Tuesday, August 29, 2017

ആശുപത്രി

ഹതാശനായ്
ആശുപത്രിയിലെത്തിയ
ഞാൻ കീശയിലെ കാശ്
ഏകദേശം കൂട്ടിയും കുറച്ചും
രജിസ്ട്രേഷൻ കൗണ്ടറിലെത്തി 

മുന്തിയ കേശവിതാനത്തോടിരിക്കുന്ന
തരുണിയോട്
ഞാനെൻറെ സ്വകാര്യ ദുഃഖമോതി.

സുസ്മേരവദയാൾ
അവളൊരു ചെറു പുഞ്ചിരി
സമ്മാനിച്ചായിരം രൂപ
രജിസ്ട്രേഷനിലടയ്ക്കുവാനായ്
ഏറിയ വിനയത്തോടെ ഉരചെയ്തു.

അതുകേട്ട് ഞാനെളുതായൊന്ന് ഞെട്ടിയെങ്കിലും 
അത് ഹൃദയ ധമനികൾക്ക്
സമ്മർദ്ദ മേറി പൊട്ടിതെറിക്കാൻ
പര്യാപ്തമായിരുന്നില്ല.

ആ ആശാ കേന്ദ്രത്തിൽ
ആശവിടാതെ
 മനോഹരമായ ഉൾക്കാഴ്ചകളും കണ്ട്
ഞാനെൻറെ ഊഴത്തിനായി കാത്തിരുന്നു.

ഇടയ്ക്കിടയ്ക്ക്
എൻറെ കാലിനിടയിലൂടെ
കയറിയിറങ്ങുന്ന
മുന്തിയ ഇനം അണുനാശിനിയുടെ മണവും പേറി
നിലം തുടയ്ക്കുന്ന മെഷീൻ
എന്നെ ആശുപത്രിയുടെ
ഉയര്‍ന്ന നിലവാരത്തെ ഓർമ്മിപ്പിച്ചു
കൊണ്ടിരുന്നു.

അടുത്തിരുന്ന സഹൃദയ രോഗി
എൻറെ രോഗവിവരം തേടി.
ചിലവൽപം കൂടുതലെങ്കിലും 
ഫലവും കൂടുമത്രെ.
അദ്ദേഹത്തിൻറെ കൈയ്യിൽ
വിജയ ഗാഥകളുടെ വൻ പട്ടിക തന്നെ ഉണ്ടായിരുന്നു.

സമൂഹ നൃത്തത്തിന്
തയ്യാറായി നിൽക്കുന്ന
തരുണീമണികൾ
സൊറ പറഞ്ഞിരിക്കുകയാണ്.
എൻറെ ആശങ്കയറിയിച്ചപ്പോൾ
ഡോക്ടർ ഓപറേഷൻ തിയേറ്ററിലാണ്
എപ്പോഴാണ് ഇറങ്ങുകയെന്ന്
പറയാൻ കഴിയില്ലെന്ന്
മധുരതരമായി മൊഴിഞ്ഞു.

കുറേ ഏറെ വൈകിയാലും
കൂടുതൽ കാശ് 
ആവശ്യപ്പെടാതിരുന്നാൽ
മതിയെന്ന് ഞാൻ ദൈവങ്ങളെയോർത്തു
പ്രാർത്ഥിച്ചു.

പേരുവിളികേട്ടു ഞെട്ടിയുണർന്ന
എന്നോട് തരുണീമണി
വീണ്ടും മൊഴിഞ്ഞു......
''കൗൺസിലിംഗിനുള്ള ഫീസ് അടച്ചോളൂ ട്ടോ.'''

കൗണ്ടറിനു മുന്നിൽ നിൽക്കുമ്പോൾ
മനസ്സ് വീണ്ടും
പ്രാർത്ഥനാ നിരതമായി.
ഇതൊക്കെ എന്ത് എന്ന മട്ടിൽ
ക്യാഷർ അഞ്ഞൂറ് രൂപയുടെ
ഡിമാൻറ് നോട്ട് നീട്ടി കൊടുത്തു.

കൗൺസിലിംഗ് നടത്തിയ
യുവ ഡോക്ടർ
എൻറെ ചരിത്രവും പൗര ധർമ്മവും
എഴുതി ഫയലാക്കി.
ആരതി മേനോൻ
എന്ന മലയാളിത്തമുള്ള
പേരിൻറെ ഉടമസ്ഥ
വളരെ കഷ്ടപെട്ട്
എന്നോട്
ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ
കാര്യങ്ങൾ തിരക്കി റിക്കാഡാക്കി.

