Sunday, November 1, 2015


സത്യമേവ ജയതേ


ശുനക പുരാണം

അവനെകുറിച്ചു പറയാന്‍ നൂറു നാവായിരുന്നു നമുക്ക്.എന്തൊരനുസരണശീലം യജമാനഭയം,കള്ളനെയും പെറുക്കികളെയും വായനോക്കികളെയും ക്ഷുദ്രജന്തുക്കളെയും ഭയക്കേണ്ട.കരിമ്പൂച്ചയോടൊപ്പം നടക്കുന്ന മന്ത്രിസത്തമന്‍റെ ഗമയായിരുന്നു നമുക്ക്.എങ്കിലും നന്ദികേട് കാണിക്കുന്ന മനുഷ്യരെ നായീന്‍റെ മോനെഎന്ന് വിളിക്കാനും മറന്നില്ല.എന്തൊരു വിരോധാഭാസം.മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ഇതാണ്.പട്ടികളെ മനുഷ്യന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല.എല്ലാം നമ്മുടെ സ്വാര്‍ത്ഥത. ഭക്ഷണാവിശിഷ്ടം കൊടുത്താന്‍ മതി.പിന്നെ ഒരു മരക്കൂടും. ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യവും അനുവദിക്കില്ല.സ്വതന്ത്രയമായി ഒന്ന് ഉലാത്താനോ സുഹൃത്തുക്കളോടൊത്ത് അല്‍പനേരം ചിലവഴിക്കാനോ അനുവാദമില്ല.അയല്‍പക്കത്തെ ലൌലിയോട് സല്ലപിച്ച കൈസറിനെപറ്റി എന്തെല്ലാം ഇല്ലാവചനങ്ങളാണ് പറഞ്ഞ് പരത്തിയത്.അവന്‍ ലൈനടിക്കാന്‍ തുടങ്ങിയത്രെ.എല്ലാം നമ്മുടെ ഇച്ഛാനുസരണം മാത്രം നടക്കണം.വീട്ടിലെ കൊച്ചു കുഞ്ഞിനോട് അളവറ്റ സ്നേഹം തോന്നിയപ്പോള്‍ ഒന്ന് കെട്ടിപുണരാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് വാവിട്ട് നിലവിളിച്ചു.ഇതുകണ്ട് കുടുംബനാഥന്‍ പൊതിരെ തല്ലി.ഒരു വികാരപ്രകാടനത്തിനുപോലും സ്വാതന്ത്ര്യമില്ല.പതിരില്ലാത്ത പഴഞ്ചൊല്ലിലെ മോങ്ങുന്ന പട്ടിയും മുഴുവന്‍ തേങ്ങ കിട്ടിയ പട്ടിയും,ഏറ് കൊള്ളുന്ന പട്ടിയുമായി പട്ടി ഒരു പരിഹാസ പാത്രമായി തുടര്‍ന്നു.എല്ലാം സ്വാര്‍ത്ഥതയ്ക്കു മാത്രമായിരിക്കണം.പട്ടി പ്രസവിച്ചാല്‍ പ്രശ്നമാണ്. പെണ്‍പട്ടിയാണെങ്കില്‍ കടുത്തു നടപടി.ചാക്കില്‍ കെട്ടി തെരുവില്‍ കൊണ്ടുചെന്നാക്കും.കുറേ വണ്ടികയറി ചാകും.കുറേ മനുഷ്യന്‍വലിച്ചെറിയുന്ന എച്ചില്‍ ഭക്ഷിച്ച് പിടിച്ചു നില്‍ക്കും .മെലിഞ്ഞ് എല്ലുന്തിയ കില്ലപട്ടികളായിരുന്നു ഏറെയും.എങ്കിലും വിധേയരായിരുന്നു.വാല്‍ പൃഷ്ഠത്തിലൊതുക്കിമാത്രമായിരുന്നു നടത്തം. തമാശയ്ക്ക് ഓടിക്കുമെങ്കിലും തിരിഞ്ഞുനിന്നാല്‍ തിരിഞ്ഞോടുന്ന ഭീരുക്കളായിരുന്നു.കുരയ്ക്കും പക്ഷെ കടിയ്ക്കില്ല.തെരുവിലെ ജീവിതത്തില്‍അസുഖബാധിതര്‍ക്ക് പേ പിടിച്ചു.സ്വബോധം നശിച്ച അവര്‍ കണ്ടവരെയൊക്കെ കടിച്ചു.റോഡ് മുറിച്ച് കടന്നപ്പോള്‍ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടു.കുസൃതിപ്പിള്ലേരുടെ കണിശതയാര്‍ന്ന ഏറ് കൊണ്ട് കരഞ്ഞോടി. എങ്കിലും നഗരത്തിലെ യഥേഷ്ടം ലഭിക്കുന്ന അറവു മാലിന്യവും വീടുകളില്‍നിന്ന് വലിച്ചെറിയുന്ന ചിക്കന്‍ബിരിയാണിയും തിന്ന് കൊഴുത്ത് തടിച്ച് ഉന്മുക്തസംഭോഗം ചെയ്ത് വംശവര്‍ദ്ധ നവുണ്ടാക്കി.പട്ടിപിടിത്തക്കാരെത്തി.കൂട്ടകൊലയ്ക്കിരയാക്കി.ഒന്നിന് പത്ത് പത്തിന് നൂറ്.വാല് മുറിച്ച് എണ്ണമെടുത്തു.ദിവസങ്ങള്‍ പ്രായമായ പട്ടികുഞ്ഞിന്‍റെ വാലുപോലും മുറിച്ച് എണ്ണമെടുത്തു. കടപ്പുറത്ത് ചെറിയ കുഴികുഴിച്ച് മൂടി.കഴുകന്‍ വലിച്ച്പറിച്ചു. കൂട്ടത്തോടെയുള്ള പലായനത്തിലൂടെ വംശനാശത്തില്‍നിന്ന് രക്ഷപെട്ടു.വീണ്ടും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് വംശവര്‍ദ്ധന.വംശനാശത്തെ പ്രതിരോധിക്കണം അപകടം തിരിച്ചറിയാനുള്ള കഴിവ്.മണത്തറിയാനുള്ള കഴിവ്,സംഘശക്തി മൂത്രമൊഴിച്ച് ആശയവിനിമയം.മനുഷ്യനില്ലാത്ത പലകഴിവുകളും പട്ടികള്‍ക്കുണ്ട്.പട്ടി പ്രേമികളും പട്ടിവിരോധികളും രണ്ട് തട്ടില്‍.കോടതി , പഞ്ചായത്ത് വന്ധ്യംകരണം പ്രൊജക്ട്.കൊല്ലാന്‍കു ത്തിവയ്ക്കുന്ന മരുന്ന് ലാഭിക്കാന്‍,തലയില്‍ പട്ടിക കൊണ്ട് അടിച്ച് കൊലപാതകം.
അങ്ങനെ പട്ടികള്‍ ഗതികെട്ട് മനുഷ്യവിരോധികളായി.ഇന്ന് പട്ടികള്‍ അരോഗദൃഢഗാത്രരാണ്.മുഖത്ത് ദൈന്യതയില്ല ആരെയും കൂസലില്ല.കുഴലിലിട്ടാല്‍ നിവരാത്ത വാല് പ്രഷ്ടത്തിനടിയിലല്ല.അത് അഭിമാനപൂര്‍വ്വം ഉയര്‍ത്തിപിടിച്ചിരിക്കുന്നു.കൂട്ടമായി നടക്കുന്നു.ഇന്ന് മനുഷ്യര്‍ അവരുടെ ദയയിലാണ്.ഇടവഴിയില്‍ നടന്നു പോകുമ്പോള്‍ രണ്ട് പട്ടികള്‍ എതിരെ വന്നാല്‍കടിയേല്‍ക്കാതെ രക്ഷപ്പെട്ടാല്‍ ഭാഗ്യം. ഒരു നോട്ടം കൊണ്ടോ വടിപ്രയോഗം കൊണ്ടോ അവന്‍ പിന്മാറില്ല കടികിട്ടിയാല്‍ പണികിട്ടി.മനുഷ്യരുടെ പടയൊരുക്കം അവനറിഞ്ഞിട്ടുണ്ടാകും.പോയി പണിനോക്കട്ടിഷ്ടാ എന്ന ഭാവമാണ്.ഇന്ന് അവന്‍ കുരച്ചാല്‍ കടിയുറപ്പാ.അവറ്റകള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട് അസുഖമെന്തെങ്കിലും ? അല്ലെങ്കില്‍ ഇത്രയും കൂസലില്ലായ്മ !!! ഒന്നുമല്ല.നന്ദികേടിനൊരതിരുണ്ട്.ചരിത്രം സാക്ഷിയാണ്.അളമുട്ടിയാല്‍.....അതെ സംഘടിക്കും പ്രതികരിക്കും പുച്ഛിക്കും ആക്രമിക്കും നിലനില്‍പിന്‍റെ പ്രശ്നമാണ്.എല്ലാ പ്രാണികള്‍ക്കും അതിനുള്ള അവകാശമുണ്ട്.പരിണാമസിദ്ധാന്തപ്രകാരം ഇത്തരം എത്രയോ യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഈ അവസ്ഥയിലെത്തിയത്.എന്നാലും മനുഷ്യരാശിയ്ക്ക് നിലനിലനില്‍ക്കണം.കോടതി ഉത്തരവ് സമ്പാദിക്കണം.നിയന്ത്രിക്കണം.എങ്കിലും ഒന്നോര്‍ക്കണം സഹജീവികളോടെന്നപോലെ സഹപ്രാണികളോടും അല്‍പം ദയവും കാരുണ്യവുമൊക്കെ ആവാം.അല്ലെ .....ഏയ്.....എവടെ

