Sunday, November 1, 2015

ബാല(അ)നീതി..............


കളിയേതുമില്ല ചിരിയുമൊട്ടില്ല
കുസൃതികാട്ടുവാൻ വഴിയേതുമില്ല
മുതുകിലെഭാരം ഗുണനിലവാരം
പ്രഥമനായിടാൻബഹുവിധ വേഷം
മുലപാലുമില്ലകിളികൊഞ്ചലില്ല
കൊതിയൂറുന്നോരു ലഹരി മിഠായികൾ
മനോമോഹമാം പൊതിക്കുള്ളിലാക്കി
കൊടുത്തിടുമ്പോഴും നമുക്കില്ല ചേതം
ഉടയവരില്ലാ അനാഥമാം ബാല്യം
പുതിയ പിതാവിൻറെകലുഷിതമനം
അവരുടെ വകകൊടിയപീഡനം
കരയുവാൻപോലുംവഴിയേതുമില്ല
ഭയാതുര മുഖംവ്രണിതമാം ദേഹം
ഒരു തലോടിനു കൊതിക്കുമാപൈതൽ
മനസ്സറിയുവോർസഹിച്ചിരിക്കുമോ
കലാപകാലത്തിൽപലായനംചെയ്യും
പരവശരായ ഹതഭാഗ്യർതൻ
വിറയാർന്ന കൈയ്യിൽകുസൃതികാട്ടിടും
അരുമകളവർവഴുതിവീഴുന്നു
ദുരമൂത്ത ലാഭകൊതിയർ തന്നുടെ
വിഷമഴയുടെഫലസ്വരൂപമായ്
നരകയാതനഅനുഭവിച്ചിടുംബാല്യം
നുറുങ്ങുമസ്ഥികൾ വളർച്ചയില്ലാത്തവർ
തളർച്ച ബാധിച്ചവർ മിതബുദ്ധികളും
മൃതപ്രായരാകും ബഹുവിധമവർ
ദുരിത മിതുകാട്ടി പണം പിടുങ്ങുവോർ
കൊടിയകാപാലികർ അനേകമായിരം
ഭയാനക യുദ്ധംവിതയ്ക്കുന്നു നാശം
പൊടിപുരമായ അവശിഷ്ടങ്ങളും
അവയ്ക്കിടയിലെ ശവശരീരവും
ദിഗന്ദങ്ങൾപൊട്ടുംവിജയഭേരിയിൽ
ഉടയവരില്ലാ ചെറുപൈതൽതൻറെ
കരളലിയിക്കുംകരച്ചിലാർകേൾക്കും
ഒരുകുടുംബത്തിൻ കടുത്ത ദാരിദ്ര്യം
അകറ്റുവാനായി പണിയുന്ന മക്കൾ
പകലന്തിയോളം പണിയെടുക്കുവോർ
വഴിമാറിപോകും അവരുടെ ബാല്യം
വിശന്നുതേങ്ങുന്ന ചൊറികിടാങ്ങളും
ഒരുവറ്റിനായി കൊതിക്കുന്ന ബാല്യം
കടുത്തരോഗവുംവിളർത്തമേനിയും
കണക്കേതുമില്ലദുരിതമീപർവ്വം
ദേവതുല്യരത്രെ ഭാവിവാഗ്ദാനമത്രെ
കളങ്കമൊട്ടില്ല ലവലേശംപോലും
പ്രതികരിക്കാനും തിരിച്ചടിക്കാനും
കഴിവില്ലാത്തവർ അരുമയാം മക്കൾ
ദുരാചാരങ്ങൾക്ക് വിധേയരായവർ
കൊടിയപാതകം അനുഭവിക്കുന്നു
ദിനംപ്രതിയിതുപെരുകുന്നു വേഗം
ശിശുക്ഷേമകാര്യംനിയമത്തിൽ മാത്രം
പിറക്കാത്തഭ്രൂണം കൊടുക്കാത്തവിദ്യ
ലിംഗനീതികൾ ഹനിക്കപ്പെടുന്നു
ഇരുട്ടിലെ കോണിൽപരക്കുന്നഭീതി
അറയ്ക്കുന്ന ചെയ്തി
വിറയ്ക്കുന്ന കാമംപിടയ്ക്കുന്ന ദേഹം
കുനിയുന്ന സ്വത്വംമനുഷ്യരോ നമ്മൾ
മൃഗങ്ങൾക്കുപോലുംതിരിവുണ്ടിതേറെ
വരപ്രസാദംപോൽലഭിച്ചീടും മക്കൾ
അഭിശപ്തരായി വളരുന്നതെന്ത്
വരുത്തേണ്ടതെല്ലാം വരുത്തീടും കാലം
കൊടുക്കില്ല മാപ്പ്നിനയ്ക്കേണം നന്നായ്

No comments:

Post a Comment