ഡോക്ടറെത്താൻ വൈകുമെന്നും
ഭക്ഷണം കഴിച്ചിട്ടു വന്നാമതിയെന്നും
കളമൊഴിയാൾ മൊഴിഞ്ഞുവെങ്കിലും
ആ കാശ് മിച്ചം പിടിക്കാമല്ലോ
എന്ന് കരുതി ഞാൻ റിസപ്ഷനിൽ
ടി വി യും കണ്ടിരുന്നു.

ഉറക്കത്തിലേയ്ക്ക് വഴുതി വീണ
എന്നെ വിളിച്ചുണർത്തി.
ഭക്ത്യാദരപൂർവ്വം
ഡോക്ടർക്കുമുന്നിൽ
ഞാനെൻറെ ഭാണ്ഡകെട്ടുകൾ
ഓരോന്നായി ഇറക്കിവയ്ക്കാൻ
നോക്കുന്നതിനിടെ
അഞ്ചാറ് മരുന്നിൻറെ പട്ടികയും
പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം
വരുമ്പോൾ കൊണ്ടുവരേണ്ട
അഞ്ചെട്ടു ലാബ് പരീക്ഷണങ്ങളും
തൻറെ ശിഷ്യ ഗണങ്ങളെ കൊണ്ട്
അദ്ദേഹം എഴുതിച്ചു കഴിഞ്ഞിരുന്നു.

പുറത്ത് കളമൊഴിയാൾ
കാത്തു നിൽക്കുന്നു.
പുഞ്ചിരിതൂകി
അവർ ഫാർമസിയിലേക്കുള്ള വഴികാട്ടി.
പുറത്തു നിന്ന് വാങ്ങിയാലോ
എന്ന എൻെ സംശയത്തിന്
 അടിവരയിട്ടുകൊണ്ട്
അവർ പറഞ്ഞു
എല്ലാ മരുന്നും കിട്ടില്ല.
ഇവിടെയാകുമ്പോൾ
പത്ത് ശതമാനം ഡിസ്കൗണ്ട് ഉണ്ട്.

ഫാർമസിയൽ
മരുന്നുകളും ഗുളികകളും
എടുത്ത് വയ്ക്കുന്നത്
നിസ്സഹായനായി
ഞാൻ അഴികകൾക്കുള്ളിലൂടെ
നോക്കി നിന്നു.
ബില്ലടിക്കുമ്പോൾ
ആരും കേൾക്കാതെ വിളിച്ചു.
എൻറെ തൃക്കോട്ടിലപ്പാ......

രണ്ടായിരം രൂപ കൊടുത്ത്
മരുന്ന് വാങ്ങി തിരിഞ്ഞു നോക്കിയപ്പോൾ
തരുണീമണികൾ
എന്നെ നോക്കി നിൽക്കുകയാണ്.
എൻറെ ചേഷ്ടകൾ
അവർക്കൊരു തമാശയായിരിക്കും
എങ്കിലും ഒരുവളെ അടുത്ത് വിളിച്ച് ഞാൻ ചോദിച്ചു.

എൻറെ രോഗം എന്താണെന്ന്
മനസ്സിലായ സ്ഥിതിയ്ക്ക്
ഈ ലാബ് പരീക്ഷണങ്ങൾ
വേണോ ?
''ചേട്ടാ ഡോക്ടർ ചികിത്സിക്കുന്നത്
രോഗത്തെയല്ല. രോഗ കാരകങ്ങളെയാണ്.
ചേട്ടൻറെ രോഗത്തിന് കാരണം
മറ്റു രോഗങ്ങളാവാം.
അതായത് ചേട്ടന് മറ്റ് രോഗങ്ങളൊന്നും ഇല്ല
എന്ന് ഉറപ്പു വരുത്തണം.