ഏകാന്തം..........


ചിതലരിക്കുന്ന ഭിത്തികൾ
ഞരങ്ങുന്ന പലകകൾ
പൊടിവിതറുന്ന മച്ച്
ചിലന്തികൾ മാറാല കെട്ടിയ ജനാല
പഴമയുടെ മണം പേറുന്ന പഴന്തുണികൾ
മാതൃസ്നേഹം തുളുമ്പുന്ന ഹൃദയം
അസ്വസ്ത്ഥ ചിത്തം
ചുളിഞ്ഞു പഴകിയ ദേഹം
കൃശഗാത്രം താങ്ങാനാവാതെ കാലുകൾ
ഒന്നുനിവർത്തുവാൻ കൊതിക്കുന്ന നട്ടെല്ല്
താങ്ങില്ലാത്തൊരമ്മയ്ക്ക് താങ്ങായിനിൽക്കുന്ന കൈവടി
ഒരു നൂറുനാവായി ചെറുമക്കൾതന്നുടെ ചെറുതായ വികൃതികൾ
ഓർത്തുചിലയ്കുന്ന നാവ്
ഉറ്റവർതന്നുടെ കാൽപെരുമാറ്റത്തിനായ്
കാതോർക്കുന്ന കാതുകൾ
ഇടുങ്ങിയ വഴികളിൽ മുക്കിയും
മൂളിയും ചലിക്കുന്ന ശ്വാസം
നഷ്ട വസന്തത്തിൻപ്രിയനായകൻറെ വശംകെടുത്തുന്ന ഓർമ്മകൾ
ചെറുവിരലനക്കത്തിലുംഭയപ്പാടിൻറെ ഉടുക്ക് കൊട്ടുന്ന നെഞ്ചകം
അനായേസേന മരണ
മതി ശീഘ്രം എന്ന പ്രാർത്ഥന
എല്ലാമറിയുന്ന ദൈവം
ഇവയുടെയൊക്കെ ആകെത്തുകയായ
ആർദ്രമായ രണ്ട്കണ്ണുകള്‍.

ഗാന്ധി

സബർമതിതീരം പുളകിതമായി
രഘുപതിരാഘവ മന്ത്രധ്വനിയിൽ
അതിശയമുജ്വലം ധീരമുദാത്തം
അനുപമ ജീവിത സാര സന്ദേശം
അഹിംസാ ധർമ്മം ഉജ്വലതേജം
സ്വാവലംബിത ദേശം ലക്ഷ്യം
ഹരിജനോദ്ധാരം സമരസഭാവം
സത്യാഗ്രഹം സമരസിദ്ധാന്തം
പരതന്ത്ര ബന്ധിത കുടില തന്ത്രം
സ്വാതന്ത്രത്തിൻ പഥ സഞ്ചലനം
ഐക്യമത്യ ബല സഹിത മുദാരം
നവയുഗഭാരത ജയ ജയഭേരി
ബഹു വിധഭാഷാസംസ്കൃ തി കേന്ദ്രം
അഗണിതജനമയ കേളീഗേഹം
പിതൃപദമർപ്പിതം തവപദപത്മം
ഭാരത ഭൂമി പരമം ധന്യം

അവകാശിയും അധികാരിയും

നവംബര്‍ 14 ന് ശിശുദിനത്തിന് ബദിയഡുക്കയില്‍ വച്ച് നടന്ന പെയിന്‍റിംഗ് മത്സരത്തിന് ചിത്രകലാദ്ധ്യാപകനായ കുഞ്ഞമ്പു മാഷ് എന്നെയും പൊന്‍മണിയെയുമാണ് (ചിത്രത്തില്‍ അറ്റത്ത് ഇരിയ്ക്കുന്ന പെണ്‍കുട്ടി) അയച്ചത്.ഞങ്ങള്‍ക്ക് ഓരോ ചിത്രങ്ങള്‍ പെയിന്‍റ് ചെയത് കാണിച്ചു തന്നു.അത് അതേപോലെ വരച്ചാല്‍ മതിയെന്നും പറഞ്ഞു.മത്സരം കഴിഞ്ഞ് ഫലം വന്നപ്പോള്‍ പൊന്‍മണിയ്ക്ക് ഒന്നാം സ്ഥാനം.എനിയ്ക്ക് പ്രോത്സാഹന സമ്മാനം പോലും കിട്ടിയില്ല.എനിയ്ക്ക് നല്ല നിരാശ തോന്നി.പൊന്‍മണിയ്ക്ക് മാഷ് വരച്ചു കൊടുത്ത ചിത്രം ഞാന്‍ വരച്ചിരുന്നെങ്കില്‍ എനിയ്ക്ക് സമ്മാനം കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു.എന്നാലങ്ങനെയല്ല.അവിടന്നങ്ങോട്ട് പൊന്‍മണിയുടെ ജൈത്രയാത്രയായിരുന്നു.സബ്ജില്ല,ജില്ല,സംസ്ഥാന യുവജനോത്സവങ്ങളില്‍ സമ്മാനം നേടി പൊന്‍മണി മികവ് തെളിയിച്ചു.അതൊരു പ്രതിഭയുടെ ഉദയമായിരുന്നു.ഇന്ന് പൊന്‍മണി മാഹി കലാ കേന്ദ്രത്തിലെ അദ്ധ്യാപികയും പ്രശസ്ഥയായ ചിത്രകാരിയുമാണ്.ഒരു പ്രതിഭയെ കണ്ടെത്തിയതില്‍ കുഞ്ഞമ്പു മാഷിന് അഭിമാനിക്കാം.ഏറെ കാലത്തിനുശേഷം ഞാന്‍ മാഷെ കാണാനിടയാകുകയും ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തപ്പോള്‍ വളരെ വിഷമത്തോടെയാണ് മാഷ് അക്കാര്യം പറഞ്ഞത്.പൊന്‍മണിയെ ഉയര്‍ത്തിക്കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് നാട്ടിലെ പ്രശസ്ഥനായ മറ്റൊരു ചിത്രകാരന്‍ തട്ടിയെടുത്തു.അതെ അതങ്ങനെയാണ് പലകാര്യത്തിലും യഥാര്‍ത്ഥ വ്യക്തിയ്ക്കല്ല അംഗീകാരം ലഭിക്കുന്നത്.പക്ഷെ സത്യം ഞങ്ങള്‍ക്കല്ലെ അറിയൂ......

പുഞ്ചിരി

എതിരേവരുന്നവനപരനെന്നാകിലും
ഒരു ചെറുപുഞ്ചിരി അധികമാവില്ലെടോ
പകരമൊരുപ്രതികരണമവനിലില്ലെങ്കിലും
ഇരുവരിലുമകതളിരിലലിവേറെയുണ്ടാം
ഹൃദയങ്ങൾതമ്മിലുള്ളകലങ്ങളേറുന്നു
അഹമെന്നഭാവംഅകതാരിൽ വിളയുന്നു
അരികിലുള്ളവർതമ്മിലൊരുമയില്ലേതും
അവരവർതന്നുടെ ഇരുൾപൂണ്ടലോകം
മനുജരുടെമനതാരിൽ കുളിർമഴപെയ്യുവാൻ
അവരുടെ യകതാരിൽ ഒരുപുവിരിയുവാൻ
ഒരുനറുപുഞ്ചിരികടമായിനൽകിടാം
ഒരുനല്ലസൗഹൃദകൂട്ടമായ് വാണിടാം

ഇത് നിങ്ങളുടെ പീരിഡല്ല

ഫിസിക്സ് അദ്ധ്യപകനായിരുന്നു ദാമോദരന്‍മാഷ് ക്ലാസ്സ് മാഷും....ദീര്‍ഘകാലമായി കണക്ക് മാഷ് ഇല്ലാതിരുന്നതിനാല്‍ ദാമോദരന്‍ മാഷ് ഞങ്ങളെ കണക്ക് പഠിപ്പിക്കുമായിരുന്നു.ഒരു ദിവസം കണക്ക് പഠിപ്പിക്കുകയായിരുന്ന മാഷോട് ഞങ്ങളിലൊരാള്‍ ദേഷ്യപെട്ട് ഇത് നിങ്ങളുടെ പീര്യേഡല്ല എന്ന് പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടായത്. നിറകണ്ണുകളോടെ മാഷ് ഒന്നും പറയാതെ സ്റ്റാഫ് റൂമിലേയ്ക്ക് പോയി.എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.അതാ അല്‍പം കഴിയുമ്പോള്‍ മാഷ് തിരികെ വരുന്നു.ക്ലാസ്സും തുടങ്ങി.ഞങ്ങള്‍ക്ക് ആശ്വാസാമായി......ഞങ്ങള്‍ മാപ്പ് അപേക്ഷിക്കാതെതന്നെ കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പറഞ്ഞുപോയതാണെന്ന് വിചാരിച്ച് മാഷ് തന്നെ ഞങ്ങള്‍ക്ക് മാപ്പ് തന്നതായിരിക്കും.ഇന്ന് അതോര്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണ് നിറയുന്നു...........ആ ആത്മാര്‍ത്ഥതയ്ക്കു മുന്നില്‍ ഞങ്ങള്‍ ശിരസ് നമിക്കുന്നു.

ജമീല ടീച്ചറുടെ കുറ്റാന്വേഷണം

ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയിരുന്നു.വീട്ടിലെത്തിയാല്‍ വാതോരാതെ ടീച്ചറെ പറ്റി ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.ടീച്ചറുടെ ഒരു കുറ്റാന്വേഷണ കഥ എനിയ്ക്ക് ഓര്‍മ്മ വരുന്നു.ക്ലാസ്സില്‍ നല്ല വണ്ണമുള്ള ഒരു ചൂരല്‍ വടിയുണ്ടായിരുന്നു.ഗ്രേസി ടീച്ചര്‍ നല്ല വടിപ്രയോഗം നടത്തുമായിരുന്നു.ഈ വടി ക്ലാസ്സിലെ കുസൃതികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉറക്കം കെടുത്തി.മേശയുടെ അടിവശത്ത് ചൂരല്‍ വളച്ച് കുടുക്കി വയ്ക്കും.ഒരു ദിവസം ആസന്ന ഘട്ടത്തില്‍ ടീച്ചര്‍ ഇരുന്ന ഇരുപ്പില്‍ വടി മേശയ്ക്കടിയില്‍ പരതി നോക്കിയപ്പോള്‍ കൈയ്യില്‍ തടയുന്നില്ല തമ്പാനെക്കൊണ്ട് മേശയുടെ അടിയില്‍ നോക്കിച്ചു.വടി കാണാനില്ല.ടീച്ചര്‍ സ്വന്തം കുനിഞ്ഞു നോക്കി ഉറപ്പു വരുത്തി.അതെ വടി അപ്രത്യക്ഷമായിരിക്കുന്നു.കസേരയില്‍ നിന്ന് എഴുന്നേറ്റ ഗ്രേസി ടീച്ചറുടെ സാരി കസേരയില്‍ ഒട്ടി പിടിച്ചിരിക്കുന്നു.ആരോ കസേരയില്‍ ടാര്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.ചൂരല്‍ പ്രയോഗത്തിനെതിരെ ആരോ ശക്തമായി പ്രതികരിച്ചിരിക്കുന്നു.രോഷാകുലയായ ടീച്ചര്‍ മൊത്തം ക്ലാസ്സിനോടായി ചോദിച്ചു.ആരാണിത് ചെയ്തത്.ഉത്തരമില്ല.ടീച്ചര്‍ ആകെ വിഷമത്തിലായി പുതിയ സാരി മോശമായതിന്‍റെ വിഷമം വേറെ.വിഷയം ജമീല ടീച്ചറുടെ അടുത്തെത്തി.ക്ലാസ്സ് ജമീല ടീച്ചര്‍ ഏറ്റെടുത്തു.ആരാ ഇത് ചെയ്തത്......മറുപടിയില്ല.ടീച്ചര്‍ അന്വേഷണം തുടര്‍ന്നു.....ഇപ്പ പറഞ്ഞോണം ഇല്ലെങ്കില്‍ എല്ലാര്‍ക്കും കിട്ടും....ഇല്ല... പ്രതികരണമില്ല....എല്ലാവരും കൈകെട്ടി ഇരിക്ക്....എന്നെ തന്നെ നോക്ക്....ജമീല ടീച്ചര്‍ ആജ്ഞാപിച്ചു.ടീച്ചര്‍ കസേരയിലിരിക്കുകയാണ്.കൈരണ്ടും മേശയില്‍ കുത്തി ചൂരല്‍ നെറ്റിയില്‍ അമര്‍ത്തി ഞങ്ങളെ ഓരോരുത്തരെയും തീക്ഷ്ണമായി നോക്കുകയാണ്.എല്ലാവരും കൈകെട്ടി ഇരിക്കുകയാണ്.ചിലരൊക്കെ താനല്ല എന്ന മട്ടില്‍ ചിരിക്കാനും പല ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാനും ശ്രമിക്കുന്നു.നിമിഷങ്ങള്‍ കടന്നു പോകുന്നു....ക്ലാസ്സ് റൂം നിശ്ശബ്ദ്ദം.....പെട്ടെന്ന് ഒരു കോണില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കുറ്റവാളിയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.എല്ലാ കണ്ണുകളും ആ ഭാഗത്തേയ്ക്ക്..... അതാ മാങ്കു എന്ന മനോഹരന്‍ വലിയവായില്‍ നിലവിളിക്കുന്നു.ടീച്ചര്‍ മനോഹരനെ ചേര്‍ച്ച് പിടിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്.എവിടെ വടി...മനോഹരന്‍ കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടി.തൊട്ടടുത്ത കുറ്റിക്കാട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന വടിയുമായി മനോഹരന്‍ തിരിച്ചെത്തി.എല്ലാവരും അടിയുടെ പൊടി പൂരം പ്രതീക്ഷിച്ചിരിക്കുകയാണ്.കുറ്റവാളിയെ പിടിച്ചതറിഞ്ഞ് ഗ്രേസിടീച്ചറും ക്ലാസ്സിലെത്തി.ജമീല ടീച്ചറും ഗ്രേസി ടീച്ചറും എന്തോ സംസാരിക്കുകയായിരുന്നു.സംസാരത്തിനൊടുവില്‍ ജമീല ടീച്ചര്‍ ആ വടി പൊട്ടിച്ച് രണ്ടാക്കി പുറത്തേയ്ക്കെറിഞ്ഞു.പിന്നീടൊരിക്കലും ഗ്രേസിടീച്ചര്‍ ക്ലാസ്സില്‍ ചൂരല്‍ പ്രയോഗം നടത്തിയതായി എനിയ്ക്കറിയില്ല...........ഈ സംഭവത്തോടെ ജമീല ടീച്ചര്‍ എന്‍റെ ഹീറോ ആയി മാറി.അറബി ടീച്ചറായിരുന്നു.ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നു.ടീച്ചര്‍ കഴിഞ്ഞ വര്‍ഷം സേവന നിവൃത്തയായി.ഒരാശംസ അര്‍പ്പിക്കാന്‍ എത്തിച്ചേരണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല.....എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.

