Saturday, August 22, 2015

ഡിജിറ്റൽ ഇന്ത്യ

അൽപം തിരക്കുള്ള വണ്ടിയിലൊരുമുക്കിൽ
ചുറ്റും നിരീക്ഷിച്ചുഞാനിരുന്നു
ആടി കുലുങ്ങി പോകുന്ന വണ്ടിയിൽ
ഏറെ തിരക്കുള്ള  യാത്രികരും
വിരൽകൊണ്ടു കുത്തുന്നു , നീക്കുന്നു,ഞൊട്ടുന്നു
 കാട്ടികൊടുക്കുന്നു കണ്ടു രസിക്കുന്നു
താളം പിടിക്കുന്നു ചിന്തയിലമരുന്നു
നവരസഭാവങ്ങൾ മിന്നിമറയുന്നു
ആബാലവൃദ്ധ ജനതതന്നിൽ
ഓരോ കൈയ്യിലും അവരവർകൊക്കുന്ന
വൈവിദ്ധ്യ മേറുന്ന മോഡലുകൾ
വീട്ടുവിശേഷവും നാട്ടുവിശേഷവും
ചോദിച്ചറിയുന്നു
ചൊല്ലികൊടുക്കുന്നു
സല്ലപിച്ചീടുന്നു
പൊട്ടിച്ചിരിക്കുന്നു
പരിസരമറിയാതെ
പുറലോക ചിന്തയിൽ
പരതിനടക്കുന്നിതെല്ലാവരും
ഹൃദയങ്ങളെ കൂട്ടികോർത്തിണക്കാൻ
വിജ്ഞാന വ്യാപനം സാദ്ധ്യമാക്കാൻ
നല്ല വിനോദ ഉപാധിയായും
ഉപകരിച്ചീടുന്നകൊച്ചു യന്ത്രം
എന്തൊരു മറിമായം
കാലഗതിയ്കൊപ്പം
ജനതതൻ ഹൃദയത്തെ കവർന്നു നന്നായ്
കവരാതെ നോക്കണം
ദോഷൈക ദൃക്കുകൾ
നവമായൊരീ സംവിധാനത്തെ
കരുതിയിരിക്കണം നമ്മളെന്നും
പൊളിയായ  വചനവും
വിഷമേറും രചനയും
സ്പർദ്ധതൻ വിത്തുകൾ പാകിടാതെ
അജ്‌ഞാന തിമിരമകറ്റീടുവാൻ
വിവരങ്ങൾ കൈതുമ്പിലെത്തീടുവാൻ
ജീർണ്ണതയൊക്കെയുടച്ചു വാർക്കൻ
വിനിമയമേറെ സുതാര്യമാകാൻ
സാക്ഷരമാകണം ഡിജീറ്റലിന്ത്യ
മനതാരിൽ നമ്മളിന്നോർത്തീടുക
ഒരുനവഭാരത നിർമിതിയ്ക്കായ്
ഒരുമയോടിന്നുനാമണിചേർന്നിടാം
അമിതോപഭോഗത്തിനടിമപ്പെടാതെ
സദുപയോഗമാകട്ടെ ഉദ്ദേശ്യ ലക്ഷ്യം

No comments:

Post a Comment