'' പരമാവധി ഇരുപത്തയ്യായിരം രൂപയാകും.
ഇത്രയും പറഞ്ഞ് വെളുക്കെ ചിരിച്ച
അരയന്നത്തോട് തിരിച്ച് ചിരിക്കാൻ
ആവാതെ ഞാൻ പുറത്തിറങ്ങാൻ
തുടങ്ങിയപ്പോൾ
ഉപഭോക്താവിൻറെ
അഭിപ്രായം രേഖപ്പെടുത്താനുള്ള
ഫോറം എനിക്കു നേരെ വച്ചു നീട്ടി.
യാന്ത്രികമായി അതിലൊന്നും
രേഖപ്പെടുത്താതെ
ഒപ്പ് വെച്ച് തിരികെ നൽകിയപ്പോൾ
 മനസ്സിൻറെ പിരിമുറുക്കം ..........
അത് പറഞ്ഞറിയിക്കാൻ വിഷമം.

ആർത്തിയോടെ
അടുത്തുള്ള ഹോട്ടലിൽ
കയറി സ്പെഷ്യൽ ഉൾപടെ
ഓർഡർ ചെയ്ത് വിശപ്പടക്കിയപ്പോൾ
മനസ്സിൽ തോന്നി.
എങ്ങനെയും ചിലവ് പിന്നെ ഇതായിട്ടെന്ത്.
ആശുപത്രിയിൽ വരുന്ന
ഗതികെട്ടവരുടെയൊക്കെ ഗതി
ഇതുതന്നെയാണല്ലോ എന്നോർത്ത്
അൽപം ആശ്വസിച്ചു.

മടക്കയാത്രയിൽ മനസ്സു നിറയെ
പരിചയക്കാരനായ ബാങ്ക് മാനേജറായിരുന്നു..................

വായന

വായനയ്ക്കും
 പുനർവായനയ്ക്കും
ശേഷവും
ഞാൻ തപ്പി തടയുന്നു.
വായിക്കും തോറും
ഒന്നു മാത്രം
 ഞാൻ മനസ്സിലാക്കി.
നീ ...
സങ്കീർണ്ണതകളുടെ പാരാവാരം !!!

നിനക്കായ്

നീ ഈ ഭൂമിയില്‍ അവതരിച്ച നിമിഷം നിനക്കായ് പരിശുദ്ധമായ ജീവവായു ഞാന്‍ കാത്തു വച്ചിരുന്നു. നിന്‍റെ കൊച്ചു കൌതുകങ്ങള്‍ക്ക് നിറം പകരാന്‍ എന്‍റെ ചില്ലകളില്‍ അണ്ണാനും കാക്കയ്ക്കും കുരുവിയ്ക്കും വിരുന്നൊരുക്കിയിരുന്നു. ഞാനെന്‍റെ തേന്‍ കനിയിലൂടെ എന്‍റെ സ്നേഹ വാത്സല്യങ്ങള്‍ നിനക്കായി യഥേഷ്ടം ചുരത്തി. നീ എന്‍റെ പൂക്കുല പൊട്ടിച്ചപ്പോഴും കായ്കനികള്‍ വീഴ്താന്‍ കല്ലെറിഞ്ഞപ്പോഴും വേദനിച്ചെങ്കിലും നിന്‍റെ കൊച്ചു കുസൃതികള്‍ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്‍റെ ശാഖകളില്‍ നീ ഊഞ്ഞാലാടി തിമിര്‍ത്തപ്പോള്‍ ഞാന്‍ ആനന്ദ നിര്‍വൃതിയിലാറാടുകയായിരുന്നു. ക്ഷീണിച്ചവശനായി നീ എന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇലകളിളയ്ക്കി വീശി നിന്നെ താരാട്ട് പാടി ഉറക്കുമ്പോള്‍ ഞാനെന്നെത്തന്നെ മറന്നു പോകുമായിരുന്നു. നിനക്ക് കൂര പണിയാന്‍ എന്‍റെ ശരീരം വെട്ടി കീറാന്‍ പലരും പറഞ്ഞത് നിരസിച്ച് നീ എന്നെ നോക്കി നെടു വീര്‍പ്പിട്ടപ്പോള്‍ ഒരു മകന്‍ മാതാപിതാക്കള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇന്ന്....... നിന്‍റെ ചേതനയറ്റ ശരീരത്തോടൊപ്പം കത്തിയമരാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുന്നു. മകനേ......ഞാനെന്നും നിന്നോടൊപ്പമുണ്ട്. എന്നും എപ്പോഴും....