ബാല(അ)നീതി..............


കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ഒരുകുടുംബത്തിൻ കടുത്ത ദാരിദ്ര്യം
അകറ്റുവാനായി പണിയുന്ന മക്കൾ
പകലന്തിയോളം പണിയെടുക്കുവോർ
വഴിമാറിപോകും അവരുടെ ബാല്യം
വിശന്നുതേങ്ങുന്ന ചൊറികിടാങ്ങളും
ഒരുവറ്റിനായി കൊതിക്കുന്ന ബാല്യം
കടുത്തരോഗവുംവിളർത്തമേനിയും
കണക്കേതുമില്ലദുരിതമീപർവ്വം
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്

ദേവീ സ്തുതി

വീണ പാണിധാരിണീ
സിദ്ധി ബുദ്ധി ദായിനി
സർവ്വ പാപ ഹാരിണീ
ചിന്മയീ മനോഹരീ
ദുഷ്ടജന സംഹാരിണീ
ഖട്ഗ ശുലധാരിണീ
അസുര വർഗ്ഗ മർദ്ദിനീ
ചണ്ഡികേ ഭയങ്കരീ
ക്ഷിപ്രവര പ്രസാദിനീ
സജ്ജന പരിപാലിനീ
ലോക സൗഖ്യ കാരിണീ
സർവ്വ ലോക രഞ്ജിനീ
ആദിശക്തി മോഹിനീ
കദമ്പ മദ്ധ്യ വാസിനീ
ശൈലേന്ദ്ര രാജ നന്ദിനീ
ആദിശക്തി രുപിണീ
ഭക്തജന ഹർഷിണീ
കാരുണ്യ വർഷിണീ
പരബ്രഹ്മ സ്വരുപിണീ
കാത്തുകൊൾക മംഗലേ

ഈ അപ്പ കൊ..റഗ്ഗെ......

ഈ അപ്പ കൊ..റഗ്ഗെ......അന്ത്......കൊറഗ്ഗഗ് പാഡ് ലെ...... നവരാത്രി കാലങ്ങളിൽ മേലാസകലം കരിതേച്ച് തുളു ഭാഷയിൽ കൊച്ചു വർത്തമാനങ്ങളും രസികൻ തമാശകളും പറഞ്ഞ് തന്‍റെ പാള തൊപ്പി നീട്ടി നാണയതുട്ടുകൾ ആവശ്യപ്പെടുന്ന കൊറഗവേഷങ്ങൾ തുളു നാട്ടിൽ കണ്ടുവരുന്നു.പിശുക്കരുടെ കൈയ്യിൽ നിന്നുപോലും പുറകെ കൂടി പത്ത് പൈസയെങ്കിലും വാങ്ങാതെ കൊറഗൻ വിടില്ല.ചെറിയതുകയാണെങ്കിലും കൊറഗൻ നന്ദിയോടെ സ്വീകരിക്കുന്നു.ഇങ്ങനെ കഷ്ടപ്പെട്ട് സമാഹരിക്കുന്ന തുക ദേവീ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.ഈശ്വരാനുഗ്രഹത്തതിനും ഇഷ്ടകാര്യ സിദ്ധ്യർത്ഥമായുംചെയ്യുന്ന ''ഹരികെ'' അഥവ പ്രാർത്ഥന യാണ് കൊറഗ വേഷം. കൈയ്യിലെ മുളന്തണ്ട് മനോഹരമായി വായിച്ചു കൊണ്ടാണ് കൊറഗൻ്റെ സഞ്ചാരം.അതോടൊപ്പം ആദിമ സംസ്കൃതിയിലിഴുകിച്ചേർന്ന ചില നാടൻ ശീലുകളും.കാലിൽ ചിലങ്കയും കൈയ്യിൽ വടിയുമായി ഓടിച്ചാടി നടക്കുന്ന കൊറഗ്ഗൻ എന്‍റെ ബാല്യകാല കൗതുകങ്ങളിൽ ഒന്നായിരുന്നു.

Wednesday, September 16, 2015


സത്യമേവ ജയതേ


വിനായകസ്തുതി


ആനന്ദനടനമാടുന്നുഗണപതി
ആമോദമമ്മതൻ തിരുമടിയിൽ
മോദകം കൊണ്ടുണ്ണി അമ്മാനമാടുന്നു
നന്തിയുമൻപോടു കൊമ്പുകുലുക്കുന്നു
 കൈലാസശൃംഗത്തിൽ നൃത്തമാടീടുന്നു.
ധിംധിമി ധിംധിമി ധിംധിമി ധീം
മാനസസരയുവിൽ മുങ്ങിക്കുളിക്കുന്നു
നടരാജനതുകണ്ട് ചുവടുകൾചേർക്കുന്നു
പരിഭവംമാറിതിങ്കളുദിക്കുന്നു
ആദിത്യനൂർജ്ജസ്വലനായിജ്വലിക്കുന്നു
ഇടിനാദം താളമേളമൊരുക്കുന്നു.
മേഘങ്ങളാനന്ദശ്രുപൊഴിക്കുന്നു
പന്നഗം ഫണമതാ നന്നായിളക്കുന്നു
തിരുജഡയിൽ ശാന്തമായ് ഗംഗയൊഴുകുന്നു.
കാനനവാസനും പുലിയേറിയെത്തുന്നു
സോദരനൊടുചേർന്നു നന്നായ് കളിക്കുന്നു.
മയിലതാ ആനന്ദ നൃത്തമാടീടുന്നു.
മുരുകനും അവിടവിടെ ഓടിക്കളിക്കുന്നു
ത്രൈമുർത്തീഭാവമാം വൃക്ഷ ലതാദികൾ
വിരവോടുശിഖരങ്ങളാട്ടികളിക്കുന്നു
കീരിയും പാമ്പും മയിലും പുലിയും
 വൈരംമറന്നൊത്തു ചേർന്നുകളിക്കുന്നു.
ഹിമഗിരിമുത്തച്ഛൻഗിരിജാസുതയുമായ്
പരിചൊടുവാത്സല്യശ്രുപൊഴിക്കുന്നു
ബാലഗജമുഖൻ തന്നുടെ നർത്തനം
അനുപമം അദ്ഭുതം ആനന്ദദായകം
പ്രകൃതിയുമീശനും പക്ഷിമൃഗാദിയും
സമരസമാകുന്ന ദിവ്യ മുഹൂർത്തം
വിഘ്ന വിനാശക മൂഷികവാഹന
പാർവതീനന്ദന പാലയമാം
ദോഷങ്ങളെല്ലാമകറ്റി വൈകീടാതെ
ലോകസുഖം വരൂത്തീടുക നീ

