Tuesday, January 24, 2017

ഇങ്ങളിതെന്ത് പണിയാ മാശേ കാണിക്കണദ് ?
അയൽപക്കത്തെ ഉസ്മനിക്കയുടെ ശബ്ദമാണ്.കുറേ ദിവസമായി കോളനിനിവാസികൾ ഒളിഞ്ഞും തെളിഞ്ഞും പറയാൻ തുടങ്ങിയിട്ട്.ഉസ്മാനിക്ക പ്രതികരിച്ചിരിക്കുന്നു.

കാര്യം ഇതാണ്.ഭരതൻമാഷ് എല്ലാദിവസവും തൻറെ തൊടിയിലെ തെക്ക് കിഴക്ക്  ഭാഗത്ത് പ്ലാസ്റ്റിക് കത്തിക്കുന്നു.പ്ലാസ്റ്റിക്  കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത എല്ലാവരിലും എത്തിച്ചേർന്നിരിക്കുന്നു.പക്ഷെ ആർക്കും അത് മാഷോട് പറയാൻ കഴിയില്ല.പ്രധാന കാരണം അവരുടെയൊക്കെ കുട്ടികൾക്ക് മാഷ് ട്യൂഷൻ നൽകുന്നു എന്നുള്ളതാണ്.

ഉസ്മാനിക്കയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മാഷ് പുറത്തു വന്നു.അടുത്ത വീടുകളിൽ നിന്ന് തത്പര കക്ഷികളും.
മാഷ് ഒന്നുമറിയാത്ത ഭാവത്തിൽ പുറത്ത് വന്ന് എന്തേ എന്ന ഭാവത്തിൽ നിൽക്കുകയാണ്.

അല്ല ഇങ്ങക്കറിഞ്ഞൂടേനും പ്ലാസ്റ്റിക്ക്  കത്തിച്ചൂടാന്ന്.

പിന്നെ ഞാനീ മാലിന്യങ്ങളൊക്കെ എന്താ ചെയ്യേണ്ടത്.

ഇങ്ങളതെന്താച്ചാ ചെയ്തോളീ.പക്ഷെ പ്ലാസ്റ്റിക് കത്തിക്ക്ന്ന പരിപാടി ഇബഡ നടക്കൂല.

അതിന് ഇയാള് പോയി മുനിസിപ്പാലിറ്റിക്കാരോട് പറയ്.അവര് പകരം സംവിധാനമുണ്ടാക്കട്ടെ.

അദ് പള്ളീ പോയി പറഞ്ഞാ മതി.മനിഷൻമാരിണ്ടാക്ക്ന്ന കാട്ടൊം തീട്ടോക്കെ പെറ്ക്കാൻ നടക്കല്ലേ മുനിസിപ്പാലിറ്റിക്കാറ്.

അതിന് ഞാൻ ദിവസവും കുറച്ച് ഈ മൂലക്കിട്ട് കത്തിക്ക്ന്നേന് ആർക്കാ ദോഷം.

അ് നമ്മക്ക് നന്നായിട്ടറിയാ മാഷേ....ഇങ്ങളീ മൂലക്കിട്ട് കത്തിക്കണതെന്തിനാന്നു നമ്മക്കറിയാ.കാറ്റിൻറെ ഗതി നോക്യാ  ഇങ്ങടെ ബീട്ടില് തുള്ളി മണം ബരൂല്ല.

കഷ്ടണ്ട് മാഷേ... ഈ കച്ചറ എല്ലാ കത്തിച്ച് ബാക്കിള്ളോൻറെ മൂക്കീ കെറ്റാൻ.ഒന്ന്വല്ലേലു മോലകുടിമാറാത്ത എത്ര  കുട്ട്യോളാ അയലക്കത്തിള്ളത്.

അങ്ങനെ എവിടെയൊക്കെ എന്തെല്ലാം  കത്തിക്കുന്നു.