ഉയര്‍ച്ച

ഉയരണം ഉയരണം
ഉയരത്തില്‍ പറക്കണം

പൊരുതണം പൊരുതണം
പൊരുതികയറീടണം

കരുതലോടങ്ങനെ
ചിറകടിച്ചീടണം

ഉയരത്തില്‍ നിന്നുള്ള
പതനത്തെയോര്‍ക്കണം

ഇരതേടുവോര്‍ക്കതിവേഗം പിടിക്കുവാന്‍
ഉയരത്തിലുള്ളോരിരയാണെളുപ്പം

ഉയരത്തിലുയരത്തില്‍ പറപറന്നീടുമ്പോള്‍
പരിഷകളോടല്‍പം ദയവുമുണ്ടാകണം

പതനവും കാത്തക്ഷമരായിരിക്കുന്ന
പരിജനം ഭൂമിയില്‍ കുറവല്ലറിയുക

സമഭാവനയോടും സമചിത്തതയോടും
 പരനുപകാരാര്‍ത്ഥമായ് നീ പറക്കുക

ഇനിയുമയരത്തിലുയരത്തില്‍ പറക്കുവാന്‍
മനതാരിലിതുമാത്രം കരുതിവച്ചീടുക

പരി ഹാസം

എനിക്ക് ചുറ്റും കൂടി
പരിഹസിച്ച്
ഊറിയൂറി
ഒരു കൂട്ടം പേരിരുന്ന്
ആസ്വദിച്ച് ചിരിച്ചപ്പോൾ 
എൻറെ മുന്നിലോടിയെത്തിയത്
തലയിൽ പൂഴിവാരിയിടുമ്പോൾ
പൊട്ടിച്ചിരിക്കുന്ന
ഗ്രഹണി ബാധിച്ച
വിരൂപിയായ
സഹപാഠിയാണ്.
അന്ന് കൂട്ടുകാരെ
അനുകരിച്ച് ഞാനും
ഒരു പിടി മണ്ണ്
അവൻറെ തലയിൽ വാരിയിട്ടു .
ഞാനും കൂടി
അവനെ പരിഗണിച്ചതിലുള്ള
സന്തോഷത്താൽ
അവൻ പൂർവ്വാധികം
ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു......

ടിയാന്‍

വിരസമായ
അർത്ഥശൂന്യമായ
യാത്രയിൽ
ടിയാൻ
എളിമയോടെ
ഇരിക്കാനൽപം
ഇടം ചോദിച്ചു.
അൽപം നീങ്ങിയിരുന്ന
എന്നെ ആദ്യമൊന്ന് തള്ളി
പിന്നെ പൃഷ്ഠം ഉറപ്പിച്ചു.
പിന്നെ ദേഹത്ത് ചാരി
പിന്നെ തൂങ്ങി തോളത്ത് വീണു.
ഇപ്പോൾ
ടിയാൻ
സുഖ സുന്ദര സുഷുപ്തിയിൽ
സ്വപ്നം കണ്ടുറങ്ങുന്നു.
എൻറെ
ചെറിയ ചലനം പോലും
ടിയാൻറെ
സുന്ദര സുരഭില നിമിഷങ്ങളെ
നഷ്ടപെടുത്തുമെന്നതിനാൽ
ഞാൻ അതീവ ശ്രദ്ധയോടെ
കടിച്ച് പിടിച്ചിരുന്നു.
അങ്ങനെ
എൻറെ യാത്ര
തികച്ചും സാരവത്തായി...............

നാട്യം

രംഗവേദിയിലെ നാട്യങ്ങൾ
കാഴ്ചയ്ക്കു പ്രിയകരമെങ്കിലും

ജീവിതത്തിലെ നാട്യങ്ങൾ
അപ്രിയമായ് ഭവിക്കും

എറിയും മുമ്പെ

വരട്ടെ..........
കല്ലെറിയാൻ വരട്ടെ .
നിങ്ങൾ
പലതും 
 മോഹിച്ചരുന്നില്ലേ ?
അതിനായി
കുറുക്കുവഴികൾ
ചിന്തിച്ചിരുന്നില്ലേ ?
അതിൽ
ചിലത് തെറ്റായ
വഴികളായിരുന്നില്ലേ ?
ഇരുട്ടിൻറെ മറവിൽ,
ആരുമറിയാതെ
തെറ്റുകൾ ചെയ്തിട്ടില്ലേ ?
തെറ്റുകൾ ചെയ്യാനുള്ള
പ്രേരണ പലപ്പോഴും
അലട്ടിയിട്ടില്ലേ ?
നിയമവ്യവസ്ഥയെ
പലപ്പോഴായി
ലംഘിച്ചിട്ടില്ലേ ?
അവസരങ്ങൾ
തുറന്നു കിട്ടാത്തതുകൊണ്ടല്ലേ
തെറ്റിൽ നിന്ന് വഴുതിമാറിയത് ?
തെറ്റുകൾ
സ്വപ്നം
കണ്ടിരിക്കാറില്ലേ ?
എത്തിപിടിക്കാൻ
കഴിയാത്ത ഉയരങ്ങൾ
നഷ്ടബോധം ഉണർത്തിയിട്ടില്ലേ ?
ശരി
എറിഞ്ഞോളൂ.....ഊക്കോടെ.......
ലക്ഷ്യം തെറ്റാതെ എറിഞ്ഞോളൂ.