എന്‍റെ ഭൂമി

കീറിപറിഞ്ഞ കുടയുമായമ്മ
ചുറ്റികറങ്ങിനടന്നിടുന്നു
ഏറെയവശയാണെങ്കിലുമായമ്മ
മക്കളെ മാറോടു ചേർത്തിരുന്നു
ഘോരതാപത്തിന്നാഘാതമേറ്റവൾ
എരിപിരികൊണ്ടു തളർന്നു
ഉരുകിയൊലിക്കുന്നു അരുവികളായ്
ചുടുചോരയാ ദേഹത്തിലാകെ
ചുക്കിചുളിഞ്ഞുള്ള ഗാത്രവും
വറ്റിവരണ്ട നേത്രങ്ങളും
വിളറിവെളുത്ത മുഖവും
ജീർണ്ണമാം ഉടയാടകളും
മുടിയിഴയൊക്കവെ വാടിക്കൊഴിഞ്ഞുപോയ്
ഒരുമഹാരോഗിയെപോലെ
കാന്തികലർന്നൊരു മേനീയിൽ വരണ്ട
ശൽകങ്ങൾ തിങ്ങിനിറഞ്ഞു
അനുപമകാന്തിയായ് ശോഭച്ച ശ്രീരൂപം
എവിടെയോ പോയി മറഞ്ഞു
തങ്കകുടങ്ങൾക്കായ് ചുരത്തുന്ന പാലും
കരുതിയനീരും
സമൃദ്ധമാംവിഭവവൈവിദ്ധ്യവും
ഊറ്റിയെടുത്തും തിന്നും കുടിച്ചും മദിച്ചും
വിപണിയിലെത്തിച്ചും
വിഷലിപ്തമാക്കിയും
സുഖലോലചിത്തരാം മക്കളവർ
അമ്മതൻചുടുള്ള നിസ്വനമേറ്റു വലഞ്ഞു അതിനുള്ളപരിഹാരമെന്തെന്നറിയാതെ
ഉഴറിനടന്നവർ വെറുതെ
കാലൊന്നിടറിയാൽ ഒന്നുതികട്ടിയാൽ
പൈതങ്ങൾ ഗതിയറിയുന്നമ്മ
കരുതലോടായമ്മ അടിപതറാതെ
മക്കളെയോർത്തു നടന്നിടുന്നു
വികൃതിയാം പൈതങ്ങൾ
തന്നവിവേക മാണെന്നമ്മയറിയുന്നു നന്നായ്
അതിവേഗമായുള്ള വ്യവസായ വിപ്ളവം
വിഷമായതൊക്കെ ചുരത്തിടുന്നു
വീഷലിപ്തമായോരവശിഷ്ടമെല്ലാം
രക്ഷാ കവചത്തെ കാർന്നങ്ങുതിന്നിടുന്നു
അപ്പോഴുമായമ്മഅരുമയാംമക്കൾതൻ
ഗതിയോർത്ത് ഏറെകരഞ്ഞു
ദാഹജലമിറങ്ങുന്നില്ല കണ്ഠത്തിൽ
അവഗതിമാറിയൊലിച്ചുപായുന്നു
ചുട്ടുപൊള്ളുന്നോരഗ്നിതൻ ഗോളമായ്
തീരുമീയമ്മ വൈകാതെ
മക്കളെ നിങ്ങളുണരുക വൈകാതെ
അമ്മതൻ രോദനം കേൾക്കൂ
ഹരിതാഭമായുള്ളകുടയൊന്നുചൂടി
തണലായിതീരണംനിങ്ങൾ
വർജ്ജിക്കണം നിങ്ങളൊന്നായ്
അമ്മയ്ക്കിണങ്ങാത്തതൊക്കെ
അമ്മയറിഞ്ഞു തരുന്നോരു
കായ്കളും
കനികളും
തണലും
അമൃതിനെക്കാളും രുചിയുള്ളനീരും
പങ്കിട്ടെടുക്കണം
കാത്തു രക്ഷിക്കണം
കരുതിവച്ചീടണം
നാളെയുമമ്മ
ശുഭമംഗലയായി തൻമക്കളെകാത്ത്
പരിലസിക്കുമാറായീടണം
ക്ഷമയുള്ള അലിവുള്ള കനിവുള്ള നമ്മുടെ
സ്നേഹമയിയായൊരമ്മ
മതി മതി
കുസൃതികൾ
വികൃതികൾ
മക്കളെ......
പുതുതലമുറകൾതൻ അതിജീവനത്തിനായ്
നേർ വഴിയേ ചരിക്കുക നമ്മള്‍

Wednesday, September 9, 2015

അക്ഷരം

അറിവിൻറെ മധുവൂറുംനിറവാണക്ഷരം
നേരിന്‍റെ നൈർമല്യ സ്ഫുരണമാണക്ഷരം
കതിരിലും പതിരിലും തിരിവാണക്ഷരം
നാടിന്‍റെ വികസനമന്ത്രമാണക്ഷരം
ധർമയുദ്ധത്തിന്‍റെ പടവാളക്ഷരം
സുസ്ഥിര ഭാവിതൻ മൂലമാണക്ഷരം അജ്ഞാനതിമിരത്തിൻ വൈരിയാണക്ഷരം ആരോഗ്യദായക കാരകമക്ഷരം
ജനതതൻ അധികാരശക്തിയാണക്ഷരം
പതിതന്‍റെ മനതാരിൽഭയമാണക്ഷരം

Monday, September 7, 2015

ഓണം

പൂരം കഴിഞ്ഞു പറമ്പൊഴിഞ്ഞു
ആലസ്യമുകതയാകെപടർന്നു
ഒരു നല്ല കാലത്തിനോർമ്മയായ്
പതിവുകൾതെറ്റാതെ
 കേവലമൊരതിഥിയായ്
വന്നു പോകുന്നോരു
ചിന്തയോ കാലമോ സ്വപ്നമോ
ലഹരിയോ നന്മയോ നേട്ടമോ .......ഓണം
ഓണമുണ്ണാനായി കാണം
വിറ്റ് പെറുക്കിയും
കടം കേറി തളർന്നും
ലോഭമോഹങ്ങളിൽ വീണുരുണ്ടും
വഴിമാറിപോയതോർക്കാതെ
ഓർമപ്പെടുത്താതെ
ചിങ്ങവാനത്തിനുകീഴിൽ
ഓണനിലാവെളിച്ചത്തിൽ
കഥയറിയാതാട്ടമാടീടുന്നു
അറിവില്ലാപൈതങ്ങൾ നമ്മൾ
ആട്ടമതിൻ പേരാണ്....ഓണം
ആടിക്കളിക്കുന്ന നെൽകതിരും
 അൻപോടു പുഞ്ചിരി തൂകുന്നതുമ്പയും
ഉന്മുക്തമായോരു ബാല്യവും
ശബളിമയേറുന്ന പൂക്കളും
കലപിലകുട്ടുന്ന പക്ഷിജാലങ്ങളും
മറയേതുമില്ലാതെ ഏകമനസ്സായി
സഹവസിച്ചീടുന്ന മാനുഷവർഗ്ഗവും
മുത്തശ്ശിയോതുന്ന പതിരുള്ളപഴമയും
സദ് രൂപമായുള്ള വചനവും,
ഒരുമയും പെരുമയുംസ്നേഹവാത്സല്യങ്ങളും
ഇവയേതുമില്ലാതെ
നാടിന്നുഗുണമേതുമില്ലാതെ
കേവലം വാണിഭ സംസ്കാരം....ഓണം
പുഞ്ചനെൽപാടത്തിൽ
മണ്ണിൻറെമക്കൾ വിതച്ച്
മൈകണ്ണികൾ കൊയ്തു മെതിച്ച്
മുറ്റത്തെ മൂലയിൽ നന്നായ് പുഴുങ്ങി
തഴപായിലുണക്കി
പത്തായപെട്ടിയിൽ കരുതിയ
കുത്തിയെടുത്ത പുത്തനരിയുടെ
നറുഗന്ധമേറുന്ന നെൻമണിയും
തൊടിയിലെ വെണ്ടയും ചീരയും
കക്കരി കുമ്പളം വെള്ളരി ചേനയും
വരമ്പിലെ തുമ്പയും
വഴിയിലെപിച്ചിയും
നാട്ടാരും വീട്ടാരും ബന്ധുജനങ്ങളും
 തന്നും കൊടുത്തും തിന്നും കളിച്ചും
വറുതികൾക്കൊക്കെ അറുതിവരുമെന്നും
ഒരുമയോടൊന്നായൊരു നല്ലകാലത്തിൻ
പുലരിതൻ കാഹളം ഉടനേവരുമെന്നും
മനതാരിൽ നിനവോടെ
ആചരിക്കുന്നോരുത്സവമാകണം....ഓണം

Sunday, September 6, 2015

ആഴിയിലെ മുത്ത്

കഥകള്‍തന്‍ സാരമറിഞ്ഞീടുവാന്‍
വെറുതെയതങ്ങു ഗ്രഹിച്ചീടാതെ
ആഴത്തിലൂളിയിട്ടീടുകിലോ
ജ്ഞാനപഴമിതു കൈയ്യിലെത്തും

