കൈവിട്ടുപോകുന്നു പട്ടം
കൈയ്യിലൊതുങ്ങാതെ പട്ടം
തൊട്ടുതൊട്ടില്ലെന്നമട്ടിലിതിൻ
നാര് വിട്ടുപോകുന്നു ഹാ കഷ്ടം
ഇഷ്ടവിനോദാർത്ഥമായതിനെ
തൻ പാട്ടിൽ പലപ്പോഴും വിട്ടു.
എട്ടു ദിക്കും ചുറ്റി വട്ടം കറങ്ങീട്ടും
കൈ വിട്ടിരുന്നില്ല ഞാനൊട്ടും
മട്ടുകണ്ടിട്ടതു വിട്ടുപോമെന്നെൻറെ
ചിത്തം പറയുന്നു തിട്ടം
കാറ്റിലുലയുന്നലയുന്നതെപ്പൊഴും
വഴുതിയകലുന്നെന്നിൽനിന്നും
പൊട്ടുമോ ഈ ചരടെന്നൻറെയുള്ളം
ഞെട്ടി നടുങ്ങുന്നതോർത്ത്.
ചരടറ്റു പോയോരു പട്ടം കണക്കെ
ചുറ്റിയലയുന്നെൻ ചിത്തം
കൈവിട്ടുപോകുന്നു പട്ടം
കൈയ്യിലൊതുങ്ങാതെ പട്ടം
തൊട്ടുതൊട്ടില്ലെന്നമട്ടിലിതിൻ
നാര് വിട്ടുപോകുന്നു ഹാ കഷ്ടം
No comments:
Post a Comment