ജീവകാരുണ്യം

പോക്കുവരവ്
നടത്തിയതിലെ
നീക്കുപോക്കുകളിൽ
നിന്ന് കിട്ടിയ
നീക്കിയിരിപ്പിൽ
വഴിവക്കിൽ
കാത്തിരിക്കു ന്നവന്
നിക്കിവയ്ക്കുന്ന
ഉലുവ

സൂപർ ഹിറ്റ്

പഞ്ചുള്ള പേരും
മൊഞ്ചുള്ള പെണ്ണും 
നെഞ്ചുള്ളൊരാണും
അഞ്ചാറു ഡാൻസും
അഞ്ചെട്ടു തല്ലും


പോര്

പതിരുള്ള പഴഞ്ചൊല്ല്
പാമ്പും കീരിയും
ശത്രുവായി തുടരണമെന്ന
വാശിയിലായിരുന്നു.

ഗൃഹനാഥൻ
തൻറെ പട്ടിയും പൂച്ചയും
അവരവരുടെ നിലപാടിൽ
ഉറച്ചു നിൽക്കുന്നു
എന്നുറപ്പുവരുത്തി.

തങ്ങളുടെ കുലമഹിമയും
 പാരമ്പര്യവും
ഉയർത്തപിടിക്കുന്നതിൽ
ബദ്ധ ശ്രദ്ധരായ
ബന്ധു ജനങ്ങൾ
അമ്മായിഅമ്മയുടെയും
മരുമകളുടെയും
പോരാട്ടം ഉറപ്പുവരുത്തി.

ആയുധങ്ങൾ
യഥേഷ്ടം വിറ്റുപോകേണ്ടതുകൊണ്ട്
അയൽ രാജ്യങ്ങൾ
പലപ്പോഴായി
അതിർവരമ്പുകൾ ലംഘിക്കണമെന്ന്
നിർമ്മാതാക്കൾക്കു നിർബന്ധം

പ്രസ്ഥാനങ്ങളുടെ വളർച്ച
ഉറപ്പുവരുത്താൻ
 ഭരണ പ്രതിപക്ഷങ്ങൾ
നഖശികാന്തം പോരാടി

അങ്ങനെ
എന്തിനെന്നറിയാതെ
ആർക്കോ വേണ്ടി
സ്വയം മറന്നുള്ള
പോരാട്ടങ്ങളുടെ ആരവങ്ങൾ
ഭൂമിയിൽ കെട്ടടങ്ങുന്നില്ല.

ഇരതേടൽ

ഇര വേണം
പുതുപുത്തൻ ഇരകൾ
ഒടുങ്ങാത്ത വിശപ്പാണ്
ആണിരയായാലും
പെണ്ണിരയായാലും
മണ്ണിരയായാലും വേണ്ടില്ല.

നിസ്സഹായനായ ഇരയെ
ഒറ്റയടിക്കങ്ങനെ കൊല്ലാനാവില്ല.
പിടിക്കും
പിടി അയയ്ക്കും
പിന്നെയും പിടിക്കും
പ്രതീക്ഷ നൽകും
വിട്ടുകളയില്ല.

പരിഭ്രാന്തിനായ ഇരയുടെ ഭാവം
ഭ്രാന്തമായ ചിരിമുഴക്കം
പിടയുന്ന ഇര

കളി മുറുകുന്നു
രസമേറുന്നു
ഇരകൾ വേണം
പുത്തനിരകൾ

അതെ പുതുപുത്തനിരകൾ....

ഞാൻ

ഞാനാരാണെന്നു
ഞാനെന്നോടൊരു
നൂറുവട്ടമാരാഞ്ഞു.