കുട്ട്യോള പഠിപ്പിക്കുന്ന ഇങ്ങളെന്നെ  ഇദ് പറേണം.അഞ്ചാം ക്ലാസ്സില് പഠിക്ക്ന്ന മോൻ പറഞ്ഞിട്ടാ ഞാനിതോക്കെ മനസ്സിലാക്കിയദ്.

പ്ലാസ്റ്റിക്ക് കത്തിയതിൻറെരൂക്ഷമായ മണം പരിസരത്ത് പടർന്നിരിക്കുന്നു.

ഒച്ചപ്പാടിൽ നാണക്കേട് തോന്നി മാഷ് അകത്ത് കയറി വാതിലടച്ചു.

ഉസ്മാനിക്ക അൽപം കൂടി ശബ്ദ മുയർത്തി ......

ഇങ്ങള് നോയിക്കോ മാഷേ നി ഒര് തരിമ്പ് പ്ലാസ്റ്റിക് ഈഡ കത്തിച്ചാല്.ഈ നാട്ടിലെ മുയ്മൻ പ്ലാസ്റ്റിക് നമ്മള് ഇങ്ങള വീട്ട് മിറ്റത്ത് ഇട്ട്  കത്തിക്ക്നന്ന്ണ്ട്.ഓർത്തോളീ.......

ഉസ്മാനിക്ക ഇതും പറഞ്ഞ് തിരിഞ്ഞപ്പോൾ വലിയൊരാൾകുട്ടം അദ്ദേഹം കാണിച്ച ഹീറോയിസത്തെ അംഗീകരിച്ചുകൊണ്ട് നിൽക്കുന്നു.അക്കുട്ടത്തിൽ ചെറുപ്പാക്കാരും പ്രായമുള്ളവരും കുട്ടികളുമുണ്ട്.ഇത്തര മൊരു ദൗത്യം ഏറ്റെടുക്കാത്തതിന് പെണ്ണുങ്ങൾ അവരവരുടെ ഭർത്താക്കൻമാരെ കുറ്റപെടുത്തി.

സംഗീതത്തിൻറെ അകമ്പടിയില്ലാതെ സ്ലോമോഷനിലല്ലാതെ ഉസ്മാനിക്ക അവർക്കരികിലേയ്ക്ക് നടന്നെത്തി.

അങ്ങ് വടക്ക് പണ്ട് കശുമാവിൻ തോട്ടത്തില് ആകാശത്ത്ന്ന് എൻഡോസൾഫാൻ തളിക്കുമ്പൊ ആൾക്കാര് ഇങ്ങനെന്നായിനു നിന്നദ്.മര്യായ്ക്ക് ഇന്യെങ്കിലു ഈ പ്ലാസ്റ്റിക്കിനെ  കൈകാര്യം ചെയ്തില്ലേല്  അയിലും ബല്യ ദുരന്തം മ്മട നാട്ടില് സംഭവിക്കും.അയിനോണ്ട് പടച്ചോനെ ബിജാരിച്ചിട്ട് പ്ലാസ്‌റ്റിക് കൈന്നത്ര ഒയിവായിക്കോളീ....

തൻറെ തലേ കെട്ട് ഒന്നൂടെ വലിച്ചുകെട്ടി ഉസ്മാനിക്ക തൻറെ വീട്ടിലേയ്ക്ക് നടന്നു നീങ്ങി.

എല്ലാമറിയാമെങ്കിലും പ്രാവർത്തിക മാക്കി വരുമ്പോൾ പൊതുതാത്പര്യം മറന്ന് ക്ഷണിക ലാഭത്തിന് മുൻതൂക്കം നൽകുന്ന പ്രവണതകളിൽ നിന്ന്    നാമെന്നാണ് മുക്തരാകുക എന്ന് അവടെ കൂടിയിരുന്നവർ സ്വയം ചോദിച്ചുവോ ?

No comments:

Post a Comment