Saturday, January 21, 2017

കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ഭഗവതിയുടെ വെള്ളാട്ടത്തിനു ശേഷം പയ്യന്നൂരിലേയ്ക്ക് രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒറ്റയ്ക്ക് തിരിച്ചു വരികയായിരുന്ന എന്നെ വഴിയോരത്ത് നിന്ന് ഒരാള്‍ കൈകാട്ടി.ഞാന്‍ വണ്ടി നിര്‍ത്തി.
നിങ്ങ പയ്യന്നൂരേക്കോ...

അതെ ......

(ആംഗ്യ ഭാഷയിലൂടെ താനും കൂടെ വരട്ടെയെന്ന് അദ്ദേഹം ചോദിക്കുകയും ആയിക്കോട്ടെ എന്ന് ഞാന്‍ ആംഗ്യ ഭാഷയിലൂടെത്തന്നെ മറുപടിയും കൊടുത്തു.)

അല്‍പം സ്ഥൂല ശരീരനായ അദ്ദേഹം ഏറെ പണിപെട്ട് പുറകില്‍ കയറുകയും ഞാന്‍ അദ്ദേഹത്തെയും കൊണ്ട് യാത്ര തുടരുകയും ചെയ്തു.ബൈക്കില്‍ ഇരുന്ന് പരിചയമില്ലാത്ത വ്യക്തിയാണെന്ന് എനിയ്ക്ക് മനസ്സിലായി കാരണം വണ്ടിയുടെ ബാലന്‍സ് നിലനിര്‍ത്താന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.കുറച്ചു ദൂരം യാത്ര കഴിഞ്ഞെങ്കിലും ആരും ഒന്നും സംസാരിക്കുന്നില്ല.ഫോര്‍മാലിറ്റിയൊന്നും വേണ്ടെന്നു കരുതി ഞാന്‍ അദ്ദേഹത്തിന്‍റെ ശൈലിയില്‍ത്തന്നെ ആരംഭിച്ചു.

നിങ്ങ ഏഡ ?

കണ്ടംകാളീലാന്ന്...രാവിലെ ബന്നദല്ലെ.....എത്ര നേരായി ബസ്സിന് കാക്ക്ന്ന്.

ബസ്സില്ലാണ്ടിരിക്വോ ?

ഏഡ . ഒര് ബസ്സ് ഒമ്പദ് മണിക്കേ പോയി .അയില് ബയങ്കര തെരക്കോലൂ.എന്നോ ട് റിക്ഷക്കാറ് പറഞ്ഞു അമ്പല്‍ത്തിന്‍റെങ്ങോട്ട് പോയിറ്റ് നോക്കാന്.ബസ്സൊന്നു ഇല്ലപ്പാ.

ഇന്ന് രാവിലെ പോയിറ്റ് കുളിച്ചിറ്റ് ബന്നദ്.ഇന്നലെ ബന്നിന് മിമിക്സ് ഇണ്ടായിനല്ലാ.

അപ്പോ ഇന്നലെ പോയിറ്റ് ലെ  ?

ഇല്ല.ഇന്നലെ പന്ത്രണ്ടര ആയിന് മിമിക്സ് തീരുമ്പോ ..ജോറെന്നെ

അപ്പോ ഏഡ കെഡന്നൊറിങ്ങിയദ് ?

അഡ്ത്ത് സ്കൂളിണ്ടല്ലാ....

രാവിലെ എണീച്ച് പോയി.

ചിത്രേരെ ബയങ്കര പാട്ടോലു അല്ലേ.

അദേ നിങ്ങ കണ്ടിറ്റ് ലേ ?

ഇല്ല ഞാന്‍ ബന്നിറ്റ്ല.

ഓള് ഒര് നല്ലാളന്നെപ്പാ അല്ലെ.

അതെ.

ചത്തെങ്ക് ഭയങ്കര അനുശോചന ഇണ്ടാവു അല്ലെ.

അതെ.

വെള്ളൂരും കടന്ന് ബൈക്ക് മുന്നോട്ട് കുതിക്കുകയാണ്.

മമ്പലത്ത് കളിയാട്ടം ഇണ്ട്.

അദെപ്പോ ?

അദ് ജനുവരി ലാസ്റ്റ്.

അയിന് ലീവെഡ്ക്കണം.എനക്ക് മാസത്തേക്ക് നാല് ലീവല്ലെ.രണ്ട് ലീവ് ഇന്നു ഇന്നലെയും എഡ്ത്തു.എന്ന് രണ്ട് ലീവ് മമ്പലത്ത് കളിയാട്ടത്തിന് എഡ്ക്കണം.

നിങ്ങക്കേഡ പണി ?

പണി കാസ്രോഡ് എവറസ്റ്റിലല്ലേ.

ആഡ എന്ത് ?

ഹോട്ടല്ല‍ലല്ലേ....നിങ്ങ കാസറോഡ് ബരലിണ്ടാ.

ഇണ്ട്.നിങ്ങക്ക് ഓട്ടല്‍ല് എന്ത് പണി ?

ക്ലീനിംഗല്ലേ...പത്തായിര ഉറിപ്പിയും ചെലവും പിന്നെ നാല് ലീവും.

അദെന്തെ നിങ്ങ ഈഡയൊന്നു പണി കിട്ടീറ്റ് ലെ ?