അത്,
നീ പറഞ്ഞതും
അവൾ
പറഞ്ഞതും
ഞാൻ തന്നെ
സ്വയം
പറഞ്ഞതും
ആയിരുന്നില്ല.


പിന്നെയത്
എന്താവാമെന്നു
ചിന്തിച്ച്
ചിന്തിച്ച്
അന്തിച്ചിരിന്ന്
ഉത്തരം
കിട്ടാതെ

ഉച്ചത്തിൽ
ഉച്ചത്തിൽ
പൊട്ടിച്ചിരിച്ച്
എന്തൊക്കെയൊ
ഉച്ചരിച്ചിരുന്നു

മത്സരം

ജേതാവിനെ
അറിയാൻ
തലനാരിഴ കീറിണം.

കീറിമുറിച്ചു.
ഒരാൾ ജയിച്ചു.
തോറ്റവർ ഒന്നിച്ചു.
ചതിച്ചു,ചതിച്ചു.
ആരു ചതിച്ചു ?

ഒരാളെ ദൈവവും
മറ്റൊരാളെ കീറിമുറിച്ച യന്ത്രവും
അടുത്തയാളെ ഷൂസും.
മറ്റൊരാൾ മരുന്നടി ആരോപിച്ചു.

 ആരും തോൽക്കുന്നില്ല.
ചതിക്കപെട്ടതത്രെ.

അപ്പീൽ, കോടതി, പക്ഷം, പ്രതിപക്ഷം
കളി കളത്തിനു പുറത്ത്.

സംഘാടകർ ജയിച്ചു.
കാണികൾ തോറ്റു.

ആക്ഷേപ ഹാസ്യം

മിണ്ടാപൂച്ചയെ
കലമുടയ്ക്കുമെന്നു പറഞ്ഞ്
പരിഹസിക്കാം

അന്വേഷണത്തെ
പ്രഹസനമെന്നു പറഞ്ഞ്
ആക്ഷേപിക്കാം

സത്യസന്ധതയെ
ധൈര്യകുറവിൻറെ
ലക്ഷണമായി ചിത്രീകരിക്കാം

സാമൂഹ്യ സേവനത്തെ
വേറെ പണിയില്ലാത്തവരുടെ പണിയായി
പരിഹസിക്കാം

വിശ്വാസത്തെ
 അന്ധവിശ്വാസമായി
 വളച്ചൊടിക്കാം

കളി
ഒത്തുകളിയായി
നിസ്സാരവൽകരിക്കാം

സ്നേഹത്തെ
പ്രീണനമെന്ന്
 ആരോപിക്കാം

കഠിനാദ്ധ്വാനത്തെ
അത്യാർത്തിയായി
തൃണവൽകരിക്കാം.

സമ്പാദ്യ ശീലത്തെ
 പിശുക്കായി
 ചൂണ്ടികാണിക്കാം

ദൃഢസങ്കൽപത്തെ
തീവ്രവാദമായി 
പരിഗണിക്കാം

പ്രതികരണങ്ങളെ
രാഷ്ട്രീയ പ്രേരിതമെന്ന്
പുച്ഛിച്ചു തള്ളാം.

കൊദു

അല്ല കൊദുഏ അണക്കിദെന്തിൻറെ കേടാ
ഈ ഇദെന്തിനുള്ള പൊറപ്പാടാ......
ഈ മനുശ്യരാശീനെ മുയ്മനും തീർത്തിട്ടേ അടങ്ങൂ......... ...................

.ദെന്താ കദ നാടു മുയ്യോനും പനിച്ച് വെറക്യാ.അൻറ കടി കൊണ്ടിട്ട്ന്ന് എല്ലാരുപറേന്നിണ്ടേ.ഇങ്ങന പ്രതികാരം ചെയ്യർദ് കൊദുഎ.

നെൻറെ സംഗീതം കേട്ട് സുഗായിറ്റ് ഒറങ്ങ്ന്ന ഒരു കാലണ്ടായിനു.മലമ്പനി വന്നോടെ അന്നെ തല്ലി കൊല്ലാൻ തൊടങ്ങി.കൈയ്യോണ്ട് പോരായിറ്റ് ബേറ്റായി.
''പാവം കൊദു ബയറ് കായുമ്പൊ തുള്ളി ചോരല്ലേ കുടിച്ചദ്.കട്ടിറ്റും മുഡിച്ചിറ്റും പീഡിപിച്ചിറ്റു ഇല്ലാലോ.''
നാലാള് ഇദ് പറഞ്ഞ കേട്ടപ്പൊ അണക്ക് ബാശി കുടി.പൊഗ ഇട്ടിറ്റും മര്ന്നടിച്ചിറ്റും ചെരട്ട കമത്തീറ്റും മണ്ണെണ്ണ ഒയിച്ചിറ്റും അന്നെ കൊല്ലാൻ ഞാള് കോപ്പ് കൂട്ടി .അന്നിറ്റും അൻറെ വികൃതി കൂടി കൂടി ബന്നദല്ലാതെ അൻറെ മൂളിപാട്ട് നിർത്താൻ ഞാക്ക് കയിഞ്ഞില്ലേ.
ഉയിശ് ആസൂത്തരീല് ഇദെന്താ
തെരക്ക്..പാവങ്ങളും പൈസക്കാരും,ആണും പെണ്ണും എന്നുവേണ്ട നല്ല ചെറിയോൻമാരും കൂടെ ബോധം കെട്ട് കെഡക്കല്ലേ.
അൻറ കടികൊണ്ടാ സംഗതി എഡങ്ങേറെന്നെ.കാറലായി,കൊയച്ചിലായി.പിന്നെ ആള് കൈച്ചിലായില്ലെങ്ക് ഭാഗ്യം.
എല്ലാരു അന്നോട് തോറ്റ് തൊപ്പി ഇട്ടീക് കൊദുവേ. ആ പ്രമുഖ നടനും നടീം വന്നെയോണ്ട് തത്കാലം കൈച്ചിലായിക്കി.അല്ലേങ്കില് പേപ്പറാറും ചാനലാറും അൻറെ ബേക്കില് കൂട്വേനും.
ഡ്രൈ ഡേ ആചരിക്കണോലെ.............അൾക്കാര് ഇപ്പൊ നേരെ കണ്ടാല് ചോയിക്ക്ന്നദ് കൗണ്ട് എത്രെ ഇണ്ട്ന്നാ.............പിന്നെ കൂട്ടലായി കൊറക്കലായി . ഉയീ......ലച്ചത്തിൻറെേം കോടീടേം കണക്കല്ലേ........എല്ലാരും ഡാക്ടറെന്നെ.തോനെ വെള്ളം കുഡിക്കണോലെ.അനാറ് തിന്നണോലെ,കിവി പയം തിന്നണോലെ.ഈ ദൊക്കെ കേട്ട് മൂളി ചിരിക്കണണ്ടാവു.അനക്ക് മനസിലായിറ്റിണ്ടാവു.ഈ മനിഷൻമാരെ കാര്യം ഇത്റേ ഇള്ളൂന്ന്.
ഈ ഒരപാര സാനന്നെ കൊദുഎ.
എലി പനിം പച്ചി പനീം ഇണ്ടേലും അൻറ പേരില് പനിയൊന്നു ഇല്ലാലോ . ഓലിക്ക് അദൊര് നാണകേടല്ലേന്ന്. ''കൊദു പനി'' പിഡിച്ചിറ്റ് കൈച്ചിലായാല് അയിൻറെ നാണക്കേട് മനിസൻമാർക്ക് മൊത്താണ്.
എന്നാലു നീ അങ്ങന കുണ്ടിം പൊക്കീറ്റ് പാറികളികണ്ടാ..ഞാള് വാട്സപ്പില് കണ്ടിക്കിയല്ലാ... അനക്കെതിരെ ഒറ്റമൂലി ഒടനെ എറങ്ങൂന്ന്.പിന്നെ ആഗസ്റ്റ് പൈനഞ്ചിന് ഇക്കുറി കേരളം ഒന്നിക്കാൻ പൂവല്ലേ.മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം....... ഈ കേട്ടിക്യോ.....അനക്ക് നെരങ്ങാനും മുട്ടയിട്ട് കളിക്കാനും കേരളത്തില് ഇനി മാലിന്യം ഇണ്ടാവൂലേ.... .....മാലിന്യം ഇല്ലാണ്ടാക്കാൻ ഞാള് ഓരോ ആളും നാട് വൃത്തിയാക്കൂ.
എന്തേങ്കില് ഇനിയു ദൈവത്തിൻറെ നാട്ന്നും നൂറ് ശതമാനം സാച്ചരതാന്നും ബഡായി അടിച്ച് നടന്നാല് നാട്ടില് മനിസൻമാരിണ്ടാവൂലേ...... മൊത്തം കൊദുവായിരിക്കും കൊദു......ഹ ...ഹ.....ഹ...

ആടി വേടന്‍

ആടി വേടാ നീ ആടിത്തളർന്നുവോ
പുൽകൊടിചന്തം കണ്ടു മയങ്ങിയോ

ആടിമാസ മൊഴിഞ്ഞങ്ങു പോകിലും
ഇണ്ടലൊഴിയുന്നില്ല ഈ ഭൂമിയിൽ

 ചെണ്ടകൊട്ടുന്നെന്നുള്ളമാധിയിൽ
മണ്ടിയകലരുതെങ്ങുമേ നീയിനി

വിനായക സ്തുതി

കരിവദന തവചരിത മതിശയമോടിന്ന്
ഉരുവിടുവതിനായതി മോഹമെന്നുള്ളിൽ
ഹിമഗിരി തനയതന്നാരോമലുണ്ണി
കൈലാസ ദേശേ വിളങ്ങുന്ന കാലം
മാതാവു തന്നാജ്ഞ പാരിപാലനാർത്ഥം
വഴിതടഞ്ഞന്നു ശിവശങ്കരനെയൊരുദിനം
കോപാഗ്നിയാലന്നു ഗളമറുത്തീശൻ
അതുകണ്ടപാർവ്വതീ അനുനയാർത്ഥം
കരിവദനനായ് നീ മരുവിനേനല്ലോ
സുരഗണാധിപനായ് യുദ്ധം നയിച്ചും
തിങ്കൾ കല തൻറെ ദംഭം ഹനിച്ചും
ഇഹലോക വാസികൾക്കഭയാർത്ഥമായി
വഴിയിൽ തടയുന്ന വിഘ്നമകറ്റി
വിഘ്ന വിനാശകനായ് വിളങ്ങി നീ
മൂഷിക രഥ മേറി നീ ഗമിക്കുമ്പോൾ
തോഷഭാവേന വണങ്ങുന്നു ലോകം
മോദക പ്രിയനേ കുമാര സഹോദരാ
ശബരിമല ശാസ്താവിൻ ഇഷ്ടസഹോദരാ.
ആരറിയാതുള്ളു തവ കീർത്തി ഗാഥകൾ
തവഭജനമിഷ്ടമോടുരുവിടുവോർക്ക്.
ഇഹലോക ബന്ധ നിവൃത്തിയുണ്ടാകും
തവചരണമനുദിനംതൊഴുതുവണങ്ങീടാൻ
കരുണയുണ്ടാകണേ ഭവഭയവിനാശക
പാഹിമാം പാഹിമാം പാഹി ഗണനായകാ
പാഹിമാം പാഹിമാം പാഹി ദയാനിധേ

ബ്ലോക്ക്

ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.
ആരോ പിറു പിറുത്തു
നാലു വരി പാത
ആരോ മുറുമുറുത്തു
വികസനം, ബൈപാസ്.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

വാണിഭക്കാരൻറെ വിഭവങ്ങൾ
 റോഡിലേയ്ക്ക് കഴുത്തു നീട്ടി വിളിച്ചു
ആദായ വില..... ആദായവില....
വഴിയോരത്തെ
 വടിവൊത്ത താരസുന്ദരിയുടെ
 ഛായാ ചിത്രം കണ്ണിറുക്കി കാണിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

 പ്രതിഷേധ ജാഥ
റോഡ് നിറഞ്ഞലറിവിളിച്ചു.
സത്യാഗ്രഹിയുടെ പന്തൽ
വഴിവക്കിൽ തണൽ വിരിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

ടാറിട്ട റോഡിലെ
തമോഗർത്തങ്ങൾ വാഹനങ്ങളെ കണ്ണുരുട്ടിപേടിപ്പിച്ചു.
ഫെസ്റ്റിവൽ ഓഫറുകൾ വിരിയിച്ച
വാഹന കുഞ്ഞുങ്ങൾ നിരത്തിലോടികളിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

ബസ്സിൽ കയറാത്ത പുത്തൻ തലമുറ
 ബുള്ളറ്റിലേറി ഒച്ചപാടുണ്ടാക്കി.
ശൈലീരോഗങ്ങൾക്ക് മരുന്നു വാങ്ങാൻ
ഓട്ടോറിക്ഷകൾ കൂറകളെ പോലെ
 തലങ്ങും വിലങ്ങും പാഞ്ഞു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.