Friday, May 6, 2016
മുറ്റമടിച്ചമ്മ വെള്ളം തളിച്ച്
മുങ്ങിക്കുളിച്ചമ്മ ഈറനണിഞ്ഞ്
ഭക്തിയോടമ്മ തിരിതെളിച്ചു
ഉച്ചത്തിൽ നാമജപം തുടങ്ങി
കൊച്ചുമകളെ വിളിച്ചമ്മയോതി
പുക്കളിറുത്തു വരിക വേഗം
പൊന്നുണ്ണിക്കണ്ണനു ചാർത്തിടുവാൻ
കണ്ണുമടച്ചങ്ങു പ്രാർത്ഥിക്കുവാൻ
ഒട്ടു നേരം കഴിഞ്ഞാകുഞ്ഞു വന്നു
കൈയ്യിലൊരു കുഞ്ഞു മുല്ല പൂവും
തെല്ലുകോപിച്ചായമ്മയോതി
എന്തേയിതിങ്ങനെയൊറ്റ പൂവ്
അമ്മേ മുല്ലയ്ക്ക് വേദനിക്കില്ലേ
ഓരോപൂവുമിറുത്തിടുമ്പോൾ
ദിക്കുകളാകെ സുഗന്ധം പരത്തി
അവ വാനവർ തന്നുടെ മനം കവരും
വണ്ടുകളുണ്ടമ്മേ മണ്ടി നടക്കുന്നു
ഇണ്ടലില്ലാതെ മധു നുകരാൻ
വർണ്ണ വൈവിദ്ധ്യമണിഞ്ഞു വരുമമ്മേ
ചിത്രശലഭങ്ങളനേകായിരം
ആറ്റു നോറ്റാമുല്ല ജന്മം നൽകിയ
കുഞ്ഞുങ്ങളല്ലേയീ മുല്ലപുക്കൾ
അമ്മയോടൊത്താ കുഞ്ഞുകിടാവുകൾ
പുഞ്ചിരിതൂകി കളിച്ചിടട്ടെ
എന്തു ചേതോഹരംതെ ന്നലിനോടോത്ത്
ആടിക്കളിക്കുമീ മുല്ലപുക്കൾ
ഈറനണിഞ്ഞകണ്ണുമായമ്മ
ചേർത്തു പിടിച്ചിളം പൈതലിനെ
ഉള്ളുരുകിയാ പൂവ് കണ്ണന്നു നേദിച്ചു
അഞ്ജലി കൂപ്പി വണങ്ങി നിന്നു
ഈശ്വരമയമല്ലോ ഈ പ്രപഞ്ചം
സാന്നിദ്ധ്യമെങ്ങും നിറഞ്ഞിരിക്കും
മണ്ണിലെ നന്മകളൊന്നൊഴിയാതെ
പൊന്നുണ്ണിക്കണ്ണനു നിവേദ്യമാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment