Sunday, November 1, 2015

ശുനക പുരാണം

അവനെകുറിച്ചു പറയാന്‍ നൂറു നാവായിരുന്നു നമുക്ക്.എന്തൊരനുസരണശീലം യജമാനഭയം,കള്ളനെയും പെറുക്കികളെയും വായനോക്കികളെയും ക്ഷുദ്രജന്തുക്കളെയും ഭയക്കേണ്ട.കരിമ്പൂച്ചയോടൊപ്പം നടക്കുന്ന മന്ത്രിസത്തമന്‍റെ ഗമയായിരുന്നു നമുക്ക്.എങ്കിലും നന്ദികേട് കാണിക്കുന്ന മനുഷ്യരെ നായീന്‍റെ മോനെഎന്ന് വിളിക്കാനും മറന്നില്ല.എന്തൊരു വിരോധാഭാസം.മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ഇതാണ്.പട്ടികളെ മനുഷ്യന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല.എല്ലാം നമ്മുടെ സ്വാര്‍ത്ഥത. ഭക്ഷണാവിശിഷ്ടം കൊടുത്താന്‍ മതി.പിന്നെ ഒരു മരക്കൂടും. ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യവും അനുവദിക്കില്ല.സ്വതന്ത്രയമായി ഒന്ന് ഉലാത്താനോ സുഹൃത്തുക്കളോടൊത്ത് അല്‍പനേരം ചിലവഴിക്കാനോ അനുവാദമില്ല.അയല്‍പക്കത്തെ ലൌലിയോട് സല്ലപിച്ച കൈസറിനെപറ്റി എന്തെല്ലാം ഇല്ലാവചനങ്ങളാണ് പറഞ്ഞ് പരത്തിയത്.അവന്‍ ലൈനടിക്കാന്‍ തുടങ്ങിയത്രെ.എല്ലാം നമ്മുടെ ഇച്ഛാനുസരണം മാത്രം നടക്കണം.വീട്ടിലെ കൊച്ചു കുഞ്ഞിനോട് അളവറ്റ സ്നേഹം തോന്നിയപ്പോള്‍ ഒന്ന് കെട്ടിപുണരാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് വാവിട്ട് നിലവിളിച്ചു.ഇതുകണ്ട് കുടുംബനാഥന്‍ പൊതിരെ തല്ലി.ഒരു വികാരപ്രകാടനത്തിനുപോലും സ്വാതന്ത്ര്യമില്ല.പതിരില്ലാത്ത പഴഞ്ചൊല്ലിലെ മോങ്ങുന്ന പട്ടിയും മുഴുവന്‍ തേങ്ങ കിട്ടിയ പട്ടിയും,ഏറ് കൊള്ളുന്ന പട്ടിയുമായി പട്ടി ഒരു പരിഹാസ പാത്രമായി തുടര്‍ന്നു.എല്ലാം സ്വാര്‍ത്ഥതയ്ക്കു മാത്രമായിരിക്കണം.പട്ടി പ്രസവിച്ചാല്‍ പ്രശ്നമാണ്. പെണ്‍പട്ടിയാണെങ്കില്‍ കടുത്തു നടപടി.ചാക്കില്‍ കെട്ടി തെരുവില്‍ കൊണ്ടുചെന്നാക്കും.കുറേ വണ്ടികയറി ചാകും.കുറേ മനുഷ്യന്‍വലിച്ചെറിയുന്ന എച്ചില്‍ ഭക്ഷിച്ച് പിടിച്ചു നില്‍ക്കും .മെലിഞ്ഞ് എല്ലുന്തിയ കില്ലപട്ടികളായിരുന്നു ഏറെയും.എങ്കിലും വിധേയരായിരുന്നു.വാല്‍ പൃഷ്ഠത്തിലൊതുക്കിമാത്രമായിരുന്നു നടത്തം. തമാശയ്ക്ക് ഓടിക്കുമെങ്കിലും തിരിഞ്ഞുനിന്നാല്‍ തിരിഞ്ഞോടുന്ന ഭീരുക്കളായിരുന്നു.കുരയ്ക്കും പക്ഷെ കടിയ്ക്കില്ല.തെരുവിലെ ജീവിതത്തില്‍അസുഖബാധിതര്‍ക്ക് പേ പിടിച്ചു.സ്വബോധം നശിച്ച അവര്‍ കണ്ടവരെയൊക്കെ കടിച്ചു.റോഡ് മുറിച്ച് കടന്നപ്പോള്‍ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടു.കുസൃതിപ്പിള്ലേരുടെ കണിശതയാര്‍ന്ന ഏറ് കൊണ്ട് കരഞ്ഞോടി. എങ്കിലും നഗരത്തിലെ യഥേഷ്ടം ലഭിക്കുന്ന അറവു മാലിന്യവും വീടുകളില്‍നിന്ന് വലിച്ചെറിയുന്ന ചിക്കന്‍ബിരിയാണിയും തിന്ന് കൊഴുത്ത് തടിച്ച് ഉന്മുക്തസംഭോഗം ചെയ്ത് വംശവര്‍ദ്ധ നവുണ്ടാക്കി.പട്ടിപിടിത്തക്കാരെത്തി.കൂട്ടകൊലയ്ക്കിരയാക്കി.ഒന്നിന് പത്ത് പത്തിന് നൂറ്.വാല് മുറിച്ച് എണ്ണമെടുത്തു.ദിവസങ്ങള്‍ പ്രായമായ പട്ടികുഞ്ഞിന്‍റെ വാലുപോലും മുറിച്ച് എണ്ണമെടുത്തു. കടപ്പുറത്ത് ചെറിയ കുഴികുഴിച്ച് മൂടി.കഴുകന്‍ വലിച്ച്പറിച്ചു. കൂട്ടത്തോടെയുള്ള പലായനത്തിലൂടെ വംശനാശത്തില്‍നിന്ന് രക്ഷപെട്ടു.വീണ്ടും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് വംശവര്‍ദ്ധന.വംശനാശത്തെ പ്രതിരോധിക്കണം അപകടം തിരിച്ചറിയാനുള്ള കഴിവ്.മണത്തറിയാനുള്ള കഴിവ്,സംഘശക്തി മൂത്രമൊഴിച്ച് ആശയവിനിമയം.മനുഷ്യനില്ലാത്ത പലകഴിവുകളും പട്ടികള്‍ക്കുണ്ട്.പട്ടി പ്രേമികളും പട്ടിവിരോധികളും രണ്ട് തട്ടില്‍.കോടതി , പഞ്ചായത്ത് വന്ധ്യംകരണം പ്രൊജക്ട്.കൊല്ലാന്‍കു ത്തിവയ്ക്കുന്ന മരുന്ന് ലാഭിക്കാന്‍,തലയില്‍ പട്ടിക കൊണ്ട് അടിച്ച് കൊലപാതകം.
അങ്ങനെ പട്ടികള്‍ ഗതികെട്ട് മനുഷ്യവിരോധികളായി.ഇന്ന് പട്ടികള്‍ അരോഗദൃഢഗാത്രരാണ്.മുഖത്ത് ദൈന്യതയില്ല ആരെയും കൂസലില്ല.കുഴലിലിട്ടാല്‍ നിവരാത്ത വാല് പ്രഷ്ടത്തിനടിയിലല്ല.അത് അഭിമാനപൂര്‍വ്വം ഉയര്‍ത്തിപിടിച്ചിരിക്കുന്നു.കൂട്ടമായി നടക്കുന്നു.ഇന്ന് മനുഷ്യര്‍ അവരുടെ ദയയിലാണ്.ഇടവഴിയില്‍ നടന്നു പോകുമ്പോള്‍ രണ്ട് പട്ടികള്‍ എതിരെ വന്നാല്‍കടിയേല്‍ക്കാതെ രക്ഷപ്പെട്ടാല്‍ ഭാഗ്യം. ഒരു നോട്ടം കൊണ്ടോ വടിപ്രയോഗം കൊണ്ടോ അവന്‍ പിന്മാറില്ല കടികിട്ടിയാല്‍ പണികിട്ടി.മനുഷ്യരുടെ പടയൊരുക്കം അവനറിഞ്ഞിട്ടുണ്ടാകും.പോയി പണിനോക്കട്ടിഷ്ടാ എന്ന ഭാവമാണ്.ഇന്ന് അവന്‍ കുരച്ചാല്‍ കടിയുറപ്പാ.അവറ്റകള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട് അസുഖമെന്തെങ്കിലും ? അല്ലെങ്കില്‍ ഇത്രയും കൂസലില്ലായ്മ !!! ഒന്നുമല്ല.നന്ദികേടിനൊരതിരുണ്ട്.ചരിത്രം സാക്ഷിയാണ്.അളമുട്ടിയാല്‍.....അതെ സംഘടിക്കും പ്രതികരിക്കും പുച്ഛിക്കും ആക്രമിക്കും നിലനില്‍പിന്‍റെ പ്രശ്നമാണ്.എല്ലാ പ്രാണികള്‍ക്കും അതിനുള്ള അവകാശമുണ്ട്.പരിണാമസിദ്ധാന്തപ്രകാരം ഇത്തരം എത്രയോ യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഈ അവസ്ഥയിലെത്തിയത്.എന്നാലും മനുഷ്യരാശിയ്ക്ക് നിലനിലനില്‍ക്കണം.കോടതി ഉത്തരവ് സമ്പാദിക്കണം.നിയന്ത്രിക്കണം.എങ്കിലും ഒന്നോര്‍ക്കണം സഹജീവികളോടെന്നപോലെ സഹപ്രാണികളോടും അല്‍പം ദയവും കാരുണ്യവുമൊക്കെ ആവാം.അല്ലെ .....ഏയ്.....എവടെ

No comments:

Post a Comment