ഇല്ലപ്പാ കൈരളീലെല്ലാ ചോയിച്ച്ന്.ഞാന്‍ പണിക്ക് ശരിക്കേ പോവേലാന്ന് പറഞ്ഞിറ്റ്  തന്നിറ്റ്ല.

അപ്പ നിങ്ങ എപ്പളു ബരേലെ ബീട്ട്ളേക്ക് ?

ഇല്ലപ്പാ ലീവില് മാത്രം.

വണ്ടി കോത്തായമുക്കിലെത്തിയപ്പോള്‍ സ്പീഡ് ബ്രേക്കറിലൂടെ കടന്നു പോയപ്പോഴാണ് നല്ലോണം വിട്ടിരുന്നിരുന്ന അദ്ദേഹം എന്നെ പിടിച്ചത്.ബാലന്‍സ് കിട്ടിക്കാണില്ല.

എനിയ്ക്ക് വീട്ടു കാര്യം അറിയണമെന്നായി.

അപ്പോ ബീട്ട്ള് ആരില്ലെ ?

ബീട്ട്ള് ആരൂല്ല.അമ്മ കയിഞ്ഞ കൊല്ലം മരിച്ചു.

......................

ഒരു മംഗലം കൈക്കണം.ഒരു ചെറിയ പെണ്ണ് കിട്ട്വോന്ന് നോക്കാ അല്ലേ.

അദേ.

കിട്ടു അല്ലേ.

കിട്ടൂപ്പാ.

ഓക്ക് സുഗന്നേ ബീഡ്ണ്ട്.ഒര് ടീ വി ഇണ്ട്.

ഉം....

ചെറിയപെണ്ണ് മദി അല്ലെ.

അപ്പോ നിങ്ങ കാസ്രോട്ടെ പണി ബിഡണ്ടി വരേലെ ?

ഇല്ലപ്പാ.പിന്നെ എന്‍ക് നാല് ലീവിണ്ടല്ലാ.ബേണങ്ക് ഒരായ്ച ലീവ് കിട്ടൂ.പൈസ ഇണ്ടാവേലാന്നല്ലേ.

അല്ല അപ്പോ ഓള് ഒറ്റക്ക്.

അഡത്തെല്ലാ ആളിണ്ടല്ലാ....

വണ്ടിപെരുമ്പയിലെത്തി.

നാളെ ലോക്കല്‍ന് പോണം.ബേഗ എത്തിയേനകൊണ്ട് രാവില പൂവാ.ബൈദെംഗ് ഓറ് ഒര് ലീവ് കട്ടാക്ക്ന്ന്.

ലീവിണ്ടെങ്ക് മമ്പലത്ത് കളിയാട്ടത്തിന് ബരാല.

അഡ്ത്ത കൊല്ലം കുഞ്ഞിമംഗലത്ത് കളിയാട്ട ഇണ്ട്.

നിങ്ങ എല്ലാ കളിയാട്ടത്തിനു പോവൂ അല്ലെ.

ഞാനിദാ പുസ്തകവും മേങ്ങും.എന്‍റേല് എല്ലാ കളിയാട്ടത്തിന്‍റെയും പുസ്തക ഇണ്ട്.

അദ് ശരി.

നൂറുര്‍പ്യ...ഒര് ചായക്കും കഡിക്കും അയിമ്പദ് ഉര്‍പ്യ ആവും.ഞാനെല്ലാ കളിയാട്ടത്തിനും ബുക്ക് മേങ്ങും ,കലശം,മേളം,തിറയാട്ടം,എല്ലാ എന്‍റേലിണ്ട് ബായിക്കാല്ലാ.....

ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന് കണ്ടങ്കാളിയ്ക്ക് പോകേണ്ട സ്ഥലമെത്തി.

എന്നെ ഈഡ എറക്കിയാ മദി.

ഇറങ്ങിയ അദ്ദേഹത്തെ ഞാനെന്‍റെ ഹെല്‍മെറ്റ് എടുത്ത് നോക്കി.നിലാവെളിച്ചത്തില്‍ അത്ര വ്യക്തമായില്ല.

നിങ്ങള പേര് ?

സുരേശ്...

ഞാനു സുരേശെന്നെ.

ഓ...

ബേഗ എത്ത്യോണ്ട് രാവിലെ പോവാല്ലാ...അപ്പോ കാസ്രോട്ട് വരുമ്പ ഹോട്ടല്‍ല് വരണം ബസ്റ്റാന്‍റിന്‍റെ അഡ്ത്തെന്നെ.

ആയിക്കോട്ട് ശരി

അദ്ദേഹം നടന്ന് നീങ്ങി.ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു യാത്ര തുടര്‍ന്നു.

മടുപ്പിക്കുമായിരുന്ന എന്‍റെ രാത്രിയിലെ യാത്ര എത്ര പെട്ടെന്നാണ് കഴിഞ്ഞത്.

മനസ്സു നിറയെ ആ പാവം മനുഷ്യനായിരുന്നു.ആരുമില്ലാത്ത കൊച്ചു കൊച്ചു സന്തോഷങ്ങളുമായി അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു നിഷ്കളങ്കനായ ചെറുപ്പക്കാരന്‍.വീട്ടിലെത്തി ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നതു വരെ അദ്ദേഹത്തിന്‍റെ വര്‍ത്തമാനം ബൈക്കിന്‍റെ പുറകില്‍ നിന്ന് കേള്‍ക്കുന്നതുപോലെ മുഴങ്ങിക്കൊണ്ടിരുന്നു.

No comments:

Post a Comment