Monday, June 4, 2018

പാഠം ഒന്ന് -

പുത്തനുടുപ്പും കുടയും ചെരുപ്പുമായ്
കുട്ടികളെത്തുന്നു മാലോകരെ
വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞിതാ 
പുത്തനുണർവ്വോടെ കൂട്ടുകാരെ

അന്ധത നീക്കി തെളിയേണമീനാട്ടിൽ
നന്മതൻ നെയ്ത്തിരി നാളമെങ്ങും
അതിനായി പകരേണം അറിവിൻറെ
നറു നെയ്യ് അണയാതതിനെ കാത്തീടേണം

മക്കളെ നിങ്ങളീ നാടിൻ പ്രതീക്ഷകൾ
കെട്ടുപോകാതെ കാത്തീടേണം
തിന്മവിളയാടും വരണ്ടൊരു പാടത്ത്
നന്മതൻ വിത്തുകൾ പാകിടേണം.

നല്ല സുഗന്ധം പരേത്തേണമെങ്ങും
നല്ല ചിന്തകളുണർന്നീടേണം
നമ്മളിൽ നമ്മളിൽ മാത്രമൊതുങ്ങാതെ
ഉള്ളു തുറക്കാൻ കഴിഞ്ഞീടേണം

നന്നായ് പഠിച്ചു വളരേണമെല്ലാരും
ഒന്നായ് പൊരുതേണം തിന്മയോട്
തെറ്റും ശരിയും തമ്മിലറിയേണം
സത്യത്തിൻ പാതയിൽ നീങ്ങീടേണം.

ചുറ്റിലും കാണുന്ന കാഴ്ചകളൊന്നുമേ
ലക്ഷ്യം മുടക്കാതെ നോക്കീടേണം
ആകാശംമുട്ടേ വളരേണം നിങ്ങൾ
നാടിന്നഭിമാനമായീടേണം

അമ്മയലിവോടെയൂട്ടിയ സ്നേഹത്തിൻ
ആദ്യപാഠങ്ങൾ മറന്നീടൊല്ലേ
വിദ്യയോടൊപ്പം വിനയവും ചാലിച്ച്
ഉത്തമരായി വളർന്നീടേണം.

മാനുഷമൂല്യങ്ങളെന്തെന്നറിയണം
ആത്മപ്രഹർഷരായ് തീർന്നീടേണം
നല്ലമുല്യങ്ങളെ കൊണ്ടു നടക്കണം
നന്മതൻ പൂമരമായിടേണം

അന്ധത നീക്കി തെളിയേണം നാട്ടിൽ
നന്മതൻ നെയ്ത്തിരി നാളമെങ്ങും
അതിനായി പകരേണം അറിവിൻറെ
നറു നെയ്യ് അണയാതതിനെ കാത്തീടേണം



No comments:

Post a Comment