Friday, May 6, 2016

വഴിയോരങ്ങളിലെ മാങ്ങകള്‍ക്ക് ഇന്ന് വികൃതി പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.കൃത്യതയോടെ ഉന്നം വച്ച് കല്ലെറിഞ്ഞിടുന്ന മാങ്ങ കല്ലിലെറിഞ്ഞ് പൊട്ടിച്ച് ആവശ്യത്തിലധികം കഴിച്ച് വയറ് വേദനിച്ച് നടക്കുന്ന വികൃതി പയ്യന്‍മാര്‍ സ്ഥലമുടമയുടെ ഉറക്കം കെടുത്തുന്ന കാലമുണ്ടായിരുന്നു.കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മാങ്ങകള്‍ എറിഞ്ഞിടുന്ന പയ്യന്‍മാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും തിരിച്ച് പയ്യന്‍മാര്‍ വികൃതികള്‍ ഒപ്പിക്കുകയും ചെയ്യും.അവസാനം പയ്യന്‍മാരുടെ പൈതൃകം തിരഞ്ഞ് പിടിച്ച് പരാതി പ്പെടുകയും വീടുകളില്‍ ഇതിന്‍റെ പേരില്‍ അടിയുടെ പൊടിപൂരവും.മനോഹരമായ കവറുകളില്‍ പൊതിഞ്ഞ ചോക്കളേറ്റുകള്‍ക്കും മൊബൈല്‍ ഫോണിനും ഉള്ള സ്വീകാര്യത ഇന്ന് മാങ്ങയ്ക്കില്ല.സ്കൂളിലേയ്ക്ക് നെടുനീളെയുള്ള സംഘം ചേര്‍ന്നുള്ള യാത്രയും ഇന്നില്ല.ഇന്ന് ചെറിയ ദൂരമാണെങ്കിലും യാത്ര വാഹനത്തിലാണ്.സഞ്ചിയും തൂക്കി കെട്ടുപാടുകളും നിയന്ത്രണങ്ങളുമില്ലാതെ സര്‍വ്വ തന്ത്ര സ്വതന്ത്രരായി ആര്‍ത്തുല്ലസിച്ച് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇന്ന് ഓര്‍മ്മ മാത്രമാണ്.

No comments:

Post a Comment