പ്രേമത്തെ കാമമായി കാണുകയാല്‍
ഭഗവാനുഭാര്യമാര്‍ പതിനായിരം
പ്രേമത്തെ പാവനമായികണ്ടാല്‍
ആത്മപരമാത്മബന്ധമത്

ബാലിയെ ഒളിയമ്പെയ്തകാര്യം
ചതിയായിതോന്നീടുമെങ്കിലത്
പരദാരമോര്‍ത്തു കഴിയുന്നോര്‍തന്‍
ഗതിയതായ് തീരുമെന്നോര്‍ത്തീടുക

ഭാരതയുദ്ധത്തിലന്നു ഭവാന്‍
കര്‍ണ്ണരഥത്തെ ചെളിയിലാഴ്തി
ധര്‍മ്മയുദ്ധത്തിലന്നു കര്‍ണ്ണന്‍
അധര്‍മ്മപഥികനായിരുന്നു

ആചാരവുമനുഷ്ഠാനങ്ങളും
ലോകസുഖത്തിനാണു നൂനം
പഴമയായതിനെ കരുതീടാതെ
സാരമറിഞ്ഞാചരിക്കവേണം

ആഴിതന്നാഴത്തിലാണു മുത്ത്
പക്വഫലത്തിനുള്ളിലാണുസത്ത്
സൌന്ദര്യമാനകമാണുചിത്ത്
കേവലജ്ഞാനമതല്ല സത്യം

Saturday, August 22, 2015

ഉണരുവിന്‍


വരിക സഹജരേ സമയമായി
ഉണരു നിങ്ങളചിന്ത്യരായ്
തേര്‍തെളിക്കുക നിങ്ങളൊന്നായ്
നവീന ഭാരത ശില്‍പിയായ്

ആര്‍ഷ  ഭാരത സംസ്കൃതി തന്‍,
സാരമറിയു സമചിത്തരായ്
ലോകജനതയ്ക്കറിവു നല്‍കിയ
സമഗ്രഭാരത പൈതൃകം

ശാസ്ത്രഗണിത വിശാരദന്മാര്‍
പ്രകടമാക്കിയ കഴിവുകള്‍
ഗാന്ധി നെഹ്റു ഭഗത് ജാന്‍സികള്‍
പൊരുതി നേടിയ ഗാഥകള്‍

തമസ്സിനെ പ്രഭാ പൂര്‍ണ്ണമാക്കൂ
അറിവുനേടൂ സഹജരെ
നന്മതിന്മതന്‍ വേര്‍തിരിവതില്‍
അടിപതറാതെ മുന്നേറുക

ജീവജന്തു ചരാചരങ്ങള
ധിവസിക്കും ഭൂമിയെ
സ്വാര്‍ത്ഥചിന്ത വെടിഞ്ഞു നമ്മള്‍,
കാത്തുകൊള്ളു വിനമ്രരായ്

ആദ്യമവനവന്‍തന്നെ നന്നായ്
സമൂഹജീവികളാകണം
ക്ഷേമരാജ്യം പുലര്‍ന്നിടും
ലോകസൌഖ്യം വരും നിജം

വൃദ്ധബാലരശരണരും
അഭിശപ്തരായ വിഭാഗവും
സമത്വ സുന്ദരമാകണം
മഹി സ്വപ്നസുരഭിലമാകുവാന്‍

അവനിതാപവിമുക്തമാകാന്‍
ഹരിത സമൃദ്ധി വരുത്തണം
അന്നം വിഷവിമുക്തമാക്കി
മനുജരെ രക്ഷിക്കണം

പുതിയ നാമ്പുകള്‍ ശക്തരായി
ദൃഢമനസ്കരായ് വളരണം
പുതിയ തലമുറ സജ്ജരാകണം
പുതിയ വെല്ലുവിളികളേല്‍ക്കുവാന്‍

ഡിജിറ്റൽ ഇന്ത്യ

അൽപം തിരക്കുള്ള വണ്ടിയിലൊരുമുക്കിൽ
ചുറ്റും നിരീക്ഷിച്ചുഞാനിരുന്നു
ആടി കുലുങ്ങി പോകുന്ന വണ്ടിയിൽ
ഏറെ തിരക്കുള്ള  യാത്രികരും
വിരൽകൊണ്ടു കുത്തുന്നു , നീക്കുന്നു,ഞൊട്ടുന്നു
 കാട്ടികൊടുക്കുന്നു കണ്ടു രസിക്കുന്നു
താളം പിടിക്കുന്നു ചിന്തയിലമരുന്നു
നവരസഭാവങ്ങൾ മിന്നിമറയുന്നു
ആബാലവൃദ്ധ ജനതതന്നിൽ
ഓരോ കൈയ്യിലും അവരവർകൊക്കുന്ന
വൈവിദ്ധ്യ മേറുന്ന മോഡലുകൾ
വീട്ടുവിശേഷവും നാട്ടുവിശേഷവും
ചോദിച്ചറിയുന്നു
ചൊല്ലികൊടുക്കുന്നു
സല്ലപിച്ചീടുന്നു
പൊട്ടിച്ചിരിക്കുന്നു
പരിസരമറിയാതെ
പുറലോക ചിന്തയിൽ
പരതിനടക്കുന്നിതെല്ലാവരും
ഹൃദയങ്ങളെ കൂട്ടികോർത്തിണക്കാൻ
വിജ്ഞാന വ്യാപനം സാദ്ധ്യമാക്കാൻ
നല്ല വിനോദ ഉപാധിയായും
ഉപകരിച്ചീടുന്നകൊച്ചു യന്ത്രം
എന്തൊരു മറിമായം
കാലഗതിയ്കൊപ്പം
ജനതതൻ ഹൃദയത്തെ കവർന്നു നന്നായ്
കവരാതെ നോക്കണം
ദോഷൈക ദൃക്കുകൾ
നവമായൊരീ സംവിധാനത്തെ
കരുതിയിരിക്കണം നമ്മളെന്നും
പൊളിയായ  വചനവും
വിഷമേറും രചനയും
സ്പർദ്ധതൻ വിത്തുകൾ പാകിടാതെ
അജ്‌ഞാന തിമിരമകറ്റീടുവാൻ
വിവരങ്ങൾ കൈതുമ്പിലെത്തീടുവാൻ
ജീർണ്ണതയൊക്കെയുടച്ചു വാർക്കൻ
വിനിമയമേറെ സുതാര്യമാകാൻ
സാക്ഷരമാകണം ഡിജീറ്റലിന്ത്യ
മനതാരിൽ നമ്മളിന്നോർത്തീടുക
ഒരുനവഭാരത നിർമിതിയ്ക്കായ്
ഒരുമയോടിന്നുനാമണിചേർന്നിടാം
അമിതോപഭോഗത്തിനടിമപ്പെടാതെ
സദുപയോഗമാകട്ടെ ഉദ്ദേശ്യ ലക്ഷ്യം

Saturday, August 8, 2015

കുട

കുട
ശീലകുട
യന്ത്രകുട
പാടും കുട 
ബഹുവര്‍ണ്ണ കുട 
പുടവയ്ക്കിണങ്ങും കുട
ബാഗിലൊതുങ്ങിടും കുട 
ഇതു ന്യൂജനറേഷന്‍ കുട
കുടു കുടെ മഴ പെയ്താല്‍ 
കടതിണ്ണയിലൊതുങ്ങി
നനയാതെയുമിരിക്കാമെന്ന 
സംഹിത പാലിച്ചാല്‍
കെങ്കേമമാണീകുട

രോദനം






അണുവിടയിലെ ചോദന
അണുബോംബായ് മാറുകില്‍
മനുജാതിതന്‍ രോദനം
ഇഹകാലം മാറുമോ

കൊച്ചുകള്ളന്‍


എന്‍റെ പുറപ്പാടിനായി നീ കാത്തിരിക്കുന്നതറിഞ്ഞ്
ധൃതിയില്‍ ഞാനിറങ്ങിയപ്പോള്‍
ഇതെന്തിനുള്ള പുറപ്പാടാണെന്ന നാട്ടാരുടെ ചോദ്യത്തിന്
ബദ്ധപ്പാട് പലതുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു ഞാന്‍

Thursday, July 30, 2015

ഗുരുവന്ദനം


ഗുരു ഗോവിന്ദ് ദോഊം ഘഡെ കാകെ ലാഗോം പായ്
ബലിഹാരീ ഗുരൂ ആപ്നേ ജിന് ഗോവിന്ദ് ദിയോ ബതായ്
സ്കൂള്തലം മുതല്‍,പ്രീ ഡിഗ്രി,ഡിഗ്രി,പോസ്റ്റ് ഗ്രാജുവേഷന്എന്നീ എല്ലാ മേഖലകളിലും പഠിക്കാന്അവസരം കിട്ടിയ ബീറിന്‍റെ ദോഹ.ഇതില്ഗുരുവിന്‍റെ മഹിമയാണ് സൂചിപ്പിച്ചിരിക്കുന്നത്.ഗുരു പൂര്ണ്ണിമ ദിനത്തില്‍,ന്‍റെ ഗുരു വര്യന്മാരെക്കുറിച്ചുള്ള ഓര്മ്മച്ചെപ്പ് തുറക്കാന്‍, അവസരം ഞാന്വിനിയോഗിക്കുകയാണ്.
കുട്ടിക്കാലത്തെ അച്ഛനും അമ്മയും വിദ്യയുടെ ശുഭാരംഭം കുറിച്ച് ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കനിഞ്ഞനുഗ്രഹിച്ചു.അയല്ക്കാരായിരുന്ന വത്സല ചേച്ചി , എഴുതാന്പഠിപ്പിച്ച ഓര്മ്മ-എത്ര ശ്രമിച്ചിട്ടും എല്ലാവരും പരാജയപ്പെട്ട അവസരത്തില്‍,എനിക്ക് മധുരത്തിന്‍റെ പ്രലോഭനം തന്ന് എഴുതിച്ചു.കൈപിടിച്ച് വിദ്യാലയത്തിലേയ്ക്കുള്ള ആദ്യ യാത്ര-ഭാഗ്യത്തിന് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക തൊട്ടടുത്ത വീട്ടില്‍,താമസിക്കുന്ന ഗ്രേസി ടീച്ചര്.ആട് ഇല തിന്നുന്നു എന്നതിന് പകരം ആട് ഇല തരുന്നു എന്ന് എഴുതി ഒന്നാം ക്ലാസ്സിലെ വാര്ഷിക പരീക്ഷയില്ആദ്യത്തെ un forced error- ലൂടെ ഒരു മാര്ക്ക് കളഞ്ഞതിന്‍റെ പരിഭവം അവര്വീട്ടില്വന്ന് അമ്മയോട് വിവരിച്ചു.അദ്ധ്യപനത്തിന്‍റെ ആവേശം ഉള്ക്കൊണ്ട് ആരോടൊക്കെയോ ഉള്ള വാശി തീര്ക്കുന്ന തരത്തില്ഞങ്ങളെ പഠിപ്പിച്ച ചന്ദ്രാനന്മാസ്റ്റര്‍,പക്ഷെ വാശി ഞങ്ങള്ക്ക് അനുഗ്രഹമായി,വിദ്യാഭ്യാസത്തിന്‍റെ ശക്തമായ അടിത്തറ പാകിയ ചന്ദ്രാനന്മാസ്റ്റര്‍,അതിന് ശക്തമായ നിര്‍മ്മാണ സാമഗ്രികള്‍,തന്നെ ഉപയോഗിച്ചു.പ്രൈമറി സ്കൂളില്നമുക്ക് കണ്ടുപടിക്കാം എന്ന് ആവര്ത്തിക്കപ്പെടുന്ന സയന്സ് ക്ലാസ്സ് കൈകാര്യം ചെയ്ത ജമീലടീച്ചര്‍,എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട ടീച്ചറാണ്.അന്നുവരെ കാണാത്ത മുസ്ലീം വേഷവിധാനത്തില്ഞങ്ങളുടെ മുന്നിലെത്തിയ ടീച്ചര്‍,ന്‍റെ ഊഷ്മളമായ പെരുമാറ്റത്തിലൂടെയും കുറ്റാന്വേഷണത്തിലെ കുശാഗ്ര ബുദ്ധിയിലൂടെയും ന്‍റെ ഹീറോ ആയിരുന്നു.എന്നും വീട്ടിലെത്തിയാല്എനിക്ക് അമ്മയോട് ടീച്ചറുടെ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.സ്കൂളില്സ്നേഹം കൊണ്ട് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചിരുന്ന രാധടീച്ചര്ന്‍റെ ഉയര്ച്ച താഴ്ചകള്‍,ഒരു സഹോദരിയുടെ വികാരത്തോടെ ഇന്നും വീക്ഷിക്കുന്നു.തങ്ങളുടെ ശാസ്ത്രീയമായ അദ്ധ്യാപന ശൈലിയിലൂടെ വളരെ വൈകിയാണ് ഞാന്‍,രാമകൃഷ്ണന്മാസ്റ്ററുടെയും,ശര്മ്മ മാഷുടെയും കഴിവ് തിരിച്ചറിഞ്ഞത്.കായികാദ്ധ്യപകന്കൃഷ്ണവര്മ്മ-കലാ കായിക രംഗത്തെ അസാമാന്യ പ്രതിഭ-ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം സ്കൂളില്ഇത്രയും നന്നായി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുണ്ടെന്ന് ഞാന്അറിഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ ആലിംഗനം ചെയ്ത കായികാദ്ധ്യപകന്‍റെ സമ്മതം-എനിക്ക് എന്നും ഓര്ക്കാനും താലോലിക്കാനുമുള്ള അഭിനന്ദനം.
വൈകുന്നേരം സ്കൂള്ഗ്രൌണ്ടില്കളിച്ചുകൊണ്ടിരുന്ന എന്നെ സൈക്കളില്കയറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ സൈക്കിള്‍,പഠിപ്പിച്ച വിഠളണ്ണന്
ഹൈസ്കൂളില്മേരികുട്ടി ടീച്ചര്ക്ക് എന്നോട് എന്തോ ഒരു മമതയായിരുന്നു. ടീച്ചര്എന്നെ ശ്രദ്ധിക്കുന്നു എന്നറിയുന്നതു തന്നെ എനിക്ക് പഠിക്കാനുള്ള പ്രേരക ശക്തിയായിരുന്നു.ക്രക്കറ്റിനോട് വല്ലാത്ത കമ്പം കാണിച്ചിരുന്ന എന്നെ സ്റ്റാഫ് റൂമില്വിളിച്ച് മുന്നറിയിപ്പ് തന്നിരുന്ന ദാമോദരന്മാസ്റ്റര്ക്ക് എന്നില്വലിയ പ്രതീക്ഷയായിരുന്നു.പത്താം ക്ലാസ്സില്എനിക്ക് ട്യൂഷന്ഏര്പ്പെടുത്തിത്തന്ന മോഹനന്മാസ്റ്റര്‍,ഇന്നും അദ്ദേഹത്തിന്‍റെ ഒരു നല്ല വിദ്യാര്ത്ഥിയായി എന്നെ പരിഗണിക്കുന്നു എന്ന് ഞാന്മനസ്സിലാക്കുന്നു.
സ്കൂള്തലത്തില്മികച്ച വിദ്യാര്ത്ഥിയായ ഞാന്കോളേജില് പക്ഷെ ഒരു ശരാശരി വിദ്യാര്ത്ഥിയായിരുന്നു.അതു കൊണ്ടു തന്നെ ഞാന്അദ്ധ്യാപകരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നില്ല.ഫിസിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ പി പി ശ്രീധരന്‍, കെമിസ്ട്രി അദ്ധ്യാപകരായ കൃഷ്ണന്‍,ഗോപാലന്എന്നീ അദ്ധ്യാപകര്‍,എന്നെ സ്വാധീനിച്ചിരുന്നു.ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചറും ഓര്മ്മയില്മങ്ങാത്ത സാന്നിദ്ധ്യമാണ്.കോളേജ് ക്രിക്കറ്റ് ടീം സിലക്ഷന്‍റെ ഭാഗമായി ഞാന്പന്തെറിയുന്നത് അടുത്തു നിന്ന് കണാന്വന്ന ഷെണായ് സാറിന്‍റെ കണ്മുന്നില്വച്ച് കോളേജിലെ സീനിയര്താരത്തിന്‍റെ കുറ്റി തെറിപ്പിച്ചത് ഇന്നും ഞാന്ഓര്ക്കുന്നു.ഡിഗ്രി തലത്തില്സ്നേഹ സമ്പന്നനായ ജന്തു ശാസ്ത്രാദ്ധ്യാപകന്‍- ഭാസ്കരന്സാര്‍,
ഒരാഴ്ച നീണ്ട ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലൂടെ എന്നിലെ കളിക്കാരനെ മെച്ചപ്പെടുത്തിയെടുത്ത മുന്രഞ്ജി താരം ബാബു അച്ചാരത്ത്-ക്യാമ്പിനു ശേഷം ജില്ലാ ഡിവിഷനില്‍,തുടര്ച്ചയായ മികച്ച ഇന്നിംഗ്സുകള്കളിക്കാന്എന്നെ പ്രാപ്തനാക്കി.
ബി എഡ്ഡിന് പഠിക്കുമ്പോള്പ്രിന്‍സിപ്പാളായാരുന്ന സീതാറാം സാര്‍,അപാര പാണ്ഡിത്യമുള്ള ഒരു വ്യക്കതിയായിരുന്നു.റിസള്ട്ട് വന്നപ്പോള്എന്നെ ആലിംഗനം ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍-ന്‍റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിന്റേതായിരിക്കും.
തപാല്വഴി ഹിന്ദി എം യ്ക്ക് പഠിച്ചതെങ്കിലും മേത്തര്സാര്‍,രുഗ്മിണി മാഡം രവീന്ദ്രന്സാര്എന്നീ കേരള സര്വകലാ ശാലയിലെ പ്രമുഖരായ അദ്ധ്യപകരുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.  
പിന്നീട് ചിന്മയ മിഷന്സ്കൂളില്അദ്ധ്യാപകനായി ജോലി ചെയ്യവെ പ്രിന്സിപ്പാളായി ജോലി നോക്കിയിരുന്ന സുബ്രഹ്മണ്യന്സാറിനും എന്നെ വളരെ പ്രിയമായിരുന്നു.ന്‍റെ ക്ലാസ്സില്ഞാന്നാടകീയതയുടെ അംശം കലര്ത്തിയിരുന്നു.ന്‍റെ ക്ലാസ്സ് മറഞ്ഞിരുന്ന കാണുമായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചതിനുശേഷം എനിക്കെഴുതിയ കത്തില്ഇതേ പറ്റി പരാമര്ശിച്ചിരുന്നു.സ്വഭാവത്തില്കാര്ക്കശ്യം കാണിച്ചിരുന്ന അദ്ദേഹത്തിന്‍റെ കത്ത് എനിക്ക് പകര്ന്നു തന്ന ഊര്ജ്ജം കുറച്ചൊന്നുമല്ല.
കൊച്ചു കുട്ടിയായിരുന്നപ്പോള്,അകാരണമായ ഭയം ഫലപ്രദമായി ഒഴിവാക്കാന്രാമകൃഷ്ണ ഭട്ട് ചൊല്ലിത്തന്ന രാമ രക്ഷാ സ്തോത്രം ഇന്നും എനിക്ക് ആശ്വാസദായകമാണ്.പില്ക്കാലത്ത് അദ്ദേഹത്തിന്‍റെ യോഗ ക്ലാസ്സ് കഴിഞ്ഞ പത്ത് വര്ഷമായി ഞാന്‍,പരിശീലിച്ചു വരുന്നു.
എന്നെ ബൈക്ക് പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിര്ന്ന്, നാല് ദിവസങ്ങള്ക്കകം എന്നെ റോഡിലിറക്കിയ പ്രമോദ്.പ്രമോദിന്‍റെ ശ്രമം സാഹസികമായിരുന്നു.മുപ്പതു കഴിഞ്ഞ ഒരാളെ ബൈക്ക് പരിശീലിപ്പിക്കുക എളുപ്പമല്ല.പഠിപ്പിക്കുമ്പോള്ഞാന്വീണില്ലെങ്കിലും ഞാന്പ്രമോദിനെ തളളി യിടുകയും പരിക്കല്പ്പിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പടിവാതിലിലെത്തിയിട്ടും കമ്പ്യൂട്ടര്‍,എന്നാലെന്ത് എന്നു പോലും അറിയാത്ത എനിക്ക് യഥേഷ്ടം ഉപയോഗിക്കാന്മ്പ്യൂട്ടര്‍,തന്ന് ഒരാഴ്ചയ്ക്കകം ബാലപാഠങ്ങള്തന്ന് എന്നെ കമ്പ്യൂട്ടര്ഉപയോഗിക്കാന്പ്രാപ്തനാക്കിയ ഹാപ്പി കുരുവിള രാജു-എന്നെക്കാള്പ്രായക്കുറവുണ്ടെങ്കിലും യോഗ്യനായ ഒരു ഗുരുവാണ്.
സര്ക്കാര്ഉദ്യോഗത്തില്പ്രവേശിച്ച ഉടന്ഒരു സമര്ത്ഥനായ ജൂനിയര്സൂപ്രണ്ടിന്‍റെ അടുത്തെത്തിച്ചേരാന്കഴിഞ്ഞത് ഒരനുഗ്രഹമായിരുന്നു.ശശിധരന്കര്ത്താ-പിന്നീട് പി എം രഘുനാഥന്എന്ന ഓഫീസര്എന്നെ ജില്ലാ കലക്ടറുടെ ഗുഡ് സര്വ്വീസ് എന്ട്രിയ്ക്ക് പ്രാപ്തനാക്കി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായപ്പോള്‍,ഗംഗാധരന്സാറാണ് ന്‍റെ ഗുരു.അതീവ ശ്രദ്ധയോടെ നയതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റില്അദ്ദേഹത്തിന്‍റെ ഉപദേശം എനിക്ക് മാര്ഗ്ഗ ദീപമായി.
സംഗീതത്തിന്റെ ബാല പാഠങ്ങള്പറഞ്ഞ് തന്ന വാസന്തി ടീച്ചര്‍,,കീ ബോര്ഡില്പരിശീലനം തന്ന ഉസ്താദ് ഹസ്സന്ഭായി.ഭജനയുടെ മഹത്വം ഉപദേശിച്ച് ഒരു ഭജകന്എന്ന മേല്വിലാസം നേടിത്തന്ന കൃഷ്ണ ഭട്ട്.
അങ്ങനെ ഒട്ടനവധി ഗുരുക്കന്മാര്.അതോടൊപ്പം കഠിനമായ ജീവിത പരീക്ഷണത്തിലൂടെ ലഭിച്ച ലഭിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍.ഒൌപചാരികമായി അവസരത്തില്പ്രണാമമര്പ്പിക്കുന്നതായി രേഖപ്പെടുത്താം.അവരുടെ മഹാമനസ്കതയ്ക്കു മുന്നില്എളിമയോടെ ശിരസ്സ് നമിക്കുന്നു.ഓര്ക്കുമ്പോള്ഗുരുവിന്‍റെ പക്കല്നിന്ന് ലഭക്കുന്ന അറിവ് എത്ര മഹത്തരമാണ്.ഇപ്പോള്എനിയ്ക്കുള്ള തിരിച്ചറിവ് ഗുരുമുഖത്തു നിന്ന് ലഭിക്കുന്നതിന് പകരം വയ്ക്കാന്മറ്റൊന്നില്ല.അതിന് പകരം വയ്ക്കാന് ഒരു വഴി മാത്രമെ ഉള്ളൂ.ഇന്ന് ഞാന്‍,ഓര്ത്തതുപോലെ ഒരു ഗുരു പൌര്ണ്ണമി ദിനത്തില്‍,എന്നെ ഇതുപോലെ ആരെങ്കിലും ഓര്്ത്തിരുന്നെങ്കില്‍--------.നല്ല അദ്ധ്യപകരായും യോഗ്യരായ ഗുരുവര്യനായും അറിയപ്പെടുന്നവര്എത്ര ധന്യര്‍-അവര്ദൈവ തുല്യര്‍-
ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു ശാസ്താ പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ :