ഡലത്തിൽ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന സഹോദരിയോടൊപ്പം തിരികെ വീട്ടിലെത്തി.നാലു ദിവസം കഴിഞ്ഞപ്പോഴാണ് സഹോദരി കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാക്കിയത്.ആദ്യമായി അവനെന്നെ കീഴടക്കിയെന്ന് നിജപ്പെടുത്തി പരിശോധന നടത്തിയപ്പോഴും ജയം എൻ്റെ പക്ഷത്തായിരുന്നു.
ഇതോടെ അവൻ നാട്ടിൽ പിടിമുറുക്കിയിരുന്നു. ഓഫീസിലെ ഒരു ജീവനക്കാരനെ അവൻ പിടികൂടിയിരുന്നു.എനിക്കു ചുറ്റും അവനുണ്ടെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പടിവീഴുമെന്ന ബോദ്ധ്യത്തിൽ ഞാൻ തുടർന്നു.ബസിൽ യാതൊരു കൂസലുമില്ലാതെ മാസ്ക് താഴ്ത്തി വിളയാടിയ കണ്ടക്ടറോട് മാസ്ക് ധരിക്കാൻ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ അയാൾ പറയാതെ പറഞ്ഞു. പോയി പണീണ്ടോന്ന് നോക്കിഷ്ടാ. ഇളിഭ്യനായ ഞാൻ മൗനം അവലംബിച്ചു. ഒരു കുതൂഹലത്തിന് 100 വാരയകലെ നിന്ന് ബസ് സ്റ്റാൻ്റിൽ തുപ്പലുകളുടെ എണ്ണം ഞാനെടുത്തു.പത്ത് മിനിട്ട് നേരം കൊണ്ട് എൻ്റെ എണ്ണം പത്തിൽ എത്തി.
കഴിഞ്ഞവാരാന്ത്യത്തോടെ വീട്ടിലെത്തിയ എനിക്ക് പനിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ഒരു ദീർഘദൂര ബൈക്ക് യാത്രയ്ക്കിടയിൽ നന്നായി നനഞ്ഞിരുന്നു.കൂടാതെ കുറേയേറെ യാത്രകളും. ശരീരത്തിന് ഒരു ക്ഷീണവും അനുഭവപ്പെട്ടിരുന്നു. തണുപ്പടിച്ചതായിരിക്കാമെന്ന് ഊഹിച്ചു. ഒറ്റ ദിവസത്തിൽ പനി പോയി.പിന്നെ അത് ചെറിയ ജലദോഷമായി ചുരുങ്ങി. അവൻ്റെ സാന്നിദ്ധ്യമില്ലെന്നുറപ്പു വരുത്താൻ ലക്ഷണങ്ങൾ വിശകലനം ചെയ്തു. അപ്പോഴും വിജയം എനിക്കൊപ്പമായിരുന്നു.
എന്നാലും സുഹൃത്ത് നന്ദൻ ഡോക്ടറുടെ നിർദേശപ്രകാരം RTPCR വീണ്ടും ചെയ്തു.നേരിയ ജലദോഷം അപ്പോഴും വിട്ടുമാറിയിരുന്നില്ല.
അങ്ങനെ ലാബിൽ നിന്നുള്ള വിളി വന്നു. നെഗറ്റീവ്. എനിക്കവനോട് സിംപതി തോന്നിത്തുടങ്ങിയിരുന്നു.
എനിക്ക് വാട്സാപ്പിൽ റിസൾട്ട് അയച്ചു തരണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്ന് ഹോൾഡ് ചെയ്യണേ എന്ന് പറഞ്ഞു. അൽപ്പനേരം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.ഔദ്യോഗിക ആവശ്യത്തിന് പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിയുള്ളതിനാൽ എനിക്ക് റിസൾട്ട് അനിവാര്യമായിരുന്നു.
ലാബിൽ നിന്ന് ഒരു മണിക്കൂറിനു ശേഷം വിളി വന്നു ഞാൻ പോസിറ്റീവാണെന്ന്. ഏതായാലും മാടമ്പള്ളിയിലെ കക്ഷി എന്നിൽ കടന്നു കൂടിയിരിക്കുന്നു.
പനി വന്ന രാത്രി മുതൽ കഠിനമായ വീട്ട് തടങ്കലിലാണ്.ഇപ്പോൾ കാര്യമായ കുഴപ്പമൊന്നും കാണുന്നില്ല.ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രത്യാശിക്കുന്നു.